26 April Friday

മനോരമയുടെ വേവലാതിക്കു പിന്നിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020


തിങ്കളാഴ്ച പതിവ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇങ്ങനെയൊരു വാചകം പറഞ്ഞിരുന്നു: വ്യാജവാർത്തകൾ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്നതിനും അതിനുപിന്നിൽ പ്രവർത്തിച്ചവരെ  കണ്ടെത്തുന്നതിനുമായി സംസ്ഥാനതല പൊലീസ് സംഘത്തിന്‌ രൂപംനൽകി എന്നായിരുന്നു അത്.  ‘അത് ഞങ്ങളെ ഉദ്ദേശിച്ചാണ്; ഞങ്ങളെ മാത്രം ഉദ്ദേശിച്ചാണ്’ എന്ന മട്ടിൽ നിലവിളിച്ച് രംഗത്തുവന്നിരിക്കുകയാണ് മലയാള മനോരമ. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാനാണ് സർക്കാർ ഒരുങ്ങുന്നതെന്ന് ബുധനാഴ്ചത്തെ മുഖപ്രസംഗത്തിൽ പത്രം ആരോപിക്കുന്നു.

മനോരമ അടക്കമുള്ള പത്രങ്ങളിൽ വരുന്ന വ്യാജവാർത്തകൾക്കു പിന്നാലെ പൊലീസ് ഇറങ്ങുന്നു എന്നൊന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു പോലുമില്ല. എന്നിട്ടും എന്തേ ഇത്ര വലിയ ഹാലിളക്കമെന്ന് ആർക്കും തോന്നും. കേരളത്തിലെ രണ്ട്‌ ചാനലിന്‌ കേന്ദ്ര സർക്കാർ സംപ്രേഷണ അനുമതി നിഷേധിച്ചപ്പോൾ പോലും ഒരു മുഖപ്രസംഗം എഴുതാത്ത മനോരമ എന്തേ ഇങ്ങനെ ചാടിപ്പുറപ്പെടാൻ എന്നും  സംശയം തോന്നാം. കഴിഞ്ഞ ഏതാനും മാസങ്ങളായി ആ ഒരു പത്രം മാത്രം നിർമിച്ച് പായ്ക്ക് ചെയ്ത് പ്രചരിപ്പിച്ച വ്യാജവാർത്തകളുടെ കണക്കെടുത്താൽ ആ സംശയം തീരും. ചാരക്കേസ് കാലത്ത് വന്നതിലും  അധികം നുണകളാണ് ഇക്കാലത്ത്‌ മനോരമ സൃഷ്ടിച്ചത്. ഈ കുറ്റബോധത്തിൽ നിന്നുണ്ടായ വെളിപാടാണ് ആ മുഖപ്രസംഗം.

കേരളത്തിൽ ഒരു ഗുരുതരമായ കുറ്റകൃത്യം അടുത്തിടെ നടന്നു. നയതന്ത്ര ചാനലിലൂടെ ഒരു സംഘം സ്വർണക്കടത്ത് നടത്തി. അതീവ ഗുരുതരമായ, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെത്തന്നെ  അപകടപ്പെടുത്താവുന്നവിധം ഗൗരവമുള്ള ഒരു ഇടപാടായിരുന്നു അത്. എന്നാൽ, ആ കുറ്റകൃത്യത്തിന്റെ യഥാർഥ ഉള്ളുകള്ളികൾ അന്വേഷിക്കാനല്ല മാധ്യമങ്ങൾ പുറപ്പെട്ടത്. പകരം ആ കേസിന്റെ മറവിൽ നിർമിച്ചെടുത്ത മസാലകളിൽ അഭിരമിക്കുകയായിരുന്നു അവർ. ആ കഥകളിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ പ്രതിപക്ഷത്തിന് വഴിയൊരുക്കാൻ കഴിയുമോ എന്ന പരിശ്രമത്തിലായിരുന്നു.

അതിനിടെ, സെക്രട്ടറിയറ്റിൽ ഒരു ചെറിയ തീപിടിത്തമുണ്ടായി. നാലു ദിവസമാണ് പ്രധാന വാർത്തയും രണ്ടാം വാർത്തയുമായി ഇല്ലാത്ത മാനങ്ങൾ നൽകി ആ വാർത്ത മുഖ്യപത്രങ്ങൾ ഒന്നാം പേജിൽ ആഘോഷിച്ചത്. എന്നാൽ, ആ തീപിടിത്തത്തെപ്പറ്റി അന്വേഷണം നടത്തിയ കമീഷൻ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതേ പത്രങ്ങളുടെ ഉൾപ്പേജിൽ എവിടെയോ അഞ്ചോ ആറോ സെന്റീമീറ്ററിൽ ആ വാർത്ത ഒടുങ്ങി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയ റിപ്പോർട്ടിലെ പരാമർശങ്ങൾ തെറ്റാണെന്ന്‌ ഒരു മാധ്യമവും പറഞ്ഞിട്ടില്ല. മുമ്പ് കൊടുത്ത നുണവാർത്തകളെപ്പറ്റി മിണ്ടിയതുമില്ല. ആ വാർത്ത വിട്ട് അവർ മറ്റൊന്നിൽ തൂങ്ങി. പക്ഷേ, ലക്ഷ്യംവച്ചത് അവർ ഇതിനകം സാധിച്ചു. സെക്രട്ടറിയറ്റിൽ തീപിടിത്തമുണ്ടാക്കി ഏതോ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചെന്ന തോന്നൽ കുറെപ്പേരുടെയെങ്കിലും  മനസ്സിൽ തിരുകാൻ അവർക്ക് കഴിഞ്ഞു.

