വാർത്താഏജൻസിയായ പിടിഐക്ക് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചില വമ്പൻ അവകാശവാദങ്ങൾ നടത്തി. രണ്ടായിരത്തിനാൽപ്പത്തേഴോടെ ഇന്ത്യ വികസിത രാജ്യമാകുമെന്നും ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ സമഗ്ര വിജയം നേടുമെന്നും മോദി പറഞ്ഞു. ആരോഗ്യ–- വിദ്യാഭ്യാസ–- സാമൂഹ്യ സേവനമേഖലകളിൽ ഏറ്റവും മികവുള്ള രാജ്യമാകും. അഴിമതിക്കും ജാതീയതയ്‌ക്കും വർഗീയതയ്‌ക്കും നമ്മുടെ ദേശീയ ജീവിതത്തിൽ ഇടമുണ്ടാകില്ല. ജീവിതനിലവാരം ലോകത്തിലെ മികച്ച രാജ്യങ്ങളുടേതിന് തുല്യമാകും. ഇന്ത്യയുടെ വാക്കുകളെയും വീക്ഷണങ്ങളെയും ലോകം കാണുന്നത് ഭാവിയിലേക്കുള്ള മാർഗരേഖയായാണ്. മാനവികതയിൽ കേന്ദ്രീകരിച്ചുള്ള വികസന മാതൃകയാണ് ഇന്ത്യയുടേത്. ഒരു വിപണിയായിമാത്രം ലോകം പരിഗണിച്ചിരുന്ന രാജ്യം ഇന്നിപ്പോൾ ആഗോള വെല്ലുവിളികൾക്കുള്ള പരിഹാരങ്ങളുടെ ഭാഗമാണ്. പ്രതിസന്ധി ഘട്ടത്തിൽപ്പോലും മാനവികത കൈവെടിയില്ലെന്ന് കോവിഡ് കാലത്ത് ഇന്ത്യ തെളിയിച്ചു. ഏറ്റവും ദുർബലർക്കുവരെ നേരിട്ട് സഹായമെത്തിച്ചു. നൂറുകോടി വിശക്കുന്ന വയറുകളുള്ള രാജ്യമായാണ് ദീർഘനാൾ ഇന്ത്യ പരിഗണിക്കപ്പെട്ടിരുന്നത്. ആശയാഭിലാഷങ്ങളാൽ നിറഞ്ഞ നൂറുകോടി മനസ്സുകളുടെയും 200 കോടി വിദഗ്‌ധ കരങ്ങളുടെയും രാജ്യമായി ഇന്ത്യ മാറി–- മോദി അവകാശപ്പെട്ടു.
ജി20 ഉച്ചകോടിക്ക് മുന്നോടിയായി കൃത്യമായ ‘തിരക്കഥ’യോടെയുള്ള അഭിമുഖമായതിനാൽ പ്രധാനമന്ത്രിയെ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങളൊന്നും വാർത്താഏജൻസി ഉന്നയിച്ചില്ല. ചോദ്യരൂപത്തിൽ വാഴ്‌ത്തുപാട്ടുകളാണ് ഉയർന്നത്. പ്രധാനമന്ത്രിയായശേഷം ഒരിക്കലും വാർത്താസമ്മേളനം വിളിച്ച് മാധ്യമപ്രവർത്തകരെ അഭിമുഖീകരിക്കാൻ മോദി കൂട്ടാക്കിയിട്ടില്ല. പിടിഐക്ക് നൽകിയതുപോലുള്ള അഭിമുഖ ‘നാടക’ങ്ങളിലാണ് താൽപ്പര്യം. അതാകുമ്പോൾ ഇല്ലാത്ത നേട്ടങ്ങളെ ഉദ്‌ഘോഷിക്കാം. താനൊരു മികച്ച ഭരണാധികാരിയാണെന്ന് സമർഥിക്കാം. അഭിമുഖത്തിന് എത്തുന്നവർ നിശ്ശബ്‌ദം കേട്ടിരിക്കും. കഴിഞ്ഞ ജൂണിൽ വൈറ്റ്‌ഹൗസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം മാധ്യമങ്ങളെ കണ്ടപ്പോൾ ‘വാൾസ്‌ട്രീറ്റ് ജേർണലി’ലെ സബ്രീന സിദ്ദിഖിയുടെ ചോദ്യത്തിനു മുന്നിൽ മോദി പകച്ചത് ലോകം കണ്ടിരുന്നു. ഇന്ത്യയിലെ ന്യൂനപക്ഷവേട്ട അവസാനിപ്പിക്കുന്നതിനും അഭിപ്രായസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതിനും എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്നായിരുന്നു സബ്രീനയുടെ ചോദ്യം. ഇന്ത്യയിൽ വിവേചനമില്ലെന്നുമാത്രം പറഞ്ഞ് മോദി ഒഴിഞ്ഞു. വാർത്താസമ്മേളനങ്ങളെ മോദി എന്തുകൊണ്ട് ഭയക്കുന്നുവെന്ന് ഒരിക്കൽക്കൂടി ബോധ്യപ്പെട്ട ഘട്ടം.
