2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിക്കുന്നതിന് ബിജെപിയും മോദി–- അമിത് ഷാ കൂട്ടുകെട്ടും ഏതറ്റംവരെയും പോകുമെന്നതിന്റെ തെളിവാണ് ‘വോട്ട് പിടിക്കാൻ' ഉന്നത സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിക്കാനുള്ള നീക്കം. മോദി സർക്കാരിന്റെ ‘നേട്ടങ്ങൾ'പ്രചരിപ്പിക്കാൻ കേന്ദ്ര സർവീസിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലും നടത്തിപ്പിലും രാജ്യത്തുടനീളം രഥയാത്ര നടത്താനാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നു നൽകിയ നിർദേശം. 765 ജില്ലകളിലെ 2.65 ലക്ഷം ഗ്രാമങ്ങളിൽ നവംബർമുതൽ ജനുവരിവരെ നടക്കുന്ന യാത്രയ്‌ക്കായി 1500ൽ ഏറെ രഥങ്ങൾ തയ്യാറാക്കും. ഓരോ രഥവും മൂന്നു പഞ്ചായത്തിൽ ചുറ്റിസഞ്ചരിക്കും. ജിപിഎസും ഡ്രോണും എൽഇഡി സ്ക്രീനുമടക്കം അത്യാധുനിക ആശയവിനിമയ ഉപാധികൾ സജ്ജമാക്കിയിട്ടുള്ള രഥങ്ങളിൽ ഓരോന്നിലും നാലോ അഞ്ചോ സർക്കാർ ഉദ്യോഗസ്ഥരും ഉണ്ടാകണമെന്നാണ് നിർദേശം.
ഖജനാവിൽനിന്ന് വൻതുക ചെലവിട്ട് സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പിനു മുന്നോടിയായി ഭരണകക്ഷിക്കുവേണ്ടി പ്രചാരണം നടത്തുന്നത് തെരഞ്ഞെടുപ്പ് അഴിമതിയും നഗ്നമായ ക്രമക്കേടുമാണ്. എന്നാൽ, തെരഞ്ഞെടുപ്പുവിജയത്തിനായി വർഗീയ കലാപവും സാമുദായിക വിഭജനവും സാമ്പത്തിക പ്രീണനവുമടക്കം ഏതു ഹീനതന്ത്രവും പ്രയോഗിക്കാൻ മടിയില്ലാത്ത മോദി–- അമിത് ഷാ കൂട്ടുകെട്ടിന് ഇതൊന്നും വലിയ കാര്യമേയല്ല.
വർഗീയതയും രണ്ടാം യുപിഎ സർക്കാരിന്റെ അഴിമതിയും 2014ലെ തെരഞ്ഞെടുപ്പിലും കൃത്രിമമായുണ്ടാക്കിയ ദേശീയ വികാരവും പ്രതിപക്ഷത്തെ അനൈക്യവും 2019ലും ബിജെപിയെ അധികാരത്തിലേറാൻ തുണച്ചെങ്കിൽ ഇന്ന് സ്ഥിതി പാടേ മാറി. വർഗീയത കുത്തിയിളക്കാൻ അയോധ്യപോലെ മറ്റൊരു ശക്തമായ വിഷയം കണ്ടെത്താൻ ബിജെപിക്കോ സംഘപരിവാറിനോ കഴിയുന്നില്ല. പ്രാദേശിക കലാപങ്ങൾ സംഘടിപ്പിക്കാൻ അടിക്കടി ശ്രമം നടത്തുന്നുണ്ടെങ്കിലും അത് രാജ്യത്തുടനീളം ആളിപ്പടർത്താൻ അത്രകണ്ട് കഴിയുന്നില്ല.
