03 July Thursday

ബിജെപിയുടെ പരിഭ്രാന്തിയും കാരണങ്ങളും

വെബ് ഡെസ്‌ക്‌Updated: Friday Sep 1, 2023


അഞ്ചു സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പും ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പും പടിവാതിലിൽ എത്തിനിൽക്കവെ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരിഭ്രാന്തിയിലാണ്‌. അവിശ്വാസപ്രമേയത്തിന്‌ ലോക്‌സഭയിൽ നൽകിയ മറുപടിയിലും ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലും മോദിയുടെ അങ്കലാപ്പ്‌ പ്രകടമായി. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ കെട്ടഴിച്ച്‌ വിട്ടിരിക്കുന്നതും ബിജെപിയുടെ വെപ്രാളത്തിന്‌ തെളിവാണ്‌. അഞ്ചു സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പും നടത്താൻ കേന്ദ്രസർക്കാർ ശുപാർശ ചെയ്യുമെന്ന പ്രചാരണവും നടക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയേൽക്കുന്നത്‌, പിന്നാലെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുന്നത്‌ ഒഴിവാക്കാനാണിത്‌.

തെരഞ്ഞെടുപ്പുകളിൽ വോട്ടർമാർ തിരസ്‌കരിക്കുമെന്ന തിരിച്ചറിവ്‌ ബിജെപിയിൽ വളരുകയാണ്‌. വിവിധ ഏജൻസികൾ വഴി ബിജെപിയും കേന്ദ്രസർക്കാരും നടത്തിയ സർവേകളിൽ അവർക്ക്‌ ലഭിച്ച പ്രതികരണം രാജ്യമെമ്പാടും ആഞ്ഞടിക്കുന്ന ഭരണവിരുദ്ധവികാരത്തിന്റേതാണ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ വൻതോതിൽ സീറ്റ്‌ നഷ്ടപ്പെടുമെന്ന്‌ ഔദ്യോഗിക–- അനൗദ്യോഗിക ഏജൻസികൾ കേന്ദ്രസർക്കാരിന്‌ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. പ്രധാനമന്ത്രി മോദിയുടെ പ്രചാരണനേതൃത്വവും പണക്കൊഴുപ്പും വഴി തെരഞ്ഞെടുപ്പുകൾ ജയിച്ചുകയറാമെന്ന അഹന്തയ്‌ക്കേറ്റ പ്രഹരമായിരുന്നു കർണാടക ഫലം. അതിനുമുമ്പ്‌ ഹിമാചൽപ്രദേശിലും ബിജെപിക്ക്‌  ഭരണം നഷ്ടമായി. ത്രിപുരയിൽ ഭരണം നിലനിർത്താനായെങ്കിലും 10 ശതമാനം വോട്ട്‌ കുറഞ്ഞു. 15 മണ്ഡലത്തിൽ ടിപ്ര മോത്ത പിടിച്ച വോട്ടിന്റെ ബലത്തിലാണ്‌ ബിജെപിക്ക്‌ ഭരണത്തിൽ തുടരാൻ കഴിഞ്ഞത്‌. ദക്ഷിണേന്ത്യയിൽ ബിജെപി പൊതുവെ നേരിടുന്ന വരൾച്ചയ്‌ക്ക്‌ അന്ത്യം കാണുന്നില്ല.

