24 September Sunday

ദരിദ്രരുടെ കഞ്ഞിയിൽ മണ്ണ്‌ വാരിയിടുന്ന മോദി

വെബ് ഡെസ്‌ക്‌Updated: Saturday Dec 31, 2022


ബാധ്യതകൾ കിട്ടാക്കടമായി എഴുതിത്തള്ളിയും നികുതിയിളവുകൾ യഥേഷ്ടം അനുവദിച്ചും ചൂഷണത്തിനുള്ള വഴികൾ സുഗമമാക്കിയും അതിസമ്പന്നരെ പലമട്ടിൽ സഹായിക്കുന്ന നരേന്ദ്ര മോദി ഭരണം ദരിദ്രർക്കുമേൽ വീണ്ടും വീണ്ടും ഭാരം അടിച്ചേൽപ്പിക്കുകയാണ്‌. കാർഷിക–- തൊഴിൽ നിയമങ്ങൾ അട്ടിമറിച്ച്‌ ആ മേഖലകളിൽ അധ്വാനിക്കുന്നവരുടെ വിലപേശൽ ശേഷി ചേർത്തിക്കളയുന്നുമുണ്ട്‌. കോവിഡ്‐ 19  കാലയളവ്‌ സവിശേഷമായ ഘട്ടമായിരുന്നു. തൊഴിൽ ലഭ്യതയും  വരുമാനവും കുത്തനെ ഇടിഞ്ഞ്‌, ദാരിദ്ര്യം അമിതമായി ഉയർന്ന നാളുകൾ. ആഗോള പട്ടിണിസൂചികയിൽ  117 രാജ്യങ്ങളുടെ കണക്കിൽ ഇന്ത്യ  102–-ാം സ്ഥാനമെന്ന അതിപിന്നാക്കാവസ്ഥയിലാണ്‌.  അതിനു മുമ്പത്തെ പട്ടികയിൽ 55–-ാം സ്ഥാനമായിരുന്നു. അതിൽനിന്നാണ് ഭയാനകമായ  പതനം ഉണ്ടായതെന്ന്‌ ഓർക്കണം. പട്ടിണിസൂചികയിൽ രാജ്യം ‘അതിഗുരുതര’ വിഭാഗത്തിലാണ്‌ എന്നതാണ്‌ യാഥാർഥ്യം.

കർഷക പ്രക്ഷോഭങ്ങളുടെയും തൊഴിലാളി സമരങ്ങളുടെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രചാരണത്തിന്റെയും നിരന്തര സമ്മർദങ്ങളുടെ  ഫലമായി ചുരുക്കം സന്ദർഭങ്ങളിൽ  ചില സഹായപദ്ധതികൾ അനുവദിക്കാൻ ഭരണാധികാരികൾ നിർബന്ധിതരാകാറുണ്ട്‌. അതിലൊന്നാണ്‌ കേന്ദ്ര സർക്കാരിന്റെ  സൗജന്യ ഭക്ഷ്യധാന്യ വിതരണപദ്ധതിയായ പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന (പിഎംജികെഎവൈ).  2020 മാർച്ചിലാണ്‌ അത്‌ നിലവിൽവന്നത്. ലോകത്തെ കീഴ്‌മേൽ മറിച്ച കൊറോണ വ്യാപനത്തെത്തുടർന്നുണ്ടായ കെടുതിക്ക്‌ തെല്ലൊരു ആശ്വാസമെന്നനിലയിലാണ്‌ 1.7 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചതും. 

