26 September Tuesday

ഈ വിധി സഹകരണവകുപ്പ് രൂപീകരണത്തിനുമെതിരെ

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021ഭരണഘടനയുടെ അടിസ്ഥാനശിലകളെത്തന്നെ കുത്തിയിളക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്ക് സുപ്രീംകോടതിയിൽനിന്ന് ഒരു തിരിച്ചടികൂടി കിട്ടിയിരിക്കുന്നു. എല്ലാ ഫെഡറൽ തത്ത്വങ്ങളും ലംഘിച്ച് സംസ്ഥാനത്തിന്റെ അധികാരപരിധിയിൽപ്പെടുന്ന സഹകരണ മേഖലയിൽക്കൂടി കൈകടത്താനുള്ള കേന്ദ്രനീക്കമാണ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി സംശയലേശമെന്യേ പ്രഖ്യാപിച്ചത്. 2011ൽ യുപിഎ സർക്കാർ കൊണ്ടുവന്ന 97–-ാം ഭരണഘടനാ ഭേദഗതിയുടെ സുപ്രധാന വകുപ്പുകൾ റദ്ദാക്കിയ ഗുജറാത്ത്‌ ഹൈക്കോടതിവിധിയാണ് സുപ്രീംകോടതി ശരിവച്ചത്. ഈ വിധി യുപിഎ കാലത്തെ ഭരണഘടനാ ഭേദഗതിക്ക്‌ എതിരെയാണെങ്കിലും പുതിയ മന്ത്രാലയം രൂപീകരിച്ച്‌ സഹകരണമേഖലയിൽ നേരിട്ട്‌ ഇടപെടാനുള്ള മോഡി സർക്കാരിന്റെ ഒരുക്കത്തിനുകൂടി വിലങ്ങിടുന്നു.

മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസുമാരായ റോഹിന്റൺ നരിമാനും ഭൂഷൺ ഗവായ്‌യും ഒരു വിധിയും ജസ്റ്റിസ് കെ എം ജോസഫ് മറ്റൊരു വിധിയുമെഴുതി. പക്ഷേ, ഭരണഘടനാ ഭേദഗതിക്ക് നിലനിൽപ്പില്ലെന്ന കാര്യത്തിൽ മൂന്നുപേരും പൂർണമായി യോജിക്കുന്നു. അന്തർസംസ്ഥാന അധികാരമുള്ള സഹകരണ സ്ഥാപനങ്ങൾക്കുമേൽ നിയന്ത്രണമേർപ്പെടുത്തുന്ന ചില വകുപ്പ്‌ നിലനിൽക്കുമെന്ന് രണ്ട്‌ ജഡ്ജിമാർ പറയുമ്പോൾ അതിനും നിലനിൽപ്പില്ലെന്ന്‌ ജസ്റ്റിസ് കെ എം ജോസഫ് വ്യക്തമാക്കുന്നു. ഭരണഘടനാ വിരുദ്ധമെന്നു കണ്ടെത്തിയ ഭേദഗതിയിലെ ഒരുഭാഗം മാത്രം എങ്ങനെ നിലനിൽക്കുമെന്ന യുക്തിഭദ്രമായ ചോദ്യമുയർത്തിയാണ് ജസ്റ്റിസ് കെ എം ജോസഫിന്റെ വിയോജനക്കുറിപ്പ് എന്നതും ശ്രദ്ധേയം.

ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിലെ രണ്ടാം പട്ടിക പ്രകാരം സഹകരണം സംസ്ഥാന വിഷയമാണ്. സഹകരണമെന്ന സംസ്ഥാന വിഷയത്തിൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരമുണ്ടോ എന്നതാണ് കോടതിയിൽ ഉയർന്ന പ്രധാന ചോദ്യം. ‘ഇല്ല' എന്ന ഉറച്ച ഉത്തരമാണ് രാജ്യത്തെ പരമോന്നത നീതിപീഠം നൽകുന്നത്. ‘സഹകരണസ്ഥാപനങ്ങൾ ഒരു വിഷയമെന്നനിലയിൽ പൂർണമായും സംസ്ഥാന നിയമസഭയുടെമാത്രം പരിധിയിൽ വരുന്നതാണ്.' -കോടതി തീർത്തുപറയുന്നു. മറ്റൊരു പ്രശ്നംകൂടി കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരത്തിൽ സംസ്ഥാന വിഷയത്തിലേക്ക് കയറിയുള്ള ഏതുനിയമനിർമാണവും രാജ്യത്തെ പകുതി സംസ്ഥാന നിയമസഭകളെങ്കിലും അംഗീകരിക്കണം. അതും ഭരണഘടനാ വ്യവസ്ഥയാണ്‌. ഇവിടെ അങ്ങനെ അംഗീകാരം തേടലും ഉണ്ടായിട്ടില്ല. അങ്ങനെയും ഈ ഭരണഘടനാ ഭേദഗതിക്ക് നിലനിൽക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി പറയുന്നു.