ഇതിനു പുറമെയാണ്‌ ബിഹാർ, ബംഗാൾ, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരായി ഉയരുന്ന വികാരം. 2019ൽ രാജ്യത്ത്‌ അധികാരത്തുടർച്ച നേടിയശേഷം തമിഴ്‌നാട്‌, ബംഗാൾ, കേരളം, ഡൽഹി, പഞ്ചാബ്‌ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പ്രകടനം കൂടുതൽ മോശമായി. ഉടൻ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കേണ്ട രാജസ്ഥാൻ, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിൽ ആഭ്യന്തരകലഹത്തിൽ വലയുകയാണ്‌ ബിജെപി. രാജസ്ഥാനിൽ സ്ഥാനമോഹികളുടെ ആധിക്യം കാരണം സംസ്ഥാനതല ജാഥകളുടെ നേതൃത്വം ഡൽഹിയിൽനിന്നുള്ള നേതാക്കൾ ഏറ്റെടുത്തിരിക്കുകയാണ്‌.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 25 ലോക്‌സഭാ സീറ്റിൽ കഴിഞ്ഞ തവണ 19 ഇടത്തും ജയിച്ചത്‌ ബിജെപിയാണെങ്കിൽ ഇപ്പോൾ ഈ മേഖലയിൽ അവർ കടുത്ത അഗ്നിപരീക്ഷ നേരിടുകയാണ്‌. മണിപ്പുർ കലാപത്തോടെ മേഖലയിലെ ആദിവാസിവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ബിജെപിയെ കൈവിട്ടു. മിസോറം ഭരണകക്ഷി മിസോ നാഷണൽ ഫ്രണ്ട്‌ (എംഎൻഎഫ്‌) എൻഡിഎയിൽ പങ്കാളിയാണ്‌. എന്നാൽ, ലോക്‌സഭയിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ എംഎൻഎഫ്‌ പിന്തുണച്ചു. മണിപ്പുർ കലാപം ബിജെപി കൈകാര്യം ചെയ്‌ത രീതിയിൽ പ്രതിഷേധിച്ചാണിത്‌. അസമിൽ കോൺഗ്രസിൽനിന്ന്‌ ബിജെപിയിൽ എത്തിയ മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമയ്‌ക്കെതിരെ മുതിർന്ന നേതാക്കൾ തുറന്ന കലാപത്തിലാണ്‌. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച്‌ മുൻ കേന്ദ്രമന്ത്രി രാജൻ ഗൊഹെയ്‌ൻ അസം ഫുഡ്‌ ആൻഡ്‌ സിവിൽ സപ്ലൈസ്‌ കോർപറേഷൻ അധ്യക്ഷസ്ഥാനം രാജിവച്ചു. ഗൊഹെയ്‌ൻ ഡൽഹിയിലെത്തി ആഭ്യന്തരമന്ത്രി അമിത്‌ ഷായെ കണ്ട്‌ സർമയ്‌ക്കെതിരെ പരാതിപ്പെട്ടത്‌ ശ്രദ്ധേയമാണ്‌.  ത്രിപുരയിൽ മുഖ്യമന്ത്രി മണിക്‌ സാഹയും മുൻ മുഖ്യമന്ത്രി ബിപ്ലബ്‌കുമാർ ദേബും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. നാഗാലാൻഡ്‌, മണിപ്പുർ, അരുണാചൽപ്രദേശ്‌ എന്നിവിടങ്ങളിൽ സ്വാധീനമുള്ള ദ നാഗാ പീപ്പിൾസ്‌ ഫ്രണ്ട്‌ ബിജെപിയിൽനിന്ന്‌ അകന്നു.

ഇങ്ങനെ ഒറ്റപ്പെടൽ നേരിടുന്ന ബിജെപി ഘടകകക്ഷികൾക്കായി ദാഹിക്കുകയാണ്‌. ആന്ധ്രപ്രദേശിൽ ഒരേസമയം ടിഡിപിയുമായും വൈഎസ്‌ആർ കോൺഗ്രസുമായും ചർച്ച നടത്തുന്നു. ബിഹാറിലും ഉത്തർപ്രദേശിലും ജില്ലാതലത്തിൽ സ്വാധീനമുള്ള ചെറുകക്ഷികളെ ചാക്കിട്ടുപിടിക്കുകയാണ്‌. പഞ്ചാബിൽ ശിരോമണി അകാലിദളിനെ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നു. വരുംനാളുകളിൽ കൂടുതൽ തന്ത്രങ്ങളും കുതന്ത്രങ്ങളും ബിജെപിയിൽനിന്ന്‌ പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top