11 December Monday

മോദി‐ അദാനി കൂട്ടുകെട്ടിൽ
 ഓഹരിവിപണിയിലും ചൂതാട്ടം

വെബ് ഡെസ്‌ക്‌Updated: Saturday Sep 2, 2023


ചൂഷണത്തെ ലാഭമെന്നു വിശേഷിപ്പിച്ച്‌ നിഗൂഢ സാമ്പത്തിക അജൻഡകൾ നടപ്പാക്കുന്നതിലും ദരിദ്ര‐ ധനിക വിടവ്‌ ഭയാനകമാക്കുന്നതിലും വ്യവസ്ഥയ്‌ക്ക്‌  പ്രത്യേക കൗശലമുണ്ടെന്ന്‌  മാർക്‌സ്‌ നിരീക്ഷിക്കുകയുണ്ടായി. ചങ്ങാത്ത മുതലാളിത്തം പാരമ്യത്തിലെത്തിയ അവസ്ഥയിൽ അത്‌ പരസ്യമാണ്‌. അദാനി ഗ്രൂപ്പിന്റെ  ഓഹരിത്തട്ടിപ്പിന്റെ കൂടുതൽ രേഖകൾ പുറത്തുവന്നത്‌ അതിന്റെ അനുബന്ധവും. ജനുവരിയിൽ ന്യൂയോർക്ക് ആസ്ഥാനമായ ഹിൻഡൻബർഗ് പുറത്തുവിട്ട തട്ടിപ്പ് മുൻനിർത്തിയുള്ള കാര്യം ശരിവയ്ക്കുന്നതാണ്‌ തെളിവുകൾ. വിദേശത്തുനിന്നുള്ള രണ്ട്‌ രഹസ്യനിക്ഷേപകർ ഭൂരിപക്ഷ ഓഹരി ഉടമകളായ അദാനി കുടുംബത്തിന്റെ ബിനാമികളാണെന്നും കണ്ടെത്തി. തെളിവില്ലാത്തതിനാൽ  ഇന്ത്യൻ സംഘങ്ങളുടെ  പലവിധ അന്വേഷണങ്ങൾ മുന്നോട്ടുപോകുന്നില്ല എന്നതായിരുന്നു മോദി സർക്കാരിന്റെ ഔദ്യോഗിക നിലപാടും വിശദീകരണവും. അദാനിക്കെതിരെ ഡിആർഐ അന്വേഷണം നടത്തി സെബിയെ ധരിപ്പിച്ചിട്ടും നടപടിയുണ്ടായില്ലെന്നതും പ്രധാനം. ഓഹരിവിപണിയിലെ അദാനി ഗ്രൂപ്പിന്റെ ഇടപെടലുകൾ 2014ൽ അന്വേഷിച്ച ഡിആർഐ, വിദേശ കമ്പനികൾവഴി സ്വന്തം ഓഹരി വാങ്ങിയത്‌ സെബിയുമായി പങ്കുവച്ചു. എന്നിട്ടും മോദി പ്രധാനമന്ത്രിയായശേഷം ഡിആർഐ വിധിനിർണയ അതോറിറ്റി, കേസ് ധൃതിപിടിച്ച്‌ അവസാനിപ്പിച്ച്‌ അദാനിയെ സഹായിക്കുകയായിരുന്നു. 

ഒസിസിആർപി (സംഘടിത കുറ്റങ്ങളും അഴിമതിയും പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തക കൂട്ടായ്മ) ശേഖരിച്ച രേഖകളാണ് തട്ടിപ്പിന്റെ വിശദ തെളിവുകൾ ഇപ്പോൾ പുറത്തെത്തിച്ചത്‌. ഗാർഡിയനും ഫിനാൻഷ്യൽ ടൈംസുമായി ഒസിസിആർപി  പങ്കുവച്ച തെളിവുകളിൽ നികുതി വെട്ടിപ്പുകേന്ദ്രങ്ങളിൽനിന്നുള്ള ഫയലുകൾ, ബാങ്ക് രേഖകൾ, അദാനി ഗ്രൂപ്പിൽനിന്ന്‌ പോയ ആഭ്യന്തര ഇ -മെയിലുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഗ്രൂപ്പിലേക്കുള്ള  വിദേശനിക്ഷേപം ആരുടേതാണെന്നതാണ് നിഗൂഢമായിരുന്നത്. രണ്ടുപേരെങ്കിലും അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളാണ്‌ എന്നാണ് കണ്ടെത്തൽ. നാസർ അലി ഷബാൻ അലി, ചാങ് ചുങ് ലിങ് എന്നിവർക്ക് വർഷങ്ങളായി ഗ്രൂപ്പുമായി ബന്ധമുണ്ട്. അവർ പലപ്പോഴും ആ  കമ്പനികളിൽ ഡയറക്ടർമാരും ഓഹരി ഉടമകളുമായിരുന്നു. മുതിർന്ന അദാനി കുടുംബാംഗം വിനോദ് അദാനിയുമായി അടുത്ത ബന്ധമാണ് ഇരുവർക്കും. നിക്ഷേപങ്ങൾ ഗൗതം അദാനിയുടെ മൂത്ത സഹോദരൻകൂടിയായ വിനോദ് അദാനിയുടെ കമ്പനിയിൽനിന്നുള്ള നിർദേശപ്രകാരമാണ്‌.

