25 April Thursday

തൊഴിലാളിയെ‌ ദ്രോഹിച്ച്‌ കോർപറേറ്റ്‌ സേവ

വെബ് ഡെസ്‌ക്‌Updated: Monday May 11, 2020


ഏറ്റവും വലിയ ദുരിതകാലത്തിലൂടെയാണ്‌ നാം കടന്നുപോകുന്നത്‌. കോവിഡ്‌ മഹാമാരി വിതച്ച ദുരന്തത്തിന്റെ ആഘാതം ‌തിട്ടപ്പെടുത്താൻ പോലും വിഷമമാണ്‌. 50 ദിവസത്തോട്‌ അടുക്കുന്ന അടച്ചുപൂട്ടൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ അടിമുടി തകർത്തിരിക്കുന്നു. സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്കണോമിയുടെ കണക്കനുസരിച്ച്‌ ഏപ്രിലിൽ 12.2 കോടി പേർക്കാണ്‌ തൊഴിൽ നഷ്ടമുണ്ടായിട്ടുള്ളത്‌. തൊഴിലില്ലായ്‌മ നിരക്ക്‌ 30 ശതമാനത്തിലേക്ക്‌ അടുക്കുകയാണ്‌. ഇത്തരമൊരു ഘട്ടത്തിൽ ഒരുനേരത്തെ ഭക്ഷണത്തിനായി കേഴുന്ന തൊഴിലാളികളോട്‌ അനുകമ്പാപൂർണമായ സമീപനം സർക്കാരുകളിൽ നിന്നും ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷിച്ചത്‌. എന്നാൽ, അവർക്കായി ഒരു തുള്ളി കണ്ണീർ വീഴ്‌ത്താൻ മോഡി സർക്കാർ തയ്യാറായില്ലെന്നു മാത്രമല്ല അവരുടെ പരിമിതമായ അവകാശങ്ങൾ പോലും കവർന്നെടുത്ത്‌ അടിമസമാനമായ ജീവിതത്തിലേക്ക്‌ അവരെ തള്ളിവിടുകയാണ്‌.

ബിജെപിയുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിലുള്ള സർക്കാരുകൾ ഒന്നൊന്നായി തൊഴിൽനിയമങ്ങൾ മരവിപ്പിച്ച്‌ പരിമിതമായ അവകാശങ്ങൾ പോലും കവരുകയാണ്‌ ഇപ്പോൾ. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ്‌ സർക്കാർ ഭൂരിപക്ഷം തൊഴിൽ നിയമവും അടുത്ത മൂന്നു വർഷത്തേക്ക്‌ സസ്‌പെൻഡ്‌ ചെയ്‌ത്‌ ഓർഡിനൻസിറക്കി. മധ്യപ്രദേശിലെ ശിവരാജ്‌സിങ് ചൗഹാൻ സർക്കാരാകട്ടെ തൊഴിൽസമയം എട്ടു മണിക്കൂറെന്നത്‌ 12 മണിക്കൂറായി ഉയർത്തി. ബിജെപിതന്നെ ഭരിക്കുന്ന ഗുജറാത്ത്‌ ഹിമാചൽപ്രദേശ്‌, ഹരിയാന സർക്കാരുകളും കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാൻ, പഞ്ചാബ്‌ സർക്കാരുകളും തൊഴിൽസമയം നാല്‌ മണിക്കൂർ വർധിപ്പിക്കാൻ തീരുമാനിച്ചു. ഗുജറാത്തിലും എല്ലാ തൊഴിൽനിയമവും നാല്‌ വർഷത്തേക്ക്‌ മരവിപ്പിച്ചു. കർണാടകസർക്കാരും ഈ വഴിക്കുള്ള നീക്കത്തിലാണ്‌.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മാത്രമാണ്‌ തൊഴിൽ നിയമങ്ങളിൽ വെള്ളം ചേർക്കാനില്ലെന്ന്‌ അസന്ദിഗ്ധമായി പറഞ്ഞിട്ടുള്ളത്‌. നവ ഉദാരവൽക്കരണ നയങ്ങൾ സ്വീകരിച്ച‌ 1990കൾ മുതൽതന്നെ തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതാൻ ആരംഭിച്ചിരുന്നു. മോഡി സർക്കാർ അധികാരത്തിൽ വന്നതോടെ ഇതിന്‌ വേഗം വർധിച്ചു. 44 കേന്ദ്ര തൊഴിൽനിയമങ്ങൾ നാല്‌ കോഡുകളിലാക്കി ദുർബലമാക്കാനുള്ള നീക്കം അതിന്റെ ഭാഗമാണ്‌. അതിൽ വേജ്‌കോഡ്‌ ബിൽ ഇതിനകം രാജ്യസഭ പാസാക്കി കഴിഞ്ഞു. കോൺഗ്രസും ഇതിന്‌ അനുകൂലമായിരുന്നു. ഇതുസംബന്ധിച്ച്‌ പാർലമെന്ററി സ്‌റ്റാൻഡിങ് കമ്മിറ്റിയിൽ ഇടതുപക്ഷ പാർടികൾ വിയോജനക്കുറിപ്പ്‌ രേഖപ്പെടുത്തിയപ്പോൾ കോൺഗ്രസ്‌ അതിനും തയ്യാറായില്ല. അതായത്‌ തൊഴിലാളികളെ പിഴിഞ്ഞ്‌ കോർപറേറ്റുകളുടെ ലാഭം കുന്നുകൂട്ടാനുള്ള നവ ഉദാരവൽക്കരണ നയം നടപ്പിലാക്കുന്നതിൽ ഇരുപാർടിയും ഒരേ തട്ടിലാണ്.‌


