05 December Tuesday

കവിയൂർ കേസും മാധ്യമ ‘വിഐപി’ നുണയും

വെബ് ഡെസ്‌ക്‌Updated: Saturday Aug 22, 2020


സത്യത്തിൽനിന്ന്‌ സമൂഹം എത്ര അകലുന്നുവോ അതിലധികം  അത്‌ സത്യം മുറുകെ പിടിക്കുന്നവന്നവരെ വെറുക്കുമെന്ന്‌ പറയാറുണ്ട്‌‌. വലതുപക്ഷ പ്രത്യയശാസ്‌ത്രത്തിന്റെ ഗൂഢതന്ത്രങ്ങളും പദ്ധതികളും കേരളത്തെയും അത്തരമൊരു പതനത്തിലേക്ക്‌ എത്തിക്കുകയാണെന്ന്‌ സംശയിക്കത്തക്ക നിലയിലാണ്‌ കാര്യങ്ങളുടെ പോക്ക്‌. 1959ലെ  ‘വിമോചന സമര’ത്തിലും   പിന്നീട്‌ പശ്‌ചിമ ബംഗാളിലും പരീക്ഷിച്ച മഹാസഖ്യത്തിന്റെ രൂപം സംസ്ഥാനത്ത്‌ വീണ്ടും സാന്നിധ്യമറിയിക്കുകയാണ്‌. വ്യത്യസ്‌ത കാഴ്‌ചപ്പാടുകളുള്ള രാഷ്ട്രീയ പാർടികളും മൂലധനശക്തികളും വർഗീയപ്രസ്ഥാനങ്ങളും മാധ്യമങ്ങളും ഒന്നുചേർന്നാണ്‌ വിധ്വംസക പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നതും.

സംഭവങ്ങൾക്കും വാർത്തകൾക്കും പകരം സ്വന്തം  താൽപ്പര്യങ്ങളും അഭിപ്രായങ്ങളും ചർച്ചകളായി കൊഴുപ്പിക്കുകയാണ്‌ മാധ്യമങ്ങൾ. ജീവൽപ്രശ്‌നങ്ങൾ അവഗണിച്ച്‌ കൃത്രിമ അജൻഡകൾ സൃഷ്ടിക്കലും അസത്യങ്ങളും അർധസത്യങ്ങളും  പ്രചരിപ്പിക്കലുമാണ്‌ ചില മാധ്യമങ്ങളുടെ മുഖമുദ്ര.  ആ കള്ളക്കഥകൾ തെറ്റാണെന്ന്‌ ബോധ്യപ്പെട്ടാലും തിരുത്താറില്ലെന്നത്‌ അതേക്കാൾ നിരുത്തരവാദപരം. തിരുവനന്തപുരം വിമാനത്താവളം മോഡി സർക്കാർ അദാനിക്ക്‌ കൈമാറിയതും സമ്പൂർണ  നിയമന നിരോധനവും യോഗി ആദിത്യനാഥ്‌ ഭരിക്കുന്ന ഉത്തർപ്രദേശിൽ പെൺകുട്ടികളെ തുടർച്ചയായി ക്രൂര ബലാത്സംഗത്തിന്‌ ഇരയാക്കുന്നതും  കേരളത്തിലെ മാധ്യമങ്ങൾ കാണുന്നേയില്ല. ആ ദിവസങ്ങളിലും  പ്രധാന പത്രതലക്കെട്ടുകളും കാർട്ടൂണുകളും ചാനൽ ചർച്ചകളുംവഴി  എൽഡിഎഫ്‌ സർക്കാരിനെ ചെളിവാരിയെറിയുകയായിരുന്നു.

കായംകുളത്ത്‌ സിപിഐ എം പ്രവർത്തകൻ സിയാദിനെ കോൺഗ്രസുകാർ കുത്തിക്കൊന്നതും മറച്ചുവച്ചു. മത്സ്യവ്യാപാരിയായ അദ്ദേഹം വീട്ടിലെത്തി ഭാര്യക്കൊപ്പം ഭക്ഷണം പാകംചെയ്‌ത്‌  ക്വാറന്റൈയിൻ കേന്ദ്രത്തിൽ എത്തിച്ച്‌  മടങ്ങവെയായിരുന്നു ആക്രമണം. ‘‘ഒന്നും ചെയ്യല്ലേ, രണ്ടു പിഞ്ചു കുഞ്ഞുങ്ങളാണെനിക്ക്‌; അവർ അനാഥമായിപ്പോകും’’ എന്ന അവസാന നിലവിളി കേൾക്കാൻപോലും അക്രമിക്കൂട്ടം തയ്യാറായില്ല. മാധ്യമങ്ങളാകട്ടെ വേട്ടക്കാരുടെ ഭാഷ്യത്തിനാണ്‌ കൂടുതൽ ഇടം നൽകിയതും. ഇന്ത്യയിൽ ടെലിവിഷൻ മാധ്യമപ്രവർത്തനത്തിന്റെ എല്ലാ ഉള്ളടക്കവും കൈമോശംവന്നുവെന്നാണ്‌  മഗ്‌സാസെ പുരസ്‌കാര ജേതാവ്‌ രവീഷ്‌ കുമാർ പ്രതികരിച്ചത്‌.


