29 March Friday

മുല്ലപ്പെരിയാർ: വേണ്ടത്‌ ശാശ്വത പരിഹാരം

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021



മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയരുന്നതും അണക്കെട്ടിന്റെ പഴക്കവും കേരളത്തിന് എന്നും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ സംസ്ഥാനത്തെ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവൻ അപകടത്തിലാകുമെന്ന് ഏവരും ഭയപ്പെടുന്നു. ഇപ്പോൾ, അത്തരത്തിൽ എന്തെങ്കിലും പ്രശ്നമുള്ളതായി വസ്തുതാപരമായ തെളിവോ വിവരമോ ഇല്ലെങ്കിലും ജലനിരപ്പ് ഉയരുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്. അതുകൊണ്ട്, ജലനിരപ്പ് 137 അടിയിൽ കൂടാൻ പാടില്ലെന്നത് കേരളത്തിന്റെ ദൃഢമായ നിലപാടാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ലെങ്കിലും നവംബർ 11 വരെ ജലനിരപ്പ് 139.5 അടിയിൽ കൂടാൻ പാടില്ലെന്ന് സുപ്രീംകോടതി വ്യാഴാഴ്ച ഉത്തരവിട്ടത് താൽക്കാലിക ആശ്വാസമായി. പ്രശ്‌നത്തിന്‌ ശാശ്വത പരിഹാരമാണ്‌ വേണ്ടതെന്നും അത്‌ പുതിയ അണക്കെട്ട്‌ നിർമിക്കലാണെന്നും സംസ്‌ഥാനം കോടതിയിൽ ആവർത്തിച്ച്‌ വ്യക്‌തമാക്കി.

ജലനിരപ്പ് സംബന്ധിച്ച് കേരളം ഉന്നയിച്ച വിഷയങ്ങളിൽ കോടതി വിശദമായ വാദം കേൾക്കും. തമിഴ്നാടുമായുള്ള തർക്കത്തിൽ നവംബർ ഒമ്പതിനകം സംസ്‌ഥാനം വിശദമായ സത്യവാങ്മൂലം നൽകണം. ജലനിരപ്പ് 142 അടി ആക്കരുതെന്നും തമിഴ്നാട് തയ്യാറാക്കിയ റൂൾ കർവ് സ്വീകാര്യമല്ലെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. 138 അടി പിന്നിട്ട സാഹചര്യത്തിൽ അണക്കെട്ടിന്റെ ഏതാനും സ്‌പിൽവേകൾ വെള്ളിയാഴ്‌ച തുറക്കുമെന്ന്‌ തമിഴ്‌നാട്‌ അറിയിച്ചതിനെത്തുടർന്ന്‌ കേരളത്തിൽ എല്ലാ മുൻകരുതൽ നടപടിയും സ്വീകരിച്ചിട്ടുണ്ട്‌. മാറ്റിപ്പാർപ്പിക്കേണ്ടവരെയെല്ലാം മാറ്റിപ്പാർപ്പിച്ചു. മുല്ലപ്പെരിയാറിന്റെ സ്‌പിൽവേ തുറന്നാൽ ഇടുക്കിയിലേക്കാണ്‌ വെള്ളമെത്തുക. ഇവിടെയും മുൻകരുതലുകളെടുത്തു.

മുല്ലപ്പെരിയാർ വീണ്ടും വാർത്തകളിൽ നിറഞ്ഞ ദിവസങ്ങളാണ്‌ കടന്നുപോകുന്നത്‌. ജലനിരപ്പുയർന്നതും സുപ്രീംകോടതിയിൽ വന്ന രണ്ടു പൊതുതാൽപ്പര്യ ഹർജിയും പഴക്കമേറിയ ജലസംഭരണികൾ ഉയർത്തുന്ന ഭീഷണികളെ മുൻനിർത്തിയുള്ള റിപ്പോർട്ടുകളുമൊക്കെയാണ്‌ മുല്ലപ്പെരിയാർ വലിയ ചർച്ചയാക്കിയത്‌. ഇതിന്റെയെല്ലാം മറവിൽ, സാമൂഹ്യമാധ്യമങ്ങളിലൂടെ വലിയതോതിൽ ഭീതിപരത്തുന്ന പ്രചാരണങ്ങളുമുണ്ടായി. ഈ വിഷയം കത്തിച്ചാൽ സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാമെന്ന കണക്കുകൂട്ടലിലാണ്‌ ഇത്തരം പ്രചാരണങ്ങൾ വ്യാപകമായി അരങ്ങേറിയത്‌. ജനങ്ങളെ പേടിപ്പിക്കരുതെന്നാണ്‌ അത്തരക്കാരോട്‌ പറയാനുള്ളത്‌.

