20 April Saturday

മാവോയിസ്റ്റ്‌ ആക്രമണങ്ങളുടെ രാഷ്‌ട്രീയം

വെബ് ഡെസ്‌ക്‌Updated: Saturday Mar 9, 2019


വയനാട്ടിലെ വൈത്തിരിയിൽ മാവോയിസ്റ്റുകളും പൊലീസും ഏറ്റുമുട്ടുകയും  ഒരാൾ കൊല്ലപ്പെടുകയും ചെയ‌്ത സംഭവം കേരളത്തിൽ വിനാശകരമായ പ്രവർത്തനങ്ങൾക്ക‌്  തീവ്രവാദികൾ പദ്ധതിയിടുന്നതിന്റെ സൂചനയായിത്തന്നെ കാണണം. ലക്കിടിയിൽ റിസോർട്ടിൽ കയറി പണം ആവശ്യപ്പെടുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ‌്ത സംഘത്തിലെ സി പി ജലീൽ എന്ന മാവോയിസ്റ്റ‌് നേതാവാണ് വെടിയേറ്റ് മരിച്ചത്. ബുധനാഴ്ച രാത്രിയുണ്ടായ ആ സംഭവത്തിനുപിന്നാലെ, വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലും  മാവോയിസ്റ്റ‌് സായുധസംഘമെത്തി.  സ്ത്രീയും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘം സുരക്ഷാജീവനക്കാരനെ ഭീഷണിപ്പെടുത്തി സർവകലാശാലയുടെ പ്രധാന കവാടത്തിനുമുന്നിൽ ബാനറുകളും പോസ്റ്ററുകളും പതിച്ചാണ് മടങ്ങിയത്. തെക്കേ ഇന്ത്യയിലെ മൂന്ന‌്  സംസ്ഥാനങ്ങളിൽ ഉള്ള മാവോയിസ്റ്റ് ഗ്രൂപ്പുകൾ വയനാട് താവളമാക്കാൻ ശ്രമിക്കുകയാണ്,  കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന വനങ്ങൾ ഭൂമിശാസ്ത്രപരമായി ഇവർക്ക് സൗകര്യമുള്ള ഇടമാണ്.  കേരളം, തമിഴ്‌നാട്, കർണാടക   അതിർത്തിയായ ട്രൈജങ്‌ഷനും  ഇവർ താവളമാക്കുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

വയനാട്ടിന്റെ  പല മേഖലകളിലും മാവോയിസ്റ്റ്  പ്രചാരണം നടക്കുന്നുണ്ട്.  രാജ്യത്തിന്റെ വിവിധ മേഖലകളിലായി മാവോയിസ്റ്റുകളുടെ കൊള്ളയും കൊലപാതകങ്ങളും ഭീകര പ്രവർത്തനങ്ങളും അരങ്ങേറുന്നു. ജനങ്ങളുടെ സമാധാനജീവിതം നശിപ്പിക്കുന്നതും  ജനാധിപത്യത്തിനും ജനാധിപത്യപ്രസ്ഥാനത്തിനും ദോഷഫലങ്ങളുണ്ടാക്കുന്നതുമാണ് മാവോയിസ്റ്റ് ആക്രമണങ്ങൾ. ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഒഡിഷ,  പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങൾ  എന്നിവിടങ്ങളിൽ വർഷങ്ങളായി മാവോയിസ്റ്റ് ഭീഷണി ഉണ്ട്.   ബിഹാർ,  ആന്ധ്രപ്രദേശ്,  മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യത്തിന്റെയും അതിക്രമങ്ങളുടെയും റിപ്പോർട്ടുകൾ പലപ്പോഴായി ഉണ്ടാകുന്നു.  ഗോത്രവർഗ  ജനവിഭാഗങ്ങളെ സ്വാധീനിച്ച്  സായുധാക്രമണങ്ങളിലേക്ക് എത്തിക്കുകയും അസ്വസ്ഥത സൃഷ്ടിച്ച് തങ്ങളുടെ കുത്സിതപ്രവൃത്തികൾക്ക് സാഹചര്യം ഒരുക്കുകയുമാണ് മാവോയിസ്റ്റ് രീതി. 

