29 March Friday

ഊന്നൽ വാണിജ്യത്തിനും വ്യാപാരത്തിനും

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019


പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ്‌ പ്രസിഡന്റ്‌ ഷീ ജിൻപിങ്ങും തമ്മിൽ ചെന്നൈക്കടുത്ത മാമല്ലപുരത്ത്‌ നടന്ന ദ്വിദിന അനൗദ്യോഗിക ഉച്ചകോടി ശനിയാഴ്‌ച സമാപിച്ചു. ഇരു രാജ്യവും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താൻ തീരുമാനിച്ചുകൊണ്ടാണ്‌ രണ്ടു ദിവസങ്ങളിലായി നടന്ന ഏഴു മണിക്കൂറോളം നീണ്ട, ഇരു നേതാക്കളും തമ്മിലുള്ള ചർച്ച അവസാനിച്ചത്‌. വ്യാപാര–-വാണിജ്യ–- സുരക്ഷാ സഹകരണത്തിലായിരുന്നു ഉച്ചകോടിയുടെ ഊന്നൽ. അടുത്ത വർഷത്തെ അനൗദ്യോഗിക ചർച്ച ചൈനയിൽ നടത്താനും തീരുമാനമായി. ഇതിലേക്കുള്ള ക്ഷണം മോഡി സ്വീകരിക്കുകയും ചെയ്‌തു. ഇരു നേതാക്കളും തമ്മിലുള്ള രണ്ടാമത്തെ ഉച്ചകോടിയായിരുന്നു മാമല്ലപുരത്തേത്‌. 2018 ഏപ്രിലിൽ ചൈനയിലെ വുഹാനിൽ വച്ചായിരുന്നു ആദ്യ അനൗദ്യോഗിക ഉച്ചകോടി. കൂടാതെ, സബർമതിയിൽവച്ചും ഇരു നേതാക്കളും നേരിട്ട്‌ ചർച്ച നടത്തിയിരുന്നു.

ഏറെ അനിശ്‌ചിതത്വങ്ങൾക്കുശേഷമാണ്‌ മാമല്ലപുരം ഉച്ചകോടി നടന്നത്‌. ആഗസ്‌ത്‌ അഞ്ചിന്‌ ഭരണഘടനയിലെ 370–-ാം വകുപ്പ്‌ റദ്ദാക്കിയതും കശ്‌മീർ സംസ്ഥാനത്തെ രണ്ടായി വിഭജിച്ചതുമാണ്‌ ഈ അനിശ്‌ചിതത്വത്തിന്‌ കാരണം. ഇന്ത്യയുടെ ഈ നടപടിയെ ചൈന രൂക്ഷമായി വിമർശിച്ചിരുന്നു. യുഎൻ രക്ഷാസമിതിയിൽ ഇക്കാര്യം അനൗപചാരികമായി ചർച്ചചെയ്യണമെന്നുവരെ ചൈന ആവശ്യപ്പെടുകയുണ്ടായി. മാത്രമല്ല, വിദേശമന്ത്രി വാങ്‌ യി യുഎൻ പൊതുസഭാ വാർഷികസമ്മേളനത്തിൽ കശ്‌മീർവിഷയം ഉയർത്തുകയും ചെയ്‌തു. ഏറ്റവും അവസാനമായി ചെന്നൈയിലേക്ക്‌ പുറപ്പെടുന്നതിനുമുമ്പ്‌ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ബീജിങ്ങിൽ സ്വീകരിക്കാനും ഷീ തയ്യാറായി. കശ്‌മീരിലെ സ്ഥിതിഗതികൾ സസൂക്ഷ്‌മം നിരീക്ഷിച്ചുവരികയാണെന്നും ഈ അവസരത്തിൽ ഷീ പറയുകയുണ്ടായി. മാത്രമല്ല, അരുണാചൽപ്രദേശിൽ ഇന്ത്യ നടത്തിയ സൈനികാഭ്യാസത്തിനെതിരെ ചൈന നിലകൊള്ളുകയും ചെയ്‌തു. ഈ സാഹചര്യത്തിൽ ഉച്ചകോടിതന്നെ ഉണ്ടാകുമോ എന്ന സംശയംപോലും പല കോണുകളിൽനിന്ന്‌ ഉയർന്നിരുന്നു. ഉച്ചകോടിക്ക്‌ രണ്ട്‌ ദിവസംമുമ്പ്‌ മാത്രമാണ്‌ ചൈനീസ്‌ പ്രസിഡന്റ്‌ വരുന്ന കാര്യം  ഇന്ത്യ സ്ഥിരീകരിച്ചത്‌. ഈ അനിശ്‌ചിതാവസ്ഥയ്‌ക്കിടയിലും സംസ്‌കാരസമ്പന്നമായ രണ്ട്‌ അയൽരാജ്യങ്ങൾ തമ്മിലുള്ള ഉച്ചകോടി നടന്നു എന്നതുതന്നെ പ്രതീക്ഷ നൽകുന്നതാണ്‌. ഇന്ത്യ ഏറെ ആശങ്കപ്പെട്ട കശ്‌മീർവിഷയം ചർച്ചയാകാതെയാണ്‌ ഉച്ചകോടി പിരിഞ്ഞതെന്നാണ്‌ വിദേശകാര്യ സെക്രട്ടറി വിജയ്‌ ഗോഖലെ അറിയിച്ചത്‌.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിത്തർക്കം ചരിത്രത്തിന്റെ ഭാഗമാണ്‌. അത്‌ പരിഹരിച്ചിട്ട്‌ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തിയാൽ മതിയെന്ന സമീപനം പ്രായോഗികമല്ല

