27 May Monday

അക്രമസമരത്തിന്‌ ഒരേ രൂപം, ഒരേ സ്വരം

വെബ് ഡെസ്‌ക്‌Updated: Saturday Feb 25, 2023


ആരോഗ്യ–- വിദ്യാഭ്യാസ‐ സേവന മേഖലകളിൽ ഉൾപ്പെടെ കേരളത്തിന്റെ ജനക്ഷേമ ഇടപെടലുകൾ തകർക്കാനുള്ള ഗൂഢനീക്കങ്ങളാണ്‌ മോദി സർക്കാരിൽനിന്ന്‌ ഉണ്ടാകുന്നത്‌. സംസ്ഥാനത്തിന്‌ വർഷംതോറും അനുവദിക്കുന്ന വിഹിതത്തിൽ പതിനായിരക്കണക്കിന്‌ കോടി രൂപയുടെ ചോർച്ചയുണ്ടാക്കുന്നു. ഇങ്ങനെ പലമട്ടിൽ ദ്രോഹിക്കുമ്പോഴും സാധാരണക്കാരെ ശ്രദ്ധയോടും പ്രതിബദ്ധതയോടും ചേർത്തുനിർത്തുകയാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. ഇന്ത്യ വൈവിധ്യങ്ങളോടെ നിലനിൽക്കണമെങ്കിൽ വർഗീയതയ്‌ക്കും ഫാസിസ്റ്റ്‌ പ്രവണതകൾക്കുമെതിരെ അതിശക്തമായ ചെറുത്തുനിൽപ്പുണ്ടാകണം. ആ പോരാട്ടത്തിൽ സിപിഐ എം എക്കാലവും മുന്നിലാണ്‌.  മോദി സർക്കാർ സംസ്ഥാനത്തോട്‌ പുലർത്തുന്ന ദ്രോഹസമീപനങ്ങൾക്കെല്ലാം യുഡിഎഫ്‌ എംപിമാരുടെ ഐക്യദാർഢ്യമുണ്ട്‌. കേരളത്തിന്‌ അർഹതപ്പെട്ട കേന്ദ്രവിഹിതം തടയുമ്പോൾ ചോദ്യമുയർത്തുന്നുമില്ല. ആ അർഥത്തിൽ വികസനം സ്‌തംഭിപ്പിക്കുന്നതിൽ കോൺഗ്രസിനും ബിജെപിക്കും മുസ്ലിംലീഗിനും ഒരേ സ്വരമാണ്‌; സമരങ്ങൾക്ക്‌ ഒരേ രൂപമാണ്‌. സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾ കാറ്റുപിടിക്കാതെ പോയപ്പോഴാണ്‌ കലാപാഹ്വാനങ്ങൾക്കും അക്രമങ്ങൾക്കും ഇറങ്ങിപ്പുറപ്പെടുന്നത്‌. 

എൽഡിഎഫ്‌ സർക്കാരിന്റെ സമാനതകളില്ലാത്ത ജനക്ഷേമ–- വികസന പ്രവർത്തനങ്ങളും പതിനായിരങ്ങൾ നെഞ്ചേറ്റുന്ന സിപിഐ എം ജനകീയ പ്രതിരോധ ജാഥയും യുഡിഎഫ്‌‐  ബിജെപി‐ മാധ്യമ സംയുക്തത്തെ പരിഭ്രാന്തിയിലാക്കിയിരിക്കുന്നു. ബഹുജനശ്രദ്ധ മറ്റുവഴികളിലേക്ക്‌ തിരിച്ചുവിടാൻ നിസ്സാര കാര്യങ്ങളിൽ അക്രമസമരങ്ങൾ അഴിച്ചുവിടുകയാണ്‌. കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ആ സമാനമനസ്‌കർ അഴിച്ചുവിട്ട കലാപതുല്യമായ സമരങ്ങൾ അതിരുവിട്ടു. തിരുവനന്തപുരത്ത്‌ ക്ലിഫ്‌ ഹൗസ്‌ ലക്ഷ്യമാക്കി മാർച്ച്‌ നടത്തിയ യൂത്ത്‌ കോൺഗ്രസുകാർ പൊലീസ്‌ സംഘത്തെ വളഞ്ഞുനിർത്തി ആക്രമിച്ചു. സാരമായി പരിക്കേറ്റ പേരൂർക്കട എസ്‌എപി ക്യാമ്പിലെ പൊലീസുകാരനെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. സംസ്ഥാന ബജറ്റിനെതിരെ യൂത്ത്‌ ലീഗ്‌ നടത്തിയ മലപ്പുറം കലക്ടറേറ്റ്‌ മാർച്ചും അതേ നിലവാരത്തിലായിരുന്നു. കല്ലേറിലും അക്രമത്തിലും വനിതയടക്കം മൂന്ന്‌ പൊലീസുകാർക്ക്‌ പരിക്കേറ്റു. കലക്ടറേറ്റിലേക്ക്‌ ഇരച്ചെത്തിയ യൂത്ത്‌ ലീഗുകാർ ബാരിക്കേഡ്‌ തള്ളിമറിക്കാൻ ശ്രമിക്കുകയും പൊലീസിനുനേരെ തെറിവിളികൾ ഉയർത്തി പ്രകോപനം തീർക്കുകയുമായിരുന്നു. കോഴിക്കോട്ട്‌ സിഐയുടെ കൈവെട്ടുമെന്നായിരുന്നു ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുടെ അതിരുവിട്ട  ഭീഷണി. യുവമോർച്ച പ്രവർത്തകനെ മർദിച്ചെന്നാരോപിച്ച്‌ കമീഷണർ ഓഫീസിലേക്ക്‌ നടത്തിയ മാർച്ചിലാണ്‌ നടക്കാവ്‌ സിഐക്കെതിരെ മറ്റൊരു ഭാഷയിൽ വധഭീഷണി മുഴക്കിയത്‌. കാക്കി വേഷത്തിൽ അല്ലായിരുന്നെങ്കിൽ ജഡം ഒഴുകി നടക്കുമായിരുന്നെന്ന്‌ യുവമോർച്ച ജനറൽ സെക്രട്ടറിയും രംഗത്തിന്‌ തീപിടിപ്പിച്ചു. 

