09 December Saturday

കോവിഡിനു മുന്നിൽ തോൽക്കുന്നവർ

വെബ് ഡെസ്‌ക്‌Updated: Monday Jul 20, 2020കോവിഡ്‌ –-19 മഹാമാരി ഭയപ്പെടുത്തുംവിധം ലോകമെമ്പാടും പടരുകയാണ്‌. മൊത്തം രോഗികളുടെ എണ്ണം 1.43 കോടിയായി ഉയർന്നു. ഇതിൽ പകുതിയോളവും (48 ശതമാനം)അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളിൽനിന്നാണ്‌. ഏറ്റവും കൂടുതൽ രോഗികളുള്ള മറ്റു രാജ്യങ്ങൾ റഷ്യയും പെറുവും ദക്ഷിണാഫ്രിക്കയും ചിലിയും മെക്‌സിക്കോയും ബ്രിട്ടനും ഇറാനുമാണ്‌. ഇന്ത്യയിൽ ഇതിനകം 26,000ത്തിലധികം മരണവും റിപ്പോർട്ട്‌ ചെയ്‌തു. രോഗം ആദ്യം റിപ്പോർട്ട്‌ ചെയ്‌ത ചൈനയെ ബഹുദൂരം മറികടന്നിരിക്കുകയാണ്‌ ഈ രാജ്യങ്ങളൊക്കെ.

ഇതിൽ അമേരിക്കയും ബ്രസീലും ഇന്ത്യയും മാത്രമാണ്‌ 10 ലക്ഷത്തിലധികം രോഗികളുള്ള രാജ്യങ്ങൾ. ഈ മൂന്ന്‌ രാജ്യത്തിനും ചില പ്രത്യേകതയുണ്ട്‌. തീവ്രവലതുപക്ഷ സ്വേച്ഛാധിപത്യസ്വഭാവമുള്ള നേതാക്കൾ ഭരിക്കുന്ന രാഷ്ട്രങ്ങളാണ്‌ ഇവ. സ്വന്തം രാജ്യത്തെ മഹത്തരമാക്കാൻ ശ്രമിക്കുമെന്ന്‌ ആവർത്തിക്കുന്നവരാണ്‌ അമേരിക്കയിലെ ഡോണൾഡ്‌ ട്രംപും ബ്രസീലിലെ ജയിർ ബോൾസനാരോയും ഇന്ത്യയിലെ നരേന്ദ്ര മോഡിയും. എല്ലാ പ്രതിഷേധത്തെയും അടിച്ചമർത്തുന്നതിൽ മടിയില്ലാത്തവർ. നവ ഉദാരവൽക്കരണ നയങ്ങൾ നടപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്‌ചയും കാണിക്കാത്തവർ. എന്നിട്ടും കോവിഡ്‌ മഹാമാരിയെ പ്രതിരോധിക്കുന്നതിൽ ഈ മൂന്ന്‌ നേതാക്കളും പരാജയപ്പെടുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌.

ട്രംപും ബോൾസനാരോയും മഹാമാരിയെ ഒരു ഘട്ടത്തിലും ഗൗരവത്തോടെ സമീപിക്കാൻ തയ്യാറായിരുന്നില്ല. ചെറിയൊരു പനി മാത്രമാണ്‌ ഇതെന്ന നിഗമനത്തിലായിരുന്നു ഇരുവരും. മാത്രമല്ല, മാസ്‌ക് ധരിക്കണമെന്ന ആരോഗ്യപ്രവർത്തകരുടെ ആഹ്വാനത്തെ തുടക്കംമുതൽ അവഗണിക്കുന്ന സമീപനമായിരുന്നു ഇരുവരും പ്രകടിപ്പിച്ചത്‌. ശാരീരിക അകലം പാലിക്കൽ, സമ്പർക്കമുള്ളവരെ കണ്ടെത്തൽ, ഐസൊലേഷൻ എന്നീ നിർദേശങ്ങളും അവഗണിക്കപ്പെട്ടു. ഒരു നിബന്ധനയും പാലിക്കാൻ തയ്യാറാകാത്ത ബോൾസനാരോയെ‌ അവസാനം കോവിഡ്‌ പിടികൂടി. കൂടുതൽ ടെസ്റ്റ്‌ നടത്തണമെന്ന‌ ലോകാരോഗ്യ സംഘടനയുടെ ആഹ്വാനത്തെ തുടക്കത്തിൽ പുച്ഛിച്ചു തള്ളാനാണ്‌ ഇരുവരും തയ്യാറായത്‌. മോഡിയാകട്ടെ രോഗത്തിന്റെ വ്യാപ്‌തിക്കനുസരിച്ച്‌  ടെസ്റ്റ്‌ നടത്താൻ ഇപ്പോഴും തയ്യാറായിട്ടുമില്ല.