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിത്തർക്കം ചരിത്രത്തിന്റെ ഭാഗമാണ്‌. അത്‌ പരിഹരിച്ചിട്ട്‌ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തിയാൽ മതിയെന്ന സമീപനം പ്രായോഗികമല്ല. 3380 കി.മീ. അതിർത്തി പങ്കുവയ്‌ക്കുന്ന രാജ്യങ്ങളാണ്‌ ഇന്ത്യയും ചൈനയും. ഒരു വേള യുദ്ധത്തിലേർപ്പെടുകയും ചെയ്‌തു. അതുകൊണ്ടുതന്നെ പ്രധാന തർക്കവിഷയം പരിഹരിക്കാനുള്ള ശ്രമം നടക്കുമ്പോൾ വ്യാപാര–-വാണിജ്യ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്തുകയെന്ന സമീപനമാണ്‌ വുഹാനിലും ഇപ്പോൾ ചെന്നൈയിലും സ്വീകരിച്ചിട്ടുള്ളത്‌. അഭിപ്രായ വ്യത്യാസങ്ങളെ തർക്കങ്ങളാക്കി മാറ്റാതെ മറ്റു മേഖലകളിൽ സഹകരണം ഊട്ടിയുറപ്പിക്കുക എന്ന സമീപനമാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. അതിർത്തിത്തർക്കം പരിഹരിക്കാൻ പ്രത്യേകപ്രതിനിധി നിലവാരത്തിലുള്ള ചർച്ചകൾ തുടരുമെന്ന്‌ ഇരു നേതാക്കളും അറിയിച്ചു. പ്രതിരോധരംഗത്ത്‌ സഹകരണം വർധിപ്പിക്കാനും ധാരണയായി. ഇതിന്റെ സൂചനയാണ്‌ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിനെ ചൈന സന്ദർശിക്കാൻ ക്ഷണിച്ചത്‌.

എന്നാൽ, ചൈനയുമായുള്ള വ്യാപാരബന്ധത്തിൽ ഇന്ത്യക്കുള്ള ഉയർന്ന വ്യാപാരശിഷ്‌ടം പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന ഇന്ത്യയുടെ ആവശ്യത്തോട്‌ അനുഭാവപൂർണമായ സമീപനമാണ്‌ ചൈന കൈക്കൊണ്ടത്‌. വ്യാപാരവും നിക്ഷേപവും സംബന്ധിച്ച്‌ മന്ത്രിതല സംവിധാനം ഏർപ്പെടുത്താനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്‌. ധനമന്ത്രി നിർമല സീതാരാമനും ചൈനീസ്‌ ഉപപ്രധാനമന്ത്രി ഹു ചുൻ ഹുവയുമായിരിക്കും ഈ സമിതിക്ക്‌ നേതൃത്വം നൽകുക. പുതിയ സംവിധാനത്തിലൂടെ 54 ബില്യൺ ഡോളർ വരുന്ന വ്യാപാരശിഷ്ടപ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നാണ്‌ ഇന്ത്യയുടെ പ്രതീക്ഷ. ആർസിഇപി കരാർ സംബന്ധിച്ച്‌ ഇന്ത്യ മുന്നോട്ടുവച്ച ആശങ്കകൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും ചൈന വാഗ്‌ദാനം നൽകിയിട്ടുണ്ട്‌. വ്യാപാരതർക്കത്തിലും മറ്റും ഇന്ത്യയോട്‌ അമേരിക്ക സ്വീകരിക്കുന്ന സമീപനത്തിൽനിന്ന്‌ തീർത്തും വ്യത്യസ്‌തമായ സമീപനമാണ്‌ ചൈനയിൽനിന്ന്‌ ഉണ്ടായിട്ടുള്ളത്‌. ലോക വ്യാപാര സംഘടന, കാലാവസ്ഥാ മാറ്റം, ഭീകരവാദം തുടങ്ങിയ വിഷയങ്ങളിൽ ലോകവേദികളിൽ സഹകരിച്ച്‌ പ്രവർത്തിക്കുന്നത്‌ തുടരാനും ധാരണയുണ്ട്‌.

വുഹാൻ ചർച്ചയിലൂടെ അതിർത്തി സംഘർഷം (ദോക്‌ലാം) ലഘൂകരിക്കാനും ഉഭയകക്ഷി ബന്ധത്തിന്‌ ഊഷ്‌മളത പകരാനും കഴിഞ്ഞുവെങ്കിൽ ചെന്നൈ ചർച്ചയിലൂടെ ഈ ബന്ധത്തെ പുതിയ യുഗത്തിലേക്ക്‌ നയിക്കാൻ കഴിഞ്ഞുവെന്നാണ്‌ ഇരു രാജ്യവും അവകാശപ്പെടുന്നത്‌. അയൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നത്‌ ശുഭോദർക്കമാണ്‌. അത്‌ ഇനിയും ഉയരങ്ങളിലേക്ക്‌ നീങ്ങുന്നത്‌ ഇരു രാജ്യങ്ങളുടെ വികസനത്തിനും മുന്നേറ്റത്തിനും സഹായകമാകുകയും ചെയ്യും. പ്രത്യേകിച്ചും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ. വുഹാൻ സ്‌പിരിറ്റ്‌, ചെന്നൈ കണക്ടായി വികസിപ്പിക്കേണ്ടത്‌ ഇന്ത്യക്ക്‌ ആവശ്യമാണെന്നർഥം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top