18 April Thursday

രാഷ്‌ട്രീയലക്ഷ്യത്തിന്‌ ഇഡിയെ ദുരുപയോഗിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 10, 2022


വിവിധ സാമൂഹ്യവിഭാഗങ്ങളെ തങ്ങൾക്ക്‌ അനുകൂലമായി നിർത്തി തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന്‌ രാഷ്ട്രീയ പാർടികൾ സ്വീകരിക്കുന്ന സമീപനത്തെ ‘സോഷ്യൽ എൻജിനിയറിങ്’ എന്നാണ്‌ വിളിക്കാറുള്ളത്‌. എന്നാൽ, തെരഞ്ഞെടുപ്പുകൾക്കുമുമ്പ്‌ എതിർരാഷ്ട്രീയ കക്ഷികളിൽപ്പെട്ട നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ വേട്ടയാടാനും ഭീഷണിപ്പെടുത്തിയും പണം നൽകിയും ചാക്കിട്ടുപിടിക്കാനും മോദി–-ഷാ കൂട്ടുകെട്ടിന്റെ രീതിക്കുള്ള പേര്‌ ‘ഇലക്‌ഷൻ എൻജിനിയറിങ്’ എന്നാണ്‌. മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായതുമുതൽ ആരംഭിച്ച പദ്ധതി 2014ൽ പ്രധാനമന്ത്രിയായതോടെ ദേശവ്യാപകമായി ഉപയോഗിക്കപ്പെട്ടുതുടങ്ങി. സംഘപരിവാറിന്റെ നയങ്ങളെയും നടപടികളെയും വിമർശിക്കുന്നവരെ വരുതിയിലാക്കാനാണ്‌ അന്വേഷണ ഏജൻസികളെയും കരിനിയമങ്ങളും ദുരുപയോഗിക്കുന്നത്‌.  ഇഡി, സിബിഐ, എൻഐഎ, ഐടി, നർകോട്ടിക്‌ കൺട്രോൾ ബ്യൂറോ എന്നീ സമസ്‌ത ഏജൻസികളെയും ഇതിനായി ഈ കൂട്ടുകെട്ട്‌ യഥേഷ്ടം ഉപയോഗിക്കുകയാണ്‌.

കേന്ദ്രഭരണ കക്ഷിക്കാർ എന്തു കുറ്റകൃത്യവും അഴിമതിയും നടത്തിയാലും ഒരു അന്വേഷണ ഏജൻസിയും അവരെ തേടിയെത്തില്ലെന്ന്‌ ഉറപ്പാണ്‌. പ്രതിപക്ഷ നേതാക്കളെ മാത്രമാണ്‌ ഈ ഏജൻസികൾ വേട്ടയാടുന്നത്‌. പത്തും പതിനഞ്ചും വർഷംമുമ്പുള്ള കേസുപോലും പൊടിതട്ടിയെടുത്താണ്‌ ഈ ഏജൻസികൾ പ്രതിപക്ഷ നേതാക്കളെ വലയിലാക്കുന്നത്‌. ഇതിനായി മോദി–-ഷാ കൂട്ടുകെട്ട്‌ പ്രധാനമായും ആശ്രയിക്കുന്നത്‌ ഇഡിയെയാണ്‌. ഡയറക്ടറായ സഞ്ജയ്‌കുമാർ മിശ്ര ഇവരുടെ വിശ്വസ്‌തനാണ്‌. രണ്ടു തവണയാണ്‌ ഇയാൾക്ക്‌ കേന്ദ്ര സർക്കാർ കാലാവധി നീട്ടിക്കൊടുത്തത്‌. 2021ൽ സുപ്രീംകോടതി വിധി മറികടക്കാനായി രാഷ്‌ട്രപതിയുടെ ഓർഡിനൻസിലൂടെയായിരുന്നു ഒരു വർഷത്തേക്കുകൂടി കാലാവധി നീട്ടിയത്‌. ഇത്‌ എന്തിനായിരുന്നെന്ന്‌ മനസ്സിലാക്കാൻ, ഏതാനും  മാസത്തിനുള്ളിൽ ഇഡി നടത്തിയ നീക്കങ്ങൾമാത്രം പരിശോധിച്ചാൽ മതി.