80 കോടിയിലേറെ ആളുകൾക്ക് അഞ്ചു കിലോ അരി‐ ഗോതമ്പ് അധികം വിതരണം ചെയ്യുമെന്നായിരുന്നു പദ്ധതി മാധ്യമങ്ങളോടു വിശദീകരിച്ച ധനമന്ത്രി നിർമല സീതാരാമന്റെ അന്നത്തെ വാഗ്‌ദാനം. ജനസംഖ്യയുടെ മൂന്നിൽ രണ്ടുപേർക്കും അഞ്ചുകിലോ അരിയും ഗോതമ്പും മൂന്നു മാസത്തേക്ക് സൗജന്യമായി നൽകിക്കൊണ്ടായിരുന്നു കൊട്ടിഘോഷിച്ച ഉദ്‌ഘാടനമെന്നതും മറന്നുകൂടാ.  80 കോടിയിലേറെ ജനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിക്കുമെന്ന അവകാശവാദവുമുണ്ടായി. എന്നാൽ, 2023 ആദ്യദിനംമുതൽ അത്തരം കൈസഹായങ്ങൾ നിർത്തലാക്കാനാണ്‌ കേന്ദ്ര മന്ത്രിസഭാ തീരുമാനം. രാജ്യത്തെ പൊതുകമ്പോളത്തിൽ അരിവില കുത്തനെ ഉയരുമ്പോഴാണ്‌ ജനങ്ങളെ  ദുരിതം തീറ്റിക്കുന്ന ഈ നിലപാടെടുക്കുന്നത്‌. പൊതുവിപണിയിൽ കിലോക്ക്‌ 22 രൂപയുണ്ടായിരുന്ന അരിവില  42 രൂപവരെ ആയിരിക്കുന്നു. കേന്ദ്ര സമീപനം  അത്‌ വീണ്ടും ഉയരാനിടയാക്കും. വിലക്കയറ്റവും തൊഴിലില്ലായ്‌മയും  അതിരൂക്ഷമാകുന്ന അവസ്ഥയിൽ അഞ്ചു കിലോ  ഭക്ഷ്യധാന്യം സൗജന്യമായി വിതരണംചെയ്യുന്ന  പ്രധാൻമന്ത്രി ഗരീബ്‌ കല്യാൺ യോജനയും അഞ്ചു കിലോ  സബ്‌സിഡി നിരക്കിൽ നൽകുന്ന ഭക്ഷ്യസുരക്ഷാ  പദ്ധതിയും തുടരണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ യോഗം മോദി സർക്കാരിനോട്‌ ആവശ്യപ്പെട്ടത്‌ പ്രധാനമാണ്‌. രാജ്യത്തെ 81.35 കോടിയാളുകൾക്കാണ് അഞ്ചു കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കുന്നത്. അത്‌ ചൂണ്ടി  ഈ വിഭാഗത്തിന് കിലോക്ക്‌ മൂന്നു രൂപ നിരക്കിൽ അരിയും രണ്ടു രൂപ നിരക്കിൽ ഗോതമ്പും അഞ്ചു കിലോ  വീതം നൽകുന്നത് നിർത്താനാണ്‌ നീക്കം. ഇത്തരം ‘ദാരിദ്ര്യ നിർമാർജനം’ നടപ്പായാൽ മതിയായ അളവിൽ ഭക്ഷണം ലഭിക്കാൻ ഭക്ഷ്യധാന്യം പൊതുവിപണിയിൽനിന്ന്‌ പൊന്നുംവിലയ്ക്ക് വാങ്ങേണ്ടിവരുന്ന ഗതികേടാകും ഫലം. കോടിക്കണക്കിനു ദരിദ്ര കുടുംബങ്ങളോടുള്ള വെല്ലുവിളിയും അവർക്കു മേലുള്ള കനത്ത പ്രഹരവുമാണ്‌ എന്നും പിബി വിലയിരുത്തി.

പ്രധാൻമന്ത്രി ഗരീബ്‌ കല്യാൺ യോജന പ്രകാരമുള്ള സബ്‌സിഡി അരി നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തിടുക്കംപിടിച്ച നടപടി  സംസ്ഥാനത്ത്‌ 40 ലക്ഷത്തിലേറെ  കാർഡുടമകൾക്ക്‌ ഇരുട്ടടിയാകുമെന്നതാണ്‌ വാസ്‌തവം. മുൻഗണനാ വിഭാഗമായ പിങ്ക്‌, മഞ്ഞ കാർഡ്‌ ഉടമകൾക്ക്‌ സൗജന്യനിരക്കിൽ ലഭിച്ച അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യ വിതരണമാണ്‌ ശനിയാഴ്‌ച കേന്ദ്രം  അവസാനിപ്പിക്കുന്നത്‌. ചുരുക്കത്തിൽ  പ്രതിസന്ധി ഘട്ടത്തിൽ അനുവദിച്ച ആനുകൂല്യങ്ങൾ ഒന്നൊന്നായി പിടിച്ചുപറിച്ച്‌ ദരിദ്രരുടെ കഞ്ഞിയിൽ മണ്ണ്‌ വാരിയിടുകയാണ്‌ മോദി ഭരണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top