13 June Thursday

മൊറട്ടോറിയത്തിലും ജനങ്ങളെ പിഴിയുകയോ

വെബ് ഡെസ്‌ക്‌Updated: Friday Aug 28, 2020


കോവിഡ്‌ കാലത്ത്‌ ലോക്ഡൗൺകാരണം ജീവിത പ്രതിസന്ധിയിലായവരെ സഹായിക്കാനെന്ന പേരിൽ  പ്രഖ്യാപിച്ച വായ്‌പാ മൊറട്ടോറിയത്തിന്റെ മറവിൽ ജനങ്ങളെ കൊള്ളയടിക്കാൻ അവസരമൊരുക്കുകയാണ്‌ കേന്ദ്ര സർക്കാർ. വായ്‌പാ തിരിച്ചടവ്‌ നിർത്തിവച്ച ആറുമാസത്തെ പലിശയും കൂട്ടുപലിശയും വായ്‌പക്കാരിൽനിന്ന്‌ ഈടാക്കാനുള്ള ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും നീക്കത്തെ അനുകൂലിക്കുകവഴി ജനങ്ങളെ കൂടുതൽ കടക്കെണിയിലേക്ക്‌ തള്ളിവിടുകയാണ്‌ കേന്ദ്രം‌. കോവിഡ്‌ ഏൽപ്പിച്ച സാമ്പത്തികാഘാതത്തിൽനിന്ന്‌ മുക്തരാകാത്ത ജനങ്ങളെ ബാങ്കുകളുടെ കൊള്ളയ്‌ക്ക്‌ വിട്ടുകൊടുക്കാതെ മൊറട്ടോറിയകാലത്തെ പലിശയും കൂട്ടുപലിശയും ഒഴിവാക്കാൻ കേന്ദ്രം തയ്യാറാകണം.

മൊറട്ടോറിയകാലത്തെ പലിശ ഒഴിവാക്കുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം‌ പറയാത്ത കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനമാണ്‌ സുപ്രീംകോടതി കഴിഞ്ഞ ദിവസം നടത്തിയത്‌. പലിശയും കൂട്ടുപലിശയും ഒഴിവാക്കാനാകില്ലെന്ന റിസർവ്‌ ബാങ്കിന്റെ വാദത്തെ പിന്തുണച്ച കേന്ദ്രത്തോട്‌ റിസർവ്‌‌ ബാങ്കിന്‌ പിറകിൽ ഒളിച്ചിരിക്കാതെ ജനങ്ങൾക്ക്‌ ആശ്വാസമേകുന്ന കാര്യങ്ങൾ ആലോചിക്കാൻ കർശനമായി ‌ നിർദേശിച്ചിരിക്കുകയാണ്‌ കോടതി. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്‌ഡൗൺ കാരണം ഉണ്ടായ പ്രശ്‌നമാണ്‌ ഇതെന്നും സുപ്രീംകോടതി തുറന്നടിച്ചു. ഇക്കാര്യത്തിൽ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുന്നതിന്‌ ദുരിതനിവാരണ നിയമമനുസരിച്ച്‌ കേന്ദ്രത്തിന്‌ അധികാരമുണ്ടെന്നും പലിശ ഒഴിവാക്കണമെന്ന ഹർജി പരിഗണിക്കവെ ജസ്‌റ്റിസ്‌ അശോക്‌ ഭൂഷന്റെ നേതൃത്വത്തിലുള്ള ബഞ്ച്‌ ഓർമിപ്പിച്ചു.


 

കോവിഡ്‌ മഹാമാരിയിൽ അകപ്പെട്ട സാധാരണ മനുഷ്യരെ സഹായിക്കാനെന്ന പേരിൽ കൊട്ടിഘോഷിച്ച്‌ കൊണ്ടുവന്ന വായ്‌പാ മൊറട്ടോറിയം വായ്‌പയെടുത്തവരെ കൂടുതൽ കടക്കെണിയിലാക്കുന്ന സ്ഥിതിയാണ്‌ ഉണ്ടായിരിക്കുന്നത്‌. ഭവന വായ്‌പകൾ അടക്കമുള്ളവയ്‌ക്ക്‌ രണ്ട്‌ ഘട്ടമായി ആറ്‌ മാസത്തേക്കാണ്‌ കേന്ദ്രം മൊറട്ടോറിയം പ്രഖ്യാപിച്ചത്‌.  എന്നാൽ, മൊറട്ടോറിയകാലത്തെ പലിശ ഒഴിവാക്കുമോ എന്ന്‌ ഉത്തരവിൽ പറഞ്ഞിരുന്നില്ല. പലിശ ഒഴിവാക്കുന്ന കാര്യം കേന്ദ്രം ബോധപൂർവം വിട്ടുകളഞ്ഞതാണെന്ന്‌ ഇപ്പോൾ വ്യക്തമാകുന്നു.

