25 April Thursday

ചാനു ഇന്ത്യയെ ഉയർത്തുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021

ഒളിമ്പിക്‌സ്‌ വേദിയിൽ ഇന്ത്യയുടെ അഭിമാനമായി മീരാഭായ്‌ ചാനു. വനിതകളുടെ ഭാരോദ്വഹനത്തിൽ 49 കിലോ വിഭാഗത്തിലാണ്‌ വെള്ളി മെഡൽ നേട്ടം. ടോക്യോയിൽ ഇന്ത്യയുടെ ആദ്യ മെഡലാണ്‌. ഇന്ത്യക്കിത്‌ വലിയ നേട്ടമാണ്‌. 139 കോടിയോളം വരുന്ന ജനതയ്ക്ക്‌ ആഹ്‌ളാദവും ആത്മവിശ്വാസവും നൽകുന്ന വിജയം.

ചൈനീസ്‌ താരം ഹുഷി ഹുയ്‌ 210 കിലോ ഉയർത്തി ഒളിമ്പിക്‌ റെക്കോഡോടെ സ്വർണം നേടി. ചാനു ഉയർത്തിയത്‌ 202 കിലോ. സ്വന്തം ഭാരത്തേക്കാൾ നാലിരട്ടിയോളം കൂടുതൽ. ഒളിമ്പിക്‌സിൽ ഇന്ത്യക്കായി മെഡൽ നേടുന്ന ആറാമത്തെ വനിതയാണ്‌. 2000 സിഡ്‌നിയിൽ കർണം മല്ലേശ്വരി ഭാരോദ്വഹനത്തിൽ വെങ്കലം നേടിയിരുന്നു. 21 വർഷത്തിനുശേഷമാണ്‌ വീണ്ടും ഒരു ഭാരോദ്വഹന മെഡൽ. 2012 ലണ്ടനിൽ സൈന നെഹ്‌വാൾ ബാഡ്‌മിന്റണിലും മേരികോം ബോക്‌സിങ്ങിലും വെങ്കലമണിഞ്ഞു. 2016 റിയോയിൽ പി വി സിന്ധുവിന്‌ ബാഡ്‌മിന്റണിൽ വെള്ളി ലഭിച്ചു. സാക്ഷി മാലിക്‌ ഗുസ്‌തിയിൽ വെങ്കലം കരസ്ഥമാക്കി.

ചാനു ഒരു പ്രചോദനമാണ്‌. കായികതാരങ്ങൾക്ക്‌ മാത്രമല്ല, ജീവിക്കുന്ന എല്ലാ മനുഷ്യർക്കും. തോറ്റിടത്ത്‌ വീണുപോകാതെ വീണ്ടും നെഞ്ചുവിരിക്കാനുള്ള നിശ്‌ചയദാർഢ്യത്തെ നമിച്ചേ പറ്റൂ. അതിജീവനത്തിന്റെ അധികമില്ലാത്ത മാതൃക കാണിച്ചുതന്നാണ്‌ ടോക്യോയിലെ വിജയപീഠത്തിൽ ചാനു ചിരിച്ചത്‌.

2016ലെ റിയോ ഒളിമ്പിക്‌സിൽ ദയനീയമായിരുന്നു പ്രകടനം. ഭാരം ഉയർത്താൻപോലുമാകാതെ ഇടറിയപ്പോൾ എല്ലാം അവസാനിച്ചുവെന്ന്‌ കരുതിയതാണ്‌. പക്ഷേ, തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ഒരു മാസത്തോളം വീട്ടിലിരുന്നു. നഷ്‌ടപ്പെട്ടതെല്ലാം വീണ്ടെടുക്കണമെന്ന ചിന്ത ശക്തമായി. അങ്ങനെ പരിശീലനത്തിന്‌ ഇറങ്ങി.

2017ൽ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണവുമായാണ്‌ തിരിച്ചുവരവ്‌. തുടർന്ന്‌, കോമൺവെൽത്ത്‌ ഗെയിംസിലും സ്വർണം. പിന്നീട്‌ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. എന്നാൽ, വിജയത്തിലേക്കുള്ള വഴി എളുപ്പമായിരുന്നില്ല. പരിക്ക്‌ പിന്നാലെയുണ്ടായിരുന്നു. തോൾവേദനയും പുറംവേദനയും കൂടെക്കൂടി. പക്ഷേ, ഒന്നിലും തളർന്നില്ല ഇരുപത്താറുകാരി. വീട്‌ കണ്ടിട്ട്‌ ഒരു വർഷമാകുന്നു. അഞ്ച്‌ വർഷത്തിനിടെ വീട്ടിൽ കഴിഞ്ഞത്‌ അഞ്ചു ദിവസംമാത്രം. സഹോദരിയുടെ വിവാഹം നടക്കുമ്പോൾ ലോക ചാമ്പ്യൻഷിപ്പായിരുന്നു. എല്ലാ നഷ്‌ടവും ഒളിമ്പിക്‌സ്‌ മെഡൽ ശോഭയിൽ മാഞ്ഞുപോകുന്നു.