മുഖ്യമന്ത്രിക്കെതിരെ ആഭാസ മുദ്രാവാക്യങ്ങൾ ഉയർത്തിയിട്ടും ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർക്കുനേരെ കൊലവിളി പ്രസംഗങ്ങൾ നടത്തിയിട്ടും യുഡിഎഫ്‌ ഘടകകക്ഷികളായ ചില മാധ്യമങ്ങൾ അന്ധത നടിക്കുകയായിരുന്നു. ക്ലിഫ്‌ ഹൗസിനു മുന്നിൽ യൂത്ത്‌ കോൺഗ്രസുകാർ പൊലീസുകാരനെ വളഞ്ഞിട്ട്‌ അതിക്രൂരമായി ആക്രമിച്ചതു സംബന്ധിച്ച്‌ ‘ജനാധിപത്യത്തിന്റെ നാവുകൾ’ക്ക്‌ മിണ്ടാട്ടമേയില്ല. പൊലീസുകാരനെ അടിച്ചുവീഴ്‌ത്തുന്ന ഫോട്ടോയ്‌ക്ക്‌ അവർ ആലോചിച്ചുറപ്പിച്ച്‌ എഴുതിയ അടിക്കുറിപ്പ്‌ പൊലീസുകാരും സമരക്കാരും തമ്മിലുണ്ടായ സംഘർഷം എന്നാണ്‌. പൊലീസുകാരനെ അപകടകരമായ നിലയിൽ ഇടിച്ചുപരത്തിയ വസ്‌തുത വാർത്തകളിൽ എങ്ങുമുണ്ടായില്ല. എന്നാൽ, പൊലീസുകാർ സമരക്കാരെ മർദിച്ചുവെന്ന്‌ കള്ളമെഴുതാൻ അത്യുത്സാഹം കാട്ടി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ചാവേർ സംഘങ്ങളെ ഇളക്കിവിട്ടതും മാധ്യമ ദൃഷ്ടിയിലില്ല. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനു മുന്നിൽ ചാടിയാലുണ്ടാകാനിടയുള്ള അത്യാഹിതം ഒഴിവാക്കാനാണ്‌ പൊലീസ് ജാഗ്രത പുലർത്തുന്നത്‌. സംസ്ഥാനത്തിന്റെ സർവതോമുഖ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന എൽഡിഎഫ്‌ സർക്കാരിനെ താഴെയിറക്കാനുള്ള കുത്സിത നീക്കങ്ങളിൽ മാധ്യമങ്ങൾക്ക്‌ വലിയ പങ്കുണ്ട്‌. അവ നിരന്തരം കുപ്രചാരണങ്ങൾ അടിച്ചുവിടുമ്പോഴും ജനങ്ങൾ സർക്കാരിനും പാർടിക്കും പിന്നിൽ കൂടുതൽ ഊർജസ്വലതയോടെ അണിനിരക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top