20 April Saturday

മോഡിയുടെ നേപ്പാൾ സന്ദർശനം

വെബ് ഡെസ്‌ക്‌Updated: Monday May 14, 2018


പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടു ദിവസത്തെ നേപ്പാൾ സന്ദർശനം പൂർത്തിയാക്കി ഡൽഹിയിൽ തിരിച്ചെത്തി. 2014ൽ അധികാരമേറിയ മോഡിയുടെ മൂന്നാമത്തെ നേപ്പാൾ സന്ദർശനമായിരുന്നു 11, 12 തീയതികളിലായി നടന്നത്. അധികാരമേറിയ ഉടൻതന്നെ നേപ്പാൾ സന്ദർശിച്ച മോഡി, പിന്നീട് 2016ൽ 18‐ാമത‌് സാർക‌് ഉച്ചകോടിയിൽ പങ്കെടുക്കാനും കാഠ്മണ്ഡുവിലെത്തി. തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. 2016 അവസാനം നേപ്പാൾ അംഗീകരിച്ച മതനിരപേക്ഷ ഭരണഘടനയിൽ മോഡിക്കും ബിജെപിക്കും അതൃപ്തിയുണ്ടായിരുന്നു. ഇതാണ് തെറായ് മേഖലയിൽ താമസിക്കുന്ന മാധേശികളുടെ വിഷയമുയർത്തി നേപ്പാളിനെതിരെ അഞ്ചുമാസം നീണ്ട ഉപരോധം ഏർപ്പെടുത്താൻ മോഡിസർക്കാർ തയ്യാറായത്. അന്ന് നേപ്പാളിൽ അധികാരത്തിൽ ഉണ്ടായിരുന്നത് ഇപ്പോഴത്തെ പ്രധാനമന്ത്രിയായ കെ പി ശർമ ഓലിതന്നെയായിരുന്നു.

നേപ്പാളിൽ ഇരട്ടഭൂകമ്പമുണ്ടായ വേളയിലായിരുന്നു ഉപരോധം. 2016 ഏപ്രിൽ, മെയ് മാസങ്ങളിലുണ്ടായ ഭൂകമ്പത്തിൽ 10,000 പേർ മരിക്കുകയും പത്തുലക്ഷം പേർക്ക് പൂർണമായോ ഭാഗികമായോ വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലുള്ള ഉപരോധം ജനങ്ങൾക്ക് വിവരിക്കാനാകാത്ത പ്രയാസങ്ങളുണ്ടാക്കി. ഉപ്പുതൊട്ട് കർപ്പൂരംവരെ നേപ്പാളിലെത്തുന്നത് തെക്കൻ അയൽരാഷ്ട്രമായ ഇന്ത്യയിൽനിന്നായിരുന്നു. സ്വാഭാവികമായും ഉയരുന്ന ജനരോഷം ബിജെപി പ്രതീക്ഷിച്ചതുപോലെ നേപ്പാളിലെ കമ്യൂണിസ‌്റ്റ‌് പാർടി ഓഫ് നേപ്പാൾ (യുഎംഎൽ) സർക്കാരിനെതിരെയല്ല മറിച്ച് ഇന്ത്യാ ഗവൺമെന്റിനുനേരെയാണ് തിരിഞ്ഞത്. ഈ സമയത്ത് ചൈന സന്ദർശിച്ച കെ പി ശർമ ഓലി ബീജിങ്ങുമായി പത്തു കരാറിൽ ഒപ്പിടുകയും ചെയ്തു. പെട്രോളിയം ഉൽപ്പന്നങ്ങളടക്കം ചൈനയിൽനിന്ന് വൻതോതിൽ ഇറക്കുമതി ചെയ്യാൻ ഈ സമയത്താണ് തീരുമാനിച്ചത്. ഇന്ന് നേപ്പാളിലെ ഏറ്റവും വലിയ നിക്ഷേപകൻ ചൈനയാണ്. 2017ലെ കണക്കനുസരിച്ച് 80 ദശലക്ഷം ഡോളറാണ് നേപ്പാളിലുള്ള ചൈനയുടെ നിക്ഷേപം. മൊത്തം വിദേശനിക്ഷേപത്തിന്റെ 60 ശതമാനം വരുമിത്. സാംസ്‌കാരികമായും മറ്റും അടുത്തബന്ധം ഇന്ത്യക്കാണെങ്കിലും ചൈന നടത്തുന്ന നിക്ഷേപത്തിന്റെ പകുതിപോലും നടത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല. ഉപരോധത്തെതുടർന്ന് ഓലി സർക്കാർ ഉയർത്തിയ ദേശീയവികാരമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കമ്യൂണിസ‌്റ്റ‌് പാർടി സഖ്യത്തിന് അധികാരത്തിലെത്താൻ സഹായിച്ചതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ഏതായാലും ഉപരോധത്തിനുശേഷം മോഡി നടത്തുന്ന ആദ്യ നേപ്പാൾ സന്ദർശനമാണ് ഇപ്പോഴത്തേത്. പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം ഓലി ഇന്ത്യ സന്ദർശിച്ച‌് 33‐ാമത്തെ ദിവസമാണ് മോഡി നേപ്പാളിലെത്തിയത്. മാധേശി വികാരം കത്തിനിന്ന തെറായ് മേഖലയിലെ ജനക‌്പുരിലാണ് മോഡി ആദ്യ സന്ദർശനം നടത്തിയത‌് എന്നത് ഇന്ത്യൻ നയത്തിൽ വലിയ മാറ്റമൊന്നുമില്ല എന്നതരത്തിലുള്ള വിശകലനങ്ങൾക്ക് ഇടവച്ചിട്ടുണ്ട്. നേപ്പാളി ടൈംസ്, റൈസിങ് നേപ്പാൾ തുടങ്ങിയ നേപ്പാളിലെ പത്രങ്ങൾ വിലയിരുത്തുന്നതുപോലെ നല്ല അയൽബന്ധത്തിനും വ്യാപാരത്തിനുമല്ല മറിച്ച് തീർഥാടനത്തിനാണ് മോഡി മൂന്നാമത്തെ യാത്രയിൽ പ്രാമുഖ്യം നൽകിയതെന്നാണ്.  മൂന്ന് ക്ഷേത്രങ്ങളാണ് മോഡി സന്ദർശിച്ചത്. ജനക‌്പുരിലെ ജാനകി ക്ഷേത്രം, മസ്താങ‌് ജില്ലയിലെ മുക്തിനാഥ ക്ഷേത്രം, കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രം.  പട്‌നയിൽനിന്ന് ആദ്യം എത്തിയത് ജനക‌്പുരിലായിരുന്നു. പഴയ മിഥിലയുടെ ഈ തലസ്ഥാനനഗരത്തിലാണ് ജാനകി (സീത) ക്ഷേത്രമുള്ളത്. ജാനകീമന്ദിരം സന്ദർശിച്ച മോഡി ജനക‌്പുരിൽനിന്ന‌് 400 കിലോമീറ്റർ അകലെയുള്ള അയോധ്യയിലേക്കുള്ള ബസ് സർവീസ് ഓലിക്കൊപ്പം ഉദ്ഘാടനം ചെയ്തു. ജനക്പുരിയുടെ വികസനത്തിനായി നൂറുകോടി രൂപയും മോഡി വാഗ്ദാനം ചെയ്തു.  അവിടെ ഒരു പൗരസ്വീകരണത്തിലും മോഡി പങ്കെടുത്തു. മാധേശി ഭൂരിപക്ഷപ്രദേശത്ത് മോഡി ഇത്തരമൊരു ചടങ്ങിൽ പങ്കെടുത്തതിനെയും നേപ്പാളി മാധ്യമങ്ങൾ രൂക്ഷമായി വിമർശിച്ചു. 

