20 April Saturday

തൊഴിലാളിചൂഷണം തടയുന്ന ഉത്തരവ്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

സംസ്ഥാനത്തെ സ്വകാര്യ ധനസ്ഥാപനങ്ങളിലെ ജീവനക്കാർക്ക്‌ കുറഞ്ഞ വേതന നിരക്ക്‌ പ്രാബല്യത്തിലാക്കി ഉത്തരവിറക്കുകവഴി ദുരിതമനുഭവിക്കുന്ന തൊഴിലാളികളോടുള്ള കരുതലും ശ്രദ്ധയും സംസ്ഥാന സർക്കാർ ആവർത്തിച്ച്‌ തെളിയിച്ചിരിക്കയാണ്‌. ഈ മേഖലയിൽ തൊഴിലാളികൾ അനുഭവിക്കുന്ന കൊടിയ ചൂഷണത്തിന്‌ അറുതി വരുത്തണമെന്ന എൽഡിഎഫ്‌ സർക്കാരിന്റെ ദൃഢനിശ്‌ചയമാണ്‌ ഇതിലൂടെ വ്യക്തമാകുന്നത്‌. പണയം, ചിട്ടി, കുറി, ഇൻഷുറൻസ്‌, മൈക്രോഫിനാൻസ്‌, വിദേശനാണയ വിനിമയം, ഹയർ പർച്ചേസ്‌ തുടങ്ങിയ ബിസിനസ്‌ നടത്തുന്ന അഞ്ഞൂറിലേറെ സ്ഥാപനങ്ങളിലെ അരലക്ഷത്തിലേറെ ജീവനക്കാർക്ക്‌ സർക്കാരിന്റെ പുതുവർഷ സമ്മാനമാണിത്‌. ഇതുകൂടാതെ സംസ്ഥാനത്തെ വസ്‌ത്ര നിർമാണ വ്യവസായ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനവും പുതുക്കി നിശ്ചയിച്ചു.

ഇന്ത്യയിൽ ആദ്യമായാണ്‌ ഒരു സംസ്ഥാന സർക്കാർ സ്വകാര്യ ധനസ്ഥാപനങ്ങളിലെ ജീവനക്കാർക്ക്‌ കുറഞ്ഞ വേതനം നിശ്‌ചയിച്ച്‌  ഉത്തരവിറക്കുന്നത്‌. വർഷങ്ങളായി തുച്ഛമായ വേതനത്തിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക്‌ ഇതോടെ അടിസ്ഥാനശമ്പളത്തിലും മറ്റ്‌ ആനുകൂല്യങ്ങളിലും വലിയ വർധനയുണ്ടാകും. ഷോപ്പ്‌സ്‌ ആൻഡ്‌ കമേഴ്‌സ്യൽ എസ്‌റ്റാബ്ലിഷ്‌മെന്റ്‌ നിയമപ്രകാരമുള്ള വേതനനിരക്കാണ്‌ ഇതുവരെ ജീവനക്കാർക്ക്‌ ലഭിച്ചിരുന്നത്‌. വൻകിട സ്വകാര്യ പണമിടപാട്‌ സ്ഥാപനമായ മുത്തൂറ്റ്‌ ഫിനാൻസിലെ തൊഴിൽ ചൂഷണത്തിനെതിരെ ജീവനക്കാർ  മാസങ്ങളായി നടത്തുന്ന പ്രക്ഷോഭത്തിന്റെകൂടി പശ്ചാത്തലത്തിലാണ്‌ സർക്കാരിന്റെ ഉത്തരവ്‌.

കൊള്ളപ്പലിശയ്‌ക്ക്‌ പണം കടം കൊടുത്ത്‌ ജനങ്ങളെ പിഴിയുന്ന ഒരു വിഭാഗം വൻകിട സ്വകാര്യ ധനസ്ഥാപനങ്ങൾ തൊഴിലാളികൾക്ക്‌ മാന്യമായ വേതനം നൽകാൻ തയ്യാറാകുന്നില്ല. പത്തും ഇരുപതും വർഷമായി ജോലി ചെയ്യുന്നവർക്ക്‌ പോലും പതിനായിരം–-പതിനയ്യായിരം രൂപയാണ്‌ വേതനം. ജനങ്ങളുടെ പലിശപ്പണംകൊണ്ട്‌ വളർന്ന്‌ പന്തലിക്കുന്ന സ്വകാര്യ ധനസ്ഥാപനങ്ങൾ അടിക്കടി ശാഖകൾ തുറക്കുന്നു. വർഷംതോറും കോടികളുടെ ബിസിനസ്‌ വർധിപ്പിക്കുന്നു. എന്നാൽ,  ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറല്ല. മുത്തൂറ്റ്‌ ഫിനാൻസ്‌ പോലുള്ള സ്ഥാപനങ്ങൾ കോടതിനിർദേശങ്ങളും ഒത്തുതീർപ്പ്‌ കരാറും കാറ്റിൽപ്പറത്തി ജീവനക്കാരെ പിരിച്ചുവിടുകയും ശാഖകൾ പൂട്ടുകയുമാണ്‌ ചെയ്‌തത്‌. കോടതിയെയും സർക്കാരിനെയും തൊഴിലാളി സംഘടനകളെയും മാനിക്കാതെ ധാർഷ്‌ട്യത്തോടെ മുന്നോട്ടുപോകുന്ന ഉടമകൾക്ക്‌ സംസ്ഥാന സർക്കാരിന്റെ ശക്തമായ താക്കീതാണ്‌ കുറഞ്ഞ വേതനം നിശ്ചയിച്ചുള്ള ഉത്തരവ്‌. നിയമങ്ങളും കോടതിനിർദേശവും അംഗീകരിക്കാതെ ധിക്കാരപൂർവം പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന സന്ദേശമാണ്‌ ഇതിലൂടെ സർക്കാർ നൽകുന്നത്‌.

