21 June Friday

റഫേൽ: അന്വേഷണത്തിന്റെ വാതിൽ അടഞ്ഞിട്ടില്ല

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019

ബൊഫോഴ്സിന് ശേഷം ഇന്ത്യൻ പ്രതിരോധമേഖലയിൽ റിപ്പോർട്ട് ചെയ്‌ത ഏറ്റവും വലിയ കുംഭകോണമാണ് റഫേൽ. ഒന്നാം   നരേന്ദ്ര മോഡി സർക്കാരിന്റെ കാലത്താണ് ആരോപണവിധേയമായ ഇടപാട് നടന്നത്. മൻമോഹൻസിങ്‌ സർക്കാരിന്റെ കാലത്ത് 126 യുദ്ധവിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ടിരുന്നു. 18 എണ്ണം ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് ഏവിയേഷൻ നിർമിച്ചു നൽകുമെന്നും ബാക്കി വിമാനങ്ങൾ എച്ച്എഎൽ കമ്പനിയുമായി ചേർന്ന് ഇന്ത്യയിൽ സാങ്കേതിവിദ്യാ കൈമാറ്റത്തിന്റെ അടിസ്ഥാനത്തിൽ സംയുക്തമായി നിർമിക്കുമെന്നുമായിരുന്നു യുപിഎ കാലത്ത് ഒപ്പിട്ട കരാർ. എന്നാൽ, ഈ കരാർ റദ്ദാക്കിയാണ് 36 ഫ്രഞ്ച്‌ നിർമിത റഫേൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ മോഡി സർക്കാർ ഒപ്പിട്ടത്. എച്ച്എഎല്ലിന് പകരം റിലയൻസ് ഡിഫൻസ് എന്ന ഈ രംഗത്ത് ഒരു മുൻപരിചയവുമില്ലാത്ത കമ്പനിയെ പങ്കാളിത്ത കമ്പനിയായി നിശ്ചയിച്ചതും സംശയത്തിന് ഇടം നൽകി. മാത്രമല്ല, മൂന്നിരട്ടി വില നൽകിയാണ് മോഡി വിമാനം വാങ്ങുന്നതെന്ന ആരോപണവും ഉയർന്നു. ഈ സാഹചര്യത്തിലാണ് ഇതേക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വാജ്പേയി മന്ത്രിസഭയിലെ അംഗങ്ങളായ യശ്വന്ത് സിൻഹയും  അരുൺ ഷൂരിയും  അഭിഭാഷകൻ പ്രശാന്ത്‌ ‌ഭൂഷണും സുപ്രീംകോടതിയെ സമീപിച്ചത്.  എന്നാൽ, സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് 2018 ഡിസംബർ 14ന് നടത്തിയ ഉത്തരവിൽ ഈ ആവശ്യം തള്ളിക്കളഞ്ഞു. 

ഇത് പുനഃപരിശോധിക്കണമെന്ന ഹർജിയും ഇപ്പോൾ ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയ്‌യുടെ ബെഞ്ച് തള്ളിയിരിക്കുകയാണ്. ആദ്യവിധിയിൽ വസ്‌തുതാപരമായ തെറ്റുകൾ കടന്നുകൂടിയിരുന്നു. വിലനിർണയം സംബന്ധിച്ച വിവരങ്ങൾ സിഎജിക്ക് കൈമാറിയിരുന്നുവെന്നും റഫേൽ ഇടപാട് സംബന്ധിച്ച സിഎജി റിപ്പോർട്ട്‌ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് കൈമാറിയിരുന്നുവെന്നും റിപ്പോർട്ടിന്റെ സംക്ഷിപ്തരൂപം പാർലമെന്റിൽ സമർപ്പിച്ചെന്നും കേന്ദ്രസർക്കാർ തെറ്റായി കോടതിയെ ബോധ്യപ്പെടുത്തിയതായി തെളിഞ്ഞിരുന്നു. മാത്രമല്ല, ഇടപാട് സംബന്ധിച്ച് പുതിയ രേഖകളും വസ്‌തുതകളും ‘ദി ഹിന്ദു' പത്രം പുറത്തുവിടുകയുംചെയ്‌തു.  പ്രതിരോധമന്ത്രാലയത്തിൽ നിന്നുതന്നെ ചോർന്ന രേഖകളാണിവയെന്നും സർക്കാർ അഭിപ്രായപ്പെടുകയുണ്ടായി.   ഈ പശ്ചാത്തലത്തിൽ റിവ്യൂ പെറ്റീഷന് ഏറെ പ്രസക്തിയുണ്ടായിരുന്നു. എന്നാൽ, പരമോന്നത കോടതി അതൊന്നും പരിഗണിക്കാതെയാണ് മുൻ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.


