25 April Thursday

കേരളത്തിന്റെ പ്രശ്നങ്ങൾ കണ്ണ‌ുതുറന്ന്‌ കാണണം

വെബ് ഡെസ്‌ക്‌Updated: Saturday Jun 1, 2019


പുതിയ കേന്ദ്ര സർക്കാർ  അധികാരമേൽക്കുമ്പോൾ രാജ്യത്തിനാകെ പ്രതീക്ഷകൾ ഉണ്ടാകും. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ വീണ്ടും വന്ന സർക്കാരിൽനിന്ന് കേരളവും അതിന്റെ മുന്നോട്ടുള്ള വളർച്ചയ‌്ക്ക‌് സഹായകരമായ സമീപനം പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിൽനിന്ന് ഒരു സഹമന്ത്രി ഉണ്ട് എന്നത് ഈ സംസ്ഥാനത്തിന്റെ സവിശേഷമായ പ്രശ്നങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും പരിഹരിക്കാനും സഹായകരമാകും എന്ന ശുഭപ്രതീക്ഷ സ്വാഭാവികം മാത്രമാണ്. കേരളത്തോട് ഒരുതരം ശത്രുതാമനോഭാവം ഒന്നാം മോഡി സർക്കാരിൽ നിന്നുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ നരേന്ദ്ര മോഡി നടത്തിയ ചില പരാമർശങ്ങൾ ആ ശത്രുത തുടരുകയാണോ എന്ന സംശയം ഉയർത്തുന്നതാണ്.  ‘ചില സംസ്ഥാനങ്ങളിൽ ബിജെപിയെന്ന‌് പരാമർശിക്കുന്നത‌ുപോലും രാഷ്ട്രീയ അയിത്തത്തിന‌് കാരണമാകുന്നു. കശ‌്മീരിലും കേരളത്തിലും ബംഗാളിലും മറ്റും ബിജെപി പ്രവർത്തകർ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും എന്ത‌ുകൊണ്ടാണ‌്? ഇത്തരം നടപടികൾ ലജ്ജാവഹവും ജനാധിപത്യവിരുദ്ധവുമാണ‌്’- ഇതാണ് കഴിഞ്ഞ ദിവസം മോഡി പറഞ്ഞത്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ  വാരാണസിയിൽ  സംഘടിപ്പിച്ച  പ്രവർത്തകയോഗത്തിൽ അദ്ദേഹം പറഞ്ഞത‌്,  കേരളത്തിലെയും ബംഗാളിലെയും ബിജെപിയുടെ പ്രവർത്തകർ ജീവൻ പണയംവച്ചാണ‌് പുറത്തിറങ്ങുന്നതെന്നായിരുന്നു. ഇത് ആശാസ്യമായ ഒന്നല്ല. ബിജെപിക്ക‌് വിജയം കിട്ടിയില്ല എന്നത്, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ  ഒരു സംസ്ഥാനത്തെക്കുറിച്ച‌് ഉന്നയിക്കുന്നതിന‌് കാരണമാകരുത്. 

"ശക്തമായ കേന്ദ്രം, സംതൃപ്തമായ സംസ്ഥാനങ്ങൾ, പ്രാദേശിക സർക്കാരുകളായി പ്രവർത്തിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾ' എന്നത‌് രാജ്യത്തിന്റെ പുരോഗതിക്ക‌് അത്യന്താപേക്ഷിതമായ നിബന്ധനയാണ്. സംസ്ഥാനങ്ങൾക്ക‌് തങ്ങളുടെ ഹിതത്തിനനുസൃതമായ പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കുന്നതിന് ഏറ്റവും സഹായകമായിരുന്ന ആസൂത്രണ കമീഷൻ എന്ന സംവിധാനം ഇല്ലാതാക്കിയത‌് ഫെഡറൽ ഘടനയ‌്ക്കും  സമ്പദ്ഘടനയ‌്ക്കും പരിക്കേൽപ്പിച്ച നടപടിയായിരുന്നു. പകരം വന്ന നിതി ആയോഗ് സംവിധാനത്തിന്  കീഴിൽ കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കു വലിയ പ്രാധാന്യമാണ് ഉണ്ടായിട്ടുള്ളത്. ഇത് കേരളംപോലെ പ്രത്യേക ഇടപെടലുകളുടെ ഫലമായി  ഗണ്യമായ  സാമൂഹ്യവളർച്ച കൈവരിച്ച സംസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. മറ്റു പല പ്രദേശങ്ങളുടെയും വികസനാവശ്യങ്ങൾ മുൻനിർത്തി ആവിഷ്‌കരിക്കുന്ന പദ്ധതികൾ കേരളത്തിന്റെ വികസനാവശ്യങ്ങൾക്ക‌് അനുയോജ്യമല്ല.  

