19 April Friday

പുരകത്തുമ്പോൾ വാഴവെട്ടുന്നവർ

വെബ് ഡെസ്‌ക്‌Updated: Saturday May 6, 2023


ബിജെപി ഭരണമുള്ള വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പുരിൽ പ്രബലമായ മെയ്‌ത്തീ സമുദായക്കാരും ഗോത്രവിഭാഗമായ കുക്കികളും മൂന്നുദിവസമായി ആവർത്തിക്കുന്ന ഏറ്റുമുട്ടൽ  തടയാനാകാതെ പകച്ചിരിക്കയാണ്‌ ബീരൻ സിങ്‌ സർക്കാർ. തലസ്ഥാനമായ ഇംഫാൽ,  ചുരാചന്ദ്പുർ, ഇംഫാൽ വെസ്റ്റ്, കാക്ചിങ്‌, തൗബൽ, ജിരിബാം, ബിഷ്ണുപുർ, കാങ്‌പോക്പി കാക്കിങ്‌ മേഖലകളിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഈ ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മൊബൈൽ ഇന്റർനെറ്റ്‌ സേവനങ്ങളും നിരോധിച്ചിട്ടുണ്ട്. കലാപകാരികളുടെ ആക്രമണത്തിൽ ബിജെപി എംഎൽഎ വുങ്‌സാഗിൻ വൽത്തയ്‌ക്കും  പരിക്കേൽക്കുകയുണ്ടായി. പൊലീസ് പരിശീലനകേന്ദ്രത്തിലേക്ക്‌ ഇരച്ചുകയറിയ അക്രമികൾ ആയുധങ്ങൾ കൊള്ളയടിച്ചത്‌ ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്. ഏറ്റുമുട്ടലുകളിലും പൊലീസ്‌ നടപടികളിലും നിരവധിപേർ മരിച്ചതായി വാർത്തയുണ്ട്‌. ആൾനാശം സ്ഥിരീകരിച്ചെങ്കിലും മുഖ്യമന്ത്രി  മരണസംഖ്യ വെളിപ്പെടുത്തിയിട്ടില്ല. അക്രമികളെ കണ്ടാലുടൻ വെടിവയ്‌ക്കാൻ ഗവർണർ അനുസിയ ഉയ്‌കെ  കലക്ടർമാർ അടക്കമുള്ളവർക്ക് നിർദേശം നൽകിയിരിക്കയാണ്‌.1973ലെ ക്രിമിനൽ കോഡ് പ്രകാരമാണ്‌ ഉത്തരവ്‌. സംഘർഷമേഖലകളിൽ കരസേന ഫ്ലാഗ്‌ മാർച്ച്‌ നടത്തി. ദ്രുതകർമസേനയെ വ്യോമമാർഗം എത്തിച്ചു. നിരവധി വീടുകളും സ്വത്തുക്കളും വാഹനങ്ങളും ആരാധനാലയങ്ങളും അക്രമികൾ തകർത്തു. ജനസംഖ്യയിൽ ഭൂരിപക്ഷമായ മെയ്‌ത്തീകളെ പട്ടികവർഗ വിഭാഗത്തിൽപ്പെടുത്താനുള്ള നീക്കത്തിനെതിരെ ഗോത്രവിഭാഗമായ കുക്കികൾ നീങ്ങിയതാണ്‌ കലാപത്തിന്റെ കാരണം. ഈ സംഘർഷത്തെ വർഗീയമാക്കാൻ കാവിപ്പട ആകുന്നനിലയിലെല്ലാം ശ്രമിക്കുകയാണ്‌. കലാപം ആളിക്കത്തിയതോടെ സംസ്ഥാനത്തേക്കുള്ള എല്ലാ ട്രെയിനും റെയിൽവേ റദ്ദാക്കി. സ്ഥിതി  മെച്ചപ്പെടുംവരെ ഒരു ട്രെയിനും കടത്തിവിടില്ലെന്നാണ്‌ തീരുമാനം. സംഘർഷ പശ്ചാത്തലത്തിൽ  കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്‌. നാഗാലാൻഡിൽനിന്ന് അടക്കമുള്ള സൈനികരെയാണ് അങ്ങോട്ടേക്ക്‌ അയക്കുക. കലാപം അരക്ഷിതാവസ്ഥ തീർത്ത പ്രദേശങ്ങളിൽനിന്ന്‌ ഒമ്പതിനായിരത്തിലധികം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതും പ്രശ്‌നത്തിന്റെ തീവ്രതയുടെ തെളിവാണ്‌. സൈനിക ക്യാമ്പിലേക്കും സർക്കാർ ഓഫീസിലേക്കുമാണ് അവരെ മാറ്റിയത്.

