21 September Thursday

സമരജീവികളെന്ന്‌ ആക്ഷേപിച്ച്‌ മോഡി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 9, 2021


കർഷകസമരത്തിന്‌ മുഖംകൊടുക്കാനോ, അവരുടെ ആവശ്യങ്ങളോട്‌ കാര്യമാത്രപ്രസക്തമായി പ്രതികരിക്കാനോ തയ്യാറാകാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒടുവിൽ വായ തുറക്കാൻ നിർബന്ധിതനായിരിക്കുന്നു. എന്നാൽ, ആ നാവിൽനിന്ന്‌ ഉയർന്ന പരിഹാസവും ഭീഷണിയും രാജ്യത്തിന്റെ അന്തസ്സുകെടുത്തുന്നതായി. കർഷകവിരുദ്ധ നിയമനിർമാണം നടത്തിയ കഴിഞ്ഞ സെപ്‌തംബർമുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച സമരം രണ്ടരമാസമായി ഡൽഹി അതിർത്തിയിൽ കത്തിപ്പടരുകയാണ്‌. റിപ്പബ്ലിക്‌ദിനത്തിലെ ട്രാക്ടർ പരേഡും കഴിഞ്ഞദിവസം നടന്ന റോഡ്‌തടയലും മഹാപഞ്ചായത്തുകളും കർഷക ഇന്ത്യയുടെ സമരചരിത്രത്തിൽ പുതിയ ഏടുകളായി. പതിനായിരങ്ങൾ അണിനിരക്കുന്ന ഈ സമരമുഖങ്ങൾ അവകാശബോധത്തിനൊപ്പം ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമാണ്‌ രാജ്യത്തിന്‌ നൽകിയത്. ഇത്‌ അട്ടിമറിച്ച്‌ കർഷകസമരത്തെ ക്രമസമാധാന പ്രശ്‌നമാക്കി മാറ്റാനുള്ള പൊലീസിന്റെ നീക്കങ്ങൾക്ക്‌ അഗ്‌നി പകരുകയാണ്‌ പ്രധാനമന്ത്രി.

ജനകോടികൾക്ക്‌ അന്നംനൽകുന്ന കർഷകരുടെ ധർമസമരത്തെ വികൃതമായി ചിത്രീകരിക്കാനുള്ള കുടിലതന്ത്രമാണ്‌ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി പുറത്തെടുത്തത്. കൊടുംതണുപ്പ്‌ സഹിച്ച്‌ രണ്ടുമാസത്തിലേറെ ടെന്റുകളിൽ ഉണ്ടുറങ്ങി  സമരംതുടരുന്ന കർഷകരെ സമരജീവികളെന്ന്‌ ആക്ഷേപിക്കുന്ന പ്രധാനമന്ത്രിയുടെ ഉള്ളിലിരിപ്പ്‌ വ്യക്തമാണ്‌. എല്ലാ സമരങ്ങളിലും ഒരേ ആളുകളെ കാണാമെന്നും കർഷകസമരം പഞ്ചാബിൽ ക്രമസമാധാനത്തകർച്ചയ്‌ക്ക്‌ കാരണമാകുന്നുവെന്ന്‌ പറയുന്നതിലെ ദുസ്സൂചനയും കാണാതിരുന്നുകൂടാ. എല്ലാ  സംസ്ഥാനങ്ങളിൽനിന്നും സമര വളന്റിയർമാർ എത്തുന്നുണ്ടെങ്കിലും പഞ്ചാബികളെ വേർതിരിച്ചു പറയുന്നത്‌ ഇതാദ്യമല്ല. ഖലിസ്ഥാൻ വിഘടനവാദത്തെയും സിഖ്‌ സമുദായത്തെയും കർഷകസമരവുമായി ചേർത്തുകെട്ടുന്നതിന്റെ പിന്നിലും ദുഷ്ടലാക്കുണ്ട്‌. റിപ്പബ്ലിക്‌ദിനത്തിൽ ചെങ്കോട്ടയിൽ സിഖ്‌ പതാക ഉയർത്തിയവർക്ക്‌ പൊലീസിന്റെ ഒത്താശയുണ്ടായിരുന്നുവെന്ന്‌ വ്യക്തമായതാണ്‌. ഇതിന്റെ തുടർച്ചയാണ്‌ പ്രധാനമന്ത്രിതന്നെ കർഷകസമരത്തിൽ പഞ്ചാബികൾക്കുള്ള പങ്കിനെ ദേശവിരുദ്ധമായി ചിത്രീകരിക്കുന്നത്‌.


