19 April Friday

ഗതാഗതവും കൈയടക്കി കേന്ദ്ര മോട്ടോർ നിയമം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019


റോഡപകടങ്ങൾ തടയാൻ കർശന നടപടികൾ എന്ന മേമ്പൊടി പുരട്ടി കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ മോട്ടോർ വാഹന നിയമ ദേഭഗതി രാഷ്‌ട്രപതിയുടെ അനുമതി നേടി ആഗസ്‌ത്‌ ഒമ്പതിന്‌ വിജ്ഞാപനം ചെയ്‌തു. രാജ്യത്തെ ഗതാഗത സംവിധാനത്തെ മാറ്റിമറിക്കുന്ന ബില്ലിലെ വിവിധ വ്യവസ്ഥകൾ തുടർവിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തിൽ ഉടൻ പ്രാബല്യത്തിൽ വരും. 1988ലെ മോട്ടോർ വാഹനനിയമം അടിമുടി പൊളിച്ചെഴുതുന്നതാണ്‌ ഭേദഗതികൾ. സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾ കൈയടക്കുക, വാഹനഗതാഗതമേഖലയെ സ്വകാര്യമേഖലയ്‌ക്ക്‌ അടിയറവയ്‌ക്കുക –- പുതിയ നിയമനിർമാണത്തിന്റെ ഉദ്ദേശ്യത്തെ ഇങ്ങനെ സംഗ്രഹിക്കാം. വാഹനാപകടങ്ങളിലേക്ക്‌ നയിക്കുന്ന നിയമലംഘനങ്ങൾക്ക്‌ ഉയർന്ന പിഴയിലൂടെമാത്രം പരിഹാരം കണ്ടെത്താനാകുമെന്ന നിഗമനവും ചോദ്യംചെയ്യപ്പെടുന്നു. ഇക്കാര്യങ്ങളെല്ലാം ചർച്ചാവേളയിൽ ഇരുസഭയിലും ശക്തമായി ഉയർന്നെങ്കിലും ഒന്നിനും ചെവികൊടുക്കാതെ സർക്കാർ ബിൽ പാസാക്കുകയാണുണ്ടായത്‌.

റോഡപകടങ്ങൾ കുറയ്‌ക്കാനെന്ന പേരിൽ കൊണ്ടുവന്ന ബില്ലിൽ ഇതര കാര്യങ്ങൾക്കായിരുന്നു പ്രാമുഖ്യം. സംസ്ഥാനങ്ങളുടെ വരുമാനം, പൊതുമേഖലാ ഗതാഗത സ്ഥാപനങ്ങൾ, സംസ്ഥാന ഗതാഗതവകുപ്പ്‌, ഈ മേഖലയിലെ ജീവനക്കാരുടെ തൊഴിൽസുരക്ഷ, ഗ്രാമീണ –- മലമ്പ്രദേശങ്ങളിലെ യാത്രാസൗകര്യം തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ്‌ നടപ്പാക്കുന്നത്‌. അനുബന്ധമായി ചേർത്ത 215എ വകുപ്പ്‌ സ്വകാര്യവൽക്കരണത്തിനുള്ള വാതിൽ തുറന്നിടലാണ്‌. നിലവിൽ സംസ്ഥാന സർക്കാരുകൾ പിരിക്കുന്ന ഫീസുകളും നികുതികളും കേന്ദ്രനിയന്ത്രണത്തിലുള്ള ഏജൻസികൾക്ക്‌ കൈമാറാനുള്ള അധികാരം കേന്ദ്ര സർക്കാരിൽ നിക്ഷിപ്‌തമാക്കുന്നതാണ്‌ ഈ ഭേദഗതി. വാഹന രജിസ്‌ട്രേഷൻ, ലൈസൻസ്‌, പെർമിറ്റ്‌ തുടങ്ങി സംസ്ഥാന സർക്കാരുകൾ കൈകാര്യം ചെയ്യുന്ന സേവനങ്ങൾ കൈയടക്കി സ്വകാര്യമേഖലയെ ഏൽപ്പിക്കാനുള്ള നീക്കത്തിന്റെ ആദ്യപടിയാണിത്‌. സംസ്ഥാന വരുമാനത്തിന്മേലുള്ള കടന്നുകയറ്റമാണിത്‌. സംസ്ഥാന ട്രാൻസ്‌പോർട്ട്‌ കോർപറേഷനുകളെ തകർക്കുന്ന വ്യവസ്ഥകളും പുതിയ നിയമത്തിലുണ്ട്‌. പൊതുസേവനമേഖല എന്ന പേരിട്ട്‌ കോർപറേറ്റുകളെ ഗതാഗതരംഗത്ത്‌ പ്രതിഷ്ഠിക്കാനുള്ള അണിയറനീക്കമാണ്‌ നടക്കുന്നത്‌.

പിഴത്തുക വർധിപ്പിച്ചതുകൊണ്ടുമത്രമായില്ല. കർശനമായ പരിശോധനാ സംവിധാനങ്ങളും ബോധവൽക്കരണവും വേണം. നിയമലംഘനം ആവർത്തിക്കുന്നവർക്ക്‌ മറ്റ്‌ ശിക്ഷകൾ നടപ്പാക്കണം

