25 April Thursday

കുറ്റകൃത്യത്തിനോ മാധ്യമപരിരക്ഷ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 7, 2023

നേരിന്റെ പക്ഷം ചേരാനുള്ള ആർജവമാണ്‌ ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ സവിശേഷ സ്ഥാനത്തിന്‌ ആധാരം. എന്നാൽ വാണിജ്യ, രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കൊത്ത്‌ മാധ്യമങ്ങൾ ചലിക്കാൻ തുടങ്ങിയിട്ട്‌ കാലമേറെയായി. തങ്ങൾക്ക്‌ എല്ലാ അന്യായങ്ങൾക്കും അവകാശമുണ്ടെന്ന മട്ടിലാണ്‌  ചില മാധ്യമങ്ങളുടെ നീക്കം. ഏഷ്യാനെറ്റ്‌ ചാനൽ നിർമിച്ച വ്യാജ വീഡിയോയും തുടർന്നുണ്ടായ കോലാഹലങ്ങളും അപകടകരമായ പ്രവണതയാണ്‌. തെറ്റു ചെയ്‌ത മാധ്യമം തിരുത്താൻ തയ്യാറാകുന്നില്ല. പ്രതിപക്ഷമാകട്ടെ, ഈ തെറ്റിനെ ന്യായീകരിക്കാൻ നിയമസഭയെ ഉൾപ്പെടെ ഉപയോഗിക്കുന്നു. മുഴുവൻ മാധ്യമങ്ങൾക്കും അവമതിപ്പുണ്ടാക്കുന്ന നിലയിലേക്കാണ്‌ സംഭവങ്ങളുടെ ഗതി.

മയക്കുമരുന്നുകെണിയിലാകുകയും അതുവഴി ലൈംഗിക ചൂഷണത്തിന്‌ ഇരയാക്കപ്പെടുകയും ചെയ്‌ത ഒരു സ്‌കൂൾ വിദ്യാർഥിനിയുടെ വാക്കുകൾ നാലുമാസത്തിനുശേഷം മാറ്റംവരുത്തി  കൃത്രിമ ദൃശ്യവുമായി ചേർത്ത്‌ ഉപയോഗിക്കുകയാണ്‌ ചെയ്‌തത്‌. കുറ്റവാളിയായ യുവാവിനെ  പൊലീസ്‌  അറസ്റ്റു ചെയ്‌ത്‌ കോടതിയിൽ കുറ്റപത്രം നൽകിയ സംഭവത്തിൽ ഏഷ്യാനെറ്റ്‌ വ്യാജനിർമിതി നടത്തിയത്‌ ദുരുദ്ദേശ്യത്തോടെയാണ്‌. കൂടുതൽ വിദ്യാർഥിനികൾ മയക്കുമരുന്നിനും ലൈംഗിക ചൂഷണത്തിനും ഇരയായെന്ന്‌ വരുത്തിത്തീർക്കാനുള്ള ഗൂഢാലോചനയാണ്‌ വ്യക്തമാകുന്നത്‌. ലഹരിവിപത്തിന്‌ തടയിടാൻ സർക്കാർ നടത്തുന്ന സർവതലസ്‌പർശിയായ പരിശ്രമങ്ങളെ ഇകഴ്‌ത്തിക്കാണിക്കാനും ദുർബലപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതായിരുന്നു ഏഷ്യാനെറ്റിന്റെ വ്യാജനിർമിതി.

സ്‌കൂളുകളിൽ ലഹരിശൃംഖല വ്യാപകമാണെങ്കിലും പ്രസ്‌തുത കേസിൽ കൂടുതൽ കുട്ടികൾ ഇരയാക്കപ്പെട്ടിട്ടില്ലെന്ന്‌ അന്വേഷണത്തിൽ വ്യക്തമായതാണ്‌. ഇതു മനസ്സിലാക്കിയിട്ടും പത്ത്‌ കുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്ന്‌ ശബ്‌ദം എഡിറ്റുചെയ്‌ത്‌ ചേർത്ത വ്യാജ വീഡിയോയിൽ പറയുന്നു. ഇതിനായി മറ്റൊരു സ്‌കൂൾ വിദ്യാർഥിനിയെ സ്‌കൂൾ യൂണിഫോമിൽ സ്‌റ്റുഡിയോയിൽ എത്തിച്ച്‌ ദൃശ്യം ഷൂട്ടു ചെയ്‌തു. കുട്ടിയുടേതായി കേൾപ്പിച്ച ശബ്ദം എന്തായിരിക്കുമെന്ന്‌ കുട്ടിക്കോ ഏഷ്യാനെറ്റ്‌ ജീവനക്കാരിയായ അമ്മയ്‌ക്കോ അറിവുണ്ടായിരുന്നില്ല. മേലുദ്യോഗസ്ഥന്റെ നിർദേശപ്രകാരം, തൊഴിൽ സ്ഥലത്തുവച്ച്‌ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെക്കൊണ്ട്‌ ഇല്ലാത്ത ലൈംഗികചൂഷണം ‘പറയിക്കുന്നത്‌’ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർന്ന ക്രിമിനൽകുറ്റമാണ്‌.

