25 April Thursday

മുഖം നഷ്ടപ്പെട്ട്‌ ഇന്ത്യ , വേരാഴ്‌ത്തി വർഗീയത

വെബ് ഡെസ്‌ക്‌Updated: Tuesday May 31, 2022


ഇന്ത്യയെപ്പോലെ ബഹുസ്വരതയിൽ അടിയുറച്ച ഒരു രാജ്യത്ത്‌ ഭൂരിപക്ഷ വർഗീയതയാൽ നയിക്കപ്പെടുന്ന ഭരണം എത്രമാത്രം ആപൽക്കരമാണെന്ന്‌ തെളിയിച്ച എട്ടുവർഷമാണ്‌ കടന്നുപോയത്‌. ബിജെപി രാജ്യാധികാരം കൈയാളുന്നത്‌ ഇതാദ്യമല്ലെങ്കിലും തീവ്രഹിന്ദുത്വവും ഫാസിസ്‌റ്റ്‌ ശൈലിയും മറയില്ലാതെ പ്രയോഗിച്ചത്‌ മോദിയാണ്‌. 2019ലെ രണ്ടാംവരവിലാകട്ടെ അതിരുവിട്ടാണ്‌ പോക്ക്‌. ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളൊന്നും ഇവരുടെ അജൻഡയിലില്ല.  പണപ്പെരുപ്പവും വിലക്കയറ്റവും മാനംമുട്ടിയപ്പോഴാണ്‌ പെട്രോൾവില കുറയ്‌ക്കാൻ നിർബന്ധിതമായത്‌. നാടിന്റെ ആസ്‌തികൾ വിറ്റുതുലയ്‌ക്കലും സമ്പന്നസേവയും നിർബാധം തുടരുന്നു. പൊതുഉടമാ സംവിധാനങ്ങൾ ഇനിയെത്രകാലമെന്ന ചോദ്യമാണ്‌ ഉയരുന്നത്‌.

വർഗീയ ചേരിതിരിവ്‌ ശക്തമാക്കി അധികാരം പിടിച്ച സംഘപരിവാറിന്റെ ചുവടുവയ്‌പുകൾ മതരാഷ്‌ട്രത്തിലേക്കാണെന്നത്‌ ആശങ്കയോടെ മാത്രമേ കാണാനാകൂ. ദേശീയതയുടെ മേമ്പൊടി പുരട്ടി മതവിദ്വേഷത്തിന് വിത്തിടാനുള്ള ആസൂത്രിത  നീക്കമാണ്‌ നടക്കുന്നത്‌. പൗരത്വനിയമം നടപ്പാക്കി മുസ്ലിം–-ക്രിസ്‌ത്യൻ വിഭാഗങ്ങളെ രണ്ടാംതരക്കാരാക്കാനുള്ള ശ്രമത്തിനെതിരെ ഐതിഹാസികമായ ചെറുത്തുനിൽപ്പാണുണ്ടായത്‌. കോവിഡ്‌ ശമിച്ചതോടെ പൗരത്വപ്രശ്‌നം വീണ്ടും കത്തിക്കാനുള്ള കരു നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്‌.  പ്രത്യേക സംസ്ഥാനപദവി റദ്ദാക്കിയും രണ്ടാക്കി വെട്ടിമുറിച്ചും കശ്‌മീർ ഉണങ്ങാത്ത മുറിവായി. ഏകീകൃത വ്യക്തിനിയമത്തിനുവേണ്ടി വാദിക്കുമ്പോൾത്തന്നെയാണ്‌ മുത്തലാഖ്‌ നിയമം കൊണ്ടുവന്നത്‌. വിവാഹബന്ധം ഒഴിയുന്ന പരുഷൻമാരിൽ മുസ്ലിങ്ങൾക്കുമാത്രം തടവുശിക്ഷ നൽകുന്ന നിയമനിർമാണത്തിനു പിന്നിലെ ലക്ഷ്യം മതസ്‌പർധ മാത്രമാണ്‌. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’എന്ന ചർച്ച ഭീഷണി ഉയർത്തുന്നത്‌ യശസ്സുറ്റ പാർലമെന്ററി ജനാധിപത്യത്തിനു നേരെയാണ്‌. പ്രാദേശിക ഭാഷാസംസ്ഥാനങ്ങളുടെ ഫെഡറേഷനായ ഇന്ത്യൻ യൂണിയനെ പിന്തള്ളിയാണ്‌ ഏകഭാഷാവാദം മുന്നോട്ടുവയ്‌ക്കുന്നത്‌. ഇല്ലാത്ത രാഷ്‌ട്രഭാഷാ പദവി ഹിന്ദിക്ക്‌ കൽപ്പിക്കുന്നു.

