09 August Tuesday

സുഡാനിൽ പട്ടാളഭരണത്തിന്‌ തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021


മോദി സർക്കാരിനെ കർഷകർ മുട്ടുകുത്തിച്ചതിന്‌ തൊട്ടുപിന്നാലെ ആഫ്രിക്കൻ രാഷ്ട്രമായ സുഡാനിലും ജനാധിപത്യശക്തികൾ അവിടത്തെ പട്ടാളഭരണാധികാരിക്കുമേൽ വിജയം നേടിയിരിക്കുന്നു. പട്ടാള അട്ടിമറിയിലൂടെ കഴിഞ്ഞ മാസം 25ന്‌ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി അബ്‌ദല്ല ഹാംഡോക്കിനെ വീണ്ടും തൽസ്ഥാനത്ത്‌ നിയമിക്കാൻ പട്ടാളഭരണാധികാരി അബ്‌ദേൽ ഫത്താ ‌ അൽ ബുർഹാൻ സമ്മതിച്ചിരിക്കുന്നു. തടവിലിടപ്പെട്ട എല്ലാ മന്ത്രിമാരെയും രാഷ്ട്രീയനേതാക്കളെയും വിട്ടയക്കാനും ധാരണയായി. പട്ടാള അട്ടിമറിക്കെതിരെ പത്ത്‌ ലക്ഷം പേരുടെ മാർച്ചിന്‌ ഞായറാഴ്‌ച ജനങ്ങൾ ഒരുക്കംകൂട്ടവേയാണ്‌ പട്ടാളവും സിവിലിയൻ നേതൃത്വവും തമ്മിൽ ഒത്തുതീർപ്പിലെത്തിയത്‌.

സൈന്യവും സിവിലിയന്മാരും ഉൾപ്പെടുന്ന പരമാധികാര കൗൺസിൽ എന്ന താൽക്കാലിക ഭരണസംവിധാനത്തെ അട്ടിമറിച്ചാണ്‌ സുഡാനിൽ പട്ടാളം ഭരണം പിടിച്ചെടുത്തത്‌. 2019 ആഗസ്‌തിൽ ഇരുവിഭാഗവും തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ച്‌ സിവിലിയൻ നേതൃത്വത്തിന്‌ പട്ടാളം ഈ മാസം അധികാരം കൈമാറേണ്ടിയിരുന്നു. ഒമർ അൽ ബാഷിറിന്റെ മുപ്പത്‌ വർഷം നീണ്ട ഏകാധിപത്യ ഭരണത്തിന്‌ 2019 ഏപ്രിലിലാണ്‌ അന്ത്യമായത്‌. വൻ ജനകീയ പ്രക്ഷോഭമാണ്‌ ബാഷിറിന്റെ പതനത്തിന്‌ കാരണമായത്‌. അതിനുശേഷമാണ്‌ അധികാരം പട്ടാളവും സിവിലിയന്മാരും ഉൾപ്പെടുന്ന ഒരു പരമാധികാര കൗൺസിലിന്‌ കൈമാറിയത്‌. പൂർണ ജനാധിപത്യ സംവിധാനത്തിന്‌ വഴിയൊരുക്കുക എന്നതായിരുന്നു പരമാധികാര കൗൺസിലിന്റെ കർത്തവ്യം. അതിന്റെ ഭാഗമായി ആദ്യത്തെ 21 മാസം പട്ടാളവും തുടർന്നുള്ള 18 മാസം സിവിലിയന്മാരും ഭരണത്തിന്‌ നേതൃത്വം നൽകണം. അതിനുശേഷം പൊതു തെരഞ്ഞെടുപ്പ്‌ നടത്തി ഭൂരിപക്ഷം ലഭിക്കുന്നവർക്ക്‌ അധികാരം കൈമാറണമെന്നുമായിരുന്നു ധാരണ.

