27 April Saturday

മോദി സർക്കാർ പാർലമെന്റിനെയും നിർജീവമാക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 29, 2022


സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കാൻ ദിവസങ്ങൾ ശേഷിക്കെ  ജനപ്രതിനിധികൾക്ക്‌ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങൾ പാർലമെന്റിൽ ഉന്നയിക്കാനോ പ്രതിഷേധിക്കാനോ ഉള്ള അവകാശം പോലും നഷ്ടപ്പെടുകയാണ്‌. ഭരണഘടനാപരമായി ജനാധിപത്യത്തിൽ അടിയുറച്ച ഒരു രാജ്യത്തെ പാർലമെന്റ്‌ ഉൾപ്പെടെയുള്ള  ഭരണസംവിധാനങ്ങളെ മോദി സർക്കാർ എത്രമാത്രം അപകടാവസ്ഥയിലേക്ക്‌ തള്ളിവിടുന്നുവെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. രാജ്യത്ത്‌ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്‌മ തുടങ്ങിയ ജീവൽപ്രശ്‌നങ്ങളെക്കുറിച്ച്‌ ചർച്ച ചെയ്യണമെന്ന ആവശ്യം തുടർച്ചയായി നിഷേധിച്ചതിനെതിരെ പ്രതിഷേധിച്ചതിനാണ്‌ പാർലമെന്റിലെ സസ്‌പെൻഷൻ. രാജ്യസഭയിൽ മൂന്നു ദിവസത്തിനിടെ രണ്ട്‌ സിപിഐ എം അംഗങ്ങൾ ഉൾപ്പെടെ  23 പേരെയാണ്‌  സസ്‌പെൻഡ്‌ ചെയ്‌തത്‌. എഐസിസി പ്രസിഡന്റ്‌ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ പ്ലക്കാർഡുമായി  നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന്‌ നാല്‌ ലോക്‌സഭാ അംഗങ്ങളെയും സമ്മേളന കാലയളവുവരെ  സസ്‌പെൻഡ്‌ ചെയ്തു.

ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായപ്രകടനസ്വാതന്ത്ര്യം, പ്രതിഷേധിക്കാനുള്ള അവകാശം തുടങ്ങിയ മൗലികാവകാശങ്ങൾ പാർലമെന്റിനുള്ളിൽപ്പോലും അനുവദിക്കില്ലെന്ന ധാർഷ്ട്യമാണ്‌ സർക്കാർ പ്രകടിപ്പിക്കുന്നത്‌. സമ്പന്നരെ സഹായിക്കുകയും സാധാരണക്കാരെയും  ദരിദ്രരെയും കൊള്ളയടിക്കുകയും ചെയ്യുന്ന മോദി സർക്കാരിന്റെ വിനാശകരമായ നയങ്ങൾക്കെതിരായ  വിമർശം ഉന്നയിക്കുന്നത്‌ പൂർണമായും തടയുകയാണ്‌. പാർലമെന്റ്‌ മന്ദിരത്തിനകത്തുപോലും  ജനപ്രതിനിധികൾ ഉയർത്തുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്ത ഭീരുക്കളായി കേന്ദ്രസർക്കാർ അധഃപതിച്ചു. നടപ്പുസമ്മേളനം ആരംഭിക്കുന്നതിന്‌ തൊട്ടുമുമ്പുതന്നെ എങ്ങോട്ടാണ്‌ കാര്യങ്ങളുടെ പോക്കെന്ന്‌ വ്യക്തമായിരുന്നു.  പാർലമെന്റ്‌ അംഗങ്ങൾ ഉപയോഗിക്കുന്ന  വാക്കുകൾക്കാണ്‌ ആദ്യം വിലക്കേർപ്പെടുത്തിയത്‌.  സർക്കാരിനെയും മന്ത്രിമാരെയും വിമർശിക്കാൻ ഉപയോഗിക്കുന്ന അഴിമതിക്കാരൻ, സ്വേച്ഛാധിപതി, വഞ്ചന തുടങ്ങി അറുപതിലേറെ  വാക്കുകളാണ്‌ നിരോധിച്ചത്‌. തൊട്ടടുത്ത ദിവസം തന്നെ പാർലമെന്റ്‌ വളപ്പിൽ പ്രതിഷേധങ്ങൾ നിരോധിച്ച്‌  ഉത്തരവിറക്കി. ഇതിനു പിന്നാലെയാണ്‌ പാർലമെന്റിനകത്ത്‌ ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിച്ച അംഗങ്ങളെ സസ്‌പെൻഡ്‌ ചെയ്‌തു തുടങ്ങിയത്‌.  ജനകീയ പ്രശ്‌നങ്ങളെപ്പറ്റി ചർച്ചയ്‌ക്കിട നൽകാതെ സർക്കാരിന്റെ ഭരണപരമായ കാര്യങ്ങൾ മാത്രം നടത്തിക്കൊണ്ടുപോകാനുള്ള വേദി മാത്രമായി പാർലമെന്റിനെ മാറ്റിയെടുക്കുകയാണ്‌ മോദി സർക്കാർ.

