19 April Friday

മനുഷ്യത്വരഹിതം, നീതികേട്

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022


ഇന്ത്യയുടെ തെക്കേ അറ്റത്ത് കിടക്കുന്ന കൊച്ചു കേരളത്തിൽ ജീവിക്കുന്നവരോട് കേന്ദ്ര സർക്കാർ അങ്ങേയറ്റം മനുഷ്യത്വരഹിതമായി, നീതി രഹിതമായി പെരുമാറുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മഹാപ്രളയകാലത്ത് വിതരണംചെയ്ത സൗജന്യ അരിയുടെ വില പിടിച്ചുവാങ്ങാനുള്ള കേന്ദ്രനീക്കം.

എവിടെയും കാരുണ്യവും മനുഷ്യസ്നേഹവും പ്രവഹിക്കേണ്ട ഒരു സമയമാണ് പ്രകൃതിദുരന്തങ്ങളുടെയും മഹാമാരിയുടെയുമെല്ലാം കാലം.  അങ്ങനെയൊരു കാലത്ത് എല്ലാ മനുഷ്യർക്കും വേണ്ടത് ആർദ്രതയുടെ കൈത്താങ്ങുകൾ. എല്ലാവർക്കും സൗജന്യ ഭക്ഷണവും ചികിത്സയുമൊക്കെ ഉറപ്പാക്കേണ്ടതുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, 2018-ലെ മഹാപ്രളയകാലത്ത് ജനങ്ങൾക്ക് സൗജന്യമായി നൽകാൻ വാങ്ങിയ അരിയുടെ വില ഉടൻ നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്. മഹാപ്രളയത്തിനു പിന്നാലെ മഹാമാരിയും വിതച്ച ദുരിതങ്ങളിൽനിന്ന് സംസ്ഥാനം കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് പണം വേണമെന്ന കേന്ദ്രത്തിന്റെ അന്ത്യശാസനാ സ്വഭാവത്തിലുള്ള നിലപാട്. ഒരു പിടിച്ചുപറിയുടെ സ്വഭാവവും അതിനുണ്ട്.  അരിയുടെ വിലയായ 205.81 കോടി രൂപ ഉടൻ തിരിച്ചടച്ചില്ലെങ്കിൽ ദുരന്തനിവാരണ ഫണ്ടിൽനിന്നോ, ഭക്ഷ്യ സബ്സിഡിയിൽനിന്നോ കേരളത്തിനുള്ള വിഹിതത്തിൽനിന്ന്  പണം പിടിക്കുമെന്ന് ഭീഷണിയുമുണ്ട്.  ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽനിന്ന് 89,549 മെട്രിക് ടൺ അരിയാണ് വാങ്ങിയിരുന്നത്.

രണ്ടു പ്രളയങ്ങളെത്തുടർന്നുള്ള  പ്രയാസങ്ങളുടെ സാഹചര്യത്തിൽ തുക ഈടാക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നെങ്കിലും അതൊന്നും ചെവിക്കൊണ്ടില്ല. ഇതേസമയം, വമ്പൻ കോർപറേറ്റുകളുടെ കോടിക്കണക്കിനു രൂപയുടെ വായ്പത്തുകകൾ എഴുതിത്തള്ളാനും അവർക്ക് വലിയ നികുതിയിളവുകൾ നൽകാനും മോദിക്ക് ഒരു മടിയുമില്ല. എന്തായാലും പണം നൽകാനുളള ഫയലിൽ മുഖ്യമന്ത്രി കഴിഞ്ഞദിവസം ഒപ്പുവച്ചു. കണ്ണീരിന്റെ പുഴകളൊഴുക്കാനും  കൂട്ട യാതനകളുടെ കാട്ടുതീ പടർത്താനുംമാത്രം ശ്രമിക്കുന്ന കേന്ദ്ര ബിജെപി ഭരണത്തിന് കേരളത്തിന്റെ മനുഷ്യസ്നേഹപരമായ നടപടികൾ തിരിച്ചറിയാനാകില്ലല്ലോ. പ്രളയകാലത്ത് യുഎഇ കേരളത്തിന്‌ നൽകാമെന്നു പറഞ്ഞ 700 കോടിയുടെ സഹായം കേന്ദ്രം വിലക്കിയതും ഓർക്കാം.

