ഇടവേളകളില്ലാത്തൊരു പ്രക്ഷോഭത്തിന് സമയമായിരിക്കുന്നു. വിശ്രമം വെടിഞ്ഞ്, ജാഗ്രതയോടെ പോർക്കളത്തിൽ നിലയുറപ്പിക്കേണ്ട കാലം എത്തിയിരിക്കുന്നു. മണിപ്പുർ അകലെയല്ല. വിദ്വേഷം വിതച്ച്, വിഭജിച്ച്, അധികാരം കൊയ്യുകയും നിലനിർത്തുകയും മാത്രമല്ല കച്ചവടത്തിന് കുത്തകകളുമായി കരാർ ഉറപ്പിക്കുകയും ചെയ്യുന്ന മോദി–- അമിത് ഷാ തന്ത്രം എവിടെയും പ്രയോഗിക്കപ്പെടാം. വംശഹത്യക്ക് വിധേയരാകുന്ന മണിപ്പുർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രതികരണങ്ങൾ രാഷ്ട്രീയ പ്രക്ഷോഭമായി പരിണമിക്കേണ്ട സമയം അതിക്രമിച്ചു. മെയ് മൂന്നിന് കലാപം പൊട്ടിപ്പുറപ്പെട്ടതിനു തൊട്ടുപിന്നാലെ കാങ്പോക്‌പി എന്ന ഗ്രാമത്തിൽ കുക്കി ആദിവാസി വിഭാഗത്തിലെ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് രാജ്യം പ്രതിഷേധത്താൽ തിളച്ചുമറിഞ്ഞു. അത് അണയുംമുമ്പ് ഇംഫാൽ ഈസ്റ്റിൽ രണ്ട് കുക്കി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത് കൊന്നുതള്ളിയതും പുറത്തുവന്നു. കേസെടുത്തെങ്കിലും ആരെയും അറസ്റ്റുചെയ്തിട്ടില്ല. കാങ്പോക്പി സംഭവത്തിൽ ലോകത്തിനുമുന്നിൽ മാനം നഷ്ടപ്പെട്ടപ്പോൾ മൗനം വെടിയേണ്ടിവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളിൽ ആത്മാർഥത ലവലേശം ഉണ്ടായിരുന്നില്ല. കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് രണ്ടരമാസമായി. നൂറ്റിയിരുപതിലധികംപേർ കൊല്ലപ്പെട്ടു. അറുപതിനായിരത്തിലേറെപ്പേർക്ക് പലായനം ചെയ്യേണ്ടിവന്നു. അയ്യായിരത്തിലേറെ വീടുകൾ അഗ്നിക്കിരയാക്കപ്പെട്ടു. ഇരുന്നൂറിലേറെ ക്രൈസ്തവ ദേവാലയങ്ങൾ തകർത്തു. എന്നിട്ടും പ്രധാനമന്ത്രി മൗനം ദീക്ഷിക്കുന്നു. പ്രതിപക്ഷ കക്ഷികളുമായി ചർച്ച ചെയ്യണമെന്ന, പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ പുച്ഛിച്ചുതള്ളുന്നു.
മണിപ്പുർ വിഭജിക്കപ്പെട്ടിരിക്കുന്നു. മെയ്ത്തീകളും കുക്കികളും ഒരു മേശയ്‌ക്കുചുറ്റും ഇരിക്കാൻ കഴിയാത്ത വൈരികളായിരിക്കേ രാഷ്ട്രീയ പരിഹാരം എങ്ങനെ സാധ്യമാകും. അത് അങ്ങനെയാക്കി തീർത്തതാണ്. അതല്ലെങ്കിൽ കുക്കികൾ അംഗീകരിക്കാത്ത, കലാപം നിയന്ത്രിക്കുന്നതിൽ അമ്പേ പരാജയപ്പെട്ട എൻ ബിരേൻ സിങ്ങിനെ മുഖ്യമന്ത്രിയായി നിലനിർത്തുന്നത് നൽകുന്ന സന്ദേശമെന്താണ്. രാഷ്ട്രീയ പരിഹാരത്തിന് താൽപ്പര്യമില്ലെന്നും കലാപം സ്വയമൊടുങ്ങുമ്പോൾ മുമ്പേ തയ്യാറാക്കിയ തിരക്കഥയിൽ കാര്യങ്ങൾ വരുതിക്ക് വരുത്താമെന്നും കേന്ദ്രസർക്കാർ കരുതുന്നുണ്ടാകണം.
