26 April Friday

പരിസ്ഥിതി നിയമത്തിൽ വെള്ളം ചേർത്ത്‌‌‌ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Friday May 15, 2020


കോവിഡ്‌ മഹാമാരിക്കെതിരെ രാജ്യം പൊരുതുമ്പോൾ അതിന്റെ മറവിൽ ജനവിരുദ്ധ നിയമങ്ങൾ ഒളിച്ചുകടത്തുകയാണ്‌ കേന്ദ്ര സർക്കാർ. അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമത്തിന്‌ നടപടി സ്വീകരിക്കാൻ മടിച്ചുനിൽക്കവെ കോവിഡ്‌ വരുത്തിവച്ച സാമ്പത്തികത്തകർച്ചയുടെ പേര്‌ പറഞ്ഞ്‌ തൊഴിൽനിയമങ്ങൾ ഒന്നൊന്നായി ഭേദഗതി ചെയ്യുന്ന വാർത്തകളാണ്‌ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്ന്‌ വരുന്നത്‌. ഇതോടൊപ്പം പ്രകൃതി സംരക്ഷണത്തിലും സാധാരണ മനുഷ്യരുടെ ജീവസന്ധാരണത്തിലും അതീവ പ്രാധാന്യമുള്ള പാരിസ്ഥിതിക നിയമങ്ങളും അട്ടിമറിക്കാനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌. പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ച നിയമങ്ങൾ അടിമുടി മാറ്റിമറിക്കാൻ ലക്ഷ്യമിട്ട്‌ കേന്ദ്ര പരിസ്ഥിതി–- വനം–- കാലാവസ്ഥാ മന്ത്രാലയം പുറത്തിറക്കിയ കരട്‌ വിജ്‌ഞാപനം ( ഇഐഎ വിജ്‌ഞാപനം 2020  ) ഇതിന്റെ അവസാനത്തെ ഉദാഹരണമാണ്‌.

രാജ്യത്തെ പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ കടയ്‌ക്കൽ കത്തിവയ്‌ക്കുന്നതാണ്‌ ഇതിലെ മിക്ക ശുപാർശകളും‌. വ്യാവസായികവും അല്ലാത്തതുമായ പദ്ധതികൾക്ക്‌ അനുമതി കൊടുക്കുംമുമ്പ്‌ വിശദമായ പരിസ്ഥിതി ആഘാത പഠനം നിർബന്ധമാക്കുന്ന നിയമത്തിലെ നിബന്ധനകൾ ദുർബലപ്പെടുത്തുന്ന നിരവധി നിർദേശങ്ങളാണ്‌ കരട്‌ നോട്ടിഫിക്കേഷനിലുള്ളത്‌. ഇത്‌ പ്രാബല്യത്തിൽ വന്നാൽ നിലവിലുള്ള പരിസ്ഥിതി നിയമം ഫലത്തിൽ അപ്രസക്തമാകും. പ്രകൃതിയെയും പരിസ്ഥിതിയെയും ആശ്രയിച്ച്‌ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന കോടിക്കണക്കിനു മനുഷ്യർ അവരുടെ ജീവിതോപാധികളിൽനിന്ന്‌ പുറന്തള്ളപ്പെടും. ദേശീയ ഹരിത ട്രിബ്യൂണലിന്റെയും വിവിധ കോടതികളുടെയും സുപ്രധാനമായ ഒട്ടേറെ വിധിതീർപ്പുകൾ മറികടക്കുന്നതാണ്‌ കരട്‌ വിജ്‌ഞാപനം. ദേശീയ ഹരിത ട്രിബ്യൂണലിനെ ദുർബലപ്പെടുത്താൻ ഒന്നാം മോഡി സർക്കാർ നടത്തിയ ശ്രമങ്ങളും ഇവിടെ ഓർക്കേണ്ടതുണ്ട്‌. പരിസ്ഥിതി നിയമങ്ങളുടെ ‘ശല്യ’ത്തിൽനിന്ന്‌ വൻകിട വ്യവസായലോകത്തെ മോചിപ്പിക്കുമെന്നത്‌ മോഡി സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്‌. അതിനനുസൃതമാണ്‌ കരട്‌ വിജ്‌ഞാപനത്തിലെ പല നിർദേശങ്ങളും.