പിന്നീട് മന്ത്രി ഇ പി ജയരാജനും കുടുംബത്തിനും എതിരെയായിരുന്നു നുണബോംബ്‌ ആക്രമണം. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ ആ വാർത്തയിലെ ഏക വാസ്തവം മന്ത്രിയുടെ ഭാര്യ അവർ ജോലി ചെയ്തിരുന്ന ബാങ്കിൽ പോയി അവരുടെ ലോക്കർ തുറന്നു എന്നത് മാത്രമാണ്. ഈ വസ്തുതയ്ക്ക് ചുറ്റും നുണ നിറച്ചുകെട്ടിയാണ് ആ ‘വാർത്താ ബോംബ്‌’ പത്രം സൃഷ്ടിച്ചത്. പതിവിലും ദയനീയമായി ഈ നുണ പൊളിഞ്ഞതോടെ ഒന്നാം പേജിൽ മന്ത്രിയുടെ ഭാര്യയുടെ വിശദീകരണം നൽകാൻ മനോരമ നിർബന്ധിതമായി. സ്വന്തം വാർത്ത ന്യായീകരിക്കാൻ ഒരുവാക്കുപോലും വിശദീകരണം എഴുതാൻ അവർക്കായില്ല. കഴിഞ്ഞദിവസം ഒരു പ്രമുഖ മാധ്യമപ്രവർത്തക ചൂണ്ടിക്കാട്ടിയതുപോലെ സ്വന്തം വാർത്തയ്ക്ക് 24 മണിക്കൂർ ആയുസ്സ് വേണമെന്ന നിർബന്ധംപോലും അവർക്കില്ലെന്ന അവസ്ഥ.

മന്ത്രി കെ ടി ജലീലാണ് മറ്റൊരു ആക്രമണലക്ഷ്യമായത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രിയുടെ മൊഴിയെടുത്തു എന്ന വിവരം പോലും അറിയാനുള്ള വാർത്താ സ്രോതസ്സുകളില്ലാത്ത ഈ ‘മുഖ്യ’മാധ്യമങ്ങൾ ജലീലിനെ സ്വർണക്കടത്തിൽ പ്രതിയാക്കി ഇപ്പോൾ അകത്തിടുമെന്ന പ്രതീതി സൃഷ്ടിക്കാൻ കിണഞ്ഞു പരിശ്രമിച്ചു. ആ വാർത്തയും ചീറ്റിയപ്പോൾ ഒരാളെ ചോദ്യം ചെയ്യുന്ന വിവരം കിട്ടാൻ പോലും ബന്ധമില്ലാത്ത അന്വേഷണ ഏജൻസിയുടെ പേരിൽ റിപ്പോർട്ടുകൾ ചമച്ച്‌ ജാള്യം മറയ്‌ക്കാൻ ശ്രമിക്കുന്നു.

ഇന്ത്യയിൽ മാധ്യമങ്ങൾക്കെതിരായ ചെറുനീക്കങ്ങളെപ്പോലും മുന്നിൽനിന്നു ചെറുത്ത ചരിത്രമുള്ള പ്രസ്ഥാനമാണ് സിപിഐ എം. ആ പാർടി നയിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്.

മാധ്യമങ്ങൾ വ്യാജവാർത്ത സൃഷ്ടിക്കുന്നു. എന്തും പറയാൻ കച്ച കെട്ടിയിറങ്ങിയ ബിജെപി സംസ്ഥാന പ്രസിഡന്റ്‌  അത് പ്രസ്താവനയാക്കുന്നു. എങ്ങനെയും പറയാൻ തയ്യാറായിരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അത് ആവർത്തിക്കുന്നു . അതിന്റെ പേരിൽ പ്രതിപക്ഷ സംഘടനകൾ സമരത്തിനിറങ്ങി കോവിഡ് പ്രതിരോധം പോലും തകരാറാക്കി കലാപമുണ്ടാക്കുന്നു. കുറച്ചുനാളായി  ഈ രീതി തുടരുന്നു.  ഈ ഒരു അട്ടിമറി നീക്കത്തിന്റെ  നെടുനായകത്വം വഹിക്കുന്ന പത്രമെന്ന നിലയിലാണ്, വ്യാജവാർത്ത തടയുന്നു എന്ന് കേട്ടയുടൻ മനോരമ സ്വന്തം തലയിൽ തപ്പുന്നത്.

ഇന്ത്യയിൽ മാധ്യമങ്ങൾക്കെതിരായ ചെറുനീക്കങ്ങളെപ്പോലും മുന്നിൽനിന്നു ചെറുത്ത ചരിത്രമുള്ള പ്രസ്ഥാനമാണ് സിപിഐ എം. ആ പാർടി നയിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന ഒന്നും സർക്കാരിൽനിന്ന് ഉണ്ടാകില്ലെന്നത് ഉറപ്പ്. എന്നാൽ, ക്രമസമാധാനം പോലും അപകടപ്പെടുത്തുകയും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ തകർക്കുകയും ചെയ്യുന്ന തരത്തിൽ വ്യാജവാർത്തകളും പ്രചാരണവും നടക്കുന്നുണ്ട്. അത് തടയാൻ തുടർച്ചയായ നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. അതിന്റെ ഭാഗം മാത്രമായ ഒരു നടപടിയെയാണ് കൂച്ചുവിലങ്ങും പത്രസ്വാതന്ത്ര്യ ധ്വംസനവുമായി മനോരമ ചിത്രീകരിക്കുന്നത്. അവർ തുടർന്നുവരുന്ന വ്യാജപ്രതീതി സൃഷ്ടിക്കലിന്റെ ഭാഗമാണ് ഈ മുഖപ്രസംഗവുമെന്ന് വ്യക്തം.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top