നിതി ആയോഗ്, ജിഎസ്ടി എന്നിവ നടപ്പാക്കിയതിലൂടെ സംസ്ഥാനങ്ങളുടെ അധികാരാവകാശങ്ങൾക്കുമേൽ അഭൂതപൂർവമായ കടന്നുകയറ്റമാണ് ഉണ്ടായത്.  ഭരണഘടനയുടെ അന്തഃസത്തയെത്തന്നെ വെല്ലുവിളിക്കുന്നതരത്തിലാണ് ഈ പ്രശ്‌നം ഉയർന്നുവന്നിട്ടുള്ളത്. കാരണം, പ്രാദേശികമായി ജനങ്ങളുടെ ആവശ്യങ്ങളും താൽപ്പര്യങ്ങളും മുൻനിർത്തിയുള്ള പദ്ധതികൾ നടപ്പാക്കുന്നതിനുള്ള വിഭവങ്ങൾ ലഭ്യമാക്കുന്നില്ല എന്നു മാത്രമല്ല, സ്വന്തം നിലയ‌്ക്ക‌് വിഭവസമാഹണം നടത്താനുള്ള അവകാശംപോലും ഇല്ലാതായിരിക്കുന്നു. 

ആസിയാൻ, ഗാട്ട് തുടങ്ങിയ അന്താരാഷ്ട്ര കരാറുകളിൽ ഏറ്റവും ഒടുവിലത്തേത് ആർസിഇപി എന്ന റീജ്യണൽ  കോംപ്രിഹൻസീവ്  ഇക്കണോമിക് പാർട്ണർഷിപ്പാണ്. കേരളത്തിന്റെ കാർഷികമേഖലയിൽ (പച്ചക്കറി, പാൽ, മത്സ്യം) വലിയ വെല്ലുവിളികൾ ഉയർത്തും എന്നു കണക്കാക്കപ്പെടുന്ന ഈ കരാർ സംബന്ധിച്ച‌് യാതൊരു കൂടിയാലോചനയും കേന്ദ്രം കേരളവുമായി നടത്തിയില്ല. 

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമുണ്ടായിട്ടുപോലും പ്രളയക്കെടുതിയെ അതിജീവിക്കാനും നമ്മുടെ പുനർനിർമാണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും കേരളത്തിന് പ്രത്യേക പാക്കേജ് ലഭ്യമാക്കിയില്ല.  സമാനമായ സാഹചര്യങ്ങളിൽ മറ്റ് പല സംസ്ഥാനങ്ങൾക്കും സഹായം നൽകി. മുമ്പ് ദുരിതബാധിതരായ സംസ്ഥാനങ്ങൾക്ക് വിദേശങ്ങളിൽനിന്നുവരെ സഹായം ലഭ്യമാക്കിയപ്പോൾ കേരളത്തിന് അത്തരത്തിൽ ലഭിക്കുമായിരുന്ന സഹായം തടയുന്ന നിലപാട് സ്വീകരിച്ചു.  കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറിക്ക് 1000 രൂപ അനുവദിച്ചുകൊണ്ട് കേരളത്തെ അവഹേളിക്കുന്ന സമീപനമാണ് കേന്ദ്രം കൈക്കൊണ്ടത്. 

