18 April Thursday

വർഗീയരാഷ്‌ട്രീയത്തെ വിറപ്പിച്ച പോരാളി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 11, 2022

ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ വൈവിധ്യമാർന്ന തലങ്ങളിൽ മുലായം സിങ് യാദവിനോളം വ്യാപരിച്ച നേതാക്കൾ അധികമുണ്ടാകില്ല. രാംമനോഹർ ലോഹ്യയുടെ സോഷ്യലിസ്റ്റ്‌ സ്വപ്‌നങ്ങൾക്കൊപ്പം സഞ്ചരിച്ച്‌ പതിനഞ്ചാം വയസ്സിൽ ജയിലിലായതുമുതൽ തുടങ്ങുന്നു സംഭവബഹുലമായ ആ പൊതുജീവിതം. 82–-ാം വയസ്സിൽ അന്തരിക്കുന്നതുവരെ, ആറര പതിറ്റാണ്ടിലേറെ രാഷ്‌ട്രീയ ഗോദകളിൽ നിറഞ്ഞുനിന്ന വേറിട്ട വ്യക്തിത്വം. മാനവ സമത്വത്തിന്റേതായിരുന്നു ആദ്യപാഠങ്ങൾ. ദളിത്‌–- പിന്നാക്ക–- ന്യൂനപക്ഷ സംരക്ഷണത്തിന്റെ പ്രയോക്താവായി പതുക്കെ വഴിമാറി. മതനിരപേക്ഷതയായിരുന്നു കൊടിയടയാളം. ദരിദ്രരോടുള്ള കൂറായിരുന്നു സമാജ്‌വാദി എന്ന പാർടിയുടെ തത്വശാസ്‌ത്രം.

മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, ലോക്‌സഭാംഗം, നിയമസഭാംഗം തുടങ്ങിയ സ്ഥാനങ്ങളിൽ പതിറ്റാണ്ടുകളാണ്‌ പ്രവർത്തിച്ചത്‌. പ്രധാനമന്ത്രിപദം കൈയെത്തുംദുരത്ത്‌ എത്തിയിട്ടും മുന്നണി രാഷ്‌ട്രീയത്തിലെ ചുഴിമലരികളിൽ നഷ്‌ടപ്പെട്ടു. മുലായത്തെ പ്രധാനമന്ത്രിയാക്കുന്നതിൽ എതിർപ്പുയർത്തിയത്‌ യുപി, ബിഹാർ പ്രാദേശിക രാഷ്‌ട്രീയത്തിലെ സഖ്യകക്ഷികൾതന്നെ. ഒടുവിൽ ദേവഗൗഡയ്‌ക്കായി ആ അവസരം. യുപിമുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ മടങ്ങിയ അദ്ദേഹം 2012ൽ മകൻ അഖിലേഷ്‌ യാദവിനെ പാർടിനേതൃത്വത്തിലും അധികാരത്തിലും അവരോധിച്ചു. ലോക്‌സഭാംഗമായി തുടർന്നുകൊണ്ട്‌ ഹിന്ദുത്വ രാഷ്‌ട്രീയത്തിന്‌ ബദൽ ഉയർത്താനുള്ള നിർണായക നീക്കങ്ങളിൽ പങ്കാളിയായി. രാഷ്‌ട്രീയചരിത്രത്തിലെ ഈ അടയാളപ്പെടുത്തലിനപ്പുറമാണ്‌ മുലായത്തിന്റെ ജീവിതവും പ്രവൃത്തിപഥവും.

സോഷ്യലിസ്റ്റ്‌ ചിന്തയിൽ രൂപപ്പെട്ട രാഷ്‌ട്രീയസ്വത്വം ഇന്ത്യയുടെ ബഹുസ്വരതയിൽ അടിയുറച്ചാണ്‌ വളർന്നതെന്ന്‌ മുലായമെന്ന നേതാവിന്റെ നാൾവഴികളിൽ വ്യക്തമാണ്‌. ഇന്ത്യൻ ജനസംഖ്യയിൽ ദളിത്‌, പിന്നാക്ക, ന്യൂനപക്ഷങ്ങൾക്കുള്ള നിർണായക പ്രാതിനിധ്യത്തെ അവഗണിച്ചുകൊണ്ടുള്ള ഏത്‌ നടപടിയും ആപൽക്കരമാണെന്ന്‌ തിരിച്ചറിഞ്ഞ നേതാക്കളിലൊരാളാണ്‌ മുലായം. സാമൂഹ്യനീതിയിൽ അധിഷ്‌ഠിതമായ ഭരണം; അതാകണം ഭാവി ഇന്ത്യയുടെ അടിത്തറയെന്ന്‌ അദ്ദേഹം ആഗ്രഹിച്ചു. മതനിരപേക്ഷതയുടെ തൂണുകളിലാണ്‌ രാഷ്‌ട്രം പടുത്തുയർത്തേണ്ടത്‌. ഹിന്ദുത്വരാഷ്‌ട്രീയത്തിനെതിരായ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടിനു പിന്നിലെ ഉൾക്കാഴ്‌ച ഇതായിരുന്നു.