 

രോഗവ്യാപനം തടയുന്നതിനേക്കാൾ മൂന്ന്‌ നേതാക്കളും പ്രാധാന്യം കൊടുത്തത്‌ സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണനിലയിലേക്ക്‌ കൊണ്ടുവരുന്നതിനാണ്‌. ലോക്‌ഡൗൺ എന്ന ആശയത്തോട്‌ കടുത്ത എതിർപ്പ്‌ പ്രകടിപ്പിച്ചവരാണ്‌ ട്രംപും ബോൾസനാരോയും. മനുഷ്യ ജീവനേക്കാൾ വില സാമ്പത്തിക ജീവിതത്തിനാണെന്ന സമീപനമാണ്‌ ഇരുവരും കൈക്കൊണ്ടത്. എന്നാൽ, മോഡിയാകട്ടെ രോഗം തലപൊക്കിയ മാർച്ച്‌ അവസാനവാരത്തിൽ തന്നെ മൂന്നാഴ്‌ചത്തേക്ക്‌ ലോക്‌ഡൗൺ പ്രഖ്യാപിച്ചു. മഹാഭാരതയുദ്ധം 18 ദിവസംകൊണ്ടാണ്‌ പാണ്ഡവർ ജയിച്ചതെങ്കിൽ 21 ദിവസത്തെ ലോക്‌ഡൗൺ കൊണ്ട്‌ മഹാമാരിയെ കീഴടക്കുമെന്ന്‌ മോഡി പറഞ്ഞു.

നോട്ടുനിരോധനം പ്രഖ്യാപിച്ച അതേ ലാഘവത്തോടെയാണ്‌ നാലുമണിക്കൂർ മാത്രം ഇടവേള നൽകി സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ചത്‌. എന്നാൽ, ജനങ്ങളെ വീട്ടിൽത്തന്നെ ഇരുത്താൻ ആവശ്യമായ സഹായമൊന്നും പ്രഖ്യാപിച്ചില്ല. രോഗവ്യാപന സാധ്യത മുൻകൂട്ടി കണ്ട്‌ ലോക്‌ഡൗൺ കാലത്ത്‌ പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്താനോ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും പിപിഇ കിറ്റുകളും ശേഖരിക്കാനോ തയ്യാറായില്ല. 20 ലക്ഷം കോടി രൂപയുടെ പാക്കേജിൽ 15,000 കോടി രൂപ മാത്രമാണ്‌ ആരോഗ്യമേഖലയ്‌ക്ക്‌ നീക്കിവച്ചത്‌ എന്നതിൽനിന്നു തന്നെ കേന്ദ്ര സർക്കാരിന്റെ ഭാവനയില്ലായ്‌മയെ കുറിച്ച്‌ മനസ്സിലാക്കാം. അങ്ങനെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമായി ലോക്‌ഡൗൺ മാറി. രോഗം വർധിച്ചപ്പോൾ ലോക്‌ഡൗൺ പിൻവലിക്കുകയും ചെയ്തു. അതായത്‌ വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണ്‌ ഓരോ നടപടിയും മോഡി കൈക്കൊണ്ടത്‌. രോഗവ്യാപനം തടയുക, ലോക്‌ഡൗണിന്റെ സാമ്പത്തിക ആഘാതം കുറയ്‌ക്കുക തുടങ്ങി എല്ലാ ബാധ്യതയും സംസ്ഥാന സർക്കാരിന്റെ തലയിലിട്ട്‌ ഒളിച്ചോടുന്ന സമീപനമാണ്‌ മോഡി സർക്കാർ സ്വീകരിച്ചത്‌.  ട്രംപും ബോൾസനാരോയും ഇതേ സമീപനംതന്നെയാണ്‌ ഏറ്റക്കുറച്ചിലോടെ അവരുടെ രാജ്യങ്ങളിലും സ്വീകരിച്ചത്‌.


