26 April Friday

വിദ്യാഭ്യാസനയം ചർച്ച ചെയ്യപ്പെടണം

വെബ് ഡെസ്‌ക്‌Updated: Saturday Jun 22, 2019


മോഡി രണ്ടാമതും അധികാരമേറ്റ് ദിവസങ്ങൾക്കകം മെയ് 31 നാണ് പുതിയ വിദ്യാഭ്യാസനയത്തിന്റെ കരട് പുറത്തിറക്കിയത്. ഐഎസ്ആർഒയുടെ മുൻ മേധാവി കസ‌്തൂരിരംഗന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് 484 പേജ് വരുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് തയ്യാറാക്കിയിട്ടുള്ളത്.  രാജ്യത്തിന്റെ ഭാവിപൗരന്മാരെ വാർത്തെടുക്കുന്നതിൽ കാര്യമായ പങ്കുവഹിക്കുന്ന വിദ്യാഭ്യാസരംഗത്ത് വൻ മാറ്റങ്ങൾക്ക് നാന്ദികുറിക്കുന്ന ഈ കരടുനയരേഖയെക്കുറിച്ച് പൊതുവെ മാധ്യമങ്ങളും അക്കാദമിക‌് സമൂഹവും കാര്യമായ ചർച്ചയ‌്ക്കൊന്നും തുടക്കമിട്ടിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ദേശാഭിമാനി വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന നാല് പ്രമുഖരെ അണിനിരത്തിയുള്ള ചർച്ചയ‌്ക്ക് വേദിയൊരുക്കിയത്.  അതിന്റെ വിശദാംശങ്ങൾ ഈ പേജിൽ വായിക്കാവുന്നതാണ്.

പുറമെനിന്ന് നോക്കുമ്പോൾ പുതിയ വിദ്യാഭ്യാസനയത്തിൽ നല്ല നിർദേശങ്ങളാണ് അവതരിപ്പിക്കപ്പെട്ടത് എന്ന് തോന്നാമെങ്കിലും വിദ്യാഭ്യാസമേഖലയെ പിന്നോട്ടടിപ്പിക്കുന്ന മഹാഭൂരിപക്ഷം വരുന്ന നിർധനരായ കുട്ടികൾക്ക് ഉയർന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം നിഷേധിക്കുന്ന കോർപറേറ്റ് അനുകൂല വിദ്യാഭ്യാസനയമാണ് അവതരിപ്പിക്കപ്പെട്ടതെന്ന് സൂക്ഷ‌്മവായനയിൽ മനസ്സിലാക്കാം. ഏറ്റവും പ്രധാന അപകടം വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണം തന്നെയാണെന്നും ഉറപ്പിച്ചുപറയാൻ കഴിയും. 

കോത്താരി കമീഷനും മറ്റും ഊന്നിയ അയൽപക്ക സ്‌കൂൾ എന്ന സമ്പ്രദായത്തെ വേരോടെ പിഴുതെറിയുന്ന നിർദേശങ്ങളാണ് പുതിയ കരടുനയത്തിലുള്ളത്. രേഖയിൽ അവതരിപ്പിക്കപ്പെടുന്ന സ‌്കൂൾ കോംപ്ലക‌്സുകൾ എന്ന ആശയം ഗ്രാമീണമേഖലയിലെ വിദ്യാലയങ്ങളെ പൂട്ടിക്കുന്നതിലേക്ക് നയിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.  അതോടൊപ്പം കരടുരേഖ ഉയർത്തുന്ന ബദൽ മാതൃക സ‌്കൂളുകൾ എന്ന സങ്കൽപ്പവും അപകടകരമാണെന്ന് വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന ഭൂരിപക്ഷംപേരും വാദിക്കുന്നു.  ഗുരുകുല സ‌്കൂളുകൾക്കും പാഠശാലകൾക്കും മതപരമായ സ‌്കൂളുകൾക്കുംമറ്റും നിയമസാധുത നൽകുന്ന നയമാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. വിദ്യാഭ്യാസം ഓരോ പൗരന്റെയും അവകാശമാക്കിയ നിയമനിർമാണത്തിന്റെ സത്ത ചോർത്തിക്കളയുന്നതാണ് ഈ നടപടിയെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.  ആർഎസ്എസും സംഘപരിവാരവും മറ്റും നടത്തുന്ന വിദ്യാഭാരതി, സരസ്വതി ശിശുമന്ദിർ തുടങ്ങിയവയ‌്ക്കാണ് ഇതിന്റെ ഗുണം ലഭിക്കുകയെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഹിന്ദുരാഷ്ട്ര നിർമാണത്തിന്റെ അടിസ്ഥാനശിലകളായാണ് സംഘപരിവാർ ഇത്തരം വിദ്യാലയങ്ങളെ കാണുന്നത്. അതിന് സർക്കാർ അംഗീകാരത്തിന്റെ മേലങ്കി ചാർത്തുന്നത് അപകടകരമായ നീക്കം തന്നെയാണ്. കാരണം ഗുണപരമായ ശാസ്ത്രസാങ്കേതിക പരിജ്ഞാനത്തോടെയുള്ള വിദ്യാഭ്യാസമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. 