 

കർഷകസമരം എന്തിനാണെന്ന്‌ അറിയില്ലെന്നു പാർലമെന്റിൽ പ്രസംഗിക്കുന്ന പ്രധാനമന്ത്രി ഇന്ത്യയുടെ സമരപാരമ്പര്യത്തെയാണ്‌ അവമതിക്കുന്നത്‌. നിയമം പിൻവലിക്കില്ലെന്ന്‌ ആവർത്തിച്ച മോഡി, മാറ്റംവരുത്താമെന്ന്‌ പറയുന്നതിലെ ആത്മാർഥത കണ്ടറിയണം.  മൻമോഹൻ സിങ്ങിന്റെ നയങ്ങൾ ഞങ്ങൾ നടപ്പാക്കുമ്പോൾ കോൺഗ്രസ്‌ എതിർക്കുന്നത്‌ എന്തിനെന്ന ചോദ്യവും മോഡി ഉന്നയിക്കുന്നു. നിയമം ഒന്നരവർഷത്തേക്ക്‌ മരവിപ്പിക്കാമെന്ന്‌ കേന്ദ്ര കൃഷിമന്ത്രിയടക്കം നേരത്തേ നൽകിയ ഉറപ്പിനെക്കുറിച്ച്‌ മോഡി മിണ്ടാത്തതും ദുരൂഹമാണ്‌. കർഷകസമരം ഇന്ത്യക്കെതിരെയാണെന്ന ഹാഷ്‌ടാഗ്‌ പ്രചാരണത്തിന്‌ നേതൃത്വം നൽകിയ പ്രധാനമന്ത്രിക്ക്‌ എങ്ങനെ കർഷകജനതയെ വിശ്വാസത്തിലെടുത്ത്‌ സമരം ഒത്തുതീർപ്പിലെത്തിക്കാൻ സാധിക്കും. കർഷകർ സമരത്തിൽനിന്ന്‌ പിൻമാറണമെന്ന ആവശ്യം ഭീഷണിയല്ലാതെ മറ്റെന്താണ്‌. സമരത്തെ നവമാധ്യമങ്ങളിൽ പിന്തുണയ്‌ക്കുന്നവർക്കെതിരെ ദേശദ്രോഹത്തിന്‌ കേസെടുക്കുമ്പോൾ തന്നെയാണ്‌ മറുഭാഗത്ത്‌ വിഭാഗീയ ഹാഷ്‌ടാഗ്‌ പ്രചാരണവും നടക്കുന്നത്‌. ട്വിറ്റർ ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിൽ തങ്ങൾക്ക്‌ പഥ്യമല്ലാത്തത്‌ വരുമ്പോൾ അക്കൗണ്ടുകൾതന്നെ നീക്കംചെയ്യുകയാണ്‌. സമരകേന്ദ്രങ്ങളിലേക്ക്‌ ഒഴുകിവരുന്ന ജനങ്ങളുടെ എണ്ണം അനുദിനം വർധിച്ചുവരുമ്പോൾ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചും ബലംപ്രയോഗിച്ചും നേരിടാനുള്ള ഒരുക്കങ്ങളാണ്‌ നടത്തുന്നത്‌. ഇതൊന്നും കർഷകരുടെ സമരവീര്യത്തിന്‌ പോറലേൽപ്പിക്കുന്നില്ലെന്ന്‌ കണ്ടപ്പോഴാണ്‌ പാർലമെന്റ്‌ തന്നെ കർഷക വിരുദ്ധ പ്രചാരണത്തിന്റെ വേദിയാക്കി പ്രധാനമന്ത്രി മാറ്റിയത്‌.