 

തകർന്നടിഞ്ഞ സമ്പദ്‌ഘടനയ്‌ക്ക്‌ പുതുജീവൻ നൽകാനും നിക്ഷേപം ആകർഷിക്കാനും എന്ന പേരിലാണ്‌ തൊഴിലാളികളുടെ അവകാശങ്ങൾക്ക്‌ മേൽ കുതിരകയറാൻ ആരംഭിച്ചിട്ടുള്ളത്‌. തൊഴിലാളികളെ ഇഷ്ടംപോലെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള അവകാശം, ഫാക്ടറികൾ യഥേഷ്ടം തുറക്കാനും അടച്ചുപൂട്ടാനുമുള്ള സ്വാതന്ത്ര്യം, സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള തൊഴിലാളികളുടെ അവകാശം നിഷേധിക്കൽ തുടങ്ങി തൊഴിലുടമയ്‌ക്ക്‌ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമാണ്‌ തൊഴിൽ നിയമങ്ങൾ മരവിപ്പിച്ച്‌ സർക്കാരുകൾ നൽകുന്നത്‌. നിയമവാഴ്‌ചയേതുമില്ലാത്ത ‘ജംഗിൾ രാജി’ലേക്കാണ്‌ ഈ സംസ്ഥാനങ്ങൾ നീങ്ങുന്നത്‌. നിക്ഷേപത്തിന്‌ അനുകൂലമായ അന്തരീക്ഷമല്ല ഇത്‌ സൃഷ്ടിക്കുകയെന്ന്‌ ഉറപ്പാണ്‌.

ഇങ്ങനെയൊക്കെ ചെയ്‌താലേ സമ്പദ്‌ഘടന മെച്ചപ്പെടുകയും നിക്ഷേപം വരികയും ഉള്ളൂവെന്നാണ്‌ വാദം. മഹാമാരിയുടെ പേരിൽ അമേരിക്കയുമായി സംഘർഷം മൂർച്ഛിക്കുന്ന പശ്‌ചാത്തലത്തിൽ ചൈന വിട്ടുപോകുന്ന പാശ്ചാത്യനിക്ഷേപകരെ ആകർഷിക്കാനാണത്രേ മോഡി സർക്കാരിന്റെ നിർദേശപ്രകാരം തൊഴിൽ നിയമങ്ങളിൽ വെള്ളം ചേർക്കുന്നത്‌. ഒരിക്കലും നടക്കാനിടയില്ലാത്ത മലർപ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണിത്‌. രാജ്യത്ത്‌ വിദേശനിക്ഷേപം വരാതിരിക്കാനുള്ള പ്രധാന കാരണം വൈദ്യുതി ലഭ്യതക്കുറവും പശ്‌ചാത്തല സൗകര്യമില്ലായ്‌മയും ആണെന്ന്‌ ലോക ബാങ്ക്‌‌ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. മാത്രമല്ല, നവ ഉദാരവൽക്കരണത്തിന്റെ വരവോടെ തന്നെ തൊഴിൽനിയമങ്ങൾ നടപ്പിലാക്കുന്നതിൽ മാറിമാറിവന്ന സർക്കാരുകൾ നിസ്സംഗത പുലർത്തുകയും ചെയ്‌തിരുന്നു. അതുകൊണ്ടുതന്നെ തൊഴിൽ നിയമങ്ങളല്ല നിക്ഷേപത്തിനും വികസനത്തിനും തടസ്സമെന്നർഥം.