മൊറട്ടോറിയം ഈ മാസം 31ന്‌ അവസാനിക്കുന്നതോടെ ആറുമാസത്തെ പലിശയും കൂട്ടുപലിശയുമടക്കം വലിയ തുക അടയ്‌ക്കേണ്ട ബാധ്യത വായ്‌പയെടുത്തവരുടെ ചുമലിൽ വരുമെന്ന്‌‌ ഏതാണ്ട്‌ ഉറപ്പായിക്കഴിഞ്ഞു. പലിശ ഒഴിവാക്കുന്നത്‌ തങ്ങൾക്ക്‌ വൻ നഷ്‌ടമുണ്ടാക്കുമെന്നാണ്‌ ബാങ്കുകളുടെ വാദം. വായ്‌പക്കാർക്ക്‌ മൂന്ന്‌ വഴിയാണുള്ളതെന്ന്‌ ബാങ്കുകൾ പറയുന്നു. മൊറട്ടോറിയം നിലനിന്ന ആറ്‌ മാസത്തെ പലിശ ഒരുമിച്ച്‌ അടയ്‌ക്കുക, അല്ലെങ്കിൽ കുടിശ്ശികയായ പലിശ വായ്‌പയാക്കി മാറ്റി പ്രതിമാസം കൂടുതൽ തുക തിരിച്ചടയ്‌ക്കുക, അതുമല്ലെങ്കിൽ കുടിശ്ശികയായ പലിശ വായ്‌പയാക്കി തിരിച്ചടവ്‌ കാലാവധി വർധിപ്പിക്കുക. മൂന്നായാലും വായ്‌പയെടുത്തവർക്ക്‌ വലിയ തുക നഷ്‌ടം വരും. കടക്കാരെ കൂടുതൽ കടക്കാരാക്കുന്ന ഇതിനെ എങ്ങനെയാണ്‌ ആശ്വാസ നടപടിയായി കാണാനാകുക.

ലോക്‌ഡൗണിൽ വഴിമുട്ടിയ ജനങ്ങൾക്ക്‌ ആശ്വാസം നൽകാൻ മടിച്ചുനിന്ന മോഡി സർക്കാർ വലിയ വിമർശനമുയർന്നപ്പോൾ പ്രഖ്യാപിച്ച  ഉത്തേജന പാക്കേജ്‌ വെറും വാചാടോപമാണെന്ന്‌ അന്നേ വ്യക്തമായതാണ്‌. എന്നാൽ, വായ്‌പാ മൊറട്ടോറിയം ആശ്വാസമായാണ്‌ മിക്കവരും കണ്ടത്‌. വരുമാനമില്ലാത്തപ്പോൾ വായ്‌പാ തിരിച്ചടവ്‌ ഒഴിവാക്കാമല്ലോ എന്ന ആശ്വാസം. വരുമാനം ഉള്ളവർപോലും ഭാവിയിലെ പ്രതിസന്ധി കരുതി മൊറട്ടോറിയം സ്വീകരിച്ചു. ആശ്വാസം പ്രതീക്ഷിച്ചവർ വലിയ കെണിയിലാണ്‌ അകപ്പെട്ടതെന്ന്‌ വൈകിയാണ്‌ മനസ്സിലാക്കിയത്‌. വൻകിട ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ജനങ്ങളെ കൊള്ളയടിക്കാൻ പുതിയ മാർഗം ഒരുക്കാനുള്ള കേന്ദ്രത്തിന്റെ ചതിയായിരുന്നു മൊറട്ടോറിയം എന്ന്‌ ഇപ്പോൾ വ്യക്തമാകുന്നു. പലിശ ഒഴിവാക്കുന്ന കാര്യത്തിൽ ആറുമാസമായിട്ടും സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം സമർപ്പിക്കാൻപോലും കേന്ദ്രം തയ്യാറാകാത്തത്‌‌ ഇതിന്റെ തെളിവാണ്‌.

മൊറട്ടോറിയകാലത്തെ പലിശ കേരളത്തിലെ ജനങ്ങൾക്ക്‌ വലിയ തിരിച്ചടിയാണുണ്ടാക്കുക. ഭവന, വ്യക്തിഗത വായ്‌പ എടുത്തവർ ധാരാളമുള്ള കേരളത്തിൽ മിക്ക കുടുംബങ്ങളിലും ഇതിന്റെ പ്രത്യാഘാതമുണ്ടാകും. തങ്ങൾ അടിച്ചേൽപ്പിച്ച ഈ ബാധ്യതയിൽനിന്ന്‌  ജനങ്ങളെ രക്ഷിക്കേണ്ടത്‌ കേന്ദ്രമാണ്‌. കോവിഡ്‌ പ്രതിസന്ധിയിൽ‌ കോടിക്കണക്കിന്‌ രൂപയുടെ ഇളവുകളും സഹായങ്ങളും നൽകിയ കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെ കേന്ദ്രം മാതൃകയാക്കണം. മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top