ചുരുക്കത്തിൽ സഹകരണത്തെ തൊടാൻ ഇറങ്ങരുത്. അത് ഭരണഘടനയ്ക്കും നമ്മുടെ ഫെഡറൽ ഭരണവ്യവസ്ഥയ്ക്കുമെതിരായ നീക്കമാണ്. ഇതാണ് കോടതി അടിവരയിടുന്ന കാര്യം. ഈ വിധി ഭരണഘടനാ ഭേദഗതിയെപ്പറ്റിയാണെങ്കിലും കേന്ദ്ര സർക്കാർ കഴിഞ്ഞയാഴ്ച നടത്തിയ സഹകരണവകുപ്പ് രൂപീകരണത്തെ ഇത് തീർത്തും നിരാകരിക്കുന്നതായി നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിയമനിർമാണത്തിന് അവകാശമുള്ള വിഷയങ്ങളിൽ മാത്രമേ ഭരണപരമായ (എക്സിക്യൂട്ടീവ്) ഉത്തരവുകളിറക്കാനും സർക്കാരുകൾക്ക് അധികാരമുള്ളൂ. സംസ്ഥാനമായാലും കേന്ദ്രമായാലും അതേ സാധിക്കൂ. കേന്ദ്ര സഹകരണവകുപ്പ് രൂപീകരണം ഭരണനടപടിയാണ്. സഹകരണ വിഷയത്തിൽ നിയമനിർമാണ അധികാരമില്ലാത്തതിനാൽ കേന്ദ്ര സർക്കാരിന് ഇങ്ങനെയൊരു ഉത്തരവിറക്കാൻ അധികാരമില്ല.

കേന്ദ്രം സഹകരണവകുപ്പ് രൂപീകരിച്ചപ്പോൾ സിപിഐ എം അടക്കം പല പാർടിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സംസ്ഥാനത്തിന്റെ അധികാരം കവരുന്ന നീക്കമാണെന്ന് അവർ പറഞ്ഞു. ‘രാജ്യത്തെ സഹകരണപ്രസ്ഥാനം ശക്തിപ്പെടുത്താൻ ഭരണപരവും നിയമപരവും നയപരവുമായ വേറിട്ട ഒരു ചട്ടക്കൂട് ആവശ്യമായതിനാലാ'ണ് വകുപ്പ് രൂപീകരിക്കുന്നത് എന്നായിരുന്നു സർക്കാർ വാർത്താക്കുറിപ്പ്. ‘അടിത്തട്ടുവരെ വേരോട്ടമുള്ള ജനകീയപ്രസ്ഥാന'മാക്കാൻ ഉദ്ദേശിക്കുന്നതായും പറഞ്ഞിരുന്നു. അന്തർസംസ്ഥാന സഹകരണസംഘങ്ങളെ നിയന്ത്രിക്കാനല്ല, സംസ്ഥാനതലത്തിലേക്ക് ഇടപെടാനാണ്‌ നീക്കമെന്ന് അതിൽനിന്നും വ്യക്തമായിരുന്നു. ഈ വിധിയോടെ ആ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നു കൂടുതൽ വെളിവാകുന്നു.

നിയമനിർമാണ സഭകളെയോ നീതിന്യായ വ്യവസ്ഥയെയോ മാനിക്കുന്ന ഒരു സർക്കാർ ഇനി ചെയ്യേണ്ടത് സഹകരണവകുപ്പ് രൂപീകരണ തീരുമാനം എത്രയുംവേഗം പിൻവലിക്കുകയാണ്‌. പക്ഷേ, ഇപ്പോഴത്തെ കേന്ദ്രസർക്കാരിൽനിന്ന് അത് പ്രതീക്ഷിച്ചുകൂടാ. ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങൾക്ക് വിരുദ്ധമായ നടപടികൾ അവരിൽനിന്ന് തുടർച്ചയായി ഉണ്ടാകുന്നു. ഭരണഘടനയെത്തന്നെ വിലവയ്‌ക്കാത്തവർക്ക് എന്ത് കോടതി? അവർ ഇനിയും വരും. ഇപ്പോൾ തീരുമാനം പിൻവലിക്കേണ്ടിവന്നാൽ മറ്റൊരു വഴി നോക്കും. കാരണം ഇത് ആർഎസ്‌എസ്‌ നേതൃത്വത്തിലുള്ള സംഘപരിവാറിന്റെ രാഷ്‌ട്രീയ ലക്ഷ്യമാണ്‌. സഹകരണമേഖലകൂടി അവർക്ക് കൈപ്പിടിയിലാക്കണം. അതുകൊണ്ട് കോടതി വിധിയൊന്നും അവരെ പിന്തിരിപ്പിക്കുമെന്ന് കരുതിക്കൂടാ. ജനകീയ ജാഗ്രതയ്ക്ക് മാത്രമേ അവരെ പിടിച്ചുകെട്ടാൻ കഴിയൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top