26 April Friday

തൊഴിലെടുക്കുന്നവരുടെ സമരമുന്നണി ശക്തം

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018


അധ്വാനം ജീവിതോപാധിയായ ലക്ഷക്കണക്കിനാളുകൾ ഒത്തുചേർന്നു നടത്തിയ മഹാമുന്നേറ്റത്തിൽ രാജ്യതലസ്ഥാനം ആവേശച്ചെങ്കടലായി. മോഡിഭരണം  വഴിമുട്ടിച്ച ജീവിതം തിരിച്ചുപിടിക്കണമെന്ന ചിന്തയാണ‌് വ്യത്യസ‌്ത ജനവിഭാഗങ്ങളെ പൊതു മുദ്രാവാക്യങ്ങൾക്കുപിന്നിൽ അണിനിരത്തിയത‌്. മണ്ണിൽ പണിയെടുക്കുന്നവരും കൃഷിക്കാരും തൊഴിലാളികളും ഒന്നിച്ച‌് സമരമുഖത്ത‌് എത്തിയപ്പോൾ അതൊരു പുതിയ അനുഭവമായി. വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നവർ സമരത്തിനിറങ്ങുന്നത‌് പുതുമയുള്ള കാര്യമല്ല. പൊതുവായ ആവശ്യങ്ങളുയർത്തി പൊതുപണിമുടക്കുകളും  നടക്കാറുണ്ട‌്. ഉദാരവൽക്കരണകാലത്ത‌് പൊതുപണിമുടക്കുകളിൽ അണിനിരക്കുന്നവരുടെ എണ്ണം ക്രമാനുഗതമായി വർധിച്ചുവരികയുമാണ‌്. പണിമുടക്ക‌് ഇല്ലാതെ ഇത്രയേറെ ജനങ്ങൾ പാർലമെന്റിനുമുന്നിൽ എത്തിയത‌് വളർന്നുവരുന്ന കർഷക‐ തൊഴിലാളി സമരൈക്യത്തിന്റെ  വിളംബരമായി. ഈ മഹാമുന്നേറ്റത്തിന്റെ തൊട്ടു തലേന്നാൾ സ‌്ത്രീരോഷത്തിന്റെ മറ്റൊരു ശക്തിപ്രകടനത്തിനും രാജ്യം സാക്ഷിയായി.

മഹാവിപത്തിന്റെ മുനമ്പിലാണ്‌  ഇന്ത്യയെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ‌് രക്ഷയുടെ പോരാട്ടവഴികൾ തേടുന്ന ജനമുന്നേറ്റമാണ‌് രാജ്യത്തെമ്പാടും നടക്കുന്നത‌്.  കിസാൻ സഭ, സിഐടിയു, കർഷകത്തൊഴിലാളി യൂണിയൻ സംഘടനകൾ ദീർഘനാളായി നടത്തുന്ന  പ്രചാരണ, പ്രക്ഷോഭ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ‌് പാർലമെന്റിലേക്ക‌് മസ‌്ദൂർ‐  കിസാൻ സംഘർഷ‌് റാലി സംഘടിപ്പിച്ചത‌്. എല്ലാ ദുരന്തങ്ങളും ഏറ്റവും തീവ്രതയോടെ ഏറ്റുവാങ്ങേണ്ടിവരുന്ന സ‌്ത്രീജീവിതത്തിന്റെ പ്രതിരോധത്തിന‌്   അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനാണ‌് നേതൃത്വം നൽകിയത‌്. ഡൽഹി രാജ്യത്തിന്റെ പരിച്ഛേദമായി മാറിയ ദിവസങ്ങളാണ‌് കടന്നുപോയത‌്. വിവിധങ്ങളായ മുദ്രാവാക്യങ്ങൾ ഉയർത്തി എല്ലാ സംസ്ഥാനങ്ങളിലും നടന്ന അനുബന്ധപ്രക‌്ഷോഭങ്ങൾക്കുശേഷമാണ‌്  കർഷക ‐ തൊഴിലാളി ‐വനിത വളന്റിയർമാർ പാർലമെന്റ്‌ മാർച്ചിന‌് എത്തിയത‌്. അപ്രതീക്ഷിതമായ കനത്തമഴ സമരാവേശത്തെ തെല്ലും തണുപ്പിച്ചില്ല.