അണക്കെട്ട്‌ നിർമിച്ചിട്ട്‌ ഇപ്പോൾ 125 വർഷം പിന്നിടുകയാണ്‌. 1895 ഫെബ്രുവരിയിലാണ്‌ നിർമാണം പൂർത്തിയായത്‌. 999 വർഷം കാലാവധിയുള്ള പാട്ടക്കരാറിന്റെ പിൻബലത്തിലായിരുന്നു നിർമാണം. തിരുവിതാംകൂർ രാജാവ് വിശാഖം തിരുനാൾ രാമവർമയും ബ്രിട്ടീഷ് സർക്കാരും തമ്മിൽ ധാരണയാക്കി 1886 ഒക്ടോബർ 29ന് ഒപ്പുവച്ച ആ കരാറിന് വെള്ളിയാഴ്ച 135 വർഷം തികഞ്ഞു. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോൾ കരാർ റദ്ദായെങ്കിലും 1970ൽ വീണ്ടും പുതുക്കുകയായിരുന്നു. പീരുമേട് താലൂക്കിലെ വള്ളക്കടവിൽ മുല്ലയാറും പെരിയാറും ചേരുന്ന നദിയിൽ അന്നത്തെ നിർമാണ സാങ്കേതികവിദ്യകൊണ്ട് നിർമിച്ച അണക്കെട്ട് പിന്നീട് പലവട്ടം ബലപ്പെടുത്തി. ഇനി എത്രനാൾ ഇങ്ങനെ തുടരാനാകും എന്നതാണ് ഗൗരവമായ പ്രശ്നം. 1979ൽ അണക്കെട്ടിന് ബലക്ഷയം കണ്ടതിനെത്തുടർന്ന് സംഭരണശേഷി 136 അടിയായി നിശ്ചയിച്ചിരുന്നു. അത്‌ പിന്നീട് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടു പ്രകാരം കോടതിതന്നെ മാറ്റംവരുത്തുകയായിരുന്നു. ജലനിരപ്പ് ഉയർത്തുന്നതിനെ കേരളം കാലാകാലങ്ങളിൽ എതിർത്തുപോന്നിട്ടുണ്ട്‌.

പുതിയ അണക്കെട്ട് നിർമിക്കൽമാത്രമാണ് പോംവഴിയെന്ന കേരളത്തിന്റെ നിലപാട് വസ്തുതാപരവും ശാസ്ത്രീയാടിസ്ഥാനമുള്ളതുമാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ അർഥശങ്കയ്‌ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാർ നേരത്തെതന്നെ എടുത്തിട്ടുള്ള നിലപാടാണ് ഇത്. എന്നാൽ, കേന്ദ്ര സർക്കാർ ഇപ്പോൾ, ഇതിനോട് യോജിക്കുന്നില്ല. ആ യോജിപ്പടക്കം നേടിയെടുത്ത് പുതിയ അണക്കെട്ട് നിർമിക്കുന്നതിനുള്ള എല്ലാവരുടെയും കൂട്ടായ പ്രവർത്തനമാണ് ആവശ്യം. തമിഴ്നാടും കേരളവും നല്ല സഹകരണമുണ്ട്. എല്ലാ പ്രശ്‌നങ്ങളും ചർച്ചയിലൂടെ പരിഹരിക്കാനാണ് കേരള സർക്കാർ ശ്രമിക്കുന്നത്. കാര്യങ്ങൾ വഴിതിരിച്ചുവിടാൻ നോക്കാതെ, എല്ലാവരും സംസ്ഥാന താൽപ്പര്യത്തിനൊത്ത് നിൽക്കുകയാണ് വേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top