പാകിസ്ഥാൻ ആഭ്യന്തരപ്രശ്നങ്ങളിൽപ്പെട്ട് ഉഴലുന്നതിനാൽ അവരെ കരുവാക്കി കൃത്രിമ ദേശീയവികാരം കുത്തിപ്പൊക്കാനുള്ള ശ്രമങ്ങൾക്കും പരിമിതികളുണ്ടായിരിക്കുന്നു. മറുവശത്ത് കേന്ദ്രീകൃത അഴിമതിയിലും കെടുകാര്യസ്ഥതയിലും കോർപറേറ്റ് പ്രീണനത്തിലും തകർന്ന സമ്പദ്‌വ്യവസ്ഥയിലും ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും ജനജീവിതം ദുസ്സഹമായിരിക്കുന്നു. കോർപറേറ്റ് ഭീമന്മാർക്കൊപ്പം ഭരണകക്ഷിയുടെ സമ്പത്തും ആനുപാതികമല്ലാതെ പെരുകുമ്പോൾ ലക്ഷങ്ങൾ തൊഴിൽ കമ്പോളത്തിൽനിന്ന് പുറന്തള്ളപ്പെടുന്നു. ഭരണഘടനയെയും പാർലമെന്റിനെയും നോക്കുകുത്തിയാക്കി ഏകാധിപത്യം എല്ലാ അർഥത്തിലും അരങ്ങുവാഴുന്നു. ഇതൊക്കെ മൂടിവയ്ക്കാൻ സംഘടിതവും ആസൂത്രിതവുമായ വിദ്വേഷ അസത്യ അപവാദ പ്രചാരണങ്ങൾമാത്രം പോരാതെ വന്നിരിക്കുന്നു. ഇന്ത്യ ലോക സാമ്പത്തിക ശക്തി, മോദി ‘വിശ്വ ഗുരു’ തുടങ്ങിയ ആഖ്യാനങ്ങൾ അവജ്ഞയോടെ ചവറ്റുകൊട്ടകളിൽ തള്ളപ്പെടുന്നു. മോദി ഭരണത്തിന്റെ വാഴ്‌ത്തുപാട്ടുകാരായി മാറിയ വടക്കേ ഇന്ത്യൻ മുഖ്യധാരാ മാധ്യമങ്ങൾക്കപ്പുറം മോദിയുടെ മുഖംമൂടി വലിച്ചുകീറി നവമാധ്യമങ്ങൾ കളംപിടിക്കുന്നു. എല്ലാത്തിനുമപ്പുറം ജനഹിതത്തിന് മൂർത്തരൂപം നൽകാൻ പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര ‘ഇന്ത്യ’ പൊതുവേദിയായി രൂപംകൊള്ളുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ 303 സീറ്റ് നേടിയിട്ടും 37.36 ശതമാനംമാത്രം വോട്ട് നേടാൻ കഴിഞ്ഞ ബിജെപിയെ സംബന്ധിച്ചിടത്തോളം ഒട്ടും അനുകൂലമല്ല നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികൾ. അത് വഴിവിട്ടുള്ള ഏതുനടപടിക്കും അവരെ പ്രേരിപ്പിക്കുമെന്ന് വ്യക്തം.
ന്യൂനപക്ഷങ്ങളെ അപരസ്ഥാനത്തു പ്രതിഷ്ഠിച്ച് ഭൂരിപക്ഷവികാരം ഉണർത്താനുള്ള ഭരണരാഷ്ട്രീയ നടപടികൾ, പ്രതിപക്ഷ നേതാക്കളെയടക്കം രാജ്യദ്രോഹികളാക്കി കൃത്രിമ രാജ്യസ്നേഹം കുത്തിപ്പൊക്കാനുള്ള നീക്കങ്ങൾ, തെരഞ്ഞെടുപ്പുകമീഷനടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കാനുള്ള ശ്രമം, ഇഡി പോലുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികളെ തകർക്കാനുള്ള കുത്സിതശ്രമങ്ങൾ എന്നിവ കൊണ്ടൊന്നും സർക്കാരിനെതിരെ രൂപപ്പെടുന്ന ജനവികാരത്തെ തടയാനാകില്ലെന്ന ബോധ്യത്തിൽനിന്നാണ് തെരഞ്ഞെടുപ്പുപ്രചാരണത്തിന് സർക്കാർ സംവിധാനങ്ങളെത്തന്നെ ദുരുപയോഗിക്കാനുള്ള തീരുമാനം രൂപംകൊണ്ടതെന്ന് നിശ്ചയം.
അവകാശവാദങ്ങളിൽമാത്രം ഒതുങ്ങുന്ന, പ്രധാനമന്ത്രിയുടെ പേരുയർത്താൻമാത്രം ഉപയുക്തമായ കടലാസ് പദ്ധതികളെക്കുറിച്ചുള്ള അപദാനങ്ങൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ അവതരിപ്പിച്ച് ഗ്രാമീണജനതയെ തെറ്റിദ്ധരിപ്പിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ ഉദ്യോഗസ്ഥരെ മാത്രമല്ല, അവധിയിൽ നാട്ടിലെത്തുന്ന സൈനികരെക്കൂടി ഏൽപ്പിച്ചിരിക്കുന്നു മോദി ഭരണം. ആർഎസ്എസിന് 100 വയസ്സ് പൂർത്തിയാകുന്ന 2025ന് തൊട്ടുമുമ്പ് നടക്കുന്ന തെരഞ്ഞെടുപ്പിൽ വെറുമൊരു വിജയമല്ല പ്രതിപക്ഷ മുക്ത ഇന്ത്യ തന്നെയാണ് സംഘപരിവാറിന്റെ ലക്ഷ്യം. അതിനായി സൈന്യത്തിന്റെ രാഷ്ട്രീയവൽക്കരണമെന്ന അത്യന്തം ആപൽക്കരമായ നടപടിക്കുപോലും മടിക്കില്ല സംഘപരിവാറും അതിന്റെ നടത്തിപ്പുകാരായ മോദി–- ഷാ കൂട്ടുകെട്ടും എന്ന മുന്നറിയിപ്പ് അവഗണിക്കാനാകില്ല ജനാധിപത്യ ഇന്ത്യക്ക്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..