29 March Friday

ജനാധിപത്യ ഇന്ത്യക്ക്‌ കരുത്തേകുന്ന വിധി

വെബ് ഡെസ്‌ക്‌Updated: Friday Apr 7, 2023


മാധ്യമസ്വാതന്ത്ര്യം എറ്റവും കൂടുതൽ ഹനിക്കപ്പെടുന്ന ഒരു കെട്ട കാലത്തിലൂടെയാണ്‌ രാജ്യം കടന്നുപോകുന്നത്‌. റിപ്പോർട്ടേഴ്‌സ്‌ വിത്തൗട്ട്‌ ബോഡേഴ്‌സിന്റെ കണക്കനുസരിച്ച്‌ മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളിൽ  150–-ാം സ്ഥാനത്താണ്‌ ഇന്ത്യ. മോദി അധികാരത്തിൽ വന്നതിനു ശേഷമാണ്‌ മാധ്യമസ്വാതന്ത്ര്യം കൂടുതലായും ഹനിക്കപ്പെട്ടത്‌. മാധ്യമങ്ങളെ ‘മടിത്തട്ട്‌ മാധ്യമ’ങ്ങളാക്കാൻ ഭരണകൂടം എല്ലാ അർഥത്തിലും ശ്രമിക്കുകയാണ്‌. സർക്കാരിനെയും അവരെ നയിക്കുന്ന പ്രത്യയശാസ്‌ത്രത്തെയും വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തി കേസിൽ കുടുക്കുകയും ജയിലിലടയ്‌ക്കുകയും ചെയ്യുകയാണ്‌. സർക്കാരിനെതിരെ ചോദ്യങ്ങൾ ഉയർത്തുന്ന മാധ്യമങ്ങൾക്ക്‌ സർക്കാർ പരസ്യം നിഷേധിക്കുന്നു. വിമർശിക്കുന്ന ലേഖകരെയും എഡിറ്റർമാരെയും മാധ്യമ മുതലാളിമാരിൽ സമ്മർദം ചെലുത്തി പുകച്ച്‌ പുറത്തുചാടിക്കുന്നു. വഴങ്ങാത്തവരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ റെയ്‌ഡിന്‌ വിധേയമാക്കുന്നു.  എല്ലാ മാധ്യമങ്ങളെയും സർക്കാർ മെഗാഫോണുകളാക്കി മാറ്റാനാണ്‌ ശ്രമം.

ഈ മാധ്യമവേട്ടയുടെ ഏറ്റവും ക്രൂരമായ മുഖമാണ്‌ മാധ്യമങ്ങളെ നിരോധിക്കുകയെന്നത്‌. കേരളത്തിൽനിന്ന്‌ ഈ അപൂർവ നടപടിക്ക്‌ ഇരയായ മാധ്യമമാണ്‌ മീഡിയ വൺ ചാനൽ. 2022 ജനുവരി 31നാണ്‌ അവ്യക്തമായ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ചാനലിന്‌ വിലക്ക്‌ ഏർപ്പെടുത്തിയത്‌. വിലക്കിന്‌ ആധാരമായ വിഷയം ഏതാണെന്നുപോലും വ്യക്തമാക്കാതെയാണ്‌ നിരോധനം. കേന്ദ്രം സമർപ്പിക്കുന്ന മുദ്രവച്ച കവർ അവലംബിച്ച്‌ ചാനലിന്‌ പ്രവർത്തനാനുമതി നൽകാതിരിക്കുന്നതിനെ രൂക്ഷമായ ഭാഷയിലാണ്‌ പരമോന്നത കോടതി വിമർശിച്ചത്‌. മുദ്രവച്ച കവറിലൂടെ സ്വാഭാവികനീതി ലംഘിക്കാനാകില്ലെന്ന വ്യക്തമായ സന്ദേശമാണ്‌ കോടതി നൽകിയത്‌. അദാനി വിഷയത്തിലും മുദ്രവച്ച കവറിനെ കൂടുതലായും അവലംബിക്കുന്ന സർക്കാർ രീതിയെ സുപ്രീംകോടതി വിമർശിച്ചിരുന്നു. ഹൈക്കോടതി അംഗീകരിച്ച നിരോധനമാണ്‌ ഇപ്പോൾ സുപ്രീംകോടതി നീക്കിയിരിക്കുന്നത്‌.

