26 April Friday

ഫെഡറലിസം തകർക്കുന്ന കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Monday Feb 21, 2022


കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനങ്ങളുടെ അവകാശങ്ങളും അധികാരങ്ങളും കവർന്നെടുക്കുന്നത്‌ പതിവായിരിക്കുന്നു. 2019ൽ രണ്ടാമതും ഭരണമേറിയതോടെ എല്ലാ അധികാരവും  കേന്ദ്രീകരിക്കാനുള്ള  ശ്രമങ്ങൾക്ക്‌ ആക്കം വർധിച്ചു. ജമ്മു കശ്‌മീരിന്റെ  സംസ്ഥാന പദവിതന്നെ എടുത്തുകളയുകയും രണ്ട്‌ കേന്ദ്ര ഭരണപ്രദേശമായി തരംതാഴ്‌ത്തുകയും ചെയ്‌തു. ഫെഡറലിസത്തിന്‌ എതിരായ യുദ്ധപ്രഖ്യാപനമായിരുന്നു ഇത്‌.  2021 ഏപ്രിലിൽ പാസാക്കിയ നാഷണൽ കാപിറ്റൽ ടെറിട്ടറി ഓഫ്‌ ഡൽഹി ആക്ട്‌ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെയും നിയമസഭയുടെയും അധികാരങ്ങൾ ഇല്ലാതാക്കി, കേന്ദ്രത്തിന്റെ നോമിനിയായ ലെഫ്‌റ്റനന്റ്‌ ഗവർണറാണ്‌ യഥാർഥ സർക്കാരെന്ന്‌ പ്രഖ്യാപിക്കുന്നതാണ്‌.  ഇത്‌ കേവലം ആംആദ്‌മി പാർടി ഭരിക്കുന്ന സർക്കാരിനെതിരായ ആക്രമണം മാത്രമായി ചുരുക്കിക്കാണാനാകില്ല. ഭരണഘടനയനുസരിച്ച്‌ പ്രവർത്തിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അടിത്തറയിളക്കുന്ന നടപടിയാണ്‌ ഇത്‌.

വികേന്ദ്രീകരണത്തിലൂടെ വിഭവങ്ങൾ സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കണമെന്ന ഭരണഘടനാ ധാരണയെപ്പോലും അട്ടിമറിക്കുന്ന നടപടികളും ആവർത്തിക്കുകയാണ്‌. പെട്രോളിയം ഉൽപ്പന്നങ്ങൾക്കും മറ്റും സെസും സർചാർജും ഏർപ്പെടുത്തി കേന്ദ്രം അധികവരുമാനം കണ്ടെത്തുന്ന രീതിതന്നെ ഉദാഹരണം. ധന കമീഷന്റെ നിബന്ധനകളിൽ മാറ്റംവരുത്തിയതുപോലും കേന്ദ്രത്തിന്റെ കരങ്ങൾ ശക്തിപ്പെടുത്താനാണ്‌. ജിഎസ്‌ടി നടപ്പാക്കിയതും ഇതേ ലക്ഷ്യത്തോടെയാണ്‌. കേന്ദ്രത്തിന്റെ ഈ അധികാരകേന്ദ്രീകരണ നടപടികൾക്ക്‌ കോർപറേറ്റുകളുടെ പിന്തുണയുമുണ്ട്‌.

വിവാദമായ മൂന്ന്‌ കാർഷികനിയമവും (കർഷകസമരത്തെത്തുടർന്ന്‌ പിൻവലിച്ചു) സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുന്നതിന്റെ  ഉദാഹരണമാണ്‌. ഭരണഘടനയനുസരിച്ച്‌ കാർഷിക കമ്പോളം സംസ്ഥാന വിഷയമാണ്‌. അടിയന്തരാവസ്ഥക്കാലത്ത്‌ സമവർത്തിപ്പട്ടികയിലേക്ക്‌ മാറ്റപ്പെട്ട വിദ്യാഭ്യാസമേഖലയുടെ വിവിധ തലങ്ങളിൽ കേന്ദ്രത്തിന്‌ കൂടുതൽ ഇടപെടാൻ അവസരം നൽകുന്നതാണ്‌ പുതിയ വിദ്യാഭ്യാസനയം. ഏറ്റവും അവസാനമായി ഐഎഎസ്‌, ഐപിഎസ്‌ ഓഫീസർമാരെ സംബന്ധിക്കുന്ന ഓൾ ഇന്ത്യാ സർവീസ്‌ റൂളിൽ മാറ്റംവരുത്തിയതും സംസ്ഥാന താൽപ്പര്യങ്ങളെ മറികടന്ന്‌ കേന്ദ്രത്തിന്‌ യഥേഷ്ടം ഈ ഓഫീസർമാരെ തിരിച്ചുവിളിക്കാൻ അധികാരം നൽകുന്നതാണ്‌. മോദി സർക്കാരിന്റെ കാലത്ത്‌ നിയമിക്കപ്പെട്ട പല ഗവർണർമാരും രാഷ്ട്രീയ യജമാനന്മാരെ തൃപ്‌തിപ്പെടുത്താൻ മത്സരിക്കുകയാണ്‌. പ്രത്യേകിച്ചും ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവർണർമാർ.