കോൺഗ്രസ്‌ അമിതാധികാരവാഴ്ചയ്‌ക്കെതിരെ രൂപപ്പെട്ട ജെപി പ്രസ്ഥാനത്തിലും അടിയന്തരാവസ്ഥയ്‌ക്കു ശേഷമുണ്ടായ ജനതാഭരണത്തിലും ജനസംഘം സൃഷ്‌ടിച്ച പ്രതിസന്ധി ഇന്ത്യൻ രാഷ്‌ട്രീയത്തെ മറ്റൊരു ദിശയിലേക്ക്‌ നയിക്കുകയായിരുന്നു. ബിജെപിയായി പുനർജനിച്ച ജനസംഘം പലഘട്ടങ്ങളിൽ ഭരണത്തിലെത്തി. സോഷ്യലിസ്റ്റ്‌ പ്രസ്ഥാനം ഛിന്നഭിന്നമായി. അധികാര വടംവലിയിൽ കളങ്ങൾ പലതവണ മാറ്റിച്ചവിട്ടിയാണ്‌ പ്രാദേശികകക്ഷികൾ മുന്നോട്ടുപോയത്‌. എന്നാൽ, അധഃസ്ഥിത വിഭാഗങ്ങൾക്ക്‌ സാമൂഹ്യനീതിയെന്ന കാഴ്‌ചപ്പാട്‌ മുറുകെപ്പിടിച്ച്‌ വ്യക്തമായ ദിശാബോധത്തോടെ നിലകൊണ്ടു എന്നതാണ്‌ മുലായത്തിന്റെ പ്രത്യേകത.

അടിയന്തരാവസ്ഥയിലെന്നതുപോലെ രാജ്യം വെല്ലുവിളി നേരിട്ട ഘട്ടങ്ങളിലെല്ലാം ജനനേതാവിന്റെ തലയെടുപ്പ്‌ അദ്ദേഹം കാട്ടിത്തന്നു. അയോധ്യപ്രശ്‌നം ഉയർത്തി എൽ കെ അദ്വാനി നയിച്ച രഥയാത്ര യുപിയുടെ മണ്ണിൽ കടത്തില്ലെന്ന മുഖ്യമന്ത്രി മുലായത്തിന്റെ പ്രഖ്യാപനം വർഗീയരാഷ്‌ട്രീയത്തെ കൂച്ചുവിലങ്ങിടാൻ കരുത്തുള്ളതായിരുന്നു. തൊട്ടടുത്ത ദിവസം ലാലു പ്രസാദ്‌ യാദവ്‌ ഭരിക്കുന്ന ബിഹാറിൽ രഥയാത്ര തടഞ്ഞ്‌ അദ്വാനിയെ അറസ്‌റ്റ്‌ ചെയ്‌തു. ബാബ്‌റി മസ്‌ജിദ്‌ തകർക്കാനുള്ള കർസേവയും മുലായം ഭരിച്ച യുപിയിൽ നടപ്പായില്ല. പിന്നീട്‌ യുപിയിൽ ബിജെപിയും കേന്ദ്രത്തിൽ കോൺഗ്രസും അധികാരത്തിലിരുന്നപ്പോഴാണ്‌ മസ്‌ജിദ്‌ തകർത്തത്‌. സങ്കീർണമായ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പങ്ക്‌ അടിവരയിട്ട നേതാവെന്ന നിലയിലും മുലായം വ്യത്യസ്‌തനായി. ഐക്യമുന്നണി കാലഘട്ടത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി ഹർകിഷൻസിങ് സുർജിത്തുമായി പുലർത്തിയ ആത്മബന്ധം പലവട്ടം എടുത്തു പറഞ്ഞിട്ടുണ്ട്‌.

ചില ഘട്ടങ്ങളിൽ സമാജ്‌വാദി  പാർടിയിലെ തൽപ്പരകക്ഷികൾക്ക്‌ വഴിപ്പെട്ടതും മകൻ അഖിലേഷുമായി കലഹിച്ചതും മുലായത്തിന്റെ വ്യക്തിത്വത്തിന്‌ മങ്ങലേൽപ്പിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർടി തിരിച്ചുവരവിന്റെ പ്രതീക്ഷ ഉണർത്തിയെങ്കിലും തീവ്രഹിന്ദുത്വത്തിന്റെ പരീക്ഷണശാലയാക്കി ബിജെപി യുപിയിൽ തുടർഭരണം നേടി. ദേശീയതലത്തിൽ ബിജെപിക്കെതിരായ ഐക്യം ശക്തിപ്പെടുകയും പ്രാദേശിക പാർടികൾ അതിൽ നിർണായക പങ്ക്‌ വഹിക്കുകയും ചെയ്യുന്ന വേളയിൽ മുലായത്തിന്റെ വേർപാട്‌ നികത്താനാകാത്ത നഷ്‌ടമാണ്‌. മുലായം മുന്നോട്ടുവച്ച നിലപാടുകളിൽ സമാജ്‌വാദി പാർടിയും സഖ്യകക്ഷികളും ഉറച്ചുനിന്നാൽ ബിജെപിയെ ഭരണത്തിൽനിന്ന്‌ പുറത്താക്കുന്നതിൽ സുപ്രധാന പങ്ക്‌ യുപിയുടേതാകും. അതായിരിക്കും മുലായത്തിനുള്ള ഏറ്റവും ഉചിതമായ സ്‌മരണാഞ്ജലി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top