01 October Sunday

ഇഡിക്ക്‌ ഇനിയും അമിതാധികാരമോ

വെബ് ഡെസ്‌ക്‌Updated: Saturday Jul 30, 2022


പാർലമെന്റിനെ നോക്കുകുത്തിയാക്കിയും അഭിപ്രായസ്വാതന്ത്ര്യം  കുഴിച്ചുമൂടിയും പൗരന്മാരുടെ നാവരിഞ്ഞും ആർഎസ്‌എസ്‌ വിഭാവനംചെയ്യുന്ന ഇന്ത്യ പടുത്തുയർത്തുകയാണ്‌ മോദി സർക്കാർ. രാജ്യദ്രോഹനിയമം മറയാക്കിയാണ്‌ പല ഗൂഢാലോചനകളും.  ബ്രിട്ടീഷ് കാലത്തെ ആ നിയമത്തെ കൊളോണിയലെന്ന്‌ മാസങ്ങൾക്കു മുമ്പ്‌ വിശേഷിപ്പിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ, ദുരുപയോഗസാധ്യത ചൂണ്ടിയത്‌  ‘ഒരു മരംമുറിക്കാൻ  നൽകിയ  ഈർച്ചവാളിനാൽ കാട്ടിലെ മുഴുവൻ മരങ്ങളും വെളുപ്പിക്കുംപോലെ’ എന്നാണ്‌.  ഭരണകൂടത്തെയും അതിനെ നയിക്കുന്ന  പാർടിയെയും വിമർശിക്കുന്നവരിൽ രാജ്യദ്രോഹക്കുറ്റം ചുമത്താൻ ഒരു മടിയുമില്ലാതായിരിക്കുന്നു.  മാധ്യമ പ്രവർത്തകർ,  അക്കാദമിക്‌ പ്രതിഭകൾ, സർവകലാശാലാ  വിദ്യാർഥികൾ, പൗരത്വനിയമവിരുദ്ധ പ്രക്ഷോഭകർ, ഭീമകൊറേഗാവിന്റെ പേരിൽ  പീഡിപ്പിക്കപ്പെടുന്ന ആക്ടിവിസ്റ്റുകൾ, പശുവിനെ മറയാക്കി ആവർത്തിക്കുന്ന മനുഷ്യഹത്യക്കെതിരെ മോദിക്ക്‌ കത്തെഴുതിയ ബുദ്ധിജീവികൾ‐ എന്നിങ്ങനെ പലരെയും  കിരാതനിയമം പിടികൂടി. ചിലരെങ്കിലും ജീവനോടെ പുറത്തുവരുമെന്ന്‌ ഉറപ്പില്ല. സ്റ്റാൻ സ്വാമി ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചത് ഭരണകൂട ഭീകരതയുടെ തെളിവാണ്.  ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)ക്ക്‌ അമിതാധികാരങ്ങൾ പകർന്നത്‌ അടുത്തിടെയാണ്‌. അതിന്റെ തുടർച്ചയാണ്‌ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) 50–-ാം വകുപ്പ്‌ അനുസരിച്ച്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌  രേഖപ്പെടുത്തുന്ന മൊഴി തെളിവാണെന്ന സുപ്രീംകോടതി നിരീക്ഷണം.  ഇഡി, പൊലീസ്‌ സംവിധാനമല്ല.  കള്ളപ്പണം വെളുപ്പിക്കൽ തടയൽ, അതിൽനിന്നുണ്ടായ ആസ്‌തികൾ കണ്ടുകെട്ടൽ എന്നിവയാണ്‌ നിർവഹിക്കുന്നത്‌. ഇഡി രജിസ്റ്റർ ചെയ്യുന്ന എൻഫോഴ്‌സ്‌മെന്റ്‌ കേസ്‌ ഇൻഫർമേഷൻ റിപ്പോർട്ടും (ഇസിഐആർ) പൊലീസ്‌ എഫ്‌ഐആറും ഒന്നല്ലെന്ന ഊന്നലിനൊപ്പം ആഭ്യന്തരരേഖയായ ഇസിഐആറിന്റെ പകർപ്പ്‌ കുറ്റാരോപിതർക്ക്‌ കൈമാറേണ്ടതില്ലെന്ന പ്രഖ്യാപനവും  ദുരുപദിഷ്ടമാണ്‌. പ്രതിപക്ഷ നേതാക്കളെ തെരുവിൽ ഭേദ്യംചെയ്യുന്ന നിലയിൽ ഇപ്പോഴേ അതിന്റെ ദിശ തെറ്റിക്കഴിഞ്ഞു. ഇതര അന്വേഷണ ഏജൻസികളെയും  കാണിച്ച്‌ പലരെയും നിശ്ശബ്ദമാക്കുകയുമാണ്‌.

