29 May Monday

കോർപറേറ്റ് വ്യവസായികൾക്കും മോഡിയെ മടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

ഇന്ത്യയിലെ കോർപറേറ്റ് വ്യവസായ ലോകത്തിനും ഒടുവിൽ മോഡി–-അമിത് ഷാ ഭരണം മടുത്തുതുടങ്ങി. രാജ്യം ഭീതിയിലാണെന്നും കേന്ദ്രഭരണത്തെ വിമർശിക്കാൻ ആളുകൾക്ക് ഭയമാണെന്നുമാണ് വ്യവസായ പ്രമുഖരിലൊരാളായ രാഹുൽ ബജാജ് കഴിഞ്ഞദിവസം തുറന്നടിച്ചത്. വിമർശനമുൾക്കൊള്ളാൻ മോഡി സർക്കാർ തയ്യാറല്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ എന്നിവരുടെ മുഖത്തുനോക്കി രാഹുൽ ബജാജ് പറഞ്ഞു. ‘ഇക്കണോമിക് ടൈംസ്' പത്രത്തിന്റെ ‘ഇ ടി അവാർഡ്'ചടങ്ങിൽ മന്ത്രിമാരുമായി വ്യവസായികൾ നടത്തിയ ആശയവിനിമയത്തിനിടെയുള്ള ശക്തമായ ഈ പ്രതികരണം കോർപറേറ്റ് മേധാവികൾ നിറഞ്ഞ സദസ്സ്‌ കൈയടിയോടെയാണ് വരവേറ്റത്. മുകേഷ് അംബാനി, കുമാർ മംഗലം ബിർള, സുനിൽ ഭാരതി മിത്തൽ എന്നിവരടക്കമുള്ള വ്യവസായ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പത്മഭൂഷൺ ജേതാവായ ബജാജിന്റെ വിമർശനം.

മോഡി സർക്കാരിനെതിരെ വ്യവസായലോകത്തുനിന്നുള്ള രൂക്ഷമായ ഈ വിമർശനം കേന്ദ്രസർക്കാരിനെതിരെ പുകയുന്ന രോഷത്തിന്റെ വ്യക്തമായ തെളിവാണ്. 2006–-2010 കാലത്ത് ബിജെപി പിന്തുണയോടെ മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു രാഹുൽ ബജാജ്. ബിജെപിക്കൊപ്പംനിന്ന വ്യവസായിക്കുപോലും മോഡി–-അമിത് ഷാ അച്ചുതണ്ടിന്റെ ഭരണം അസഹ്യമായിക്കഴിഞ്ഞുവെന്നാണ് ഈ പ്രതികരണം കാണിക്കുന്നത്.

മോഡി ഭരണത്തിൽ ഇന്ത്യയിലെ വ്യവസായലോകം അഭിമുഖീകരിക്കുന്ന കടുത്ത സംഘർഷങ്ങളുടെ പൊട്ടിത്തെറിയാണ് രാഹുൽ ബജാജിന്റെ വാക്കുകളിലൂടെ പുറത്തുവന്നത്. മോഡി–-അമിത് ഷാ അച്ചുതണ്ടിന് വഴങ്ങാത്ത വ്യവസായികളെ എൻഫോഴ്സ്‌മെന്റ്‌ ഡയറക്ടറേറ്റിനെയും ആദായനികുതി വകുപ്പിനെയും ഉപയോഗിച്ച് വേട്ടയാടുകയാണെന്ന് ഏറെക്കാലമായി വിമർശനമുണ്ട്. അംബാനിയും അദാനിയും അടക്കമുള്ള പുത്തൻ വ്യവസായികൾ സമ്പത്ത് കുന്നുകൂട്ടുമ്പോൾ ദേശീയ പ്രസ്ഥാനത്തിന്റെ കാലംമുതൽ വ്യവസായരംഗത്തുള്ള കമ്പനികൾ കടുത്ത അവഗണനയും പ്രതിസന്ധിയും നേരിടുകയാണ്. വെല്ലുവിളികൾ അഭിമുഖീകരിച്ച് വ്യവസായം മുന്നോട്ടുകൊണ്ടുപോകാനുള്ള ഇവയുടെ ശ്രമം രാജ്യത്തെ കടുത്ത സാമ്പത്തികമാന്ദ്യവും അരാജകത്വത്തോളമെത്തിയ സാമൂഹ്യാന്തരീക്ഷവും കാരണം പരാജയപ്പെടുന്നു. രാജ്യത്തിന്റെ സദ്പാരമ്പര്യങ്ങൾ തച്ചുതകർക്കുമ്പോൾ നിശ്ശബ്ദരായി നിൽക്കേണ്ടിവരുന്നവരിൽ വ്യവസായികളും ഉണ്ടെന്ന തുറന്നുപറച്ചിൽക്കൂടിയാണ് രാഹുൽ ബജാജിന്റെ വാക്കുകൾ. ആ പ്രസംഗത്തിന് സദസ്സ്‌ നൽകിയ കൈയടി മോഡിക്കുനേരെ വ്യവസായ ലോകത്തുനിന്നുയരുന്ന ചൂണ്ടുവിരലാണ്.

