24 April Wednesday

വിവാഹപ്രായം ഉയർത്തുന്നത് എന്തിന്

വെബ് ഡെസ്‌ക്‌Updated: Monday Dec 20, 2021


പെൺകുട്ടികളുടെ വിവാഹപ്രായം 18ൽനിന്ന് 21 ആയി ഉയർത്താൻ കേന്ദ്ര ഗവൺമെന്റ് തിരക്കിട്ട നീക്കം നടത്തുന്നു. ഇതു സംബന്ധിച്ച ബിൽ ഈയാഴ്ച പാർലമെന്റിൽ കൊണ്ടുവരുമെന്നാണ് സൂചന. എന്തിന് ഇങ്ങനെയൊരു നീക്കം ? പതിവുപോലെ സർക്കാർ ഒന്നും കൃത്യമായി വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയ പാർടികളുമായോ വനിതാസംഘടനകളുമായോ ചർച്ചയോ കൂടിയാലോചനകളോ ഒന്നുമുണ്ടായിട്ടില്ല. അടിമുടി ദുരൂഹതകൾമാത്രം. ആർഎസ്എസിന്റെ വർഗീയ അജൻഡയാണ് നടപ്പാക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. അതുകൊണ്ടുതന്നെ, രാജ്യവ്യാപക പ്രതിഷേധമുയർന്നു കഴിഞ്ഞു. ബില്ലിനെ പാർലമെന്റിൽ എതിർക്കുമെന്ന് സിപിഐ എം വ്യക്തമാക്കിയിട്ടുണ്ട്.

നിയമപ്രകാരം 18 വയസ്സ്‌ തികഞ്ഞ പെൺകുട്ടികൾക്കും 21 വയസ്സ്‌ തികഞ്ഞ ആൺകുട്ടികൾക്കും വിവാഹിതരാകാൻ അവകാശമുണ്ട്. ജാതി -മത വ്യത്യാസമില്ലാതെ, ആർക്കും പരസ്‌പര സമ്മതമെങ്കിൽ വിവാഹം കഴിക്കാം. പെൺകുട്ടികളുടെ ഈ സ്വാതന്ത്ര്യവും സ്വയം നിർണയാവകാശവും ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തുല്യതയാണ് പ്രശ്നമെങ്കിൽ ആൺകുട്ടികളുടെ വിവാഹപ്രായം 18 ആയി കുറച്ചാൽ മതിയല്ലോ. ഈ ആവശ്യം നിലവിലുള്ളതുമാണ്. 

മാതൃമരണ നിരക്ക് കുറയ്ക്കുന്നതിനും പോഷകക്കുറവ് പരിഹരിക്കുന്നതിനുമാണ് പ്രായം കൂട്ടുന്നതെന്ന് സർക്കാർ പുറത്തേക്ക് പറയുന്നു. ഇത് രണ്ടിന്റെയും മുഖ്യകാരണം കടുത്ത ദാരിദ്ര്യവും പോഷകാഹാരക്കുറവുമാണ്. വിവാഹപ്രായം ഉയർത്തിയാൽ ഈ പ്രശ്നം പരിഹരിക്കുമോ ? അതിനുവേണ്ടത് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം ഉറപ്പാക്കുന്ന പൊതുജനാരോഗ്യ സൗകര്യങ്ങൾ, ദാരിദ്ര്യം ഇല്ലാതാക്കൽ, പോഷകമുള്ള നല്ല ഭക്ഷണം എന്നിവയാണ്. 2016–-18ലെ സാമ്പിൾ രജിസ്ടേഷൻ കണക്കുപ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാതൃമരണം സംഭവിക്കുന്നത് അസമിലാണ്. ഒരു ലക്ഷത്തിൽ 215 മരണം. ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലും പ്രസവത്തിനിടെയുള്ള മാതൃമരണം കൂടുതലാണ്. പ്രസവാനന്തര രക്തസ്രാവം, പ്രസവത്തിനിടെ രക്തം നഷ്ടമാകൽ എന്നിവ ഇതിന് മുഖ്യകാരണം. ഏറ്റവും കുറവ് മാതൃമരണം കേരളത്തിൽ. വിളർച്ചയുള്ള സ്‌ത്രീകളിലാണ് പ്രശ്നം രൂക്ഷമാകുക. ലോകത്ത്  വിളർച്ചയുള്ള സ്‌ത്രീകളും കുഞ്ഞുങ്ങളും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ബഹുഭൂരിപക്ഷവും പാവപ്പെട്ടവർ. ഇവർക്ക് ഇരുമ്പടങ്ങിയ പോഷകാഹാരം നൽകുകയാണ് വേണ്ടത്.