രാംലീല മൈതാനത്ത‌് ദിവസങ്ങൾക്കുമുമ്പ്‌ എത്തിച്ചേർന്നവരെ ടെന്റുകെട്ടി പാർപ്പിക്കാനായിരുന്നു സംഘാടകസമിതി തീരുമാനം. എത്തിച്ചേർന്ന ജനസഞ്ചയത്തിന്റെ വലുപ്പവും മോശം കാലാവസ്ഥയും എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. വിഷമകരമായ ചുറ്റുപാടിലും അടങ്ങാത്ത ആവേശവും മാതൃകാപരമായ അച്ചടക്കവും മാർച്ചുകളെ ശ്രദ്ധേയമാക്കി. കേന്ദ്ര ബിജെപി സർക്കാരിന്റെ  കോർപറേറ്റ‌് അനുകൂല നയസമീപനങ്ങൾ സാമാന്യജനങ്ങളുടെമേൽ എത്രമാത്രം പ്രഹരശേഷിയോടെയാണ‌് പതിക്കുന്നതെന്ന‌് സമരത്തിന‌് ആധാരമായ പൊതുമുദ്രാവാക്യങ്ങൾ സൂചിപ്പിക്കുന്നുണ്ട‌്. ഭക്ഷ്യസുരക്ഷയും പൊതുവിതരണവും അലങ്കോലമാക്കിയ കേന്ദ്ര സർക്കാർ ജനങ്ങളെ വിലക്കയറ്റത്തിന്റെ എരിതീയിലേക്കാണ‌് എടുത്തെറിയുന്നത‌്. എണ്ണ ഉൽപ്പന്നങ്ങൾക്ക‌് നിരന്തരം വില വർധിപ്പിച്ച‌് സാധാരണക്കാരന്റെ വാങ്ങൽശേഷി അനുദിനം പിറകോട്ടടിപ്പിച്ചു. വിപരീതദിശയിൽ മുന്നേറുന്ന ഇന്ധനവിലയും രൂപയുടെ മൂല്യവും സമ്പദ‌്ഘടനയുടെ ദൗർബല്യത്തെ വിളിച്ചോതുന്നു.

തൊഴിൽ മേഖലയിലാണ‌് മോഡി സർക്കാർ ഏറ്റവും വലിയ കടന്നാക്രമണങ്ങൾ നടത്തുന്നത‌്. തൊഴിൽനിയമങ്ങൾ പൊളിച്ചെഴുതി തൊഴിൽസാഹചര്യങ്ങൾ മനുഷ്യത്വരഹിതമാക്കിയതിനെതിരെ കടുത്ത രോഷമാണ‌് ഉയരുന്നത്‌. മിനിമം വേതനം 18,000 രൂപയെങ്കിലുമാക്കാതെ മാന്യമായ  ജീവിതസാഹചര്യം തൊഴിലാളികൾക്ക‌് ലഭിക്കില്ലെന്ന‌് സമര മുന്നണി ഉറക്കെ പ്രഖ്യാപിക്കുന്നു. ആത്മഹത്യയിൽ അഭയം തേടുന്ന ഇന്ത്യൻ കർഷകന്റെ ദുരവസ്ഥയ‌്ക്ക‌് പരിഹാരം ന്യായവില ഉൾപ്പെടെയുള്ള ഡോ. സ്വാമിനാഥൻ കമീഷന്റെ ശുപാർശകൾ നടപ്പാക്കുകയാണ‌്. ഉൽപ്പാദനച്ചെലവും അമ്പതുശതമാനവും ചേർന്ന തുകയെങ്കിലും താങ്ങുവിലയായി നിശ്ചയിക്കുകയെന്ന ആവശ്യം കേന്ദ്രം ചെവിക്കൊള്ളാൻ തയ്യാറല്ല. യഥാസമയം ധാന്യസംഭരണം ഫലപ്രദമായി നടത്താൻ സംവിധാനങ്ങൾ ഒരുക്കാത്ത സർക്കാർ ഭക്ഷ്യസുരക്ഷയുടെ പേരിൽ നടത്തുന്നത‌് വാചകമടിമാത്രം.