റിയോയിലെ തോൽവിയാണ്‌ ടോക്യോയിലെ മെഡൽ ഒരുക്കിയതെന്ന്‌ ചാനു പറയുന്നു. ഇതൊരു പാഠമാണ്‌. തോൽവികളിൽ മനം മടുക്കാതെ പൊരുതിക്കയറാൻ കഴിയുമെന്ന ജീവിതപാഠം. ഒരു പരിമിതിയും വെല്ലുവിളിയും തടസ്സമായില്ല. ‘സ്വപ്‌നം യാഥാർഥ്യമായിരിക്കുന്നു. ഈ മെഡൽ രാജ്യത്തിനുള്ളതാണ്‌. ഈ നിമിഷം അമ്മയെ ഓർക്കുന്നു. അവർ ഒരുപാട്‌ ത്യാഗങ്ങൾ സഹിച്ചു. എന്നെ വിശ്വസിച്ചു'–-മെഡൽ അണിഞ്ഞശേഷം ചാനു ട്വിറ്ററിൽ കുറിച്ചു. എല്ലാ അമ്മമാർക്കും അഭിമാനിക്കാനുള്ള നിമിഷം കൂടിയാണ്‌. പെൺമക്കളെ ചിറകിനുള്ളിൽ ഒതുക്കാതെ പറത്തിവിടാൻ ആഗ്രഹിക്കുന്ന എല്ലാ അമ്മമാർക്കും ഈ സന്ദേശം ആത്മവിശ്വാസം നൽകും.

ആത്മസമർപ്പണവും ത്യാഗവും കഠിനാധ്വാനവും കൂടിച്ചേർന്നതാണ്‌ ഈ വിജയം. മണിപ്പുരിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നാണ്‌ വരവ്‌. ഇംഫാലിൽനിന്ന്‌ 20 കിലോമീറ്റർ അകലെയുള്ള നോങ്‌പോക്‌ കാക്‌ചിങ് ഗ്രാമം. ആറു മക്കളിൽ ഇളയവൾ. സഹോദരനൊപ്പം വിറക്‌ ചുമന്നും അമ്മയ്‌ക്കൊപ്പം ചായക്കടയിൽ ഇരുന്നും കഴിഞ്ഞ ദരിദ്രബാല്യം. അമ്പെയ്‌ത്ത്‌ പഠിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, അമ്പെയ്‌ത്ത്‌ അക്കാദമിയിൽ എത്തിയപ്പോൾ അടഞ്ഞുകിടക്കുന്നു. അവിടെ കണ്ട ഭാരോദ്വഹന താരം കുഞ്ചറാണിയുടെ ചിത്രങ്ങൾ വഴിത്തിരിവായി. മനസ്സുമാറി ഭാരോദ്വഹനത്തിലായി. അതിപ്പോൾ കുഞ്ചറാണിക്ക്‌ സാധിക്കാത്ത നേട്ടത്തിന്റെ നെറുകയിലെത്തിയിരിക്കുന്നു. ചാനു നേടിയത്‌ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ 29–-ാമത്തെ മെഡലാണ്‌. 1900 പാരീസ്‌ ഒളിമ്പിക്‌സ്‌ മുതൽ ഇന്ത്യ ഈ വേദിയിലുണ്ട്‌. ഇതുവരെ നേടാനായത്‌ ഒമ്പത്‌ സ്വർണവും എട്ട്‌ വെള്ളിയും 12 വെങ്കലവും മാത്രമാണെന്നോർക്കുക. അമേരിക്കൻ വിഖ്യാത നീന്തൽതാരം മൈക്കേൽ ഫെൽപ്‌സ്‌ നാല്‌ ഒളിമ്പിക്‌സിൽമാത്രം നേടിയത്‌ 23 സ്വർണമടക്കം 28 മെഡൽ. 2008 ബീജിങ്ങിൽ അഭിനവ്‌ ബിന്ദ്ര ഷൂട്ടിങ്ങിൽ നേടിയതാണ്‌ ഏക വ്യക്തിഗത സ്വർണം. എട്ട്‌ സ്വർണം പുരുഷ ഹോക്കി ടീമിന്റേതാണ്‌.

ആധുനിക ഒളിമ്പിക്‌സ്‌ ഒന്നേകാൽ നൂറ്റാണ്ട്‌ പിന്നിടുമ്പോൾ ഇന്ത്യയിപ്പോഴും കിതയ്‌ക്കുകയാണ്‌. ഇടയ്‌ക്കിടെ മിന്നിത്തെളിയുന്ന സിന്ധുവും ചാനുവുംമാത്രം പോരെന്ന തിരിച്ചറിവിലേക്കുകൂടി ഈ വെള്ളി നയിക്കട്ടെ. വടക്കുകിഴക്കൻ ദേശത്തെ കൊച്ചു സംസ്ഥാനമായ മണിപ്പുർ ഒരിക്കൽക്കൂടി ശ്രദ്ധാകേന്ദ്രമാകുന്നു. മേരികോമിനു പിന്നാലെ ചാനുവും ഒളിമ്പിക്‌സ്‌ പ്രഭയിൽ തിളങ്ങുന്നു. താഴ്‌വരകളിലും മലമടക്കുകളിലും ഇനിയും ചാനുമാരുണ്ട്‌, മേരിമാരുണ്ട്‌. അവരെ കണ്ടെത്തുകയും മത്സര സജ്ജരാക്കുകയും വേണം. അതിനുള്ള ഓർമപ്പെടുത്തൽകൂടിയാണ്‌ ഈ രജതപ്പതക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top