പെൺകുട്ടികളുടെ വിവാഹപ്രായം പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് 2020ലെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. തുടർന്ന്, സമതാ പാർടി നേതാവ് ജയ ജയ്റ്റ്‌ലി അധ്യക്ഷയായി രൂപീകരിച്ച പത്തംഗ സമിതിയുടെ അനേകം ശുപാർശകളിൽ ഒന്നുമാത്രമാണ് വിവാഹപ്രായം ഉയർത്തൽ. മറ്റൊരു ശുപാർശയും സർക്കാർ കണ്ടതായി നടിക്കുന്നേയില്ല. പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ സൗകര്യം, സുരക്ഷിതമായി വിദ്യാലയങ്ങളിൽ എത്താനുളള യാത്രാസൗകര്യം, ടോയ്‌ലെറ്റുകൾ, നാപ്കിൻ ലഭ്യത, ലൈംഗികവിദ്യാഭ്യാസം, ജീവനോപാധിക്കുള്ള തൊഴിൽപരിശീലനം, പുരുഷമേധാവിത്വത്തിനെതിരായ പ്രചാരണം തുടങ്ങി നിരവധി കാര്യങ്ങൾ ശുപാർശയിലുണ്ട്. അതൊന്നും പരിഗണിക്കാതെ വിവാഹപ്രായംമാത്രം പരിഗണിക്കുന്നതിന് ന്യായീകരണമില്ലെന്ന് ജയ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നല്ല റോഡും വെളിച്ചവുമില്ലാതെ ട്രാഫിക് നിയമം കൊണ്ടുവരുന്നതുപോലെയാണ് സർക്കാർ നീക്കമെന്ന് അവർ പറയുകയുണ്ടായി.

ഇവിടെയാണ് സർക്കാരിന്റെ വർഗീയ അജൻഡ വെളിപ്പെടുന്നത്. മുസ്ലിം സമുദായത്തിൽ പെൺകുട്ടികളുടെ വിവാഹം നേരത്തേ നടക്കുന്നുവെന്നും നേരത്തേ കുട്ടികളുണ്ടായി ആ വിഭാഗത്തിന്റെ ജനസംഖ്യ വർധിക്കുന്നുവെന്നും ആർഎസ്എസ് ഉന്നയിക്കുന്ന ആരോപണമാണ്. അതിനാൽ, വിവാഹം വൈകിപ്പിച്ച് മുസ്ലിം ജനസംഖ്യാ നിയന്ത്രണം പറ്റുമോ എന്നാണ് ആർഎസ്എസ് നോക്കുന്നത്. ജനങ്ങളെ മതപരമായി ചേരിതിരിക്കലും ലക്ഷ്യം.

സ്‌ത്രീശാക്തീകരണവും ക്ഷേമവുമാണ് സർക്കാരിന്റെ താൽപ്പര്യമെങ്കിൽ പ്രാരബ്ധങ്ങളിൽനിന്ന് അവരെ മോചിപ്പിക്കണം. പട്ടിണി, നിരക്ഷരത, പോഷകാഹാരക്കുറവ് എന്നിവക്ക് പരിഹാരം കാണണം. ഉന്നത വിദ്യാഭ്യാസം നൽകണം. സ്‌ത്രീസമൂഹത്തിന്റെ പ്രാപ്തിയും ശേഷിയും വളർത്താൻ കഴിയണം. എവിടെയും അർഹമായ പരിഗണനയും തുല്യതയും ഉറപ്പാക്കണം.  ഇതിനൊന്നും വിവാഹപ്രായവുമായി ഒരു ബന്ധവുമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top