മണ്ണിൽ പണിയെടുക്കുന്ന കർഷകത്തൊഴിലാളിക്ക‌് ഏകീകൃതമായ കൂലിയോ വേതനവ്യവസ്ഥകളോ ഇല്ല. ഇതിനായി സമഗ്ര ദേശീയ നിയമനിർമാണം എന്ന ആവശ്യത്തിന‌് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട‌്. കടത്തിൽമുടിഞ്ഞ ദരിദ്രകർഷകരുടെയും കർഷകത്തൊഴിലാളികളുടെയും വായ‌്പ എഴുതിത്തള്ളണമെന്നത‌് ഈ പ്രക്ഷോഭത്തിലെ പ്രധാന ആവശ്യങ്ങളിലൊന്നാണ‌്. പട്ടിണി വിഴുങ്ങിയ ഇന്ത്യൻ ഗ്രാമങ്ങളിൽ പ്രതീക്ഷയുടെ കൈത്തിരിയായി മാറിയ തൊഴിലുറപ്പുപദ്ധതി  ഇടതുപക്ഷപിന്തുണയോടെ യുപിഎ സർക്കാർ നടപ്പാക്കിയ  ജനക്ഷേമനടപടികളിൽ ഒന്നായിരുന്നു. എന്നാലിന്ന‌് തൊഴിലുറപ്പുപദ്ധതി‌ നാമാവശേഷമാണ‌്. ചുരുക്കം സംസ്ഥാനങ്ങളിൽ ഗ്രാമത്തിൽ മാത്രമുള്ള  ഈ പദ്ധതി പുനരുജ്ജീവിപ്പിച്ച‌് നഗരങ്ങളിൽക്കൂടി നടപ്പാക്കണം. എല്ലാവർക്കും ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം എന്നിവ ഉറപ്പുവരുത്തുക,സാർവത്രിക സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, കരാർ തൊഴിൽ അവസാനിപ്പിക്കുക, തുല്യജോലിക്ക‌് സ‌്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേതനം, ഭൂപരിഷ‌്കരണം നടപ്പാക്കുക, ബലംപ്രയോഗിച്ചുള്ള ഭൂമി ഏറ്റെടുക്കൽ അവസാനിപ്പിക്കുക, പ്രകൃതിദുരന്തങ്ങളിൽ ഇരകളായവർക്ക‌് ആശ്വാസവും പുനരധിവാസവും നൽകുക., നവലിബറൽ നയങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും മഹാറാലി മുന്നോട്ടുവയ്‌ക്കുന്നു.

കർഷക, കർഷകത്തൊഴിലാളി, തൊഴിലാളി ഐക്യത്തിന്റെ കരുത്തുറ്റ ശൃംഖല രാജ്യവ്യാപകമായി രുപപ്പെടുത്തിയ സമരമെന്നനിലയിൽ ഈ മഹാറാലിക്ക്‌ ചരിത്രത്തിൽ സവിശേഷസ്ഥാനമുണ്ട‌്. ഇന്ത്യയെന്ന വലിയ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സാധാരണ‐ഇടത്തരം ജനവിഭാഗങ്ങളുടെ താൽപ്പര്യം സംരക്ഷിക്കപ്പെടണമെങ്കിൽ ഇപ്പോഴത്തെ നയം തിരുത്തണം. അതിന‌് തയ്യാറാകുന്നില്ലെങ്കിൽ,  ഈ ഭരണത്തെ മാറ്റുകയാണ‌് പോംവഴിയെന്ന സന്ദേശം ഗ്രാമഗ്രാമാന്തരങ്ങളിൽ എത്തിക്കാൻ പ്രക്ഷോഭത്തിന‌് സാധിച്ചു. ബിജെപി ഭരണത്തിന്റെ സാമ്പത്തികനയങ്ങളും വർഗീയ നിലപാടുകളും കടുത്ത ദ്രോഹമേൽപ്പിക്കുന്ന വിഭാഗങ്ങളാണ‌് സ‌്ത്രീകൾ. തൊഴിൽ മേഖലയിൽ ഉൾപ്പെടെ സ‌്ത്രീകൾ  വിവേചനവും കടന്നാക്രമണവും നേരിടുന്നു.  അടുക്കളയിൽപോലും കടന്നുകയറുന്ന വർഗീയ ഫാസിസം വല്ലാത്ത അരക്ഷിതാവസ്ഥയാണ‌് സൃഷ്ടിക്കുന്നത‌്. ഇതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പിനാണ‌് ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വം നൽകുന്നത‌്. ജനപക്ഷത്തുനിന്നുള്ള ഈ മുന്നേറ്റങ്ങൾ ഭാവിഭാരതത്തിന്റെ ദിശാസൂചകങ്ങളാണ‌്. രാജ്യത്തെ ജനാധിപത്യ‐ മതേതര പ്രസ്ഥാനങ്ങളുടെ  ഐക്യത്തിലേക്കുള്ള ഉറച്ച കാൽവയ്‌ പുകൂടിയാണിത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top