24 September Sunday

മോദി സർക്കാരിന്‌ ഇരട്ട പ്രഹരം

വെബ് ഡെസ്‌ക്‌Updated: Saturday May 13, 2023


ജനാധിപത്യതത്വങ്ങൾ പരിഗണിക്കാത്ത രാഷ്ട്രീയ ഭിക്ഷാടകരെയും ‘ആയാറാം ഗയാറാം’ കാലുമാറ്റക്കാരെയും ആർഎസ്‌എസ്‌ കർസേവകരെയും ഗവർണർമാരായി അവരോധിച്ച്‌ പ്രതിപക്ഷ പാർടികൾക്ക്‌ മേധാവിത്വമുള്ള  സംസ്ഥാനങ്ങളിൽ ഭരണസ്‌തംഭനത്തിനുള്ള മോദി സർക്കാരിന്റെ ശ്രമങ്ങൾക്ക്‌ പരമോന്നത നീതിപീഠത്തിൽനിന്ന്‌ ഇരട്ടപ്രഹരം. മഹാരാഷ്ട്രയിലെ അട്ടിമറിയും ഡൽഹിയിലെ അധികാര നിർവചനവും മുൻനിർത്തി സുപ്രീംകോടതി താക്കീതിന്റെ സ്വരത്തിലാണ്‌ വ്യാഴാഴ്‌ച പ്രതികരിച്ചത്‌. ഉദ്ധവ്‌ താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സർക്കാരിനെ വീഴ്‌ത്തിയ ഗവർണറുടെയും സ്‌പീക്കറുടെയും നടപടി നിയമപരമായി തെറ്റാണെന്നും പച്ചയായ രാഷ്‌ട്രീയം കളിച്ചെന്നും കോടതി നിരീക്ഷിച്ചു. ക്രമസമാധാനം, പൊലീസ്‌, ഭൂമി ഒഴികെയുള്ള രംഗങ്ങളിൽ നിയമനിർമാണ, ഭരണനിർവഹണ അധികാരങ്ങൾ ഡൽഹി സർക്കാരിനാണെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച്‌ ഉത്തരവിട്ടു. ഭരണപരമായ അധികാരങ്ങൾ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൽനിന്ന്‌ കവരരുതെന്നും കൂട്ടിച്ചേർത്തു.

ഉദ്ധവ്‌ സർക്കാരിനോട്‌ വിശ്വാസവോട്ട്‌ തേടാൻ ഗവർണർ ഭഗത്‌സിങ്‌ കോഷ്യാരി നിർദേശിച്ചതും സ്‌പീക്കർ, ഏക്‌നാഥ്‌ ഷിൻഡെ അനുകൂലിയായ ഭരത്‌ ഗോഗാവാലയ്‌ക്ക്‌ ചീഫ്‌വിപ്പ്‌ പദവി അനുവദിച്ചതും തെറ്റാണെന്ന്‌ ഭരണഘടനാ ബെഞ്ച്‌ വിധിച്ചു. ഗവർണറുടെയോ സ്‌പീക്കറുടെയോ നിയമവിരുദ്ധത അംഗീകരിക്കാനാകില്ലെന്ന സന്ദേശമാണ്‌ അഞ്ചംഗബെഞ്ച്‌ നൽകിയത്.  കൂടുതൽ സാമാജികർ ഒപ്പമാണെന്ന്‌ അവകാശപ്പെട്ടാണ്‌ ഷിൻഡെ വിഭാഗം ചീഫ്‌ വിപ്പിനെയും നിയമസഭാ കക്ഷി നേതാവിനെയും നിയോഗിച്ചത്‌. പക്ഷേ, രാഷ്‌ട്രീയ പാർടികൾക്കാണ്‌ രണ്ടു സ്ഥാനവും തെരഞ്ഞെടുക്കാൻ അധികാരം. ലെജിസ്ലേച്ചർ പാർടിക്കല്ലെന്നും ചീഫ്‌ ജസ്റ്റിസ്‌ സൂചിപ്പിച്ചു. അമിത ധൃതിയിൽ വിശ്വാസവോട്ട്‌ നിർദേശിച്ചതിലൂടെ ഗവർണർ രാഷ്ട്രീയ ഇടപെടൽ നടത്തി. സർക്കാരിന്‌ ഭൂരിപക്ഷം നഷ്ടമായെന്ന ഒരു തെളിവും അദ്ദേഹത്തിന്റെ  മുന്നിലുണ്ടായിരുന്നില്ല. പാർടിക്കുള്ളിലെയോ പുറത്തെയോ  തർക്കങ്ങളിൽ ഗവർണർമാർ ഇടപെടേണ്ടതില്ല. മന്ത്രിസഭയുടെ ഉപദേശ, നിർദേശങ്ങൾ പ്രകാരമാണ്‌ പ്രവർത്തിക്കേണ്ടത്‌. അസാധാരണ സാഹചര്യങ്ങളിലേ  സ്വന്തംനിലയ്‌ക്ക്‌ പ്രവർത്തിക്കാവൂവെന്നും ചൂണ്ടിക്കാട്ടി. ഉദ്ധവ്‌ സ്ഥാനം രാജിവച്ചതിനാൽ ആ സർക്കാരിനെ പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നും അഭിപ്രായപ്പെട്ടു. ഷിൻഡെ കടിച്ചുതൂങ്ങുന്നത്‌ അധാർമികമാണെന്നാണ്‌ സൂചന.