സംസ്ഥാനങ്ങൾക്കിടയിൽ തടസ്സമില്ലാത്ത ചരക്കുനീക്കത്തിനും പൊതുഗതാഗത സംവിധാനത്തിനും നഗര ടാക്‌സി സംവിധാനങ്ങൾക്കും അനുയോജ്യമായ സമഗ്ര ദേശീയ ഗതാഗതനയമാണ്‌ നാടിനാവശ്യം. ഇതനായി നിലവിലുള്ള അന്തർ സംസ്ഥാന പെർമിറ്റ്‌ സമ്പ്രദായത്തിൽ ഗുണപരമായ മാറ്റം വരുത്തണം. എന്നാൽ, ഇക്കാര്യത്തിലും കേന്ദ്ര നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുകവഴി സംസ്ഥാനങ്ങളെ വരിഞ്ഞുമുറുക്കുകയാണ്‌. വിശദമായ പഠനം നടത്താതെയാണ്‌ ശിക്ഷയും പിഴയും വർധിപ്പിച്ചത്‌. റോഡപകടങ്ങളിൽ ചെറിയ ശതമാനംമാത്രമാണ്‌ ഡ്രൈവർമാരുടെ പിഴവുമൂലം സംഭവിക്കുന്നത്‌ എന്നാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. പശ്ചാത്തല സൗകര്യങ്ങളും തൊഴിൽസാഹചര്യവും അപകടങ്ങൾക്ക്‌ പ്രധാന കാരണമാണ്‌. മദ്യപിച്ചും അശ്രദ്ധമായി വണ്ടിയോടിച്ചും വരുത്തുന്ന അപകടങ്ങൾക്ക്‌ കർശന ശിക്ഷതന്നെ നൽകണം. എന്നാൽ, പിഴത്തുക വർധിപ്പിച്ചതുകൊണ്ടുമത്രമായില്ല. കർശനമായ പരിശോധനാ സംവിധാനങ്ങളും ബോധവൽക്കരണവും വേണം. നിയമലംഘനം ആവർത്തിക്കുന്നവർക്ക്‌ മറ്റ്‌ ശിക്ഷകൾ നടപ്പാക്കണം. ഇത്തരം നടപടികളൊന്നുമില്ലാതെ പിഴത്തുകമാത്രം ഉയർത്തുന്നതിലെ ഉദ്ദേശ്യശുദ്ധിയെ സംശയിച്ചാൽ കുറ്റപ്പെടുത്താനാകില്ല.

വാഹനങ്ങളുടെ യന്ത്രഭാഗങ്ങൾ മാറ്റലും പ്രാദേശിക വർക്‌ഷോപ്പുകളുമെല്ലാം നിയന്ത്രിക്കാനുള്ള നിർദേശം വൻകിട സ്വകാര്യകമ്പനികളെ കരുതിയുള്ളതാണ്‌. ഈ രംഗത്തെ ചെറുകിട ഗ്രാമീണ സംരംഭങ്ങൾ തൂത്തുമാറ്റുന്നതാകും ഈ നിയന്ത്രണം. പ്രാദേശിക ഉപകരണ വിൽപ്പനശാലകളും വർക്‌ഷോപ്പുകളും അടച്ചുപൂട്ടും. ലക്ഷക്കണക്കിനു സാധാരണ തൊഴിലാളികളാണ്‌ ഇതുമൂലം തൊഴിൽരഹിതരാവുക. ദേശസാൽകൃത റൂട്ടുകളിൽനിന്ന്‌ ലഭിക്കുന്ന ആദായത്തിലൂടെയാണ്‌ ഗ്രാമീണ –- ഹൈറേഞ്ച്‌ സർവീസിന്റെ നഷ്ടം സംസ്ഥാന ട്രാൻസ്‌പോർട്ട്‌ കോർപറേഷനുകൾ നികത്തുന്നത്‌. ഈ രംഗത്ത്‌ മത്സരലേലം വരുന്നതോടെ ലാഭമുള്ള റൂട്ടുകൾ സ്വകാര്യ കുത്തകകൾ പിടിച്ചെടുക്കും. ലാഭം കുറഞ്ഞ റൂട്ടുകൾക്കുമാത്രമായി പൊതുമേഖലാ സർവീസ്‌ സാധ്യമാകതെവരും.

ഡ്രൈവിങ് സ്കൂളുകളുടെ വ്യവസ്ഥകളിൽ വരുത്തിയ മാറ്റങ്ങൾ ഈ മേഖലയിലെ ചെറുകിട, വ്യക്തിഗത സംരംഭകരെ ഇല്ലാതാക്കും. ഫിറ്റ്നസ് പരിശോധന, പുകപരിശോധന എന്നിവയും വൻകിടക്കാർ കൈയടക്കും. യാത്രാനിരക്ക് നിർണയത്തിൽ അധികാരം പുതുതായി രൂപീകരിക്കുന്ന അതോറിറ്റികൾക്കാകും. പുതിയ സാഹചര്യത്തിൽ വൻകിട ഓൺലൈൻ സർവീസുകാർക്ക്‌ കൂടുതൽ പ്രവർത്തനസ്വാതന്ത്ര്യം ലഭിക്കുന്നതോടെ സാധാരണ ടാക്‌സി ഡ്രൈവർമാർ തീർത്തും തൊഴിൽരഹിതരാകും. ഇത്തരത്തിൽ സമ്പന്ന താൽപ്പര്യങ്ങളെമാത്രം തൃപ്‌തിപ്പെടുത്തുന്ന മോട്ടോർ നിയമഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭമാണ്‌ കേരളത്തിലെമ്പാടും ഉയർന്നുവന്നത്‌. ദേശീയതലത്തിലും മോട്ടോർ തൊഴിലാളി യൂണിയനുകൾ പോരാട്ടം തുടരുകയാണ്‌. തൊഴിലെടുക്കുന്നവർക്കെതിരായ നിരവധി നിയമനിർമാണങ്ങൾ ചെറിയ കാലയളവിനുള്ളിൽ പടച്ചുവിട്ട കേന്ദ്രസർക്കാരിനെതിരെ കൂട്ടായ സമരങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top