വിപ്ലവ വായാടിത്തത്തിന്റെ മറവിൽ  ഇടതുപക്ഷവിരുദ്ധ  ശക്തികളുടെ ഉപകരണമായി പ്രവർത്തിക്കുകയാണ് മാവോയിസ്റ്റ് സംഘങ്ങൾ.  പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി ചേർന്ന് സിപിഐ എം വേട്ടയ‌്ക്കാണ‌് അവർ തയ്യാറാകുന്നത്. രാജ്യത്താകെയുള്ള കണക്കെടുത്താൽ മറ്റേതു രാഷ്ട്രീയ പാർടികളിലെയും പ്രവർത്തകരെക്കാൾ കൂടുതൽ സിപിഐ എം പ്രവർത്തകരെയാണ് മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത്. ഛത്തീസ്ഗഢിലെ ദന്തേവാഡയിൽ ബസിൽ ബോംബുവച്ച‌്  യാത്രക്കാരെ ക്രൂരമായി  കൊല്ലുകയും  ജ്ഞാനേശ്വരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ‌്   പാളംതെറ്റിച്ച്  149 യാത്രക്കാരെ കൊല്ലുകയും ചെയ‌്ത മാവോയിസ്റ്റുകളുടെ ഭീകരമുഖം ജനങ്ങൾക്ക‌്  ഭീതി പകരുന്നതാണ്.

ഫലത്തിൽ ജനങ്ങളെ ഉപകരണങ്ങളാക്കി ഭീകരപ്രവർത്തനം നടത്തുകയാണവർ. പല രാഷ്ട്രീയ പാർടികളിൽ നിന്നും പണം വാങ്ങി കരാറുറപ്പിച്ച് ആക്രമണങ്ങൾ നടത്തുന്ന പതിവും മാവോയിസ്റ്റ‌് സംഘങ്ങൾക്കുണ്ട്.  ബിസിനസ്സുകാരിൽനിന്നും കരാറുകാരിൽനിന്നും മറ്റും ബലമായും ഭീഷണിപ്പെടുത്തിയും പണം പിടുങ്ങുകയും  മയക്കു മരുന്ന് മാഫിയയുടെ അടക്കം സംരക്ഷകരും നടത്തിപ്പുകാരുമാകുകയും ചെയ്യുന്ന മാവോയിസ്റ്റ‌് സംഘങ്ങൾ ഏതെങ്കിലും സാമൂഹ്യ-രാഷ്ട്രീയ നന്മകളെ പ്രതിനിധാനം ചെയ്യുന്നില്ല. തീവ്ര ഇടത് സാഹസികതയുടെ   അധഃപതിച്ച രൂപമാണ് ഇന്ത്യയിലെ മാവോയിസ്റ്റ‌് സംഘങ്ങളുടേത്. അതിന‌് മാവോയുമായോ മനുഷ്യത്വത്തിലൂന്നിയ പ്രത്യയശാസ്ത്രവുമായോ ഒരു  ബന്ധവും ഇല്ല. 

വയനാട്ടിൽ കണ്ട അക്രമിസംഘം  പ്രതിലോമ പ്രത്യയശാസ്ത്രത്തിന്റെയും  വിനാശകരമായ രാഷ്ട്രീയത്തിന്റെയും പ്രതിരൂപമാണ്.  ഇത്തരം സംഘങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനവും അക്രമവും കൊള്ളയും ഒരുതരത്തിലും  കേരളത്തിൽ വച്ചുപൊറുപ്പിച്ച‌് കൂടാ. പൊലീസിന്റെ നടപടികൾക്ക് ജനങ്ങളുടെയാകെ പിന്തുണയുണ്ടാകും. എന്നാൽ, പൊലീസ് മാത്രം വിചാരിച്ചാൽ അവസാനിക്കുന്നതല്ല ഈ പ്രശ്നം. മാവോയിസ്റ്റ് ഭീഷണിയെ തുറന്നുകാട്ടി രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായുമുള്ള പോരാട്ടം പുരോഗമനശക്തികൾ ഏറ്റെടുക്കണം.  ഇവരുടെ ഇരയും ആയുധവും സാധാരണ ജനങ്ങളാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ജനാഭിപ്രായം രൂപീകരിക്കാനുള്ള ഇടപെടലുകൾ പൊലീസിന്റെ കർക്കശ നടപടികൾക്കൊപ്പം പ്രധാനമാണ്. രാഷ്ട്രീയതിമിരം ബാധിച്ച് ഇന്ന് മാവോയിസ്റ്റ‌് അതിക്രമങ്ങൾ ന്യായീകരിച്ചു രംഗത്തിറങ്ങുന്ന വലതുപക്ഷ ശക്തികളും വിപത്ത് തിരിച്ചറിഞ്ഞ‌്  പക്വതയും മര്യാദയും കാണിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top