25 April Thursday

അഭിപ്രായ സ്വാതന്ത്ര്യത്തെ 
കേന്ദ്രം വേട്ടയാടുന്നു

വെബ് ഡെസ്‌ക്‌Updated: Friday Feb 12, 2021



സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളെയും ജനാധിപത്യപരമായ വിമർശനങ്ങളെയും ഭയപ്പെടുന്ന മോഡി സർക്കാർ വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നവരെ നിരന്തരം വേട്ടയാടുകയാണ്‌. സത്യം വിളിച്ചുപറയുന്ന മാധ്യമങ്ങളും മാധ്യമപ്രവർത്തകരും സ്വതന്ത്ര ബുദ്ധിജീവികളുമെല്ലാം ‌പീഡിപ്പിക്കപ്പെടുന്നതിന്റെ എണ്ണമറ്റ അനുഭവങ്ങൾ നമുക്ക്‌‌ മുന്നിലുണ്ട്‌. രാജ്യം നേരിടുന്ന പ്രശ്‌നങ്ങൾ സത്യസന്ധമായി ജനങ്ങളിലെത്തിക്കുന്ന ഓൺലൈൻ മാധ്യമമായ ന്യൂസ്‌ ക്ലിക്കിനെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനെ(ഇഡി) ഉപയോഗിച്ച്‌ വേട്ടയാടുന്നതും കേന്ദ്ര നയങ്ങളെ വിമർശിക്കുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോട്‌ ആവശ്യപ്പെടുന്നതും എതിരഭിപ്രായങ്ങൾ മോഡി സർക്കാരിനെ എത്രത്തോളം അസ്വസ്ഥമാക്കുന്നുവെന്നതിന്‌ തെളിവാണ്‌.

പാർലമെന്റിലെ ഭൂരിപക്ഷമുപയോഗിച്ച്‌ അടിച്ചേൽപ്പിച്ച പൗരത്വനിയമ ഭേദഗതിയെയും കാർഷിക നിയമഭേദഗതിയെയും വിമർശിച്ചതാണ്‌ ന്യൂസ്‌ ക്ലിക്കിനെതിരെ കേന്ദ്രം തിരിയാൻ കാരണം. പൗരത്വനിയമ ഭേദഗതിക്കും കാർഷിക നിയമ ഭേദഗതിക്കുമെതിരായ ജനകീയ പ്രക്ഷോഭങ്ങളുടെ വാർത്തകൾ സത്യസന്ധമായി ജനങ്ങളിലെത്തിക്കാൻ ധീരത കാട്ടുന്ന ന്യൂസ്‌ ക്ലിക്കിന്റെ സാരഥികളെ സർക്കാർ വേട്ടയാടുന്നു‌. ന്യൂസ്‌ ക്ലിക്കിന്റെ ഓഫീസുകളിലും എഡിറ്റർമാരുടെയും ഉടമയുടെയും വീടുകളിലും ഇഡി നടത്തിയ റെയ്‌ഡ്‌ മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കൈയേറ്റമാണ്‌. സ്വതന്ത്ര മാധ്യമങ്ങളെ കഴുത്തുഞെരിച്ച്‌ നിശ്ശബ്‌ദമാക്കാനാണ്‌ ശ്രമം. ഇഡി നടപടി ആശങ്കാജനകമാണെന്നും കോർപറേറ്റുകൾക്കുവേണ്ടി സർക്കാർ എടുക്കുന്ന നയങ്ങളെ വിമർശിക്കുന്ന ന്യൂസ്‌ ക്ലിക്കിന്റെ പ്രവർത്തനം അട്ടിമറിക്കുന്നത്‌‌ തടയാൻ ജാഗ്രത വേണമെന്നും രാജ്യത്തെ പത്രാധിപൻമാരുടെ കൂട്ടായ്‌മയായ എഡിറ്റേഴ്‌സ്‌ ഗിൽഡ്‌‌ പ്രതികരിച്ചത്‌ പ്രശ്‌നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.

കർഷക സമരത്തെ പിന്തുണയ്‌ക്കുകയും കേന്ദ്രത്തെ വിമർശിക്കുകയു ചെയ്യുന്ന അഞ്ഞൂറിലധികം അക്കൗണ്ടുകൾ കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം തടഞ്ഞതായി സാമൂഹ്യമാധ്യമമായ ട്വിറ്റർ കഴിഞ്ഞ ദിവസമാണ്‌ വെളിപ്പെടുത്തിയത്‌. സാമൂഹ്യപ്രവർത്തകർ, മാധ്യമ സ്ഥാപനങ്ങൾ, മാധ്യമപ്രവർത്തകർ, രാഷ്‌ട്രീയ നേതാക്കൾ എന്നിവരുടെ അക്കൗണ്ടുകൾ തടഞ്ഞിട്ടില്ലെന്നും അറിയിച്ചു. എന്നാൽ, സത്യം പുറത്തുപറഞ്ഞ ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രം രംഗത്തുവന്നിരിക്കുകയാണ്‌.