മോഡി സർക്കാരിന്‌ എക്കാലത്തും പ്രിയപ്പെട്ടവരാണ്‌ നിർമാണമേഖലയിലെ വൻകിടക്കാർ. ഒന്നരലക്ഷം ചതുരശ്ര മീറ്റർവരെയുള്ള നിർമാണങ്ങൾ പരിസ്ഥിതി അനുമതിയിൽ ഇളവ്‌ നൽകിയാണ്‌ ഒന്നാം മോഡി സർക്കാർ അവരോടുള്ള താൽപ്പര്യം പരസ്യമായി പ്രഖ്യാപിച്ചത്‌. എന്നാൽ‌, 2006ൽ നിലവിൽ വന്ന നിയമത്തിന്‌ വിരുദ്ധമാണെന്ന്‌ വ്യക്തമാക്കി ദേശീയ ഹരിത ട്രിബ്യൂണൽ ഇത്‌ റദ്ദാക്കുകയാണുണ്ടായത്‌. ഇത്തരം നിർമാണ പദ്ധതികളെ കാറ്റഗറി ബിയിലേക്ക്‌ മാറ്റി അനായാസം പരിസ്ഥിതി അനുമതി ലഭ്യമാക്കാൻ കരട്‌ നോട്ടിഫിക്കേഷൻ ശുപാർശ ചെയ്യുന്നു. ഖനന പദ്ധതികൾക്കുള്ള പരിസ്ഥിതി അനുമതിയുടെ കാലാവധി 30 വർഷത്തിൽനിന്ന്‌ 50 വർഷമാക്കാൻ കരട്‌ ‌നിയമത്തിൽ വ്യവസ്ഥചെയ്‌ത്‌ വൻകിട ഖനന മാഫിയയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും‌ കേന്ദ്രം തയ്യാറായി.  ദേശീയപാർക്കുകളിലും വന്യജീവികേന്ദ്രങ്ങളിലും പരിസ്ഥിതി ദുർബലപ്രദേശങ്ങളിലും എല്ലാമുള്ള ഖനന– -നിർമാണ പ്രവർത്തനങ്ങൾക്കും ഇളവുകൾ ബാധകമാണ്‌. ഇതോടൊപ്പം കൃഷിഭൂമി നിയന്ത്രണമില്ലാതെ വൻകിട വ്യവസായങ്ങൾക്ക്‌ ഏറ്റെടുക്കാൻ അനുവദിക്കുന്ന നിയമഭേദഗതിക്കും കേന്ദ്രം തയ്യാറെടുക്കുകയാണെന്ന്‌ സൂചനയുണ്ട്‌.


 

കോവിഡ്‌ മഹാമാരിയെ ചെറുക്കാൻ രാജ്യത്ത്‌ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ ഈ വർഷം മാർച്ച്‌ 12നാണ്‌ പരിസ്ഥിതി ആഘാത പഠനത്തിന്‌ പുതിയ മാർഗനിർദേശങ്ങൾ മുന്നോട്ട്‌ വയ്‌ക്കുന്ന കരട്‌ വിജ്‌ഞാപനം കേന്ദ്രം പുറത്തിറക്കിയത്‌. രണ്ടുമാസത്തിനകം പൊതുജനങ്ങൾ അഭിപ്രായങ്ങൾ അറിയിക്കണമെന്നും നിർദേശിച്ചു. ലോക്ക്‌ഡൗൺ കാരണം വ്യക്തികൾക്കോ സംഘടനകൾക്കോ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ സാധിച്ചില്ല. യഥാർഥത്തിൽ ലോക്ക്‌ഡൗണിന്റെ മറവിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമം പ്രാബല്യത്തിലാക്കാനാണ്‌ കേന്ദ്രം ശ്രമിച്ചത്‌.

വർഗീയ ഫാസിസവും കോർപറേറ്റ്‌ മൂലധനവും കൂടിക്കുഴഞ്ഞ ഭരണസംവിധാനമാണ്‌ മോഡിയും കൂട്ടരും രാജ്യത്ത്‌ രൂപപ്പെടുത്തുന്നത്‌. ഒരു വശത്ത്‌ വർഗീയപ്രചാരണങ്ങളിലൂടെ ജനങ്ങളെ യഥാർഥ പ്രശ്‌നങ്ങളിൽനിന്ന്‌ അകറ്റിനിർത്തി വോട്ട്‌ ബാങ്ക്‌ സൃഷ്ടിക്കുന്നു. മറുവശത്ത്‌ കോർപറേറ്റ്‌ മൂലധനത്തിന് ഒത്താശചെയ്യുന്നു. ജനാധിപത്യവും മനുഷ്യാവകാശങ്ങളും കാറ്റിൽപ്പറത്തുന്നു. തൊഴിൽനിയമങ്ങൾ തൊഴിലാളികൾക്കെതിരായി തിരുത്തിയെഴുതുന്നു. മനുഷ്യരുടെ വേദനകളും പ്രശ്‌നങ്ങളും മോഡി ഭരണത്തിന്‌ പ്രശ്‌നമേയല്ല. നോട്ട്‌ നിരോധനത്തിലൂടെ ജനങ്ങളെ തീരാദുരിതത്തിലാഴ്‌ത്തിയ സർക്കാർ, തയ്യാറെടുപ്പില്ലാതെ ലോക്‌ഡൗൺ പ്രഖ്യാപിച്ച്‌ ലക്ഷക്കണക്കിനു മനുഷ്യരെ തെരുവിലേക്കും പട്ടിണിയിലേക്കും തള്ളിയിട്ടു. മനുഷ്യരുടെ ദുരിതങ്ങൾ അറിയാൻ മനസ്സില്ലാത്തവർക്ക്‌ പരിസ്ഥിതി സംരക്ഷണം വിഷയമാവുകയേയില്ല. ഇതാണ്‌ പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ച കരട്‌ വിജ്‌ഞാപനം ആവർത്തിച്ച്‌ വ്യക്തമാക്കുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top