15 December Monday

തൊഴിൽ നിഷേധിക്കുന്ന മോദിഭരണം

വെബ് ഡെസ്‌ക്‌Updated: Saturday Jul 29, 2023


രാജ്യത്തെ തൊഴിലില്ലായ്മ നാലു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുന്നു. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയിൽ ഇനിയും കൂടുതൽ പേർ തെരുവിലേക്ക്‌ വലിച്ചെറിയപ്പെടും. ജനസംഖ്യാനുപാതികമായി തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിൽ മോദി സർക്കാർ കുറ്റകരമായ അനാസ്ഥയാണ്‌ കാണിക്കുന്നത്‌. തൊഴിലില്ലായ്മ രാജ്യവ്യാപകമായി 8.11 ശതമാനമായി ഉയർന്നു, ഡിസംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്‌. സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യ ഇക്കണോമിയുടെ നിരീക്ഷണം അനുസരിച്ച്‌ നഗര തൊഴിലില്ലായ്മ 8.51ൽ നിന്ന് 9.81 ശതമാനമായി. അതിന്റെ കണ്ടെത്തലിൽ ഗ്രാമങ്ങളിൽ തൊഴിലുറപ്പ് പദ്ധതിക്കുള്ള ആവശ്യം കുറയുകയാണ്‌. ജനുവരിമുതൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് നിയമത്തിനു കീഴിലെ ജോലിയുടെ ആവശ്യം മിതമായതായി റിസർവ് ബാങ്ക് ബുള്ളറ്റിൻതന്നെ വ്യക്തമാക്കുകയുണ്ടായി. സ്വകാര്യ സംരംഭകർ നിയമനം വെട്ടിച്ചുരുക്കുന്നതും തിരിച്ചടിയാണ്‌. ആഗോളതലത്തിൽ വൻഒഴിവാക്കലുകളാണ് നടക്കുന്നത്. കൂട്ട പിരിച്ചുവിടലുമായി ഇ–--കൊമേഴ്‌സ് സ്ഥാപനങ്ങളും. സ്വാതന്ത്ര്യാനന്തരം വഞ്ചനയിൽ പൊതിഞ്ഞ എത്രയോ മുദ്രാവാക്യങ്ങൾ മുന്നോട്ടുവച്ച്‌ കോൺഗ്രസ്‌‐ ബിജെപി സർക്കാരുകൾ ജനകോടികളെ കബളിപ്പിച്ചു. ഗരീബി ഹഠാവോ, സബ്‌കോ നൗകരി, ബേഠീ പഠാവോ ബേഠീ ബഛാവോ അങ്ങനെ എത്രയെത്ര സ്വപ്‌നങ്ങൾ.

ഇത്തരം വിനാശകരമായ അവസ്ഥയിലാണ്‌ രാജ്യത്ത്‌ 10 ലക്ഷത്തിനടുത്ത്‌ കേന്ദ്ര തസ്‌തികകൾ സ്ഥിരമായി മരവിപ്പിക്കാൻ മോദി സർക്കാർ തീരുമാനിച്ചിരിക്കുന്നത്‌. നിയമനങ്ങളില്ലാതെ കൊല്ലങ്ങളായി ഒഴിച്ചിട്ട തസ്‌തികകളാണ്‌ റദ്ദാക്കുക. 9,64,354 തസ്‌തിക ഒഴിവാണെന്നും അതിൽ രണ്ടോ മൂന്നോ വർഷം പഴക്കമുള്ളവ നിരോധിക്കുമെന്നും രാജ്യസഭയിൽ വ്യക്തമാക്കി. ഗ്രൂപ്പ് എയിൽ 30,606, ബിയിൽ 1,11,814, സിയിൽ 8,21,934 എന്നിങ്ങനെയാണ് ഒഴിവുകൾ. പട്ടാളത്തിൽമാത്രം 1.55 ലക്ഷം തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണ്‌. അഗ്നിപഥ്‌  ഒരു വർഷത്തിലധികം കഴിയുമ്പോൾ  സൃഷ്ടിച്ച തസ്‌തികകളെ സംബന്ധിച്ചും കൃത്യതയില്ല. പാടിപ്പുകഴ്‌ത്തിയ പ്രധാൻമന്ത്രി റോസ്‌ഗാർ യോജനയിൽ ഒരു തസ്‌തികയും ഉണ്ടായില്ലെന്നതാണ്‌ വാസ്‌തവം. സ്റ്റാഫ്‌ സെലക്‌ഷൻ കമീഷ (എസ്‌എസ്‌സി)നെയും യുപിഎസ്‌സിയെയും റെയിൽവേ നിയമനബോർഡിനെയും ഏകോപിപ്പിച്ച്‌ കൂട്ടനിയമന ഉത്തരവ്‌ നൽകുക മാത്രമാണ്‌ റോസ്‌ഗാർ യോജന. പോസ്റ്റ്‌ ഓഫീസ്‌ വഴി കിട്ടേണ്ട ഉത്തരവുകൾ കാർണിവലുകളാക്കി പ്രധാനമന്ത്രി  ഔദാര്യമായി ആഘോഷിക്കുകയാണ്‌. കോടിക്കണക്കിനു രൂപയുടെ ധൂർത്താണ്‌ പിന്നിൽ. 