2023 ഏപ്രിൽ അവസാനമാണ്‌ ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്‌ത്തീ സമുദായത്തെ ഗോത്രവർഗത്തിൽ ഉൾപ്പെടുത്തണമെന്ന്‌ ഹൈക്കോടതി പ്രഖ്യാപിച്ചത്. ആ വിധിക്കെതിരെ ഗോത്രവിഭാഗമായ ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പുർ (എ‌ടി‌എസ്‌യുഎം) ചുരാചന്ദ്പുരിലെ തോർബങ്ങിൽ നടത്തിയ റാലിക്ക് പിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ആയിരക്കണക്കിന് പ്രക്ഷോഭകർ പങ്കെടുത്ത  റാലി ബിഷ്ണുപുരിൽ എത്തിയപ്പോൾ ചില വിഭാഗങ്ങളുമായി ഏറ്റുമുട്ടലുണ്ടായി. അത് പരസ്പര ആക്രമണത്തിലേക്ക് നയിച്ചു. തുടർന്നാണ്‌ ആദിവാസിവിഭാഗങ്ങൾ 10 മലയോര ജില്ലകളിൽ പ്രതിഷേധം പ്രഖ്യാപിച്ചത്‌. തുടർന്ന് സംസ്ഥാനത്തുടനീളം കലാപം  വ്യാപിപ്പിച്ചു. വ്യാജ വീഡിയോകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടു. അസം റൈഫിൾസിന്റെ പോസ്റ്റിനുനേരെയുള്ള ആക്രമണത്തിന്റെ വീഡിയോ ഉൾപ്പെടെ സുരക്ഷയെക്കുറിച്ചുള്ള വ്യാജ വീഡിയോകൾ വിദ്വേഷകർ പ്രചരിപ്പിക്കുന്നുണ്ടെന്നും സൈന്യം ട്വീറ്റ്‌ ചെയ്‌തു. ആക്രമണങ്ങൾ തടയാൻ സൈന്യത്തെയും അർധസൈനിക വിഭാഗത്തെയുംകൂടി  വിന്യസിച്ചിട്ടുണ്ട്. വിരമിച്ച ഐപിഎസ്  ഉദ്യോഗസ്ഥനും മുൻ സിആർപിഎഫ് തലവനുമായ കുൽദീപ് സിങ്ങിനെയാണ്‌ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചത്. മണിപ്പുരിന്റെ മനഃശാസ്‌ത്രവും വൈകാരികതയും തന്ത്രപ്രാധാന്യവും വകവയ്‌ക്കാതെ  ഉപദേശങ്ങളെയും  പ്രഖ്യാപനങ്ങളെയും  ബലപ്രയോഗത്തെയും ആശ്രയിക്കുകയാണ്‌ കേന്ദ്ര സർക്കാരും ബിജെപി നേതാക്കളും. കൂടിയാലോചനയിലൂടെ രാഷ്ട്രീയ പരിഹാരം തേടുന്നതിനു പകരം തെരഞ്ഞെടുപ്പുപര്യടനങ്ങളുടെ തിരക്കിലാണ്‌ നരേന്ദ്ര മോദിയും അമിത്‌ ഷായും മറ്റും. അധികാരംമാത്രം ലക്ഷ്യമാക്കിയുള്ളവർ  ‘പുരകത്തുമ്പോൾ വാഴ വെട്ടുകയാണ്‌’എന്നുപറയാം. സമാധാനവും ഐക്യവും നിലനിർത്താൻ സർവകക്ഷി യോഗം വിളിക്കണമെന്ന്‌ സിപിഐ എം മണിപ്പുർ സംസ്ഥാന കമ്മിറ്റി  ആവശ്യപ്പെട്ടത്‌ അതിനാലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top