19 April Friday

വിവരസാങ്കേതിക വിദ്യയുടെ ദുരുപയോഗം

വെബ് ഡെസ്‌ക്‌Updated: Saturday Mar 24, 2018


സാങ്കേതികവിദ്യയ്ക്കും അതിന്റെ വികാസത്തിനും രണ്ട് വശങ്ങളാണുള്ളത്. സാമൂഹ്യപുരോഗതിക്ക് ഉതകുന്ന തരത്തിൽ, അന്നുവരെയും മനുഷ്യസാധ്യമല്ലാതെയിരുന്ന കാര്യങ്ങളെ മനുഷ്യരുടെ വരുതിയിൽ കൊണ്ടുവരിക എന്നതാണ് അതിലൊന്ന്. വിദൂരങ്ങളിലുള്ളവരുമായി ഉടനടിയുള്ള ആശയവിനിമയം സാധ്യമാക്കുന്ന ഇന്റർനെറ്റിന്റെ ആവിർഭാവം അത്തരത്തിലുള്ള ഒരു സാങ്കേതികമുന്നേറ്റമാണ്. സമൂഹമെന്നനിലയിൽ ഇന്റർനെറ്റ് സാങ്കേതികവിദ്യയുപയോഗിച്ച് ഒട്ടേറെ മുന്നേറ്റങ്ങൾ സാധ്യമായിട്ടുണ്ട്. എങ്കിലും അതിനൊരു ഇരുണ്ടവശംകൂടിയുണ്ട്. ഇന്ത്യയിൽ 2014 ലെ തെരഞ്ഞെടുപ്പിൽ ശതകോടികൾ ചെലവിട്ട് വിവരസാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിലൂടെ രാഷ്ട്രീയനേട്ടം കൊയ്യാൻ ശ്രമിച്ചത് പ്രധാനമായും ഇന്ന് രാജ്യം ഭരിക്കുന്ന കക്ഷിതന്നെയാണ്. സോഷ്യൽ മീഡിയയുടെ ജനാധിപത്യസാധ്യതകൾ തകർത്ത് പണവും കുബുദ്ധിയുംകൊണ്ട് മേൽക്കൈ നേടാൻ ശ്രമിച്ചതിന്റെ നേർചിത്രം വ്യാജ അക്കൗണ്ടുകളുടെ എണ്ണമായും രഹസ്യ ഐടി സെല്ലിന്റെ ഇടപെടലായും ഇന്ന് പുറത്തുവന്നു. അതിനെയെല്ലാം സ്ഥിരീകരിക്കുന്നതും യാഥാർഥ്യം അതിലും എത്രയോ ഭീകരമാണെന്നും തെളിയിക്കുന്നതാണ് കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന യുകെ കമ്പനിയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്ന  വിവരങ്ങൾ.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണകരാർ ലഭിച്ച കമ്പനിയെന്ന നിലയ്ക്കാണ് കേംബ്രിഡ്ജ് അനലിറ്റിക്ക പ്രശസ്തിയാർജിച്ചതെങ്കിലും മിക്ക രാജ്യങ്ങളിലെയും രാഷ്ട്രീയകേന്ദ്രങ്ങളുമായി കച്ചവടം നടത്തുന്നവരാണിവർ. ഇന്റർനെറ്റ് ഉപയോക്താക്കളുടെ സാമൂഹ്യമാധ്യമ ഇടപെടലുകളും ലഭ്യമായ മറ്റ് ഡിജിറ്റൽ കാൽപ്പാടുകളും ഉപയോഗിച്ച് ഓരോ ഉപയോക്താവിന്റെയും സ്വഭാവവും താൽപ്പര്യങ്ങളും മറ്റ് സവിശേഷതകളും മനഃശാസ്ത്രസിദ്ധാന്തങ്ങളും ഗണിതമാതൃകകളുമുപയോഗിച്ച് കണ്ടുപിടിക്കുകയും അങ്ങനെ ഇവയുപയോഗിച്ച് ലക്ഷ്യവേധിതമായി പരസ്യങ്ങൾ നൽകുകയും ചെയ്യുന്ന ഒരു രീതി കുറച്ചുനാളായി നിലവിലുണ്ട്. ഓരോ ഉപയോക്താവിന്റെയും അഭിരുചികൾക്കും ആവശ്യങ്ങൾക്കുമനുസൃതമായി പരസ്യങ്ങൾ നൽകാൻ ഇതുമൂലം സാധിക്കും. ആകെയുള്ള പരസ്യച്ചെലവ് കുറയുന്നതിനൊപ്പംതന്നെ, സാമ്പ്രദായികരീതികളെയപേക്ഷിച്ച് പരസ്യത്തിന്റെ ഫലപ്രാപ്തി വർധിപ്പിക്കാനും ഇതുമൂലം സാധിക്കും. ഉപയോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ വ്യക്തിപരമായ വിവരം ശേഖരിച്ചാണ് ഇത് ചെയ്യുന്നത്. അത്തരം വിവരശേഖരണം തെറ്റും നിയമവിരുദ്ധവുമാണ്. 