കേരളം നികുതിയിനത്തിൽ കേന്ദ്രത്തിന് നൽകുന്ന ഓരോ രൂപയ‌്ക്കും 25 പൈസ മാത്രമാണ് കേന്ദ്രത്തിൽനിന്ന് കേരളത്തിന് ലഭിക്കുന്നത് എന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതായത്, കേരളം ഉൽപ്പാദിപ്പിക്കുന്ന ഓരോ രൂപയിൽനിന്നും 75 പൈസ കൈക്കലാക്കുന്നത് കേന്ദ്രമാണ്. രാജ്യത്തിന്റെ സാമ്പത്തികവിഭവങ്ങളിൽ കേരളത്തിന് അർഹമായത് നിരാകരിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. ഇതിനു പുറമെയാണ് നമുക്ക് ആവശ്യമായ പദ്ധതികൾ സ്വന്തംനിലയ‌്ക്ക‌് രൂപീകരിക്കാനോ അവയ‌്ക്ക‌ുവേണ്ട വിഭവസമാഹരണം സ്വന്തം നിലയ‌്ക്ക‌് നടത്താനോ കഴിയാത്ത സാഹചര്യം ഉള്ളത്. 

സംസ്ഥാനങ്ങളും കേന്ദ്രവും സഹകരിച്ച‌് നീങ്ങുന്ന കോ‐ ഓപ്പറേറ്റീവ് ഫെഡറലിസത്തിന്റെ വക്താക്കളാണ് രാജ്യം ഭരിക്കുന്നവർ എന്നാണവർ അവകാശപ്പെടുന്നത്.  ഇന്ത്യൻ ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളെ കൈയൊഴിഞ്ഞ് യൂണിറ്ററി സംവിധാനത്തിലേക്ക് നമ്മുടെ രാജ്യത്തെ തള്ളിവിടാനുള്ള സംഘപരിവാർ അജൻഡയുടെ ഭാഗമാണിത്. ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ തുടങ്ങിയ ആശയങ്ങൾ മുന്നോട്ടുവയ‌്ക്കുന്നതും പ്രസിഡൻഷ്യൽ ഭരണ സംവിധാനത്തിനായി മുറവിളി കൂട്ടുന്നതും സംഘപരിവാറിന്റെ ഈ ലക്ഷ്യം മുൻനിർത്തിയാണ്. കേരളം ഇത്തരം അമിതാധികാര പ്രവണതകൾക്കുള്ള ബദലാണ് അവതരിപ്പിക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളിലെല്ലാം കൂട്ടായചർച്ചകളിലൂടെ തീരുമാനത്തിലെത്തുന്നതും തദ്ദേശഭരണ സ്ഥാപനങ്ങൾമുതൽ മുകളിലോട്ടുള്ള എല്ലാ മേഖലകളെ ശക്തിപ്പെടുത്തുന്നതും ഈ ബദൽ രാഷ്ട്രീയം പിന്തുടരുന്നതിന്റെ ഭാഗമായാണ്. അത് ശക്തിപ്പെടുത്തുകയാണ് കേരളത്തിന്റെ ഇന്നത്തെ ആവശ്യം. ഇതിനെതിരാണ് ബിജെപി എന്നതുകൊണ്ട് സംസ്ഥാനം എന്ന നിലയിൽ കേരളത്തിനും കേരളീയർക്കും ലഭിക്കേണ്ട അവകാശങ്ങൾ നിഷേധിക്കപ്പെടരുത്. സങ്കുചിതമായ കക്ഷിതാൽപ്പര്യം അല്ല ഒരു സംസ്ഥാനത്തോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനത്തിന് നിദാനമാകേണ്ടത്. അതുകൊണ്ട് മുൻവിധികൾ മാറ്റിവച്ച‌് കേരളത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കടമ നിറവേറ്റാൻ മോഡി ഗവൺമെന്റ‌് തയ്യാറാകണം. കേരളത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന‌് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ പിന്മാറണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top