പാർലമെന്റിന്റെ ജനാധിപത്യപരമായ പ്രവർത്തനത്തിലും എംപിമാരുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്മേലുമുള്ള കടന്നാക്രമണമാണിത്‌. ചട്ടപ്രകാരം ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾ ഉന്നയിച്ച്‌ പ്രതിപക്ഷം നൽകുന്ന നോട്ടീസ്‌ അംഗീകരിക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ല. നിഷ്‌പക്ഷമായി സഭ നടത്തിക്കൊണ്ടുപോകേണ്ട ലോക്‌സഭാ സ്‌പീക്കറും രാജ്യസഭാ അധ്യക്ഷനും സർക്കാരിന്റെ കൈയിലെ പാവകളായി മാറി. പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താൻ സർക്കാരിനൊപ്പം സഭാ അധ്യക്ഷന്മാരും കൂട്ടുനിൽക്കുന്നു. എല്ലാ വിഷയങ്ങളും പാർലമെന്റിൽ ചർച്ചചെയ്യാൻ സന്നദ്ധമാണെന്ന്‌ സർവകക്ഷി യോഗത്തിൽ ഉറപ്പുനൽകിയശേഷം  ജനകീയപ്രശ്‌നങ്ങൾ പ്രതിപക്ഷം ഉന്നയിക്കുമ്പോൾത്തന്നെ സർക്കാർ ഇത്തരം ചർച്ചകളെ ബോധപൂർവം അട്ടിമറിക്കുന്നു.  എല്ലാവിധ ചർച്ചകളെയും സർക്കാർ ഭയപ്പെടുകയാണ്‌.  അതുകൊണ്ടാണ്‌ ചർച്ച നിഷേധിച്ചതിനെതിരെ പ്രതിഷേധിച്ച അംഗങ്ങളെ സസ്‌പെൻഡ്‌ ചെയ്യുന്നത്‌. സർക്കാരിന്റെ ഭീഷണികളെ തള്ളിക്കളഞ്ഞുകൊണ്ട്‌ സസ്പെൻഷനിലായ അംഗങ്ങൾ പാർലമെന്റ്‌ വളപ്പിലെ ഗാന്ധിപ്രതിമയ്‌ക്കു മുന്നിൽ രാപ്പകൽ സമരം നടത്തുകയാണ്‌. 

രണ്ടാം മോദി സർക്കാർ എല്ലായിടത്തും മയമില്ലാതെ ഫാസിസ്റ്റ്‌ശൈലി ഉപയോഗിക്കുകയാണ്‌. ആധുനിക ഫാസിസ്റ്റുകൾ ജനാധിപത്യവാദികളാകുകയും  പ്രവൃത്തിപഥത്തിൽ ജനാധിപത്യസ്ഥാപനങ്ങളെ  ഒന്നൊന്നായി ഇല്ലാതാക്കുകയുമാണ്‌.  ജനങ്ങൾക്ക്‌ അവകാശപ്പെട്ട സ്ഥാപനങ്ങളെയും ഇടങ്ങളെയും  ഇല്ലായ്‌മ ചെയ്യുന്നു.  മാധ്യമങ്ങൾ, ധനസ്ഥാപനങ്ങൾ,  പൊതുമേഖലകൾ തുടങ്ങിയവയെല്ലാം കോർപറേറ്റുകൾക്കായി കൈമാറുന്നു.  ജനങ്ങൾക്കുവേണ്ടിയാണ്‌ ഇതെല്ലാം ചെയ്യുന്നതെന്ന ന്യായവും  ഉയർത്തുന്നു. ഇന്ന്‌ ജനങ്ങൾക്ക്‌ വോട്ട്‌ ചെയ്യാനുള്ള അവകാശമല്ലാതെ മറ്റെല്ലാ അവകാശങ്ങളും ഇല്ലാതാകുന്നു. ജീവിതാവശ്യങ്ങൾ ഉന്നയിച്ച്‌ ഉയർത്തുന്ന ജനാധിപത്യമാർഗത്തിലൂടെയുള്ള പ്രതിഷേധങ്ങളെപ്പോലും  രാജ്യദ്രോഹമെന്ന പേരിൽ അടിച്ചമർത്തുന്നു. ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്നതുപോലും  ബിജെപിയും മോദി സർക്കാരും ദേശവിരുദ്ധമെന്ന്‌ പ്രഖ്യാപിക്കുന്നു.  ഇപ്പോൾ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും അട്ടിമറിച്ച്‌ പാർലമെന്റിനെ നിർജീവമാക്കുന്ന സ്ഥിതിയാണ്‌.  ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാനും പാർലമെന്റിനെ മോദി സർക്കാർ നോക്കുകുത്തിയാക്കുന്നതിനുമെതിരെ ജനങ്ങളെ അണിനിരത്തി യോജിച്ച പോരാട്ടം ഉയർത്തിക്കൊണ്ടുവരേണ്ടത്‌ അനിവാര്യമാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top