കേന്ദ്രത്തിന്റെ ഉപകരണമായി ഡൽഹി വിഷയങ്ങളിൽ കൈകടത്തുന്ന ലെഫ്‌. ഗവർണറുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നതാണ്‌ സുപ്രീംകോടതി  ഉത്തരവ്‌. ലെഫ്‌. ഗവർണർ മന്ത്രിസഭയുടെ ഉപദേശങ്ങൾക്ക്‌ അനുസരിച്ചാണ്‌ പ്രവർത്തിക്കേണ്ടത്‌. അധികാരപ്രയോഗത്തിൽ അതീവ ജാഗ്രത പാലിക്കണം. സഭയുടെ അധികാരപരിധിക്ക്‌ വെളിയിലുള്ള വിഷയങ്ങളിലേ  ഇടപെടാവൂ. അതല്ലെങ്കിൽ, തെരഞ്ഞെടുത്ത സർക്കാർ അപ്രസക്തമാകും. ഐഎഎസുകാരുടെ നിയന്ത്രണത്തിനും അധികാരം സർക്കാരിനാണ്‌. ഉദ്യോഗസ്ഥർ മന്ത്രിമാർക്ക്‌  മറുപടി നൽകുന്ന നിലയാണ്‌ അഭികാമ്യമെന്നും  ഭരണഘടനാ ബെഞ്ച്‌ പറഞ്ഞു. 

ഉദ്യോഗസ്ഥരുടെ നിയമനങ്ങൾ, സ്ഥലംമാറ്റം തുടങ്ങിയവയിൽ ആർക്കാണ്‌ അധികാരമെന്നതിൽ സർക്കാരും ലെഫ്‌. ഗവർണറും വാഗ്വാദം നിലനിന്നിരുന്നു. 2019 ഫെബ്രുവരിയിൽ പ്രശ്‌നം കോടതിയിലെത്തി. ജോയിന്റ്‌ സെക്രട്ടറി റാങ്കിലേക്കും മുകളിലേക്കുമുള്ള നിയമനാധികാരം ലെഫ്‌. ഗവർണർക്കാണെന്ന്‌ ജസ്റ്റിസ്‌ എ കെ സിക്രിയും ഉദ്യോഗസ്ഥ നിയമനം ഡൽഹി സർക്കാരിന്റെ അധികാരപരിധിക്കു പുറത്തുള്ള വിഷയമാണെന്ന്‌ ജസ്റ്റിസ്‌ അശോക്‌ ഭൂഷണും  വിധിച്ചു. ഭിന്നതയുടെ സാഹചര്യത്തിൽ വിഷയം മൂന്നംഗ ബെഞ്ചിനും പിന്നീട്‌ അഞ്ചംഗ ബെഞ്ചിനും വിട്ടു. സമവർത്തി പട്ടികയിലെ വിഷയങ്ങളിൽ സംസ്ഥാനങ്ങൾക്കോ കേന്ദ്രഭരണ പ്രദേശങ്ങൾക്കോ നിയമനിർമാണം  നടത്താമെങ്കിലും നിലവിലുള്ള കേന്ദ്രനിയമങ്ങൾക്ക്‌ വിധേയമായിട്ടാകണമെന്ന്‌ പരാമർശിച്ച ഭരണഘടനാ ബെഞ്ച്‌ എന്നാൽ, സംസ്ഥാനഭരണം കേന്ദ്രം ഏറ്റെടുക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും വ്യക്തമാക്കി. പുതിയ വിധിയിലൂടെ അക്കാര്യം വീണ്ടും ഊന്നിപ്പറഞ്ഞു. അതുപോലെ സംഘപരിവാറിന്റെ കൈക്കാരനായി പ്രവർത്തിക്കുന്ന കേരള ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനെപ്പോലുള്ളവർക്കുള്ള കനത്ത തിരിച്ചടിയുമാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top