19 April Friday

ഇതാണോ ഇന്ത്യയുടെ തിളക്കം

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2016


ഏതൊരമ്മയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണ്. ആ കുഞ്ഞിനെ നഷ്ടപ്പെടുകയെന്നത് ഹൃദയഭേദകവുമാണ്. ഭക്ഷണം നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ സ്വന്തം കുഞ്ഞ് ഈ ലോകത്തോട് വിടപറയുമ്പോള്‍ ഒരമ്മ അനുഭവിക്കുന്ന വേദന നമ്മുടെ ഓരോരുത്തരുടെയും വേദനയാണ്. അതുമൂലമുണ്ടാകുന്ന നഷ്ടം രാഷ്ട്രത്തിനുമാണ്. അതുകൊണ്ടുതന്നെ പോഷകാഹാരക്കുറവുമൂലമുണ്ടാകുന്ന ശിശുമരണം തടയേണ്ട ബാധ്യത അധികാരത്തിലിരിക്കുന്ന സര്‍ക്കാരുകള്‍ക്കുണ്ട്. 'മേര ദേശ് ബദല്‍ രഹാ ഹേ' എന്ന് ടെലിവിഷന്‍ ചാനലില്‍ കോടികളുടെ പരസ്യം നല്‍കുന്നവരും 'ഡിജിറ്റല്‍ ഇന്ത്യ'യെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരും ഇരുളടഞ്ഞ ഈ ചാളകളിലേക്കും കുടിലുകളിലേക്കും കണ്ണുപായിക്കാന്‍ മടിക്കുന്നത് എന്തുകൊണ്ടാണ്? മഹാരാഷ്ട്രയിലെ പാള്‍ഗറിലും നാസിക്കിലും ജല്‍ഗാവിലും വിദര്‍ഭയിലും മറ്റും ആയിരക്കണക്കിനു പിഞ്ചുകുഞ്ഞുങ്ങള്‍ ഭക്ഷണംകിട്ടാതെ മരിച്ചുവീഴുമ്പോള്‍ ഇന്ത്യ തിളങ്ങുകയല്ല എന്ന് ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുകയാണ്. കഴിഞ്ഞമാസംമാത്രം മഹാരാഷ്ട്രയില്‍ 1588 കുട്ടികളാണ് പോഷകാഹാരക്കുറവുമൂലം മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. ആദിവാസി ഊരുകളിലെ കുട്ടികളാണ് മരിച്ചതില്‍ ഭൂരിപക്ഷവും. കഴിഞ്ഞവര്‍ഷംമാത്രം 17,000 ആദിവാസിക്കുട്ടികളാണ് ഈ സംസ്ഥാനത്ത് മരിച്ചത്. ഈ സാമ്പത്തികവര്‍ഷം ഏപ്രില്‍മുതല്‍ ആഗസ്തുവരെയുള്ള അഞ്ചുമാസത്തില്‍ 9563 കുട്ടികളാണ് എന്നന്നേക്കുമായി കണ്ണടച്ചത്. അഞ്ച് വയസ്സിനു താഴെയുള്ള 95,743 കുട്ടികള്‍ ഭാരക്കുറവുള്ളവരാണത്രേ. 5.98 ലക്ഷം കുട്ടികള്‍ ശരാശരി ഭാരംമാത്രമുള്ളവരാണ്. സംസ്ഥാനത്തെ ആദിവാസിമേഖലകളില്‍ പോഷകാഹാരക്കുറവിന്റെ ആഴം വ്യക്തമാക്കുന്ന കണക്കുകളാണിതൊക്കെ. ഒരു വാര്‍ത്താമാധ്യമത്തിനും ഇതൊന്നും 'ബ്രെയ്ക്കിങ് ന്യൂസ്' ആകുന്നുമില്ല.

എന്നാല്‍, ഭക്ഷണക്കുറവല്ല മറിച്ച് രോഗംമൂലമാണ് കുട്ടികള്‍ മരിക്കുന്നതെന്നാണ് ഫഡ്നാവിസ് സര്‍ക്കാരിന്റെ നിലപാട്. പോഷകാഹാരക്കുറവാണ് കുട്ടികളെ രോഗത്തിന് അടിമപ്പെടുത്തുന്നതെന്ന് ആരാണ് ഈ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുക? പോഷകാഹാരക്കുറവുമൂലം കുട്ടികള്‍ മരിച്ചുവീഴുന്നത് തടയാന്‍ കഴിയാത്ത സര്‍ക്കാരിന്റെ നടപടി 'കുറ്റകര'മെന്നാണ് മുംബൈ ഹൈക്കോടതി വിശേഷിപ്പിച്ചത്. ഭക്ഷണം കിട്ടാതെ കുട്ടികള്‍ മരിക്കുന്നത് തടയേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു. എന്നിട്ടും ഈ പ്രശ്നത്തോട് 'കുറ്റകരമായ അനാസ്ഥ'യാണ് കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്നത്. ദരിദ്ര ജനവിഭാഗങ്ങളെ സഹായിക്കാന്‍ സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പദ്ധതികളൊക്കെ കടലാസില്‍ മരിക്കുന്നുവെന്ന പൊള്ളുന്ന യാഥാര്‍ഥ്യമാണ് ഇത് നമ്മെ ഓര്‍മപ്പെടുത്തുന്നത്. ഈ വിപത്ത് തടയാന്‍ ബഹുമുഖ പദ്ധതികള്‍ ആവശ്യമാണ്. എന്നാല്‍, ഈ ആവശ്യത്തോട് കണ്ണടയ്ക്കുന്ന സമീപനമാണ് കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്നത്.

