25 April Thursday

അമേരിക്കയുടെ താളത്തിന‌് തുള്ളുന്ന മോഡിസർക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018


അമേരിക്ക കുനിയാൻ പറഞ്ഞപ്പോൾ മുട്ടിൽ ഇഴയാനും തയ്യാറാണെന്ന് മോഡി സർക്കാർ തെളിയിച്ചു. ജൂണിൽ ഷാങ‌്‌രില ഡയലോഗ് ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ ‘തന്ത്രപ്രധാന സ്വയംഭരണം' ഉയർത്തിപ്പിടിക്കുമെന്ന് മോഡി പറഞ്ഞിരുന്നു. എന്നാൽ, ഈ പ്രസംഗം നടത്തി ഒരുമാസം കഴിഞ്ഞപ്പോൾ ‘തന്ത്രപ്രധാന സ്വയംഭരണ'ത്തോട് വിടപറഞ്ഞ് രാജ്യത്തിന്റെ പരമാധികാരം പോലും അമേരിക്കയ‌്ക്ക് മുമ്പിൽ അടിയറവയ‌്ക്കാൻ പ്രധാനമന്ത്രിയും സർക്കാരും തയ്യാറായി.  നവംബർ നാലിനകം ഇറാനുമായുള്ള എണ്ണവ്യാപാരം പൂർണമായും അവസാനിപ്പിക്കണമെന്ന അമേരിക്കൻ തീട്ടൂരത്തിന് വഴങ്ങി ജൂൺ മുതൽതന്നെ എണ്ണ ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യ തയ്യാറായി.  പകരം അമേരിക്കയിൽനിന്നുള്ള എണ്ണ ഇറക്കുമതി പതിന്മടങ്ങ‌് വർധിപ്പിക്കുകയും ചെയ‌്തു. ഇറാൻ എണ്ണയേക്കാൾ വിലയേറിയതാണ‌് അമേരിക്കയിൽനിന്നുള്ള ഇറക്കുമതി. ഇറാഖും സൗദിഅറേബ്യയും കഴിഞ്ഞാൽ ഇന്ത്യ എറ്റവും കുടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാനിൽനിന്നാണ്. ഇറാനുമായുള്ള ആണവകരാറിൽനിന്ന‌് അമേരിക്ക ഏകപക്ഷീയമായി പിൻവാങ്ങിയതിന് ശേഷമാണ്  ഇറാനുമായുള്ള എണ്ണവ്യാപാരത്തിൽനിന്ന‌് പിന്മാറാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുള്ളത്.  അതിന് വഴങ്ങാനുള്ള മോഡി സർക്കാരിന്റെ തീരുമാനം പ്രതിഷേധാർഹമാണ്. ഇന്ധനസമ്പന്നമായ മധ്യേഷ്യയുമായി ഇന്ത്യക്ക് കരമാർഗം തുറക്കുന്ന ഛബാഹർ തുറമുഖനിർമാണത്തിൽനിന്ന‌് അമേരിക്കയെ ഭയന്ന് ഇന്ത്യ പിന്മാറുന്നതും രാജ്യതാൽപ്പര്യത്തെ ഹനിക്കും.

രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് വിദേശനയം നിശ്ചയിക്കാനുള്ള പരമാധികാരം ഓരോ രാജ്യത്തിനുമുണ്ട്. ഏറ്റവും കുറഞ്ഞ വിലയ‌്ക്ക് എവിടെനിന്നാണോ എണ്ണയും മറ്റു സാധനങ്ങളും ലഭിക്കുക അവിടെ നിന്ന് അത് വാങ്ങാനുള്ള സ്വാതന്ത്ര്യവും അധികാരവും ഇന്ത്യക്കുണ്ട്. ഇന്ന രാജ്യവുമായി വ്യാപാരം പാടില്ലെന്ന് അമേരിക്ക പറയുമ്പോൾ അതിന് വഴങ്ങേണ്ട ആവശ്യം 130 കോടി ജനങ്ങളുള്ള, ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയും അഞ്ചാമത്തെ സൈനികശക്തിയുമായ ഇന്ത്യക്കില്ല. രാജ്യത്തിന്റെ ആഭ്യന്തരകാര്യത്തിൽ ഇടപെടരുതെന്ന് അമേരിക്കയോട‌് നട്ടെല്ല് നിവർത്തി പറയാനുള്ള ചങ്കൂറ്റമാണ് മോഡിയും കേന്ദ്രവും കാണിക്കേണ്ടത്. സിനിമാ തിയറ്ററിൽ എത്തുന്നവരോടുപോലും രാജ്യസ്‌നേഹം തെളിയിക്കാൻ പറയുന്ന മോഡിക്കെന്തേ ട്രംപിന് മുമ്പിൽ മുട്ടുവിറയ‌്ക്കുന്നത്? അമേരിക്കയുടെ പസഫിക‌് നയതന്ത്രത്തിന് ഏഷ്യ‐ പസഫിക‌് എന്ന പേരിന് പകരം ഇന്ത്യ‐പസഫിക‌് എന്ന് മാറ്റിയപ്പോൾ അമേരിക്ക, ഇന്ത്യയെയാണ് ഏഷ്യയിൽ പ്രധാന സഖ്യകക്ഷിയായി കാണുന്നതെന്ന് ഏറെ വാചാലമായത് പ്രധാനമന്ത്രിയും സംഘപരിവാറും തന്നെയായിരുന്നു.  എന്നാൽ, സ്റ്റീലിനും അലുമിനിയത്തിനും തീരുവ ചുമത്തിയപ്പോൾ അതിൽനിന്ന‌് ഇന്ത്യയെ ഒഴിവാക്കാൻ അമേരിക്ക തയ്യാറായില്ല.  പകരം ഇന്ത്യ നികുതി ചുമത്തിയ അതേദിവസംതന്നെയാണ് ഇറാനിൽനിന്ന‌്‌ എണ്ണ നവംബർ നാലിനകം നിർത്തണമെന്ന അന്ത്യശാസനം അമേരിക്ക നൽകിയത്. ഇന്ത്യ, അമേരിക്കൻ വിദേശമന്ത്രിമാരുടെയും പ്രതിരോധ മന്ത്രിമാരുടെയും 2പ്ലസ്2 സംഭാഷണം അമേരിക്ക നിർത്തിവയ‌്ക്കുകയും ചെയ്തു. ഈ സമ്മർദതന്ത്രങ്ങൾക്കുമുമ്പിലാണ് മോഡി സർക്കാർ വഴങ്ങിയിട്ടുള്ളത്. നമ്മുടെ വിദേശബന്ധം എങ്ങനെയുള്ളതായിരിക്കണമെന്ന് നിശ്ചയിക്കാൻ അമേരിക്കയെ അനുവദിച്ചുകൂടാ. പരമാധികാരം അമേരിക്കയ‌്ക്ക് അടിയറവയ‌്ക്കലല്ലാതെ മറ്റൊന്നുമല്ല ഇത്.