കഴിഞ്ഞദിവസമാണ്‌ അഞ്ചുവർഷംമുമ്പുള്ള ഒരു കേസിൽ ഡൽഹി സംസ്ഥാന മന്ത്രിയും ആംആദ്‌മി പാർടി നേതാവുമായ സത്യേന്ദ്ര ജെയിനിനെ ഇഡി ജയിലിൽ അടച്ചത്‌. മഹാരാഷ്ട്രയിൽ അധികാരം നഷ്ടപ്പെട്ടതിന്റെ ദേഷ്യം ബിജെപി തീർത്തത്‌ മഹാവികാസ്‌ അഘാഡി മന്ത്രിസഭയിലെ എൻസിപി മന്ത്രിമാരായ അനിൽദേശ്‌മുഖിനെയും നവാബ്‌ മാലിക്കിനെയും ജയിലിൽ അടച്ചാണ്‌. ശിവസേനാ നേതാക്കളായ അനിൽ പരബ്‌, പ്രതാപ്‌ സർനായക് എന്നിവരെയും ഇഡി കേസിൽപ്പെടുത്തുകയുണ്ടായി. അട്ടിമറി ലക്ഷ്യമിട്ട്‌ ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ത്‌ സോറനെതിരെയും ഇഡി നീങ്ങിയിട്ടുണ്ട്‌. കേരളത്തിൽ സ്വർണക്കടത്തുകേസിൽ പ്രതിയായ സ്വപ്‌ന സുരേഷ്‌ നടത്തിയ വെളിപ്പെടുത്തലിനു പിന്നിലും ഈ ഏജൻസിയുടെ ഹസ്‌തങ്ങൾ തന്നെയല്ലേയെന്ന്‌ ന്യായമായും സംശയിക്കണം.

അവസാനമായി നാഷണൽ ഹെറാൾഡ്‌ കേസിൽ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയെയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണ്‌. നേരത്തേ കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിനെതിരെയും എം പി കാർത്തി ചിദംബരത്തിനെതിരെയും ഇഡി കേസ്‌ എടുത്തിരുന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ രാഷ്ട്രീയ എതിരാളികളെ നേരിടുകയാണെന്നാണ്‌ ഇതേക്കുറിച്ചുള്ള കോൺഗ്രസിന്റെ പ്രതികരണം. ‘വിശ്വഗുരുവിന്റെ (ആർഎസ്‌എസിന്റെ) പകപോക്കൽ രാഷ്ട്രീയമാണ്‌ ഇതെന്നാണ്‌’ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ ജയ്‌റാം രമേഷ്‌ ആരോപിച്ചത്‌. സോണിയ ഗാന്ധിതന്നെ 2021 ഡിസംബറിൽ ഹിന്ദുസ്ഥാൻ ടൈംസിൽ എഴുതിയ ലേഖനത്തിൽ പൊലീസ്‌ ഉൾപ്പെടെയുള്ള ഭരണകൂടത്തിന്റെ സമസ്‌ത ഉപകരണങ്ങളെയും രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുകയാണെന്നും ഈ അന്വേഷണ ഏജൻസികൾ മോദിയുടെയും അമിത്‌ ഷായുടെയും താളത്തിനൊത്ത്‌ തുള്ളുകയാണെന്നും ആരോപിച്ചിരുന്നു.

എന്നാൽ, കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾ അഖിലേന്ത്യാ നേതൃത്വത്തിന്റെ കടകവിരുദ്ധമായ സമീപനമാണ്‌ സ്വീകരിക്കുന്നത്‌. സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇഡിയെ രംഗത്തിറക്കി രാഷ്ട്രീയലാഭം കൊയ്യാനുള്ള ദുഷ്ടലാക്കോടെയാണ്‌ പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും പ്രവർത്തിക്കുന്നത്‌. കൂടുതൽ ജനപിന്തുണയോടെ തുടർഭരണം നേടിയ എൽഡിഎഫ്‌ സർക്കാരിനെ അട്ടിമറിക്കാൻ മോദി–-ഷാ കൂട്ടുകെട്ടിന്‌ അവസരമൊരുക്കാനായാണ്‌ ഇവർ വിയർക്കുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top