മാധ്യമസ്വാതന്ത്ര്യം നിഷേധിക്കുന്ന മോദി സർക്കാരിനെതിരെയുള്ള രൂക്ഷ വിമർശമാണ്‌ 133 പേജ്‌ വരുന്ന വിധിന്യായമെന്ന്‌ വ്യാഖ്യാനിക്കുന്നതിൽ തെറ്റില്ല. ദേശസുരക്ഷയുടെ പേര്‌ പറഞ്ഞ്‌ പൗരാവകാശങ്ങൾ നിഷേധിക്കാൻ സ്‌റ്റേറ്റിന്‌ അധികാരമില്ലെന്ന്‌ പരമോന്നത കോടതി വ്യക്തമാക്കിയിരിക്കുകയാണ്‌. സർക്കാർ നയത്തെ വിമർശിക്കുന്നത്‌ ഭരണകൂടവിരുദ്ധതയായി കാണാനാകില്ലെന്ന ശരിയായ നിരീക്ഷണവും കോടതിയിൽ നിന്നുണ്ടായി. സർക്കാരിനെയും പ്രധാനമന്ത്രിയെയും  വിമർശിക്കുന്നത്‌ രാജ്യത്തെ വിമർശിക്കലാണെന്ന ആഖ്യാനം ബിജെപിയും ആർഎസ്എസും നിരന്തരമായി മുന്നോട്ടുവയ്‌ക്കുന്ന ഘട്ടത്തിലാണ്‌ കോടതിയുടെ ഈ നിരീക്ഷണം. അതോടൊപ്പം സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ പ്രാധാന്യവും പ്രസക്തിയും സുപ്രീംകോടതി എടുത്തു പറയുകയും ചെയ്‌തു. ആരോഗ്യകരമായ ജനാധിപത്യത്തിന്‌ സ്വതന്ത്ര മാധ്യമപ്രവർത്തനം അനിവാര്യമാണെന്ന്‌ പറഞ്ഞ കോടതി അധികാരികളോട്‌ സത്യം വിളിച്ചുപറയാനും പൗരന്മാരെ യാഥാർഥ്യങ്ങൾ അറിയിക്കാനും മാധ്യമങ്ങൾക്ക്‌ ഉത്തരവാദിത്വമുണ്ടെന്ന്‌ വ്യക്തമാക്കുകയും ചെയ്‌തു. ഭൂരിപക്ഷം മാധ്യമങ്ങളും സർക്കാരിനെ വാഴ്‌ത്തിപ്പാടുന്നവയായി അധഃപതിക്കുന്ന ഈ കാലത്ത്‌ കോടതിയുടെ ഈ നിരീക്ഷണത്തിന്‌ ഏറെ പ്രസക്തിയുണ്ട്‌.

കോടതി വിധിയിൽ ഏറെ ശ്രദ്ധേമായ മറ്റൊരു കാര്യം ആർഎസ്‌എസിന്റെയും ബിജെപിയുടെയും പ്രത്യയശാസ്‌ത്ര പദ്ധതിയെത്തന്നെ തുറന്നെതിർക്കാൻ സുപ്രീംകോടതി തയ്യാറായെന്ന കാര്യമാണ്‌. ഒരു രാഷ്ട്രം, ഒരു മതം, ഒരു ഭാഷ എന്ന ആശയപദ്ധതിയാണ്‌ രാജ്യം ഭരിക്കുന്ന ഹിന്ദുത്വ വാദികൾ മുന്നോട്ടുവയ്‌ക്കുന്നത്‌. ഈ ആശയപദ്ധതി ജനാധിപത്യ സങ്കൽപ്പത്തിന്‌ അപകടമാണെന്ന വ്യക്തമായ മുന്നറിയിപ്പും കോടതി നൽകി. നയങ്ങളിലും രാഷ്ട്രീയ ആദർശങ്ങളിലും ഏകമുഖ കാഴ്‌ചപ്പാട്‌ ജനാധിപത്യത്തെ അങ്ങേയറ്റം അപകടത്തിലാക്കുമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ഈ വസ്‌തുതയിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌. മറ്റൊരർഥത്തിൽ നാനാത്വത്തിലുള്ള ഏകത്വമാണ്‌ ഇന്ത്യൻ ജനാധിപത്യത്തിന്റെ സത്തയെന്ന്‌ ഒരിക്കൽക്കൂടി ഓർമിപ്പിക്കുകയാണ്‌ കോടതി ചെയ്യുന്നത്‌. അതുകൊണ്ടുതന്നെ മാധ്യമസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന വിധിമാത്രമായി ഇതിനെ ചുരുക്കിക്കാണാനാകില്ല. ജനാധിപത്യ ഇന്ത്യയുടെ, ഭരണഘടനയുടെ, ഇന്ത്യ എന്ന ആശയത്തിന്റെ വിജയമായിവേണം ഈ ചരിത്രവിധിയെ കാണാൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top