രാജ്യത്തിന്റെ ഫെഡറൽ ഘടനയ്‌ക്ക്‌ കത്തിവയ്‌ക്കുന്ന നടപടികൾ രാഷ്‌ട്രീയമായും സാമ്പത്തികമായും സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കി. ആർഎസ്‌എസ്‌–- ബിജെപി നേതാക്കളായ ഗവർണർമാരെ ഉപയോഗിച്ച്‌, ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നു.  ഭരണഘടനാപദവിയുടെ അന്തസ്സ്‌ കളഞ്ഞുകുളിച്ച്‌ സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടുന്ന ഗവർണർമാർ ബിജെപി ഭരണത്തിന്റെ മുഖമുദ്രയാണ്‌. ഏകീകൃത നികുതി സംവിധാനമായ ജിഎസ്‌ടിയും സാമ്പത്തിക കേന്ദ്രീകരണത്തിനുള്ള ഉപകരണമായി മാറി. വരുമാന  സ്രോതസ്സുകൾ നഷ്‌ടപ്പെട്ട്‌ സംസ്ഥാനങ്ങൾ ദുർബലമായതും മോദിഭരണത്തിന്റെ ദുരന്തഫലം. ആധാർ അടക്കമുള്ള ഡിജിറ്റൽ സംവിധാനങ്ങളിൽ ജനങ്ങളുടെ വ്യക്തിവിവരങ്ങൾ സംരക്ഷിക്കുന്നതിൽ കേന്ദ്ര സർക്കാർ തികഞ്ഞ പരാജയമാണെന്ന വിവരമാണ്‌ ഒടുവിൽ പുറത്തുവന്നത്‌.

കാർഷികമേഖലയെ കോർപറേറ്റുകൾക്ക്‌ തീറെഴുതാനായി കൊണ്ടുവന്ന കരിനിയമങ്ങൾക്കെതിരെ നടന്ന യോജിച്ച പോരാട്ടം മോദി സർക്കാരിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. മണ്ണിന്റെ മക്കളുടെ നിശ്‌ചയദാർഢ്യത്തിനു മുന്നിൽ നിയമം പിൻവലിക്കേണ്ടിവന്നെങ്കിലും ഉറപ്പുകളൊന്നും പാലിക്കാതെ കർഷകരെ വീണ്ടും പ്രക്ഷോഭത്തിലേക്ക്‌ തള്ളിവിടുകയാണ്‌. തൊഴിൽമേഖലയിൽ ഇത്രമാത്രം അരക്ഷിതമായ കാലഘട്ടം ഇന്ത്യയുടെ ചരിത്രത്തിലില്ല. ബ്രിട്ടീഷ്‌ ഭരണത്തിലടക്കം തൊഴിലാളികൾ പോരാടി നേടിയ ആനുകൂല്യങ്ങളും സുരക്ഷിതത്വവും നഷ്‌ടപ്പെട്ടു. തൊഴിൽ നിയമങ്ങളാകെ നാലു കോഡാക്കി മാറ്റിയപ്പോൾ എന്താണ്‌ ഭാവിയെന്നോ ഏതൊക്കെ നിയമങ്ങൾ നിലവിലുണ്ടെന്നോ ആർക്കും വ്യക്തതയില്ല. ബിഎംഎസ്‌ ഒഴികെയുള്ള കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന ഒടുവിലത്തെ ദ്വിദിന ദേശീയ പണിമുടക്ക്‌ തൊഴിലാളിവിരുദ്ധ സർക്കാരിനുള്ള ശക്തമായ മുന്നറിയിപ്പായിരുന്നു.

മതവിദ്വേഷത്തിന്റെ ദുരന്തഭൂമിയാക്കി ഇന്ത്യയെ മാറ്റിയതാണ്‌ എട്ടുവർഷത്തെ മോദിയുടെ പ്രധാന ‘നേട്ടം’. ബാബ്‌റിക്കുപിന്നാലെ കാശിയും മഥുരയും അജൻഡയാക്കിക്കഴിഞ്ഞു. ഗോവധവും ആൾക്കൂട്ടക്കൊലയും പിന്നിട്ട്‌, ബിജെപിയുടെ നേതാക്കൾതന്നെ നേരിട്ട്‌ ന്യൂനപക്ഷങ്ങൾക്കെതിരെ കലാപാഹ്വാനം നടത്തുന്ന നിലയിലെത്തി. ന്യൂനപക്ഷങ്ങളുടെ ആരാധനാ സ്വാതന്ത്ര്യവും ബാങ്കുവിളിയുംവരെ വിലക്കാൻ ബിജെപി മുഖ്യമന്ത്രിമാർക്ക്‌ മടിയില്ല. ക്രിസ്‌ത്യൻ പള്ളികൾ വ്യാപകമായി ആക്രമിക്കപ്പെടുന്നു. കേരളത്തിൽപ്പോലും മൈക്കുകെട്ടി മതവിദ്വേഷം പ്രസംഗിക്കുകയും തെരുവിൽ എതിർശബ്ദം മുഴങ്ങുകയും ചെയ്യുന്നു. കർശന നിയമനടപടികളിലൂടെയാണ്‌ എൽഡിഎഫ്‌ ഇതിനെ നേരിടുന്നത്‌. എന്നാൽ, ഇതര സംസ്ഥാനങ്ങളിൽ സ്ഥിതി ഭീതിദമാണ്‌. മതനിരപേക്ഷ രാഷ്‌ട്രീയത്തിന്റെ ശക്തമായ ഐക്യനിര ഉയർത്തി മാത്രമേ ഈ ആപത്തിനെ നേരിടാനാകൂ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top