നോട്ട്‌ നിരോധനത്തിനുശേഷം രാജ്യംനേരിടുന്ന സാമ്പത്തിക മാന്ദ്യം ഇപ്പോൾ കൂടുതൽ രൂക്ഷമാണ്. സാമ്പത്തിക മാന്ദ്യം മറച്ചുവയ്‌ക്കാനും കോർപറേറ്റുകൾക്ക് ആശ്വാസമേകാനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ഉത്തേജക നടപടികൾ ഗുണം ചെയ്‌തിട്ടില്ല. രാജ്യത്തിന്റെ ആഭ്യന്തരോൽപ്പാദനം 12 വർഷത്തിനിടയിൽ ഏറ്റവും താഴ്‌ന്ന നിരക്കിലാണ്. കേന്ദ്ര സർക്കാരിന്റെ ബജറ്റ്പോലും താളംതെറ്റുന്നുവെന്നാണ് സൂചന. പൊതുമേഖല വിറ്റുതുലച്ചും റിസർവ് ബാങ്കിൽനിന്ന് പണമെടുത്തും പിടിച്ചുനിൽക്കാനുള്ള ശ്രമവും പരാജയപ്പെടുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുന്നു. ഉള്ളിയടക്കമുള്ള കാർഷിക ഉൽപ്പന്നങ്ങൾക്ക് വിലകയറുമ്പോഴും കർഷകർ തീരാദുരിതത്തിലാണ്.
സാമൂഹ്യ അരാജകത്വത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ആൾക്കൂട്ട ആക്രമണങ്ങൾ അറുതിയില്ലാതെ തുടരുന്നു.

ഗോഡ്സെയെ പുകഴ്‌ത്തുന്ന പ്രഗ്യാസിങ്ങുമാരെ പൂവിട്ട് പൂജിക്കുന്നു. പൗരത്വബിൽ അടക്കമുള്ള നടപടികളിലൂടെ ജനങ്ങളെ ഭയപ്പെടുത്താൻ മോഡി സർക്കാർ ശ്രമിക്കുന്നു. വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു. രാഹുൽ ബജാജിന്റെ വിമർശനം ദേശതാൽപ്പര്യത്തിന് വിരുദ്ധമാണെന്ന് തിങ്കളാഴ്ച നിർമല സീതാരാമൻ നടത്തിയ പ്രതികരണത്തിലും രാജ്യദ്രോഹ കുറ്റാരോപണത്തിന്റെ നിഴൽ പതിഞ്ഞുകിടപ്പുണ്ട്. വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നത് അടിയന്തരാവസ്ഥയിലെ അർധ ഫാസിസ്റ്റ് നാളുകളിൽപ്പോലും രാജ്യത്തിന് പരിചയമുള്ള കാര്യമല്ല.

കേന്ദ്ര സർക്കാർ പഠിച്ചപണിയെല്ലാം നോക്കിയിട്ടും സമ്പദ്ഘടന നേർവഴിക്ക് നയിക്കാൻ സാധിക്കുന്നില്ല. ഇന്ത്യപോലെ വൻജനസംഖ്യയും വിശാലതയും വൈവിധ്യവുമുള്ള രാജ്യത്ത് സമ്പദ്ഘടനയെ നയിക്കാൻ ചൊട്ടുവിദ്യകൾകൊണ്ട് സാധിക്കില്ലെന്ന് മോഡിയും സംഘവും തിരിച്ചറിയുന്നില്ല. പക്ഷേ, വ്യവസായികൾ ഇക്കാര്യം മനസ്സിലാക്കിക്കഴിഞ്ഞു. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ജൂലൈയിൽ ബജാജ് കമ്പനിയുടെ പൊതുയോഗത്തിൽ രാഹുൽ ബജാജ് പറഞ്ഞിരുന്നു. വാഹനവിൽപ്പനയിലെ അസാധാരണമായ ഇടിവാണ് ആ പ്രതികരണത്തിന് പ്രേരിപ്പിച്ചതെങ്കിൽ കേന്ദ്രമന്ത്രിമാർക്ക് മുന്നിൽ കഴിഞ്ഞദിവസം അദ്ദേഹം നടത്തിയ പ്രസ്‌താവനയ്‌ക്ക് കൂടുതൽ മാനങ്ങളുണ്ട്.

വിമർശനങ്ങളെ ഭയപ്പെടുന്ന മോഡി–-അമിത് ഷാ കൂട്ടുകെട്ട് രാജ്യദ്രോഹത്തിന്റെ വാൾവീശി ജനങ്ങളെ നിശ്ശബ്‌ദരാക്കാനാണ് ശ്രമിക്കുന്നത്. രാജ്യം ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് ബിജെപിയെ പിന്തുണച്ചവർപോലും തിരിച്ചറിഞ്ഞുകഴിഞ്ഞു. കൂടുതൽ സംസ്ഥാനങ്ങളിൽ ഭരണത്തിൽനിന്ന് ബിജെപി പുറത്താവുകയാണ്. ബിജെപിയുടെ തകർച്ചയ്‌ക്ക് ആക്കംകൂടാൻ പോകുന്നതിന്റെ സൂചനയാണ് വ്യവസായ ലോകത്തുനിന്ന് ഉയരുന്ന കടുത്ത പ്രതികരണങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top