താജ് മഹൽ സംരക്ഷിക്കാൻ ജാഗ്രത വേണം
താജ്മഹൽ സംരക്ഷിക്കാൻ താൽപ്പര്യമില്ലെങ്കിൽ പൊളിച്ചുകളയൂ എന്ന സുപ്രീം കോടതിയുടെ പരാമർശം കേന്ദ്ര‐സംസ്ഥാന സർക്കാരുകൾ ഈ മഹത്തായ സാംസ‌്കാരിക പൈതൃകത്തെ സംരക്ഷിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിലുള്ള രോഷപ്രകടനമായിരുന്നു. ലോകത്തിലെ മറ്റേതൊരു ചരിത്രസ്മാരകവും സംരക്ഷിക്കപ്പെടുന്നതുപോലെ താജ്മഹലും സംരക്ഷിക്കണമെന്ന അതിയായ ആഗ്രഹമാണ് സുപ്രീംകോടതി പ്രകടിപ്പിച്ചത്.

എന്നാൽ, ഈ സ്മാരകം പൊളിച്ചുകളയണമെന്ന്  വാദിക്കുന്നവർ ഈ രാജ്യത്തുണ്ടെന്നത്  യാഥാർഥ്യമാണ്. ഇന്ത്യൻ സംസ്‌കാരത്തിന് കറുത്തപൊട്ടാണ് താജ്മഹൽ എന്ന് പറഞ്ഞത് ഒരു ബിജെപി എംഎൽഎയാണ്. താജ്മഹൽ ശിവക്ഷേത്രമാണെന്നതാണ് ആർഎസ്എസിന്റെ പ്രഖ്യാപിത നിലപാട്.  താജ്മഹൽ ഇന്ത്യൻ സംസ്‌കാരത്തെയല്ല പ്രതിനിധാനം ചെയ്യുന്നതെന്ന്  യോഗി ആദിത്യനാഥും അഭിപ്രായപ്പെട്ടു. ഹിന്ദുത്വശക്തികൾ ഇരുണ്ടകാലമെന്ന് കരുതുന്ന മുഗൾകാലത്ത് ഇത്രയും മനോഹരമായ സ്മാരകം പണിതെന്ന് സമ്മതിച്ചുകൊടുക്കുന്നത് എങ്ങനെ?  അതിനാൽ അത് നശിപ്പിക്കപ്പേടണ്ടതാണെന്നും അവർ കരുതുന്നു. അതിനുള്ള ശ്രമങ്ങളും അടുത്ത ദിവസം ഉണ്ടായി. വിശ്വഹിന്ദു പരിഷത്ത് കഴിഞ്ഞ ദിവസം താജ്മഹലിന്റെ പടിഞ്ഞാറൻ ഗേറ്റ് തകർക്കാൻ ശ്രമിച്ചു. താജ്മഹൽ ശിവ ആരാധനയ‌്ക്കായി തുറന്നുകൊടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. താജ്മഹലിന് രാം മഹൽ എന്നോ കൃഷ്ണ മഹൽ എന്നോ പേരുനൽകണമെന്ന വാദവും ഉയർന്നിട്ടുണ്ട്.  അയോധ്യയിൽ ബാബറി മസ്ജിദ് തകർത്തതുപോലെ താജ്മഹലും നാളെ തകർക്കപ്പെട്ടേക്കാം. അത് തടയണമെന്നാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്. എന്നാൽ, സംരക്ഷിക്കാനാകില്ലെങ്കിൽ പൊളിച്ചുകളയൂ എന്ന സുപ്രീംകോടതിയുടെ പരാമർശത്തിൽ രണ്ടാംഭാഗത്തിന് ഊന്നൽ നൽകാനായിരിക്കും സംഘപരിവാറിന് താൽപ്പര്യം. അതിനാൽ അതീവ ജാഗ്രത തന്നെ താജ്മഹൽ സംരക്ഷണത്തിന് നൽകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top