പ്രകോപനത്തിനുള്ള എല്ലാ കുതന്ത്രങ്ങളെയും അതിജീവിച്ച്‌ അസാമാന്യമായ ഐക്യബോധത്തോടെയാണ്‌ സമരം മുന്നേറുന്നത്‌. വരുംനാളുകളിൽ അത്‌ കൂടുതൽ ശക്തിപ്പെടുത്താനാണ്‌‌ കർഷക സംഘടനകളുടെ ഐക്യവേദി തീരുമാനിച്ചിട്ടുള്ളത്‌. ട്രേഡ്‌യൂണിയനുകളും ബഹുജന സംഘടനകളും സമരത്തിൽ‌ പ്രത്യക്ഷമായി അണിചേരും. അനുഭാവസമരങ്ങളിലെ വൻജനപങ്കാളിത്തം മോഡി സർക്കാരിനെതിരായ ജനവികാരത്തിന്റെ പ്രതിഫലനമാണ്‌. യുപിയിലും ഹരിയാനയിലും  മഹാപഞ്ചായത്തുകളിൽ വൻജനസഞ്ചയമാണ്‌ എത്തിയത്‌. ഇത്‌ കൂടുതൽ സംസ്ഥാനങ്ങളിലേക്ക്‌ വ്യാപിപ്പിക്കും.

സമരം അന്തർദേശീയതലത്തിൽ ചർച്ചചെയ്യപ്പെടുന്നതും പുതിയൊരു അനുഭവമാണ്‌. ഡൽഹിയിൽ  ഒരു കർഷകൻകൂടി ജീവനൊടുക്കിയതോടെ സമരത്തിന്റെ വൈകാരികതലം ശക്തമായിട്ടുണ്ട്‌. മോഡി സർക്കാർ തുടർച്ചയായി തീയതി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും നിയമങ്ങൾ എപ്പോൾ പിൻവലിക്കുമെന്ന്‌ പറയാനാകില്ലെന്നുമാണ്‌ ആത്മഹത്യാക്കുറിപ്പിലുള്ളത്‌.  ഡൽഹിയിൽ സമരംതുടങ്ങിയിട്ട്‌  ആറാമത്തെ കർഷക ആത്മഹത്യയാണിത്‌. പ്രതികൂല കാലാവസ്ഥയിൽ നൂറ്റമ്പതിലേറെ കർഷകർ സമരകേന്ദ്രങ്ങളിൽ മരിച്ചു‌. എന്നിട്ടും കർഷകസമൂഹം അനുകരണീയമായ സംയമനമാണ്‌ തുടർന്നുപോകുന്നത്‌. ഭക്ഷണവും വെള്ളവും വൈദ്യുതിയും നിഷേധിച്ചതും ഇന്റർനെറ്റ്‌ നിരോധനവും മർദനമുറകളും ഇന്ത്യയുടെ യശസ്സുകെടുത്തിയ നടപടികളാണ്‌. ഇതെല്ലാം അന്തർദേശീയ മാധ്യമങ്ങളിൽ പ്രതിഫലിക്കുന്നു‌.

കർഷകസംഘടനകൾ ഐക്യരാഷ്ട്രസംഘടനാ മനുഷ്യാവകാശ കമീഷനെ സമീപിച്ചിട്ടുണ്ട്‌. മണ്ണിന്റെ മക്കളുടെ ജീവിക്കാനുള്ള പോരാട്ടം കൂടുതൽ കരുത്താർജിക്കുമ്പോഴും വിദ്വേഷപ്രചാരണത്തിന്റെ പുതിയതലങ്ങൾ തേടുകയാണ്‌ ഭരണാധികാരികൾ. കർഷകർ എന്തിനാണ്‌ ഈ നിയമത്തെ എതിർക്കുന്നതെന്ന്‌ ചോദിച്ചിരുന്നവർ പിന്നീട്‌ മലക്കംമറിഞ്ഞു. കർഷകരല്ല, ദല്ലാളന്മാരാണ്‌ സമരംചെയ്യുന്നതെന്ന്‌ പറയുന്നത്‌ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരാണ്‌. പരസ്‌പരവിരുദ്ധവും സ്ഥിരതയില്ലാത്തതുമായ നിലപാടുകൾ വഴി പരിഹാസ്യരായിട്ടും കോർപറേറ്റ്‌ താൽപ്പര്യങ്ങൾ കൈയൊഴിയാൻ കേന്ദ്രസർക്കാർ ഒരുക്കമല്ല. ഈ നയം തിരുത്തി കർഷകരുടെ ന്യായമായ ആവശ്യങ്ങളോട് ‌ക്രിയാത്മകമായി പ്രതികരിക്കാൻ‌ കേന്ദ്രം തയ്യാറാകണം. അതിനിയും വൈകിയാൽ  രാജ്യത്തെ സ്‌തംഭിപ്പിക്കുന്നവിധം കൂടുതൽ കരുത്തുറ്റ സമരൈക്യം ഉയർന്നുവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top