26 April Friday

സൈബർ അടിയന്തരാവസ്ഥയ‌്ക്കെതിരെ പ്രതിഷേധം അലയടിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Dec 22, 2018


ഓരോ പൗരനെയും ഭരണകൂടത്തിന്റെ നിരീക്ഷണവലയത്തിലാക്കുന്ന, അടിയന്തരാവസ്ഥക്കാലത്തെ കറുത്ത ദിനങ്ങളെ ഓർമിപ്പിക്കുന്ന ഉത്തരവാണ്  കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത‌്.  അടിയന്തരാവസ്ഥക്കാലത്ത‌്‌ പ്രസ‌് സെൻസർഷിപ്പാണ‌് ഏർപ്പെടുത്തിയിരുന്നതെങ്കിൽ ഇപ്പോൾ ഓരോ പൗരന്റെയും ആശയവിനിമയത്തെപോലും സെൻസർ ചെയ്യാനാണ‌് മോഡി സർക്കാരിന്റെ ശ്രമം.  അതിൽനിന്ന‌് മാധ്യമങ്ങളും മുക്തമല്ല. ജഡ‌്ജിമാർക്കും പാർലമെന്റംഗങ്ങൾക്കുപോലും   സർക്കാരിന്റെ ചാരക്കണ്ണിൽനിന്ന‌് രക്ഷപ്പെടാനാകില്ല. വിലയ‌്ക്കുവാങ്ങി ഉപയോഗിക്കുന്ന കംപ്യൂട്ടറും മൊബൈലും  ഇനി നമ്മുടേതല്ലാതാകുകയാണ‌്.

ഇന്റലിജൻസ‌് ബ്യൂറോ, റോ, സിബിഐ, ദേശീയ അന്വേഷണ ഏജൻസി, ഡൽഹി പൊലീസ‌് തുടങ്ങി പത്ത‌് കേന്ദ്ര ഏജൻസികൾക്ക‌് ഏത‌് പൗരന്റെയും സമ്മതം കൂടാതെതന്നെ കംപ്യൂട്ടറിലോ മൊബൈലിലോ  ശേഖരിച്ച എല്ലാ വിവരങ്ങളും പരിശോധിക്കാനും നിരീക്ഷിക്കാനും അധികാരം നൽകുന്നതാണ‌് ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ‌്. കംപ്യൂട്ടറിലേക്ക‌് വരുന്ന വിവരങ്ങളും കംപ്യൂട്ടറിൽ ശേഖരിച്ചുവച്ച വിരങ്ങളും ഭരണകൂടത്തിന‌് കൈയിലാക്കാമെന്നത‌് പൗരസ്വാതന്ത്ര്യത്തെ ഹനിക്കലല്ലാതെ മറ്റൊന്നുമല്ല. കംപ്യൂട്ടറുകൾ പിടിച്ചെടുക്കാനും പുതിയ ഉത്തരവനുസരിച്ച‌് അധികൃതർക്ക‌് അധികാരമുണ്ടാകും. വിവരങ്ങൾ നൽകാൻ വിസമ്മതിച്ചാൽ ഐടി ആക്ടനുസരിച്ച‌് ഏഴുവർഷംവരെ തടവും പിഴയും ശിക്ഷയായി അനുഭവിക്കേണ്ടിവരും.  ഭരണഘടന പൗരന്മാർക്ക‌് നൽകുന്ന മൗലികാവകാശമായ സ്വകാര്യതയ‌്ക്കുനേരെയുള്ള കടന്നാക്രമണമാണിത‌്. സ്വകാര്യത സംബന്ധിച്ചും ആധാർ സംബന്ധിച്ചും ടെലിഫോൺ ചോർത്തുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ചും സുപ്രീംകോടതി നടത്തിയ വിധിന്യായങ്ങൾക്ക‌് വിരുദ്ധവുമാണ‌് ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ‌്.

സ്വകാര്യത മൗലികാവകാശമാണെന്ന‌് സുപ്രീംകോടതി വിധിച്ചിട്ട് അധിക കാലമായിട്ടില്ല. ഐടി നിയമത്തിന്റെ പിൻബലത്തിലാണ് പുതിയ കടന്നുകയറ്റം. എന്നാൽ, ഈ നിയമം പാർലമെന്റ‌് അംഗീകരിച്ചതിനുശേഷം വർഷങ്ങൾ കഴിഞ്ഞാണ് സ്വകാര്യതയെ മൗലികാവകാശമാക്കുന്ന വിധി ഉന്നത നീതിപീഠം പ്രഖ്യാപിക്കുന്നത്. ഈ വിധിക്കുശേഷമുള്ള നിയമങ്ങളുടെ വ്യാഖ്യാനങ്ങളും പ്രയോഗങ്ങളും വിധിയുടെ അന്തഃസത്തയ‌്ക്ക് ചേരുന്നതായിരിക്കണം. എന്നാൽ, അതിന‌് കടകവിരുദ്ധമായ നീക്കമാണ‌് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന‌് ഇപ്പോൾ ഉണ്ടായിട്ടുള്ളത‌്.  ഭരണകൂട ഭീകരതയുടെയും അമിതാധികാര പ്രവണതയുടെയും പ്രയോഗമാണിത്. പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കേണ്ട ഭരണകൂടംതന്നെ അത‌് ലംഘിക്കാൻ തുടങ്ങുകയാണ‌്.