 

വാർത്താമുറികളിൽ ആങ്കർമാരെയും അതിഥികളെയും ഗുസ്‌തിക്കാരെയും അണിനിരത്തിയാണ്‌ ചർച്ചകളെന്ന അദ്ദേഹത്തിന്റെ വാക്കുകൾ മലയാളി പ്രേക്ഷകരെങ്കിലും അവഗണിച്ചുകൂടാ. ഒരാളെത്തന്നെ രാഷ്ട്രീയ സൈദ്ധാന്തികനായും  കാലാവസ്ഥാ വിദഗ്‌ധനും പക്ഷി നിരീക്ഷകനും സ്വതന്ത്ര ചിന്തകനും പൊലീസ്‌‐കുറ്റവാളി  മനഃശാസ്‌ത്രജ്ഞനും യുദ്ധവിശകലന പണ്ഡിതനുമെല്ലാമായി അണിനിരത്തുകയാണ്‌. അതുപോലെ  കേരളം ആരാധനയോടെ പരിഗണിക്കുന്ന വയോധികരായ നേതാക്കളെ പുലഭ്യം പറയാൻ ആവശ്യത്തിലധികം സമയം അനുവദിക്കാനും മടിയില്ല.

കവിയൂർ കേസിൽ നാലാം വട്ടവും  തുടരന്വേഷണത്തിന് ഉത്തരവിട്ട പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌  സിബിഐ ഹൈക്കോടതിയെ   സമീപിച്ചത്‌ ഇത്തരം മാധ്യമങ്ങൾക്കും വിദ്വേഷ രാഷ്ട്രീയത്തിനും അപവാദ വ്യവസായത്തിനും കനത്ത തിരിച്ചടിയാണ്‌. 2004 സെപ്‌തംബർ 28 നാണ്‌ കവിയൂരിലെ കാണിക്കാംപറമ്പ്‌ കുണ്ടുങ്കര  ഇല്ലത്ത്‌ നാരായണൻ നമ്പൂതിരിയും ഭാര്യ ശോഭന, മക്കളായ അനഘ, അഖില, അക്ഷയ്‌ എന്നിവരും ആത്മാഹുതിചെയ്തത്‌.

പ്രായപൂർത്തിയാകാത്ത അനഘ പീഡിപ്പിക്കപ്പെട്ടതായും തെളിഞ്ഞു. സിനിമാ അവസരം വാഗ്ദാനംചെയ്ത് പ്രതി ലതാനായർ കുട്ടിയെ രാഷ്ട്രീയക്കാർ, ചിലരുടെ മക്കൾ, സിനിമാക്കാർ തുടങ്ങിയവർക്ക്‌ കാഴ്ചവച്ചതിന്റെ നാണക്കേടു കാരണമാണ് കൂട്ടആത്മഹത്യ എന്നായിരുന്നു ആരോപണം. പീഡനത്തിൽ വിഐപികൾ  ഉൾപ്പെട്ടതായുള്ള  -പ്രചാരണം വ്യക്തിവിരോധത്താൽ കെട്ടിച്ചമച്ചതാണെന്നും ആരോപണമേറ്റവർ  കുട്ടിയെ കണ്ടിട്ടില്ലെന്നും സിബിഐ ഹൈക്കോടതിയിൽ വ്യക്തമാക്കി. 

അനഘയെ വിഐപികൾ പീഡിപ്പിച്ചെന്ന ക്രൈം നന്ദകുമാറിന്റെ ഹർജിയിലായിരുന്നു സിബിഐ അന്വേഷണ തുടക്കം. പക്ഷേ, കിളിരൂർ കേസ്‌  പ്രതി ലതാനായർക്ക് അഭയം കൊടുത്തതിൽനിന്നുണ്ടായ  കുറ്റബോധവും അപമാനഭാരവുമാണ്‌ കൂട്ടആത്മഹത്യയിലേക്ക്‌ നയിച്ചതെന്നാണ് അവരുടെ കണ്ടെത്തൽ. ആരാണ് അനഘയെ  പീഡിപ്പിച്ചതെന്ന്‌ വ്യക്തമായില്ലെന്നും നാരായണൻ നമ്പൂതിരിയെ  സംശയിക്കുന്നതായും എന്നാൽ മതിയായ തെളിവില്ലെന്നും വ്യക്തമാക്കി. 

മകളെ  പീഡിപ്പിച്ചത് അച്ഛനാണെന്ന നിഗമനമാണ് ആദ്യ മൂന്നു റിപ്പോർട്ടിലും. എന്നാൽ, ശാസ്ത്രീയ തെളിവ്‌  ആരാഞ്ഞ കോടതി അത്‌ മുഖവിലയ്‌ക്കെടുത്തില്ല. കേസ് അവസാനിപ്പിക്കാനുള്ള റിപ്പോർട്ട്‌  അംഗീകരിക്കാൻ സിബിഐ, ഹൈക്കോടതിയെ സമീപിക്കുമ്പോൾ   നിലംപൊത്തുന്നത്‌ 16  വർഷമായി മാധ്യമങ്ങൾ സംഘടിതമായി കെട്ടിപ്പൊക്കിയ  നുണക്കോട്ടയാണ്‌. തുടർവാർത്തകൾ, പരമ്പരകൾ, ഹാസ്യപംക്തികൾ, കാർടൂണുകൾ, ചർച്ചകൾ തുടങ്ങിയവയിലൂടെയാണ്‌ വ്യാജവാർത്ത സജീവമായി നിർത്തിയതും.  സിനിമാ കഥയിലെന്നവണ്ണം കൈയാമവും കിലുക്കി  ‘പ്രമുഖ’രെ അന്വേഷിച്ച്‌ അലഞ്ഞ സിബിഐ കൈമലർത്തുമ്പോൾ മാധ്യമങ്ങളും നാണംകെടുകയാണ്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top