ഇന്ത്യ അതിവേഗം വികസിത രാജ്യമാകുന്നുവെന്ന് മോദി അവകാശപ്പെടുമ്പോൾ പിടിഐ നിസ്സംശയമായും ഉന്നയിക്കേണ്ട ചില ചോദ്യങ്ങളുണ്ടായിരുന്നു. ലോകത്തെ 121 രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ള ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ എന്തുകൊണ്ട് ഇപ്പോഴും 107–-ാം സ്ഥാനത്ത് തുടരുന്നുവെന്ന ചോദ്യമാണ് അതിൽ പ്രധാനം. 100 കോടി വിശക്കുന്ന വയറുകളായി ലോകം ഇപ്പോൾ ഇന്ത്യയെ കാണുന്നില്ലെന്ന വിചിത്രമായ അവകാശവാദം അതോടെ പൊളിഞ്ഞേനേ. ആഗോള മനുഷ്യവികസന സൂചികയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇപ്പോഴും ഇന്ത്യ. മോദിയുടെ ഒമ്പതുവർഷത്തെ ഭരണകാലയളവിൽ പട്ടിണി സൂചികയടക്കം പല ആഗോള സൂചികകളിലും ഇന്ത്യ പിന്നിലാണ്. സാമ്പത്തിക അസമത്വവും വർധിച്ചു.
2022ലെ ആഗോള പട്ടിണി സൂചികപ്രകാരം ഇന്ത്യയിൽ 23 കോടി പേർ പട്ടിണിയിലാണ്. ഏഷ്യയിൽ അഫ്‌ഗാനിസ്ഥാൻ മാത്രമാണ് പട്ടിണിയിൽ ഇന്ത്യക്കു പിന്നിൽ. കടുത്ത സാമ്പത്തികപ്രതിസന്ധിയെ അഭിമുഖീകരിച്ച ശ്രീലങ്ക പട്ടികയിൽ 64–-ാമതാണ്. ശ്രീലങ്കയുടെ കടപ്രതിസന്ധി അഭിമുഖത്തിൽ മോദി പ്രത്യേകം പരാമർശിച്ചിരുന്നു. പട്ടിണി സൂചികയിൽ നേപ്പാൾ 81–-ാം സ്ഥാനത്തും ബംഗ്ലാദേശ് 84–-ാമതും പാകിസ്ഥാൻ 99–-ാമതുമാണ്. 2014ൽ പട്ടിണി സൂചികയിൽ 55–ാം സ്ഥാനത്തായിരുന്ന ഇന്ത്യയാണ് മോദി ഭരണത്തിൽ 107–-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് എന്നതും ശ്രദ്ധേയം.
191 രാജ്യങ്ങൾ ഉൾപ്പെട്ട മനുഷ്യവികസന സൂചികയിൽ ഇന്ത്യ 132–-ാം സ്ഥാനത്താണ്. ആയുർദൈർഘ്യം, പഠന കാലയളവ്, ദേശീയവരുമാനം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മനുഷ്യവികസന സൂചിക തയ്യാറാക്കുന്നത്. ശ്രീലങ്ക, ഭൂട്ടാൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളെല്ലാം മനുഷ്യവികസന സൂചികയിലും ഇന്ത്യക്കു മുന്നിലാണ്. സാമ്പത്തികഅസമത്വ സൂചികയിലാകട്ടെ 161 രാജ്യത്തിൽ ഇന്ത്യ 123–-ാമതാണ്. ആരോഗ്യമേഖലയിൽ പണം ചെലവഴിക്കുന്നതിൽ 157–-ാം സ്ഥാനത്തുള്ള ഇന്ത്യക്കു പിന്നിൽ നാലു രാജ്യംമാത്രം. ആരോഗ്യമേഖലയിലെ ഇന്ത്യയുടെ മുതൽമുടക്ക് ആകെ ചെലവഴിക്കലിന്റെ 3.64 ശതമാനം മാത്രമാണ്. ചൈനയും റഷ്യയും 10 ശതമാനം ആരോഗ്യമേഖലയിൽ വിനിയോഗിക്കുന്നു. നേപ്പാൾ 7.8 ശതമാനവും ശ്രീലങ്ക 5.88 ശതമാനവും പാകിസ്ഥാൻ 4.3 ശതമാനവും ആരോഗ്യമേഖലയിൽ ചെലവഴിക്കുന്നുണ്ട്. എല്ലാ വികസന സൂചികകളിലും ഏറ്റവും പിന്നിലുള്ള രാജ്യത്തിന്റെ ഭരണാധികാരിയാണ് വൈകാതെ തന്നെ വികസിത രാജ്യമാകുമെന്ന അവകാശവാദം ഉയർത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..