ജനുവരി 20 മുതൽ നിയമം  പ്രാബല്യത്തിലാക്കി സർക്കാർ അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചു

സ്വകാര്യ ധനസ്ഥാപനങ്ങളിലെ  ചൂഷണം അവസാനിപ്പിക്കുന്നതിന്‌ 2016ലാണ്‌ കുറഞ്ഞ കൂലിനിരക്ക്‌ സംസ്ഥാന സർക്കാർ വിജ്ഞാപനംചെയ്‌തത്‌. ജീവനക്കാരെ എട്ട്‌ വിഭാഗമായി തിരിച്ച്‌ 2016 ജൂലൈ 28ന്‌ സർക്കാർ വിജ്ഞാപനമിറക്കി.  ക്ലീനർമാരും സ്വീപ്പർമാരും മുതൽ മാനേജർമാർവരെ  എട്ട്‌ വിഭാഗങ്ങളിലെയും ജീവനക്കാർക്ക്‌ നിശ്ചിത ശമ്പള സ്‌കെയിലും മികച്ച ശമ്പളവർധനയും ഉറപ്പുവരുത്തി. എന്നാൽ, വിജ്ഞാപനത്തിനെതിരെ കേരള നോൺ ബാങ്കിങ്‌ ഫിനാൻസ്‌ കമ്പനീസ്‌ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ സ്ഥാപന ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. ഉടമകളുടെ ഭാഗം കേൾക്കാതെയാണ്‌ ഉത്തരവ്‌ ഇറക്കിയത് എന്നായിരുന്നു പരാതി. തുടർന്ന്‌ ഉടമകളുടെ ഭാഗം  കേട്ടശേഷം സർക്കാർ ഉത്തരവ്‌ പുറപ്പെടുവിച്ചു. ഇതിനെതിരെ ഉടമകൾ സ്‌റ്റേ വാങ്ങി. എന്നാൽ, മുത്തൂറ്റ്‌ സമരവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി സ്‌റ്റേ നീക്കി. ഇതോടെയാണ്‌ കുറഞ്ഞ വേതനം അംഗീകരിച്ച്‌ ഉത്തരവിറക്കാൻ വഴി തെളിഞ്ഞത്‌. ജനുവരി 20 മുതൽ നിയമം  പ്രാബല്യത്തിലാക്കി സർക്കാർ അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചു.

രാജ്യത്തെ തൊഴിൽനിയമങ്ങൾ പാലിച്ചും തൊഴിലാളി സംഘടനാ പ്രവർത്തനത്തിനുള്ള അവകാശം അംഗീകരിച്ചും സ്ഥാപനം നടത്താൻ ഉടമകൾ തയ്യാറാകാത്തതാണ്‌ ഈ മേഖലയെ കലുഷമാക്കുന്നത്‌. തൊഴിൽനിയമങ്ങൾ പാലിക്കാനും  തൊഴിലാളികളോട്‌ ജനാധിപത്യപരമായി പെരുമാറാനും തയ്യാറല്ലെന്ന ചില ഉടമകളുടെ പിടിവാശിയാണ്‌ പ്രശ്‌നങ്ങൾക്ക്‌ കാരണം. തൊഴിലാളികളെ അടിമകളായി കണക്കാക്കുന്ന പഴയകാല മനോനിലയാണ്‌ ഇവരെ നയിക്കുന്നത്‌. കോടതിയെ പോലും വിലവയ്‌ക്കാത്ത ഇത്തരക്കാർക്കുള്ള ശക്തമായ താക്കീതാണ്‌ സംസ്ഥാന സർക്കാരിന്റെ ഉത്തരവ്‌. തൊഴിൽ നിയമങ്ങളും തൊഴിലാളികളുടെ അവകാശങ്ങളും അംഗീകരിച്ച്‌ സ്ഥാപനം നടത്തുന്നവർക്ക്‌ അകമഴിഞ്ഞ പിന്തുണ നൽകാനും ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്‌. സംസ്ഥാനത്തെ മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷം ഇതിന്‌ തെളിവാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top