മോഡി പ്രധാനമന്ത്രിയായ ഉടൻ നടത്തിയ നേപ്പാൾ സന്ദർശനവേളയിൽ വൻ സ്വീകരണമാണ് മോഡിക്ക് ലഭിച്ചിരുന്നത‌്. എന്നാൽ, ഇക്കുറി ഒരു വിഭാഗം നേപ്പാളികൾ മോഡിസന്ദർശനത്തിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. സാമൂഹ്യമാധ്യമങ്ങളിലാണ് ഈ എതിർപ്പ് ഏറെ പ്രകടമായത്. ഉപരോധം ഏർപ്പെടുത്തിയതിന് മോഡി മാപ്പുപറയണമെന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലുടെ ഉയർന്ന ഒരു പ്രധാന ആവശ്യം. മോഡിയെ സ്വാഗതം ചെയ്യരുതെന്ന പ്രചാരണവും സാമൂഹ്യമാധ്യമങ്ങളിൽ ശക്തമായി നടന്നു. മാത്രമല്ല, മോഡി നേപ്പാളിലെ ക്ഷേത്രങ്ങൾ കയറിയിറങ്ങുന്നത് കർണാടക തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന പ്രചാരണവും ഉയരുകയുണ്ടായി.  അത് ഏറ്റുപിടിക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യൻ രാഷ്ട്രീയകക്ഷികളും തയ്യാറായി. ഇതെല്ലാം അടിവരയിടുന്നത് തുല്യതയുടെയും പരസ്പരബഹുമാനത്തിന്റെയും അടിസ്ഥാനത്തിലുള്ള ബന്ധമാണ് നേപ്പാൾ ആഗ്രഹിക്കുന്നത് എന്നാണ്. അത് മനസ്സിലാക്കി പ്രവർത്തിക്കാൻ മോഡിസർക്കാർ തയ്യാറാകുമെന്ന‌് പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top