നവ ഉദാരവല്‍ക്കരണനയത്തിന്റെ ഭാഗമായി സാമൂഹ്യക്ഷേമ പദ്ധതികള്‍ ഒന്നൊന്നായി നിര്‍ത്തുന്ന മോഡി സര്‍ക്കാരിന്റെ നയമാണ് ശിശുമരണം വര്‍ധിപ്പിച്ചത് എന്ന് പറയാതിരിക്കാന്‍ വയ്യ. ഗ്രാമീണമേഖലയിലെ ദാരിദ്യ്രവും പട്ടിണിയും അവസാനിപ്പിക്കുന്നതിനുള്ള ഏറ്റവും ശക്തമായ ഉപകരണങ്ങളിലൊന്നായ രാഷ്ട്രപിതാവിന്റെ നാമധേയത്തിലുള്ള തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റ് വിഹിതം വെട്ടിക്കുറച്ചതാണ് ആദിവാസി ഊരുകളിലെ അടുക്കള പുകയാതിരിക്കാനുള്ള ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന്. മോഡി അധികാരമേറിയശേഷമാണ് ഈ പദ്ധതി തീര്‍ത്തും ദുര്‍ബലമാക്കപ്പെട്ടത്. മഹാരാഷ്ട്ര സര്‍ക്കാരാകട്ടെ ഈ പദ്ധതിയില്‍ തൊഴില്‍ നല്‍കാനും വിമുഖത കാട്ടുന്നു. കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പാക്കിയിരുന്ന സംയോജിത ശിശുവികസന പദ്ധതിക്കുള്ള പണവും മോഡി സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇതിനും പുറമെ കുട്ടികള്‍ക്ക് ആഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ അങ്കണവാടി ജീവനക്കാര്‍ക്ക് നാലുമാസമായി ശമ്പളം നല്‍കാത്തതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ പല അങ്കണവാടികളും കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍നിന്ന് പിന്‍വാങ്ങി.

മാത്രമല്ല, മഹാരാഷ്ട്രയിലെ മുന്‍ സര്‍ക്കാര്‍ പോഷകാഹാരപ്രശ്നം പരിഹരിക്കുന്നതിന് കൈക്കൊണ്ട എല്ലാ പദ്ധതികളും ബിജെപി– ശിവസേനാ സര്‍ക്കാര്‍ പിന്‍വലിക്കുകയോ ദുര്‍ബലമാക്കുകയോ ചെയ്തു. ഉദാഹരണത്തിന് പോഷകാഹാര മിഷന് അന്ത്യമിട്ട ഫഡ്നാവിസ് സര്‍ക്കാര്‍ ഈ ചുമതല പഴയതുപോലെ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് കൈമാറി. സ്വാഭാവികമായും കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് മുന്‍ പദ്ധതിയില്‍ കിട്ടിയിരുന്ന മുന്‍തൂക്കം ഇതോടെ നഷ്ടമായി. അതോടൊപ്പം ഫണ്ടില്ലെന്നു പറഞ്ഞ് ദേശീയ ഗ്രാമീണ ആരോഗ്യ ശിശുവികസനകേന്ദ്രങ്ങളും അടച്ചിട്ടു. അതായത്, കുട്ടികള്‍ക്ക് പോഷകാഹാരം ലഭിക്കുമെന്ന് ഉറപ്പുവരുത്തിയ പദ്ധതികളൊന്നൊന്നായി അവസാനിപ്പിച്ചു. സ്വാഭാവികമായും കുട്ടികള്‍ തളര്‍ന്നുവീണു മരിച്ചു. വര്‍ധിച്ച ശിശുമരണത്തിനുള്ള യഥാര്‍ഥ കുറ്റവാളികള്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളും അതിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പ്രസ്ഥാനവുമാണെന്നര്‍ഥം. ഈ യാഥാര്‍ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തി ഇരു സര്‍ക്കാരുകള്‍ക്കുമെതിരെ പോരാട്ടത്തിന്റെ കൊടി ഉയര്‍ത്താന്‍ സിപിഐ എമ്മും ഇടതുപക്ഷവും ആവശ്യപ്പെട്ടപ്പോള്‍ ലക്ഷക്കണക്കിനാളുകളാണ് അതിന് തയ്യാറായത്. മുംബൈക്കടുത്ത പാള്‍ഗര്‍ ജില്ലയിലെ വാഡയില്‍ കഴിഞ്ഞദിവസം സംസ്ഥാന ആദിവാസി ക്ഷേമമന്ത്രി വിഷ്ണു സാവയുടെ വീട് രണ്ടുദിവസം തുടര്‍ച്ചയായി ഉപരോധിച്ചു. ജനരോഷം ഭയന്ന് വീടുവിട്ടോടിയ മന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായതോടെയാണ് ഉപരോധം പിന്‍വലിച്ചത്. കുട്ടികള്‍ക്ക് പോഷകാഹാരം എത്തിക്കുന്നതോടൊപ്പം തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്നും അങ്കണവാടി ജീവനക്കാര്‍ക്ക് യഥാസമയം ശമ്പളം നല്‍കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. ഇതംഗീകരിച്ച് പോഷകാഹാരക്കുറവുമൂലമുള്ള കുട്ടികളുടെ മരണം തടയാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം. അല്ലാത്തപക്ഷം ദുരിതപൂര്‍ണമായ ഇന്ത്യ പ്രക്ഷോഭത്തിന്റെ ചെങ്കൊടിയേന്തുമെന്നാണ് പാള്‍ഗര്‍ നല്‍കുന്ന സന്ദേശം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top