ഡൽഹിയിലെ കർഷക സമരത്തിന്റെ വാർത്തകളും ചിത്രങ്ങളും ട്വീറ്റ്‌ ചെയ്‌ത മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്‌ദീപ്‌ സർദേശായി അടക്കമുള്ളവരുടെ അറസ്‌റ്റ്‌ തടയാൻ സുപ്രീംകോടതിക്ക്‌ തന്നെ ഇടപെടേണ്ടിയും വന്നു. വെറുപ്പിന്റെയും അക്രമത്തിന്റെയും പ്രചാരകരായ വർഗീയ ഫാസിസ്‌റ്റുകൾക്ക്‌ ജനാധിപത്യം, പൗരാവകാശം, അഭിപ്രായസ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാന സാമൂഹ്യമൂല്യങ്ങളെ‌ പുച്ഛവും ഭയവുമാണ്‌. വിമർശനങ്ങൾ അവരെ വിറളി പിടിപ്പിക്കുന്നു. ജനാധിപത്യത്തിന്റെ മറവിൽ വർഗീയ പ്രചാരണം നടത്തി അധികാരത്തിലേറിയവർ അധികാരകേന്ദ്രീകരണവും ഏകാധിപത്യവുമാണ്‌ നടപ്പാക്കുന്നത്‌. ഹിന്ദുത്വ വർഗീയതയും വെറുപ്പും വ്യാപിപ്പിക്കുകയും കോർപറേറ്റ്‌ മൂലധനത്തിന്‌ പരവതാനി വിരിക്കുകയുമെന്ന ഇരട്ട അജൻഡയാണ്‌ അവർ നടപ്പാക്കുന്നത്‌. ഇതിന്‌ എതിര്‌ നിൽക്കുന്നവരെയാകെ രാജ്യദ്രോഹികളെന്ന്‌ മുദ്രകുത്തുകയും ജയിലിലടയ്‌ക്കുകയുമാണ്.


 

ഭീമ കൊറേഗാവ്‌ കേസിൽ അറസ്‌റ്റ്‌ ചെയ്യപ്പെട്ട സാമൂഹ്യപ്രവർത്തകൻ റോണ വിൽസൻ അടക്കമുള്ളവർക്കെതിരെ തെളിവുണ്ടാക്കാൻ കംപ്യൂട്ടർ ഹാക്ക്‌ ചെയ്‌ത്‌ വ്യാജ കത്തുകൾ തിരുകിക്കയറ്റിയതായി അമേരിക്കയിലെ ഡിജിറ്റൽ ഫോറൻസിക്‌ സ്ഥാപനം കഴിഞ്ഞ ദിവസമാണ്‌ സംശയമറിയിച്ചത്‌. ഇത്‌ ശരിയെങ്കിൽ രാജ്യത്ത്‌ കംപ്യൂട്ടറോ സ്‌മാർട്ട്‌ ഫോണോ ഉപയോഗിക്കുന്ന മോഡി വിമർശകരെല്ലാം ഭീഷണിയിലാണ്‌.

കോർപറേറ്റ്‌ ശക്തികൾ നിയന്ത്രിക്കുന്ന ദേശീയ മാധ്യമങ്ങൾ നേരത്തെ തന്നെ മോഡി സർക്കാരിന്റെ വരുതിയിലാണ്‌. ജനാധിപത്യത്തിന്റെ നാലാം തൂൺ എന്ന സ്ഥാനം എന്നേ കൈയൊഴിഞ്ഞ്‌ കഴിഞ്ഞ അവർ ഫാസിസ്‌റ്റുകളുടെയും കോർപറേറ്റുകളുടെയും പ്രചാരകരാണിപ്പോൾ. ഇക്കൂട്ടരുടെ സ്‌തുതിവചനങ്ങൾ കേട്ടുറങ്ങുന്ന രാജ്യത്തെ സമ്പന്ന വർഗത്തിന്‌ മോഡിക്കെതിരെ സമരം ചെയ്യുന്ന കർഷകർ രാജ്യദ്രോഹികൾ. കേന്ദ്ര ഭരണത്തെ വിമർശിക്കുന്നത്‌ രാജ്യദ്രോഹമാണെന്ന്‌ കരുതുന്ന മോഡിയുടെ വായ്‌ത്താരി ആവർത്തിക്കുകയാണ്‌ സെലിബ്രിറ്റികൾ അടക്കമുള്ളവർ.

മാധ്യമങ്ങളെ മിക്കവാറും നിശ്ശബ്‌ദമാക്കിയിട്ടും സാമൂഹ്യമാധ്യമങ്ങളിലൂടെ ഉയരുന്ന വിമർശനങ്ങൾ പിടിയിലൊതുങ്ങാത്തതാണ്‌ മോഡിയെയും സംഘപരിവാറിനെയും വിഷമിപ്പിക്കുന്നത്‌. ഡിജിറ്റൽ മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ നിയമം കൊണ്ടുവന്നിട്ടും വിമർശനങ്ങളുടെ കുത്തൊഴുക്ക്‌ തടയാനാകുന്നില്ല. സത്യം മറച്ചുവച്ചും കള്ളം പ്രചരിപ്പിച്ചും പിടിച്ചുനിൽക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമത്തിന്‌ സാമൂഹ്യമാധ്യമങ്ങളുടെ ശക്തവും വ്യാപകവുമായ സാന്നിധ്യം തടസ്സമാണ്‌. ഇന്റർനെറ്റ്‌ തടഞ്ഞാലും നിയമംവഴി നിയന്ത്രിച്ചാലും കെട്ടുകൾ പൊട്ടിച്ച്‌ സത്യം വിളിച്ചുപറയാൻ സാമൂഹ്യമാധ്യമങ്ങൾ മുന്നിലുണ്ടാകും. മോഡി സർക്കാരിനെ അസ്വസ്ഥമാക്കുന്നതും ഈ വസ്‌തുതയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top