ഇങ്ങനെ ശേഖരിക്കപ്പെടുന്ന വിവരങ്ങൾ ഉപയോക്താക്കളുടെ തീരുമാനങ്ങളെ സ്വാധീനിക്കാനും തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുമുപയോഗിച്ചെന്ന അതീവഗുരുതര കുറ്റം കൂടി കേംബ്രിഡ്ജ് അനലിറ്റിക്ക വരുത്തിയിട്ടുണ്ട്. ഓരോ ഉപയോക്താവിന്റെയും ദൗർബല്യങ്ങളെന്തെന്ന് കണ്ടുപിടിക്കുകയും അത് തങ്ങൾക്ക് കരാർ തന്ന രാഷ്ട്രീയകക്ഷിക്ക് അനുകൂലമായി ഉപയോഗിക്കുകയുമാണ് അവർ ചെയ്തത്.  ഏറെ ഞെട്ടലുളവാക്കുന്ന ഒരു സംഗതി ഇതേ രീതിയിലുള്ള നൈതികവിരുദ്ധമായ തെരെഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനം ഇന്ത്യയിലും പല തെരഞ്ഞെടുപ്പുകളിലും ഉപയോഗിച്ച് വരുന്നുവെന്നതാണ്. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇന്ത്യൻ അഫിലിയേറ്റായ ഒവ്ലീൻ ബിസിനസ് ഇന്റലിജൻസ് ഇന്ത്യയിലെ പല തെരഞ്ഞെടുപ്പുകളിലും സജീവമായി ഇടപെടുന്നവരാണ്.

ഡിജിറ്റൽ യുഗത്തിൽ മനുഷ്യസമൂഹം നേരിടുന്ന പുത്തൻ വെല്ലുവിളികളിലേക്കുള്ള ഒരു ചൂണ്ടുപലക കൂടിയാണ് ഈ വിവാദം. സ്വകാര്യതപോലെയുള്ള വ്യക്ത്യാവകാശങ്ങൾ ബഹുമാനിക്കപ്പെടാതെപോകുന്നു എന്നത് മാത്രമല്ല ഇവിടെ പ്രശ്നമാകുന്നത്. ജനാധിപത്യത്തിന്റെ വിശ്വാസ്യതയെത്തന്നെ ഇല്ലാതെയാക്കുന്നുവെന്നതും ഗുരുതരപ്രശ്നമാണ്. ഇത്തരം അതിനൂതനമായ സങ്കേതങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്നത് ഏറെ പണം ചെലവഴിക്കാൻ സാധിക്കുന്നവർക്കാണെന്നിരിക്കെ, ദരിദ്രജനവിഭാഗങ്ങളുടെയും അവരുടെ താൽപ്പര്യങ്ങൾ പ്രതിനിധാനംചെയ്യുന്നവരുടെയും മുകളിൽ അന്യായമായ  മേൽക്കൈ നേടാൻ സമ്പന്നവിഭാഗങ്ങൾക്കാകുന്നു. അധികാരം സമ്പന്നവിഭാഗങ്ങളിലേക്ക് മാത്രം ചുരുങ്ങാൻ ഇതിടയാക്കുന്നു. അധികാരം സമ്പന്നവിഭാഗങ്ങളിലേക്ക് ചുരുങ്ങുന്നതോടെ, സമൂഹത്തിലെ അസമത്വം കൂടുതൽ കൂടുതൽ രൂക്ഷമാകും.

ഈ വെല്ലുവിളികളെ അഭിസംബോധനചെയ്യുന്ന തരത്തിലുള്ള നിയമനിർമാണം നടത്തേണ്ടതുണ്ട്. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെയൊപ്പം തെരെഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെമേൽ നൈതികവിരുദ്ധമായ മനഃശാസ്ത്രസങ്കേതങ്ങൾ പ്രയോഗിക്കുന്നതിനെക്കുറിച്ചും ധനമൂലധനം പ്രത്യക്ഷമായി ജനാധിപത്യസംവിധാനങ്ങളെ അട്ടിമറിക്കുന്നതിനൊപ്പം പരോക്ഷമായി ഇത്തരം രീതികളിലൂടെ സ്വാധീനംചെലുത്തുന്നതിനെക്കുറിച്ചും ചർച്ചകൾ ഉണ്ടാകേണ്ടതുണ്ട്. ദൗർഭാഗ്യവശാൽ ഇന്ത്യയിൽ ഈ പ്രവണത ചോദ്യംചെയ്യപ്പെടാതെ പോകുകയാണ്. ബിജെപി‐കോൺഗ്രസ് തർക്കം എന്നതിൽ കവിഞ്ഞ പ്രാധാന്യം മാധ്യമങ്ങൾ ഇതിന് കൊടുത്തുകാണുന്നില്ല. മാധ്യമ ഉടമസ്ഥത കോർപറേറ്റുകളിൽ കേന്ദ്രീകരിക്കപ്പെടുകയും ആ കോർപറേറ്റുകൾ ഭരണനേതൃത്വത്തിന്റെ പങ്കുകച്ചവടക്കാരായി  മാറുകയും ചെയ്യുന്ന പ്രതിഭാസമാണ് ഈ അവസ്ഥയ്ക്കാധാരം. ഇവിടെ പൗരന്റെ സ്വകാര്യത കട്ടെടുക്കുക മാത്രമല്ല, അവനെ തെറ്റായ വഴിയിലേക്ക് നയിക്കുക കൂടിയാണ് ചെയ്യുന്നത്. ആ വഴി ജനാധിപത്യത്തെ, ജനങ്ങളുടെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തെ അട്ടിമറിക്കുന്ന വഴിയാണ്. അനിവാര്യമായും ചെറുത്തുതോൽപ്പിക്കപ്പെടേണ്ട പ്രതിഭാസമാണത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top