ക്രിമിനൽ കുറ്റത്തെ മാധ്യമസ്വാതന്ത്ര്യത്തിന്റെ അക്കൗണ്ടിൽപ്പെടുത്താനാണ്‌ ഏഷ്യാനെറ്റും പ്രതിപക്ഷവും ശ്രമിക്കുന്നത്‌.  പ്രമുഖരായ എഴുത്തുകാരും മാധ്യമപ്രവർത്തകരും തള്ളിപ്പറഞ്ഞ കൃത്രിമവാർത്തയെ ബിബിസി റെയ്‌ഡ്‌ ഉൾപ്പെടെയുള്ള മാധ്യമവേട്ടയോട്‌ തുലനം ചെയ്യാനാണ്‌ ശ്രമം. ഗുജറാത്ത്‌ കലാപത്തിൽ മോദിയുടെ പങ്കിനെ വസ്‌തുതകളുടെ പിൻബലത്തോടെ തുറന്നുകാട്ടിയ ബിബിസി ഡോക്യുമെന്ററിയും ഏഷ്യാനെറ്റിന്റെ കുബുദ്ധിയും താരതമ്യം അർഹിക്കുന്നില്ല. സ്വതന്ത്രവും നിർഭയവുമായ മാധ്യമപ്രവർത്തനം ഏറ്റവും അപകടാവസ്ഥയിലുള്ള രാജ്യമാണ്‌ ഇന്ത്യ. പ്രസ്‌ ഫ്രീഡം സൂചികയിൽ 180 രാജ്യത്തിൽ 150–-ാം സ്ഥാനത്താണ്‌ നാം. ഗൗരി ലങ്കേഷ്‌ ഉൾപ്പെടെ നിരവധി മാധ്യമപ്രവർത്തകരും പുരോഗമന ചിന്തകരും കൊലചെയ്യപ്പെട്ടു.

അപ്രിയ വാർത്തകളുടെ പേരിൽ എൻഡിടിവി നിരന്തരം പ്രതികാര നടപടികൾക്കിരയായി. ഒടുവിൽ സ്ഥാപകരെത്തന്നെ പുറത്തുചാടിച്ചുകൊണ്ട്‌ മോദിയുടെ കോർപറേറ്റ്‌ തോഴൻ ഗൗതം അദാനി വളഞ്ഞ വഴിയിലൂടെ എൻഡിടിവി കൈക്കലാക്കി. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ ലക്ഷ്‌മണരേഖയിൽ കുരുക്കുന്നു. തിരുത്തൽ ശക്തിയാകേണ്ട മാധ്യമങ്ങളെ വിനീത വിധേയരാക്കി. ഔദ്യോഗിക മാധ്യമമായ പ്രസാർ ഭാരതിക്ക്‌  വാർത്ത നൽകുന്നത്‌ ആർഎസ്‌എസ്‌ ഏജൻസി  ഹിന്ദുസ്ഥാൻ സമാചാർ ആണ്. അടിയന്തരാവസ്ഥയെയും മറികടന്ന മാധ്യമവേട്ടയാണ്‌ രാജ്യത്ത്‌ നടക്കുന്നത്‌.

ദേശീയരംഗത്ത്‌ ഇതാണ്‌ മാധ്യമങ്ങളുടെ സ്ഥിതിയെങ്കിൽ നിർഭയമായി മാധ്യമപ്രവർത്തനം സാധ്യമാകുന്ന തുരുത്തുകളിലൊന്നാണ്‌ കേരളം. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതുപോലെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്‌ എല്ലാ സംരക്ഷണവും ഉറപ്പുള്ള നാടാണിത്‌. ഒരുതരത്തിലുള്ള പ്രതികാരബുദ്ധിയും സർക്കാരിനില്ലെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കി. ക്രിമിനലിസത്തെ മാധ്യമ സ്വാതന്ത്ര്യമായി വ്യാഖ്യാനിച്ച്‌ രക്ഷപ്പെടാനുള്ള ശ്രമം മുമ്പും ഇവിടെ തടയപ്പെട്ടിട്ടുണ്ട്‌.  സൂര്യ  ടി വി വ്യാജരേഖ കേസിലും മംഗളം ഫോൺ കെണി കേസിലും ജയിലിലായത്‌ പ്രമുഖരായ മാധ്യമപ്രവർത്തകർ തന്നെയാണ്‌.

ഏഷ്യാനെറ്റ്‌ കേസിൽ തെളിവെടുപ്പും അന്വേഷണവും പുരോഗമിക്കുകയാണ്‌. അന്വേഷണത്തോട്‌ ശരിയാംവണ്ണം സഹകരിക്കാനോ നിയമത്തിന്റെ വഴി സ്വീകരിക്കാനോ അവർ തയ്യാറായിട്ടില്ല. തെളിവുകൾ നശിപ്പിക്കാനും സർക്കാരിനെയും സിപിഐ എമ്മിനെയും താറടിക്കാനുമാണ്‌ ശ്രമം. യുഡിഎഫും ബിജെപിയും നൽകുന്ന രാഷ്‌ട്രീയ പിന്തുണ മാത്രമാണ്‌ പിടിവള്ളി. പൊതുസമൂഹത്തിനും മാധ്യമമേഖലയ്‌ക്കും യാഥാർഥ്യം ബോധ്യപ്പെട്ടിട്ടുണ്ട്‌. മലയാളത്തിൽ പുതിയ ദൃശ്യ മാധ്യമ സംസ്‌കാരത്തിന്‌ വിത്തുപാകിയ പ്രസ്ഥാനമാണ്‌ ഏഷ്യാനെറ്റ്‌. ആ പരമ്പര്യം ഉൾക്കൊണ്ട്‌, ശത്രുതാ മനോഭാവം വെടിഞ്ഞ്‌ നിയമത്തിന്‌ വിധേയമാകുകയാണ്‌ വേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top