സാമ്പത്തിക ആവശ്യങ്ങളിൽ കൂടുതൽ ഉദാരമായ സമീപനമാണ്‌ കേന്ദ്രത്തിൽനിന്ന് സംസ്ഥാന സർക്കാരുകൾ പ്രതീക്ഷിക്കുന്നത്.  പ്രതിസന്ധിയുടെ ഘട്ടങ്ങളിൽ പ്രത്യേകിച്ചും. എന്നാൽ, ഉദാര സമീപനത്തിനു പകരം സംസ്ഥാനത്തിന്റെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിക്കുന്ന നിലപാട് സ്വീകരിച്ചാലോ?  . അതാണ് കേരളത്തോട് മോദി സർക്കാർ തുടർച്ചയായി സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു ഒറ്റപ്പെട്ട കാര്യമായി പറയാനാകില്ല. കടമെടുക്കാനുള്ള കേരളത്തിന്റെ സ്വാതന്ത്ര്യം പലതരത്തിൽ നിഷേധിച്ചും അർഹമായ വിഹിതങ്ങൾ നൽകാതെയും വെട്ടിക്കുറച്ചും സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്നത് തുടർക്കഥയാണ്. 

ധനകമീഷന്റെ ധന കൈമാറ്റ അനുപാതത്തിൽ കേരളത്തിന് പ്രതികൂലമായ വിധത്തിൽ കുറവ് വരുത്തുന്നതും ഇതോടൊപ്പം കാണണം. ഫെഡറൽ സംവിധാനത്തിൽ കേന്ദ്ര സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം വിസ്മരിച്ചുകൊണ്ടാണ് കേന്ദ്രത്തിന്റെ എല്ലാ നടപടിയും. കേരളത്തിലെ ഇടതുപക്ഷ സർക്കാരിനോട് കേന്ദ്രം പ്രത്യേക രാഷ്ടീയവിരോധം വച്ചുപുലർത്തുന്നുണ്ടെന്ന് വ്യക്തം. സിഎജി, എൻഫോഴ്സ്‌മെന്റ്  ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് തുടങ്ങിയവയെയൊക്കെ ഉപയോഗിച്ച് എത്രയോ നീക്കങ്ങൾ ഇതിനകം നടന്നിരിക്കുന്നു. കേരളത്തിന്റെ വികസനക്കുതിപ്പിന് വഴിയൊരുക്കുന്ന കിഫ്ബിയെ തകർക്കാൻ നടത്തുന്ന ശ്രമങ്ങളും ഇതിനോട് ചേർത്തുവായിക്കണം. നിർഭാഗ്യവശാൽ ഈ കേന്ദ്ര നീക്കത്തിനൊപ്പമാണ് സംസ്ഥാനത്തെ കോൺഗ്രസ് നയിക്കുന്ന യുഡിഎഫും ഒരുവിഭാഗം മാധ്യമങ്ങളും.

കേരളത്തിന്റെ വികസനാനുഭവങ്ങൾ പല കാരണത്താൽ അതുല്യമാണ്. കേരളത്തെപ്പോലെ വികസന വിജ്ഞാന സാഹിത്യത്തിൽ ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു ഭൂപ്രദേശം ഉണ്ടോയെന്ന് സംശയമാണ്.  സാർവത്രിക സാക്ഷരത, താഴ്ന്ന ശിശുമരണ നിരക്ക്, ഉയർന്ന ആയുർദൈർഘ്യം, ആരോഗ്യത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള സ്വാതന്ത്ര്യം, അടിസ്ഥാനാവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ശക്തവും വ്യാപകവുമായ പൊതുമേഖലാ സംവിധാനം ഇതൊക്കെ കേരളത്തിന്റെ നേട്ടങ്ങളാണ്. ഇതിലൊക്കെ  ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പിൻബലമുണ്ട്. ആ രാഷ്ട്രീയം ഇവിടെ മുന്നേറുന്നതും ഇതുകൊണ്ടൊക്കെത്തന്നെയാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന, ഒരുതരത്തിലുമുള്ള വേർതിരിവില്ലാത്ത  വികസനമുന്നേറ്റത്തിന്റെ പാതയിലാണ് ഇപ്പോൾ കേരളം. ഈ മുന്നേറ്റത്തെ തടയാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റെ ഓരോ നടപടിയിലും നിഴലിക്കുന്നത്. അരിയുടെ പണം പിടിച്ചുപറിക്കുന്നതും അതിന്റെ ഭാഗംതന്നെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top