 

പുനഃപരിശോധനാഹർജി സുപ്രീംകോടതി തള്ളിയ പശ്ചാത്തലത്തിൽ മോഡി സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചവർ രാജ്യത്തോട് മാപ്പ് പറയണമെന്നാണ് ബിജെപിയുടെ വാദം. ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെയും നീതിന്യായമന്ത്രി രവിശങ്കർ പ്രസാദിനെയും അണിനിരത്തിയാണ് മോഡി അഴിമതിക്കറ പുരളാത്ത പ്രധാനമന്ത്രിയാണെന്ന പ്രചണ്ഡമായ പ്രചാരണത്തിന് തുടക്കമിട്ടിട്ടുള്ളത്. എന്നാൽ, ജസ്റ്റിസ് കെ എം ജോസഫ് നൽകിയ പ്രത്യേക വിധിന്യായത്തിൽ റഫേൽ ഇടപാടിൽ അന്വേഷണത്തിന്റെ വാതിൽ തുറന്നിട്ട കാര്യത്തെ മറച്ചുവയ്‌ക്കാനാണ് ഈ പ്രചാരണമെന്ന് കാണാൻ വിഷമമില്ല.  പുനഃപരിശോധനാ ഹർജി തള്ളുമെന്ന വാദത്തെ പിന്തുണയ്‌ക്കുമ്പോഴും പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതിന് സിബിഐക്ക് മുമ്പിൽ ഒരു തടസ്സവുമില്ലെന്ന് ജസ്റ്റിസ് കെ എം ജോസഫ് വിധിച്ചു. അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പനുസരിച്ച്  ബന്ധപ്പെട്ട അധികാരികളിൽനിന്ന്‌ മുൻ കൂർ അനുവാദത്തോടെ അന്വേഷണം നടത്താൻ സിബിഐക്ക് തടസ്സമില്ലെന്നും ഈ പ്രത്യേക വിധിന്യായത്തിൽപറഞ്ഞു.  എന്നാൽ, അന്വേഷണത്തിന് അനുവാദം നൽകേണ്ട അധികാരികൾ കേന്ദ്രസർക്കാർതന്നെയായതിനാൽ പരാതിക്കാരുടെ ശ്രമം വൃഥാവിലാകുമെന്ന സൂചനയും വിധിന്യായം നൽകുന്നുണ്ട്.

പരാതികളിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ സിബിഐക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്നും ലളിതകുമാരി കേസിൽ ഭരണഘടനാബെഞ്ച് നടത്തിയ വിധിന്യായത്തെ ഉദ്ധരിച്ചുകൊണ്ട് ജസ്റ്റിസ് കെ എം ജോസഫ് ചൂണ്ടിക്കാട്ടുകയുണ്ടായി.  അതായത് റഫേൽ ഇടപാടിൽ അന്വേഷണത്തിന്റെ വാതിൽ അടഞ്ഞിട്ടില്ലെന്നർഥം. സർക്കാരിന് ക്ലീൻചിറ്റ് ലഭിച്ചെന്ന വാദവും ശരിയല്ലെന്നുവരുന്നു. അതുകൊണ്ടുതന്നെ ഇടപാട് സംബന്ധിച്ച് പൊതുജനങ്ങളിൽ ഉയർന്നുവന്ന സംശയം തീർക്കുന്നതിന് അന്വേഷണം നടത്താൻ സർക്കാർ മുന്നോട്ടുവരികയാണ് വേണ്ടത്. ജെപിസി അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തിന് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് ജസ്റ്റിസ് കെ എം ജോസഫിന്റെ പ്രത്യേക വിധിന്യായം ചൂണ്ടിക്കാട്ടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top