13 August Saturday

മോഡി സർക്കാരിന് തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019മോട്ടോർ വാഹന നിയമ ഭേദഗതിക്കെതിരെ രാജ്യമാകെ ഉയരുന്ന പ്രതിഷേധത്തിനു മുന്നിൽ കേന്ദ്ര സർക്കാരിന് ഒടുവിൽ മുട്ടുമടക്കേണ്ടിവന്നു. ട്രാഫിക് നിയമം ലംഘിക്കുന്നവരിൽനിന്ന് സെപ്തംബർ ഒന്നുമുതൽ ഈടാക്കുന്ന കനത്ത പിഴ കുറയ്ക്കുന്ന കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര റോഡ് ഗതാഗത–- ഹൈവേമന്ത്രി നിതിൻ ഗഡ്കരി സമ്മതിച്ചിരിക്കയാണ്. കേന്ദ്രനിയമം ഇളവ് ചെയ്യാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും വിമർശങ്ങൾക്ക് വിലകൽപ്പിക്കാതെ ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനത്തിൽനിന്ന് പിന്നോട്ടുപോകാൻ കേന്ദ്രം നിർബന്ധിതമായിക്കഴിഞ്ഞു. വാഹനാപകടങ്ങൾ കുറയ്ക്കാനെന്ന പേരിൽ കൊണ്ടുവന്ന നിയമ ഭേദഗതി യഥാർഥത്തിൽ ജനങ്ങളെ കൊള്ളയടിക്കുന്നതാണെന്ന് ഇപ്പോഴെങ്കിലും സമ്മതിക്കേണ്ടിവന്നല്ലോ? പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ പാസാക്കുന്ന കാടൻനിയമങ്ങൾ ജനരോഷത്തിൽ ഒലിച്ചുപോകുമെന്ന് ഈ അനുഭവത്തിലൂടെ മോഡി സർക്കാർ മനസ്സിലാക്കിയാൽ നല്ലത്.

വാഹനം ഉപയോഗിക്കുന്നവരെ ക്രൂരമായി വേട്ടയാടുന്നതാണ് കേന്ദ്രത്തിന്റെ പുതിയ നിയമഭേദഗതി. ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ 20 ഇരട്ടിവരെയാണ് വർധിപ്പിച്ചത്. ഹെൽമെറ്റ് വയ്‌ക്കാതെ ഇരുചക്രവാഹനം ഓടിച്ചാലുള്ള പിഴ 100 രൂപയിൽനിന്ന് 1000 രൂപയായി വർധിപ്പിച്ചു. സീറ്റ് ബെൽറ്റിടാതെ യാത്രചെയ്താൽ പിഴ 100ൽനിന്ന് 1000 രൂപയാക്കി. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ 5000 രൂപ പിഴ. നേരത്തെ 500 രൂപയായിരുന്നു. പല നിയമലംഘനങ്ങൾക്കും പിഴയ്‌ക്കൊപ്പം ജയിൽശിക്ഷയും അനുഭവിക്കണം. ഈ നിയമഭേദഗതിയിൽ ജനങ്ങൾ കടുത്ത രോഷത്തിലാണ്. വിലയേക്കാളേറെ പിഴ വിധിച്ചതിനെതിരെ വാഹനം റോഡിൽ ഉപേക്ഷിച്ചാണ് ചിലർ പ്രതിഷേധിച്ചത്. ഡൽഹിയിൽ ഒരാൾ ഇരുചക്രവാഹനം റോഡിലിട്ട് തീകൊളുത്തി.

ജനങ്ങളെ ഭയചകിതരാക്കുന്ന ശിക്ഷ നടപ്പാക്കി കുറ്റകൃത്യങ്ങൾ തടയാമെന്ന തലതിരിഞ്ഞ ചിന്തയാണ് കേന്ദ്രത്തെ നയിക്കുന്നത്. റോഡ് നിയമങ്ങൾ പാലിക്കുന്ന അച്ചടക്കമുള്ള രാജ്യമായി ഇന്ത്യയെ മാറ്റുമെന്ന വ്യാജ പ്രതീതി സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ലക്ഷ്യമാണ്. ഇതിന്റെ മറവിൽ റോഡ് ഗതാഗതമേഖല കുത്തകകൾക്ക് എളുപ്പം തീറെഴുതാമെന്ന് കേന്ദ്രം കണക്കുകൂട്ടി. വൻകിടക്കാരെ സഹായിക്കുന്ന നടപടികളുമായി മോഡി സർക്കാർ മുന്നോട്ടുപോവുകയാണ്. എന്നാൽ, സാധാരണക്കാരെ വരിഞ്ഞുമുറുക്കുന്ന പിഴശിക്ഷ ഇളവ് ചെയ്യാമെന്ന് ജനകീയ പ്രതിഷേധത്തിനുമുന്നിൽ സമ്മതിക്കേണ്ടിവന്നു.

ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തി വേട്ടയാടുന്ന നിയമഭേദഗതിക്കെതിരെ പാർലമെന്റിൽ ഇടതുപക്ഷം ശക്തമായ പോരാട്ടമാണ് നടത്തിയത്. ഒന്നാം മോഡി സർക്കാരിന്റെ കാലത്തുതന്നെ നിയമഭേദഗതിയെ ഇടതുപക്ഷം എതിർത്തു. ഇടതുപക്ഷവും കോൺഗ്രസുമടക്കമുള്ള പ്രതിപക്ഷത്തിന്റെ എതിർപ്പുകാരണം അന്ന് രാജ്യസഭയിൽ ബിൽ പാസാക്കാൻ കേന്ദ്രത്തിന് കഴിഞ്ഞില്ല. എന്നാൽ, മോഡി സർക്കാർ വീണ്ടും അധികാരത്തിലെത്തിയതോടെ കോൺഗ്രസ് നിലപാട് മാറ്റി. ഇടതുപക്ഷവും ഡിഎംകെയും എതിർത്തിട്ടും കോൺഗ്രസ് പിന്തുണച്ചതിനാലാണ് രാജ്യസഭയിൽ ബിൽ പാസാക്കാൻ കഴിഞ്ഞത്. രാജ്യസഭയിൽ ബില്ലിനെ അനുകൂലിച്ച കോൺഗ്രസ് കേരളത്തിൽ പിഴ ഈടാക്കുന്നതിനെതിരെ ഇപ്പോൾ രംഗത്തുവന്നിരിക്കുകയാണ്. കേന്ദ്രനിയമം നടപ്പാക്കാൻ കേരളം ശ്രമിക്കുന്നുവെന്ന് ആക്ഷേപമുന്നയിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമഭേദഗതിയെ രാജ്യസഭയിൽ കോൺഗ്രസ് അനുകൂലിച്ചതിനെക്കുറിച്ച് മൗനംപാലിക്കുന്നു.

ജനവിരുദ്ധമായ മോട്ടോർ നിയമഭേദഗതിയെ തുടക്കംമുതൽ എതിർക്കുന്ന ഇടതുപക്ഷം ഈ കൊള്ളപ്പിഴയിൽനിന്ന് കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസമേകാൻ പ്രതിജ്ഞാബദ്ധമാണ്. നിയമം അനുവദിക്കുന്ന എല്ലാ മാർഗങ്ങളിലൂടെയും സംസ്ഥാന സർക്കാർ അതിനുവേണ്ടി ശ്രമിക്കുമെന്നുറപ്പാണ്. പിഴത്തുക പകുതിയായി കുറയ്ക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കിക്കഴിഞ്ഞു. കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് ലഭിച്ചാൽ തിങ്കളാഴ്ചയോടെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലും ഗുജറാത്തിലും ജനകീയ പ്രതിഷേധത്തെതുടർന്ന്‌ പിഴത്തുക കുറയ്‌ക്കാൻ സർക്കാരുകൾ നിർബന്ധിതമായി.

നിയമങ്ങൾ പാലിച്ച് അച്ചടക്കത്തോടെ വാഹനങ്ങൾ ഓടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിച്ചാലേ റോഡപകടങ്ങൾ കുറയ്ക്കാൻ സാധിക്കൂ. കനത്ത പിഴയും ജയിൽശിക്ഷയും വഴി പുതിയ റോഡ് സംസ്കാരം സൃഷ്ടിക്കാമെന്ന് വ്യാമോഹിക്കുന്നതിൽ അർഥമില്ല. മറ്റുള്ളവരെ മാനിച്ച് ക്ഷമയോടെ വാഹനം ഓടിക്കുന്ന റോഡ് സംസ്കാരത്തിലേക്ക് സമൂഹത്തെ ഉയർത്തണം. സാമൂഹ്യബോധത്തോടെയും അച്ചടക്കത്തോടെയും റോഡിൽ പെരുമാറേണ്ടതുണ്ടെന്ന് സ്കൂൾതലംമുതൽ പഠിപ്പിക്കണം.

ജനാധിപത്യത്തിന്റെ മറവിൽ ഭരണകൂടം ജനങ്ങളെ ആക്രമിക്കുന്നതിനാണ് അടുത്തകാലത്തായി രാജ്യം സാക്ഷ്യംവഹിക്കുന്നത്. ജനാധിപത്യവിരുദ്ധമായ നിയമനിർമാണങ്ങളിലൂടെയും നിയമത്തിന്റെ ദുരുപയോഗത്തിലൂടെയും കേന്ദ്ര സർക്കാർ ജനങ്ങളെ പരീക്ഷിക്കുന്നു. ഹൃദയശൂന്യമായ നിയമങ്ങളിലൂടെ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാമെന്ന ധാരണ കുറ്റവാസനയുടെ ലക്ഷണമാണ്. അത് തിരുത്താൻ മോഡി സർക്കാർ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. ഭൂരിപക്ഷത്തിന്റെ ഇച്ഛയ്‌ക്ക് വിരുദ്ധമായ തലതിരിഞ്ഞ നിയമങ്ങൾ ജനകീയ പ്രതിഷേധത്തിൽ കടലെടുക്കുമെന്ന് കാലം തെളിയിച്ചിട്ടുണ്ട്. മോട്ടോർവാഹന നിയമത്തിൽ ഇളവ് വരുത്താൻ മോഡി സർക്കാർ നിർബന്ധിതമാകുമ്പോൾ ഒരു ജനകീയ കൊടുങ്കാറ്റിന്റെ സൂചനകൾ കാണാതിരുന്നുകൂടാ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top