അരുണാചൽപ്രദേശിൽ എല്ലാ ഭരണഘടനാ തത്വങ്ങളെയും കാറ്റിൽപ്പറത്തി നിയമസഭാ തെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കാൻ ഗവർണർ തയ്യാറാകുകയുണ്ടായി. ഗോവയിലും കർണാടകത്തിലും മഹാരാഷ്ട്രയിലും ഏറ്റവും വലിയ കക്ഷിയെയും കൂട്ടുകെട്ടിനെയും സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നതിന്‌ ഗവർണർമാർ വിസമ്മതിച്ചു. രാജസ്ഥാനിലാകട്ടെ മന്ത്രിസഭ ശുപാർശ ചെയ്‌ത തീയതിക്ക്‌ നിയമസഭ വിളിക്കാൻ ഗവർണർ തയ്യാറായില്ല. കേരളത്തിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ ചില ഭാഗം വായിക്കില്ലെന്നും അതിൽ ഒപ്പിടില്ലെന്നുമുള്ള സമീപനം ഗവർണർ കൈക്കൊള്ളുകയുണ്ടായി. പിന്നീട്‌ ഈ നിലപാട്‌ മാറ്റുകയും ചെയ്‌തു. ബംഗാളിലെ ഗവർണറും മമത ബാനർജി സർക്കാരും തമ്മിൽ നിരന്തരം സംഘർഷമാണ്‌.

ഗവർണറുടെ ഓഫീസ്‌ മാത്രമല്ല, കേന്ദ്ര അന്വേഷണ ഏജൻസികളെയും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും സർക്കാരിനെയും നേരിടാനായി മോദി സർക്കാർ നിരന്തരം ഉപയോഗിച്ചുവരികയാണ്‌. ഈയൊരു പശ്ചാത്തലത്തിൽ വേണം പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ചില മുഖ്യമന്ത്രിമാർ നടത്തുന്ന പ്രതിരോധ നീക്കങ്ങളെ വീക്ഷിക്കാൻ. ഫെഡറലിസത്തെ സംരക്ഷിക്കാനും കേന്ദ്ര–-സംസ്ഥാന ബന്ധങ്ങളെ തകർക്കുംവിധമുള്ള കേന്ദ്ര ഇടപെടൽ തടയാനും ലക്ഷ്യമിട്ടാണ്‌ എൻഡിഎ ഇതര മുഖ്യമന്ത്രിമാർ യോജിച്ച ഒരു വേദിയെക്കുറിച്ച്‌ ചർച്ച ആരംഭിച്ചിട്ടുള്ളത്‌. പ്രതിപക്ഷകക്ഷികൾ നേതൃത്വം നൽകുന്ന മുഖ്യമന്ത്രിമാരുടെ  യോഗം വിളിച്ചുചേർക്കുന്നതിനുള്ള നീക്കവും ചില മുഖ്യമന്ത്രിമാർ ആരംഭിച്ചിട്ടുണ്ട്‌. ഫെഡറലിസത്തിന്‌ എതിരെയുള്ള മോദി സർക്കാരിന്റെ തുടർച്ചയായ ആക്രമണങ്ങളെ തടയാൻ യോജിച്ച പോരാട്ടം വേണമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, ഇത്തരമൊരു വേദിയെ രാഷ്ട്രീയ സഖ്യത്തിന്റെ രൂപീകരണത്തിനായി ഉപയോഗിക്കുന്നത്‌ ഫെഡറലിസം, സംസ്ഥാനങ്ങളുടെ അവകാശസംരക്ഷണം എന്നീ വിഷയങ്ങളിൽ ശ്രദ്ധതിരിച്ചു വിടാനേ സഹായിക്കൂ. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിമാരുടെ സമ്മേളനം വിളിച്ചുചേർക്കുന്നത്‌ ഈ വിഷയത്തിൽ ഊന്നിക്കൊണ്ടായിരിക്കണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top