മോഡി സർക്കാർ അധികാരത്തിൽ വന്നതുമുതൽ തുടരുന്ന അസഹിഷ‌്ണുതാ നയത്തിന്റെ ഭാഗംതന്നെയാണ‌് ഈ ഉത്തരവും. സംഘപരിവാർ ആശയങ്ങളോട‌് യോജിക്കാത്തവരെ വേട്ടയാടുക എന്ന നയത്തിന്റെ തുടർച്ചതന്നെയാണിത‌്. എന്ത‌് വസ‌്ത്രം ധരിക്കണം, എന്ത‌് ഭക്ഷണം കഴിക്കണം എന്ന‌് നിഷ‌്കർഷിക്കുന്ന സംഘപരിവാർ ഇപ്പോൾ കംപ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ എങ്ങനെ ഉപയോഗിക്കണമെന്നും  നിഷ‌്കർഷിക്കുകയാണ‌്. സാമൂഹ്യമാധ്യമങ്ങളിൽ ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെ പ്രകടിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങളുടെ പേരിൽ പോലും അറസ്റ്റ‌് നടക്കുന്ന കാലമാണിത‌്. ഇന്ത്യൻ ജനങ്ങളെ മുഴുവൻ ക്രിമിനലുകളാക്കി വേട്ടയാടാനാണ‌് മോഡി സർക്കാർ ശ്രമിക്കുന്നത‌്. എല്ലാ ഫാസിസ്റ്റുകൾക്കും ഏറെ ഇഷ്ടപ്പെടുന്ന ചാരപ്രവൃത്തിതന്നെയാണ‌് ഇതും. നികുതിപ്പണം ഉപയോഗിച്ച‌് നികുതി നൽകുന്നവരുടെതന്നെ സ്വകാര്യത കവരുന്ന തന്ത്രമാണ‌് മോഡിയുടേത‌്. 

അടുത്തയിടെ നടന്ന അഞ്ച‌് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക‌് കനത്ത തിരിച്ചടിയാണ‌് ജനങ്ങൾ നൽകിയത‌്. മൂന്ന‌് സംസ്ഥാനങ്ങളിൽ ഭരണം നഷ്ടപ്പട്ട ബിജെപിക്ക‌് ഒരിടത്തും മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞതുമില്ല. നോട്ടുനിരോധനവും ജിഎസ‌്ടിയും തൊഴിലുറപ്പ‌് പദ്ധതി തകർത്തതും മറ്റുമായിരുന്നു ബിജെപിയെ കൈവിടാൻ ജനങ്ങളെ പ്രേരിപ്പിച്ചത‌്. എന്നാൽ, ഈ ജനവിധിയിൽനിന്ന‌് ഒരു പാഠവും ബിജെപി പഠിച്ചിട്ടില്ലെന്ന‌് സൈബർ അടിയന്തരാവസ്ഥ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഉത്തരവ‌് വ്യക്തമാക്കുന്നു. പ്രതികൂലമായ ജനവിധി നൽകിയ ജനങ്ങളെ ശിക്ഷിക്കുന്നതാണ‌് പുതിയ ഉത്തരവ‌്.
ഇതിനെതിരെ വൻ ജനകീയ പ്രതിഷേധം ഉയരുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പൗരസ്വാതന്ത്രം തകർക്കുന്നതും ജനാധിപത്യവിരുദ്ധവും അങ്ങേയറ്റം ഭരണഘടനാവിരുദ്ധവുമായ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധംതന്നെ ഉയർന്നുവരേണ്ടതുണ്ട‌്. ഈ ഉത്തരവ‌് പിൻവലിക്കാൻ സർക്കാരിനെ നിർബന്ധിക്കുന്ന രീതിയിലുള്ള  ജനാധിപത്യവിശ്വാസികളുടെ ശക്തമായ പ്രതിഷേധമാണ‌് ഉയരേണ്ടത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top