പിഎംഎൽ നിയമത്തിൽ ജാമ്യം നൽകുന്നതിന്‌ ഇരട്ട ഉപാധി നിലവിലുണ്ട്‌. ജാമ്യാപേക്ഷയ്‌ക്കെതിരെ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം പരിഗണിക്കണം, പ്രതി കുറ്റം ചെയ്‌തില്ലെന്നും ജാമ്യത്തിൽ പോയി ആവർത്തിക്കില്ലെന്നും സംശയാതീതമായി ബോധ്യപ്പെടുകയും വേണം. ഈ ഉപാധികൾ നിയമപരമായി നിലനിൽക്കുമെന്നും മൂന്നംഗബെഞ്ച്‌ ഉത്തരവിട്ടു. ഇഡിയുടെ  വിപുലാധികാരങ്ങൾ ശരിവച്ച വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ആ സ്ഥാപനത്തെ മുന്നിൽനിർത്തി  ജനാധിപത്യവും  പൗരാവകാശങ്ങളും  കേന്ദ്രത്തിന്‌ യഥേഷ്ടം ചവിട്ടിമെതിക്കാം. പ്രതിപക്ഷ നേതാക്കളെയും  മനുഷ്യാവകാശ  പ്രവർത്തകരെയും  മാധ്യമങ്ങളെയും  വരിഞ്ഞുമുറുക്കുന്ന  നടപടികൾ കൂടുതൽ അപകടകരമാകുകയുമാണ്‌. 

2002 ഫെബ്രുവരി‐ മാർച്ച്‌ മാസങ്ങളിൽ രാജ്യത്തെ നടുക്കി, ആയിരങ്ങളെ നിരാലംബരാക്കിയ ഗുജറാത്ത്‌ വംശഹത്യാ പരമ്പരയിലെ സുപ്രീംകോടതി വിധിയുടെ ആനുകൂല്യത്തിലാണ്‌  ടീസ്‌ത സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും ബിജെപിയുടെ കീഴിലുള്ള ഗുജറാത്ത്‌ പൊലീസ്‌ കള്ളക്കേസിൽ കാരാഗൃഹത്തിൽ തള്ളിയത്‌. അതിനു സമാനമായി ജസ്റ്റിസ്‌  എ എം ഖാൻവിൽകർ തലവനായ മൂന്നംഗ ബെഞ്ചിന്റേതാണ്‌  ഇഡി കേസിലെയും  വിധി. വിരമിക്കുന്നതിന്‌ ഒരു ദിവസം മുമ്പേയായിരുന്നു അതെന്നും ഓർക്കണം.  ജഡ്‌ജിമാർക്കുമേലുള്ള കനത്ത സമ്മർദങ്ങളാണ്‌ ഗുരുതര ഫലങ്ങൾ ഉളവാക്കുന്ന ഇത്തരം വിധികളുടെ പ്രേരണ. എല്ലാ ഘട്ടത്തിലും ഭരണഘടന സംരക്ഷിക്കേണ്ടവരാണ്‌ അവർ.  സാകിയ കേസിൽ മോദിക്ക്‌ ശുദ്ധിപത്രം  നൽകിയത്‌  പരമോന്നത നീതിപീഠത്തിന്റെ  മുഖം കുനിപ്പിക്കുന്നതാണെന്ന്‌ സാർവത്രിക വിമർശം ഉയരുകയുണ്ടായി. സംഘപരിവാറിന്റെയും കേന്ദ്രത്തിന്റെയും താൽപ്പര്യങ്ങൾക്കു മുന്നിൽ കുനിയുന്ന സംവിധാനമായി അത്‌ മാറി.  പരാതിക്കാർക്ക്‌ ചെവികൊടുക്കാതെ  അവരെ  കുറ്റവാളികളെന്ന്‌ നിശ്‌ചയിച്ചതിലൂടെ സുപ്രീംകോടതി  എക്‌സിക്യൂട്ടീവിന്റെ ഭാഗമായത്‌ ഭയപ്പെടുത്തുന്ന പതനമാണ്‌. എതിർശബ്ദങ്ങൾ കുഴിച്ചുമൂടുന്ന, പ്രതിപക്ഷമുക്ത ഏകാധിപത്യ ഇന്ത്യയിലേക്കുള്ള കാവിപ്പടയുടെ പ്രയാണത്തിന്റെ അപകട ഘട്ടമാണിത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top