അതുപോലെ പുതിയ വിദ്യാഭ്യാസനയത്തിന്റെ ഏറ്റവും പ്രധാന ദോഷവശം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സ്വയംഭരണവും മറ്റും കേന്ദ്രം കവരുന്നുവെന്നതാണ്.  ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാനെന്നപേരിൽ നാഷണൽ റിസർച്ച് ഫൗണ്ടേഷന് രൂപം നൽകുമെന്നും അതിന്റെ തലവൻ പ്രധാനമന്ത്രിയായിരിക്കുമെന്നുമാണ് കരടുരേഖ പറയുന്നത്. നിതി ആയോഗ് വൈസ് ചെയർമാനും വിദ്യാഭ്യാസമന്ത്രിയും അതിൽ അംഗങ്ങളുമായിരിക്കും. രാജ്യത്തിന്റെ ഏറ്റവും ഉന്നത രാഷ്ട്രീയനേതൃത്വം തന്നെ തലപ്പത്തിരിക്കുമ്പോൾ എന്ത് സ്വയംഭരണമായിരിക്കും ഈ സ്ഥാപനത്തിനുണ്ടാകുക എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. രാഷ്ട്രീയനേതൃത്വത്തിന്റെ അനുമതിയില്ലാതെ ഫണ്ട് വിനിയോഗവും സാധ്യമാകില്ല. തങ്ങൾ പറയുന്ന വിഷയങ്ങൾക്കുമാത്രം ഗവേഷണം മതിയെന്നുവരുന്നത് ഒരിക്കലും ഭൂഷണമല്ല.  ഗവേഷണത്തിനും ഉന്നതവിദ്യാഭ്യാസത്തിനും അവശ്യംവേണ്ടത് സ്വതന്ത്രമായ അന്തരീക്ഷമാണ്. അതു നിഷേധിച്ച് ഏകാധിപത്യവൽക്കരണം നടപ്പാക്കുന്നത് വിദ്യാഭ്യാസവളർച്ചയെ മുരടിപ്പികും. 

അതുപോലെതന്നെ നാഷണൽ എഡ്യൂക്കേഷൻ കമീഷൻ 200 അന്താരാഷ്ട്ര സർവകലാശാലകളെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന പ്രഖ്യാപനവും വലിയ വിമർശനത്തിന് വിധേയമായിട്ടുണ്ട്. ഇന്ത്യയിലെ സർവകലാശാലകളെ മെച്ചപ്പെടുത്തുന്നതിനുപകരം വിദേശ സർവകലാശാലകളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത് രാജ്യത്തിന് ഗുണകരമാകില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം. രാജ്യത്തിന്റെ വികസനത്തിനും മുന്നോട്ടുപോക്കിനും ഉതകുന്ന ഗവേഷണത്തിന് പകരം കോർപറേറ്റുകൾക്ക് ലാഭം കുന്നുകൂട്ടാൻ ഉപയുക്തമായ ഗവേഷണത്തിന് മാത്രമായിരിക്കും വിദേശ സർവകലാശാലകൾ പ്രാമുഖ്യം നൽകുകയെന്നും വിലയിരുത്തപ്പെടുന്നു. സമൂഹവുമായി ഒരു ബന്ധവുമില്ലാത്ത റോബോട്ടുകളെ സൃഷ്ടിക്കുകയല്ലല്ലോ വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കേണ്ടത്. 

ഏതൊരു രാജ്യത്തിന്റെയും വിദ്യാഭ്യാസം അവരുടെ ഭരണഘടനാലക്ഷ്യങ്ങൾക്ക് അനുരൂപമായിരിക്കും. എന്നാൽ, ഭരണഘടന വിഭാവനംചെയ്യുന്ന മതനിരപേക്ഷതയെക്കുറിച്ച് ഒരു പരാമർശംപോലും നടത്താൻ പുതിയ വിദ്യാഭ്യാസനയം മടിക്കുമ്പോൾ അവരുടെ ലക്ഷ്യമെന്തെന്ന കാര്യം പകൽപോലെ വെളിപ്പെടുകയാണ്.  ഒരു ഹിന്ദുരാഷ്ട്ര നിർമാണത്തിന് വിദ്യാഭ്യാസത്തെയും ഉപകരണമാക്കുന്നതിനാണ് മോഡി സർക്കാരിന്റെ ശ്രമം. പുതിയ വിദ്യാഭ്യാസനയത്തിലെ രഹസ്യ അജൻഡയും ഇതുതന്നെ. ഇതിനെതിരെ ശക്തമായ എതിർപ്പ് വരുംദിവസങ്ങളിൽ വളർത്തിക്കൊണ്ടുവരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top