ജനങ്ങളെ കുത്തുപാളയെടുപ്പിക്കുമ്പോഴും ദേശീയ വിഭവങ്ങളും പൊതുസ്വത്തും വൻകിടക്കാർക്കും കോർപറേറ്റുകൾക്കും ഭാഗംവച്ച്‌ നൽകുകയാണ്‌. കേന്ദ്ര ഖനനനിയമ ഭേദഗതിയും 2002ലെ ഓഫ്‌ഷോർ ഏരിയാസ് മിനറൽ (ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ) നിയമത്തിൽ ഭേദഗതി നിർദേശിക്കുന്ന പുതിയ ബില്ലും വരാനിരിക്കുന്ന വലിയ കെടുതിയാണ്‌. ലോക്‌സഭയിൽ അവതരിപ്പിച്ച ഖനനനിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്‌ കേരളം. 1957-ലെ മൈൻസ് ആൻഡ്‌ മിനറൽസ് (ഡെവലപ്‌മെന്റ് ആൻഡ്‌ റെഗുലേഷൻസ്) നിയമം ഭേദഗതി ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ്‌ നിയമസാധ്യത തേടുന്നത്‌. സംസ്ഥാനത്തെ തീരമേഖലയിലെ കരിമണൽ ഖനനാനുമതി കേന്ദ്രം ഏറ്റെടുക്കുന്നതിനൊപ്പം സ്വകാര്യസംരംഭകർക്ക് പരവതാനി വിരിക്കുന്നതുമാണ്‌ ഭേദഗതി. ഇപ്പോഴത്തെ നിയമമനുസരിച്ച്‌ കരിമണലിൽനിന്നുള്ള ധാതുക്കളുടെ ഖനനത്തിന് പൊതുമേഖലയെ മാത്രമേ നിയോഗിക്കാനാകൂ. ഭേദഗതി, ആ നയം അട്ടിമറിക്കും. കടലിലെയും തീരത്തെയും തന്ത്രപ്രധാന ധാതുക്കൾ സ്വകാര്യ കമ്പനികൾക്ക്‌ വിറ്റുതീർക്കാനും തീരുമാനമായി. ലോക്‌സഭയിൽ അവതരിപ്പിച്ച  ഓഫ്‌ഷോർ ഏരിയാസ് മിനറൽ നിയമഭേദഗതി മുന്നോട്ടുവയ്‌ക്കുന്ന ബിൽ ഗ്രാഫൈറ്റ്, റോക്ക്‌ ഫോസ്‌ഫേറ്റ്‌, സെലിനിയം, ലിഥിയം, വജ്രം, സ്വർണം, ടൈറ്റാനിയം തുടങ്ങിയവ സ്വകാര്യകുത്തകകൾക്ക്‌ സംസ്കരിച്ചെടുക്കാൻ അവസരം നൽകും. 2002ലെ നിയമപ്രകാരം തന്ത്രപ്രധാന ധാതുക്കളുടെ ഖനനവും മൂല്യവർധിത ഉൽപ്പന്നനിർമാണവും അവകാശവും പൊതുമേഖലയ്‌ക്ക്‌ മാത്രമായി സംരക്ഷിച്ചിരുന്നു. പൊതുവിഭവങ്ങൾ വിറ്റുതുലച്ച്‌  തൊഴിൽ ഇല്ലാതാക്കുന്ന മോദിയുടെ ഗൂഢാലോചനയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പൊരുതേണ്ടതുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top