 

മഹാമാരി എന്താണെന്നും അതിന്റെ വ്യാപ്‌തി സാധ്യത എന്താണെന്നുമുള്ള ശാസ്‌ത്രീയ നിഗമനങ്ങളല്ല മൂന്ന്‌ നേതാക്കളും അവരുടെ രോഗപ്രതിരോധ തന്ത്രങ്ങൾ മെനയുന്നതിന്‌ ആധാരമാക്കിയത്.‌ മോഡിയുടെ കാര്യമെടുത്താൽ ശാസ്‌ത്രസമൂഹവുമായി വിപുലമായ ചർച്ച നടത്താനോ അവരുടെ ആശയങ്ങൾ ക്രോഡീകരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാനോ ഒരു ഘട്ടത്തിലും തയ്യാറായില്ല. ഐസിഎംആറിനെ പോലും സ്വന്തം രാഷ്ട്രീയലക്ഷ്യം നേടാനുള്ള ഉപകരണമാക്കി മാറ്റി. ആഗസ്‌ത്‌ പതിനഞ്ചിനകം വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കണമെന്ന നിർദേശം ഇതിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌.

തുടക്കത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ബ്രീഫിങ് ഉണ്ടായിരുന്നെങ്കിലും രോഗികളുടെ എണ്ണവും മരണവും കൂടിയതോടെ അതും ഉപേക്ഷിച്ചു. ഇപ്പോൾ രോഗമുക്തി നിരക്ക്‌ ദിനംപ്രതി വർധിക്കുന്നുവെന്ന അവകാശവാദം മാത്രമാണ്‌ ആരോഗ്യമന്ത്രാലയത്തിൽനിന്നും ഉണ്ടാകുന്നത്‌. എന്നാൽ, കഴിഞ്ഞ ഒരാഴ്‌ചയായി മരണസംഖ്യ കൂടിയതോടെ ഈ നിരക്കിലും രാജ്യം പിറകോട്ടു പോകുകയാണ്‌. ട്രംപാകട്ടെ  സ്വന്തം രാജ്യത്തെ പകർച്ചവ്യാധി പ്രതിരോധ സംവിധാനവുമായും അതിന്റെ മേധാവിയുമായും പരസ്യമായി ഏറ്റുമുട്ടൽ തുടരുകയാണ്‌. ബോൾസനാരോ ആകട്ടെ ശാസ്‌ത്രത്തിന്റെ വഴിക്കുനീങ്ങിയ രണ്ട് ആരോഗ്യ മന്ത്രിമാരെയാണ്‌ മഹാമാരിക്കാലത്ത്‌ പുറത്താക്കിയത്‌. ശാസ്‌ത്രീയ ചിന്തയെ അപഹസിക്കുന്ന തീവ്രവലതുപക്ഷ ചിന്താഗതിക്കാരായ നേതാക്കൾക്ക്‌ അവർ എത്ര ‘ശക്തരാ’ണെങ്കിലും മഹാമാരിയെ പിടിച്ചുകെട്ടാനാകില്ലെന്ന്‌ ഈ മൂന്നു രാഷ്ട്രത്തിന്റെയും അനുഭവം നമ്മെ പഠിപ്പിക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top