ജനാധിപത്യത്തെ ഭയക്കുന്ന പട്ടാളവും അവരെ പിന്തുണയ്‌ക്കുന്ന യാഥാസ്ഥിതിക വിഭാഗവുമാണ്‌ ഒക്ടോബർ 25ന്റെ അട്ടിമറിക്ക്‌ പിന്നിലുള്ളത്‌. സൗദി അറേബ്യയുടെയും ഈജിപ്‌തിന്റെയും മറ്റും പിന്തുണ ഇതിനുണ്ടായിരുന്നു. എന്നാൽ, ഈ ജനാധിപത്യ ഹത്യക്കെതിരെ സുഡാനിലെ ജനങ്ങൾ ശക്തമായി രംഗത്ത്‌ വന്നു. ഒമർ അൽ ബാഷിറിനെ അധികാരത്തിൽനിന്ന്‌ പുറത്താക്കുന്നതിൽ നിർണായക പങ്കുവഹിച്ച സുഡാൻ കമ്യൂണിസ്‌റ്റ്‌ പാർടി ഉൾപ്പെടെയുള്ള ദേശീയ രാഷ്ട്രീയ കക്ഷികളും പൗരസമൂഹവും പട്ടാളത്തിന്റെ നേതൃത്വത്തിൽ നടന്ന അട്ടിമറിക്കെതിരെ രംഗത്ത്‌ വന്നു. അട്ടിമറി വാർത്ത പുറത്തുവന്ന ഉടൻതന്നെ ജനങ്ങൾ തലസ്ഥാനമായ ഖാർത്തുമിലേക്കും ഇരട്ട നഗരമായ ഒംഡുർമാനിലേക്കും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. തോക്കും ലാത്തിയും കണ്ണീർവാതക ഷെല്ലുകളും ഉപയോഗിച്ചാണ്‌ പട്ടാളവും പൊലീസും പ്രക്ഷോഭകരെ നേരിട്ടത്‌. വിപ്ലവത്തെ തകർക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞ്‌ പതിനായിരങ്ങളാണ്‌ തെരുവിലിറങ്ങിയത്‌. ഇതിനകം 40 പേരാണ്‌ രക്തസാക്ഷികളായത്‌. നവംബർ 17നുമാത്രം വടക്കൻ ഖാർത്തുമിൽ വിദ്യാർഥി ഉൾപ്പെടെ 16 പേരാണ്‌ വെടിയേറ്റ്‌ കൊല്ലപ്പെട്ടത്‌.

പട്ടാളഭരണാധികാരിയുടെ കിരാതമായ അടിച്ചമർത്തൽക്കൊണ്ടൊന്നും ജനങ്ങൾ പിന്തിരിഞ്ഞില്ല. പത്ത്‌ ലക്ഷം പേരുടെ മാർച്ചിന്‌ അവർ ഓൺലൈൻ പ്രചാരണം ആരംഭിച്ചു. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ജനങ്ങൾ ഖാർത്തൂമിലേക്ക്‌ നീങ്ങിത്തുടങ്ങിയതോടെയാണ്‌ പട്ടാള ഭരണാധികാരികൾ ചർച്ചയ്‌ക്ക്‌ തയ്യാറായത്‌. ശനിയാഴ്‌ച രാത്രി വൈകി അവസാനിച്ച മാരത്തൺ ചർച്ചയിലാണ്‌ പരമാധികാര കൗൺസിൽ ഭരണം പുനഃസ്ഥാപിക്കാൻ ധാരണയായത്‌. എന്നാൽ, ഇതുകൊണ്ടുമാത്രം പ്രക്ഷോഭത്തിന്‌ അന്ത്യമാകുമെന്ന്‌ കരുതാനാകില്ലെന്നാണ്‌ അൽ ജസീറ ചാനൽ റിപ്പോർട്ട്‌ ചെയ്യുന്നത്‌. ഭരണത്തിൽ പട്ടാളത്തിന്റെ പങ്ക്‌ ആവശ്യമില്ലെന്നും അവർ ബാരക്കുകളിലേക്ക്‌ തിരിച്ചുപോകണമെന്നുമാണ്‌ ജനങ്ങൾ ആവശ്യപ്പെടുന്നത്‌. ഭരണത്തിൽ പട്ടാളത്തിന്റെ സ്വാധീനം പൂർണമായും ഇല്ലാതാക്കി സമ്പൂർണ ജനാധിപത്യഭരണം സ്ഥാപിക്കണമെന്നാണ്‌ ആവശ്യം. അതായത്‌ സുഡാനിലും ജനാധിപത്യശക്തികൾ കരുത്താർജിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top