വിദ്യാഭ്യാസവും തൊഴിലുംതേടി താഴ്‌വാരങ്ങളിലേക്ക് ഇറങ്ങിവന്ന കുക്കികൾ തിരികെ വനമേഖലകളിലേക്ക് ആട്ടിപ്പായിക്കപ്പെട്ടു. കച്ചവടവും തൊഴിലുമായി വനമേഖലകളിൽ കഴിഞ്ഞിരുന്ന മെയ്ത്തീകളും പലായനം ചെയ്യാൻ നിർബന്ധിതരായി. ഇനി കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്ന വനസംരക്ഷണ നിയമഭേദഗതി എളുപ്പമാകും. ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന വനമേഖല കേന്ദ്ര ഭരണപ്രദേശമാക്കുന്നതിനുള്ള ആസൂത്രണവും മണിപ്പുർ ഓപ്പറേഷനിൽ ഉണ്ടെന്നും റിപ്പോർട്ടുണ്ട്. ഇപ്പോൾ ഗോത്രവർഗ വിഭാഗങ്ങൾക്കുമാത്രം കൈവശം വയ്ക്കാവുന്ന അമൂല്യമായ പ്രകൃതിസമ്പത്തുള്ള വനഭൂമി വികസനത്തിനെന്ന പേരിൽ കുത്തകകൾക്ക് കൈമാറാൻ നിയമ ഭേദഗതിവഴി സാധ്യമാകുകയും ചെയ്യും.
മെയ്ത്തീ വിഭാഗക്കാരെ പട്ടികവർഗക്കാരായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവാണ് കലാപം പൊട്ടിപ്പുറപ്പെടാൻ പ്രകോപനം. എന്നാൽ മ്യാന്മറിൽനിന്നുള്ള കുടിയേറ്റക്കാരെന്ന പേരിൽ വനമേഖലയിൽനിന്ന് കുക്കി, നാഗ ഗോത്രവിഭാഗക്കാരെ ഒഴിപ്പിക്കാൻ മുമ്പേ നടത്തിയ നീക്കം അവരിൽ അമർഷത്തിന്റെയും സംശയത്തിന്റെയും വിത്തുവിതച്ചിരുന്നു. കോടതി വിധിയോടെ മെയ്ത്തീ വിഭാഗക്കാരോടുള്ള പ്രതിഷേധമായി അത് മാറി. മെയ്ത്തീ വിഭാഗത്തിൽ അധികൃതരുടെ ഒത്താശയോടെ പ്രവർത്തിക്കുന്നു എന്ന് പറയപ്പെടുന്ന സായുധ സംഘങ്ങളുടെ ആക്രമണം രൂക്ഷമായ കലാപമാക്കി.
കലാപത്തിന് പൊലീസ് ഒത്താശ ചെയ്യുന്നു. നരേന്ദ്രമോദി–അമിത്ഷാ - ദല്ലാൾ രാഷ്ട്രീയത്തിന്റെ ഗൂഢതന്ത്രമാണ് മണിപ്പുരിൽ അരങ്ങേറിയതെന്നും അത് ന്യൂനപക്ഷത്തിന് ഭൂരിപക്ഷമുള്ള എവിടെയും ആവർത്തിക്കാമെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. സംഘപരിവാറിന്റെ രാഷ്ട്രീയ പരീക്ഷണശാലയാണ് മണിപ്പുർ. ഗുജറാത്തുപോലെ വംശഹത്യയിലൂടെ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുന്നതിന്റെ പരീക്ഷണശാല. കശ്മീർ പോലെ ഭരണഘടനാവകാശങ്ങൾ റദ്ദു ചെയ്യപ്പെടുന്നതിന്റെ പരീക്ഷണം. അതിനെ നേരിടാൻ രാജ്യത്തെ സമസ്ത ജനവിഭാഗങ്ങളെയും അണിനിരത്തിയുള്ള പോരാട്ടത്തിന് തയ്യാറാകേണ്ടിയിരിക്കുന്നു. ഈ മാസം 27 ന് കേരളത്തിൽ എൽഡിഎഫ് ആഹ്വാനം ചെയ്ത ജനകീയ കൂട്ടായ്മ ഈ സന്ദേശമാണ് മുന്നോട്ടു വയ്ക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..