 

കോർപറേറ്റ്‌ പ്രീണനവും വർഗീയതയും മുഖമുദ്രയാക്കിയ, ആർഎസ്‌എസിനാൽ നിയന്ത്രിക്കപ്പെടുന്ന മോഡി സർക്കാരിനെ സംബന്ധിച്ച്‌ തൊഴിലാളിവർഗത്തിനുള്ള എല്ലാ സംരക്ഷണവും ഇല്ലാതാക്കുകയെന്നത്‌ അവരുടെ ആശയപദ്ധതിയുടെ ഭാഗമാണ്‌. സാധാരണ കാലഘട്ടത്തിൽ ഇത്‌ സാധ്യമാകില്ലെന്ന്‌ അവർക്ക്‌ നന്നായി അറിയാം. അതിനാലാണ്‌ മഹാമാരിയുടെ സമയം തന്നെ അവർ ഇതിനായി തെരഞ്ഞെടുത്തത്‌‌. 18, 19 നൂറ്റാണ്ടിലേക്ക്‌ എല്ലാ അർഥത്തിലും രാജ്യത്തെ തിരിച്ചുകൊണ്ടുപേകാൻ ശ്രമിക്കുന്ന ശക്തികൾ തൊഴിലാളികളെയും പിന്നോട്ടേക്ക്‌ തള്ളിയിടുകയാണ്‌. എന്നാൽ, കോർപറേറ്റ്‌‌ ലാഭം വർധിപ്പിക്കാൻ തങ്ങളുടെ അവകാശങ്ങൾ കവരുകയാണെന്ന്‌ തിരിച്ചറിയുന്ന തൊഴിലാളികൾ ശക്തമായി തിരിച്ചടിക്കുക തന്നെ ചെയ്യും. കഴിഞ്ഞദിവസം ഏഴ്‌ രാഷ്ട്രീയ പാർടികൾ രാഷ്ട്രപതിക്ക്‌ നൽകിയ കത്തും വിവിധ സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ച സമരങ്ങളും ഇതിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌.

തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ജീവനോപാധിയും തകർത്ത്‌ സമ്പദ്‌ഘടനയെ ശരിയാക്കിക്കളയാമെന്നത്‌ മൂഢവിശ്വാസം മാത്രമാണ്‌. സമ്പത്ത്‌ ഉൽപ്പാദിപ്പിക്കുന്ന വിഭാഗം ‌തൊഴിലാളിയാണ്‌. അവരെ യഥേഷ്ടം പിരിച്ചുവിടാനും കൂലി നിഷേധിക്കാനും ഓവർടൈം വേതനം തട്ടിയെടുക്കാനും തൊഴിലുടമയ്‌ക്ക്‌ സമ്പൂർണ അവകാശം നൽകിയതുകൊണ്ട്‌ മാത്രം വികസനം സാധ്യമാകുമെന്ന്‌ ആരും ധരിക്കരുത്‌. ഇതുവഴി തൊഴിലുടമയുടെ ലാഭം കുന്നുകൂടുകയും തൊഴിലാളിക്ക്‌ കിട്ടുന്ന കൂലി കുറയുകയുമാണ്‌ ചെയ്യുന്നത്‌. ഇതോടെ ഉപഭോഗം കുറയും. നിർമിതവസ്‌തുക്കൾക്ക്‌ ആവശ്യക്കാരില്ലാതെ സമ്പദ്‌ഘടന വളരില്ല. തൊഴിൽസമയം വർധിപ്പിക്കുന്നുവെന്നതിനർഥം തൊഴിലവസരങ്ങൾ കുറയുന്നുവെന്നും തൊഴിലില്ലായ്‌മ വർധിക്കുന്നുവെന്നുമാണ്.‌ അതിനാൽ സമ്പദ്‌വ്യവസ്ഥ രക്ഷപ്പെടണമെങ്കിൽ തൊഴിലവസരം വർധിപ്പിച്ച്‌ തൊഴിലാളികൾക്ക്‌ കൂലിവർധിപ്പിച്ച്‌ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തലാണ്‌. അതിനുള്ള നീക്കങ്ങളാണ്‌ മഹാമാരിയുടെ കാലത്ത്‌ സർക്കാരുകൾ സ്വീകരിക്കേണ്ടത്‌. അല്ലാതെ ഇതൊരവസരമാക്കി കോർപറേറ്റ്‌ സേവ നടത്തലല്ല. അങ്ങനെ വന്നാൽ കൊറോണ വൈറസിനേക്കാളും വലിയ മഹാമാരിക്കായിരിക്കും രാജ്യം സാക്ഷിയാകുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top