ഏതെങ്കിലും  കമ്പനിയുടെ മുക്കാൽ ഭാഗത്തിനുമേൽ ഓഹരികൾ അതേ കമ്പനി  പ്രതിനിധികളുടെ ഉടമസ്ഥതയിലാകുന്നത് നിയമവിരുദ്ധമാണ്‌; ഓഹരിമൂല്യത്തിന്റെ തട്ടിപ്പും. അതിലൂടെ സ്വന്തം ഓഹരികൾക്ക് കൃത്രിമക്ഷാമം ഉണ്ടാക്കുകയും മൂല്യം വർധിപ്പിക്കുകയും ചെയ്യുന്നു. പ്രതിച്ഛായ മെച്ചപ്പെടുത്തി കൂടുതൽ വായ്പ ലഭിക്കാൻ പ്രയോജനപ്പെടുത്തുകയും ചെയ്യും. അതിലൂടെ പുതിയ കമ്പനികൾ രൂപീകരിക്കാനുമാകും. മോദി പ്രധാനമന്ത്രിയാകുംമുമ്പ് 800 കോടി ഡോളറായിരുന്ന  അദാനി ഗ്രൂപ്പിന്റെ മൂല്യം ഒമ്പതുകൊല്ലത്തിനിടെ 26,000 കോടി ഡോളറായി. ഒരുവർഷത്തിനുള്ളിൽ 2350 കോടി  ഡോളറിന്റെ ആസ്തി വികാസം. അതിനുപിന്നിലെ വമ്പൻ അഴിമതികളെയും തട്ടിപ്പുകളെയും മോദി തുണയ്‌ക്കുകയായിരുന്നു. ആ കുത്തകയ്‌ക്കുവേണ്ടി പല അനുകൂല നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കുകയും ചിലത്‌ വളച്ചൊടിക്കുകയും ദുർവ്യാഖ്യാനം  ചെയ്യുകയുമാണ്‌. അദാനിയുടെ 12,000 കോടിയിലേറെ ബാധ്യത എസ്ബിഐ എഴുതിത്തള്ളുകയുമുണ്ടായി. അദാനി എന്റർപ്രൈസസിനു കീഴിലെ നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ടിന്റെ  കുടിശ്ശികയാണ്‌ ഒഴിവാക്കിയത്.

ഓഹരിവിപണിയിലെ  അദാനിയുടെ ഷൈലോക്കിയൻ സമീപനം രാജ്യത്തെയാകെ ബാധിക്കുമെന്ന്‌ തീർച്ച. ദൂരവ്യാപക  പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഇത്തരം തട്ടിപ്പിനെതിരെ റെഗുലേറ്ററി സംവിധാനങ്ങൾ ചെറുവിരൽ അനക്കില്ലെന്ന്‌ മോദി‐ അദാനി കച്ചവടബന്ധം ഉറപ്പാക്കിയിട്ടുമുണ്ട്. പുതിയ തെളിവുകൾ ഗൗരവമായ അന്വേഷണം അനിവാര്യമാക്കുന്നു. അദാനിയുടെ വൻ ബിസിനസുകളിൽ കേന്ദ്ര ഭരണത്തിലെ പ്രമുഖർക്ക്‌ രഹസ്യനിക്ഷേപം ഉള്ളതായും പറയപ്പെടുന്നു. മോദി‐ അദാനി വ്യാപാര‐ വാണിജ്യ കൂട്ടുകെട്ടിന്റെ സാമ്പത്തിക ചൂതാട്ടം കേന്ദ്രഭരണാധികാരം ദുരുപയോഗിച്ച് മറച്ചുപിടിക്കാതിരിക്കാൻ പരമോന്നത നീതിപീഠം ജാഗ്രതയോടെ ഇടപെടുകതന്നെ വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top