05 June Monday

മലബാർ കലാപത്തെ 
ഭയക്കുന്നവർ

വെബ് ഡെസ്‌ക്‌Updated: Thursday Aug 26, 2021


ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഏത്‌ ഓർമയും സംഘപരിവാറിന് ദുഃസ്വപ്നമാണ്. അവർക്ക് ഒരു പങ്കുമില്ലാത്ത സമരമുന്നേറ്റങ്ങളിലൂടെയാണ് ഈ നാട് മോചനം നേടിയതെന്നത് അവരെ വല്ലാതെ അസ്വസ്ഥരാക്കുന്നു. സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ നായകനായിരുന്ന മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്നവർ ഇന്ന് ആ പോരാട്ടത്തിന്റെ ധീരസ്മരണകൾക്കും അതിന്റെ നേതാക്കൾക്കും എതിരെ ചെളിവാരിയെറിയുന്നു. കമ്യൂണിസ്റ്റുകാരും മുസ്ലിം ജനവിഭാഗങ്ങളും അണിനിരന്ന ജനമുന്നേറ്റങ്ങൾ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്ന്‌ വീറോടെ വാദിക്കുന്നു. ആ സമരങ്ങൾക്കെതിരെ ബ്രിട്ടീഷ് ഭരണാധികാരികൾ ഉയർത്തിയ ആക്ഷേപങ്ങൾ ഏറ്റുപാടുന്നു.

മലബാർ കലാപത്തിന്റെ നൂറാം വാർഷികം ആചരിക്കുന്ന 2021ൽ സംഘപരിവാർ ആ ചരിത്ര പ്രക്ഷോഭത്തിനെതിരെ നടത്തുന്ന ആക്രോശങ്ങൾ ഈ നിലപാടിന്റെ തുടർച്ചയാണ്. ഇക്കാര്യത്തിൽ അവരുടെ വർഗീയ അജൻഡകൂടി ഉൾപ്പെട്ടിട്ടുണ്ട്. മലബാർ കലാപത്തിലെ ചിലവശങ്ങൾ സംഘപരിവാറിന്റെ വർഗീയ വിഭജന നീക്കങ്ങൾക്ക്‌ ഉപയോഗപ്പെടുത്താനാകും എന്നവർ കരുതുന്നു. എന്നാൽ, സ്വാതന്ത്ര്യ പ്രക്ഷോഭം എന്ന നിലയിലുള്ള അതിന്റെ പൊതു സ്വീകാര്യത ഈ ശ്രമത്തിനു തടസ്സമാണ്. ഇത് മറികടക്കാൻ സ്വാതന്ത്ര്യ സമരസേനാനികളുടെ പട്ടികയിൽനിന്നുതന്നെ മലബാർ കലാപ നേതാക്കളെ വെട്ടിനീക്കിയാൽ മതിയെന്ന്‌ അവർ വിശ്വസിക്കുന്നു. സ്വന്തംപക്ഷത്തുള്ള ചില ചരിത്രകാരന്മാരെ ഇതിനായി ഉപയോഗപ്പെടുത്തുന്നു. അന്തർദേശീയാടിസ്ഥാനത്തിൽത്തന്നെ നടത്തിവരുന്ന മുസ്ലിം വിരുദ്ധ പ്രചാരണത്തിന് ഇതുവഴി ശക്തിപകരാം എന്ന് പ്രത്യാശിക്കുന്നു.

മലബാർ കലാപത്തിനു പലമാനങ്ങൾ ഉണ്ടായിരുന്നു. അത് ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭവും ജന്മിത്ത വിരുദ്ധ കലാപവും ആയിരുന്നു. മതപരമായി സംഘടിപ്പിക്കപ്പെട്ടതായിരുന്നതിനാൽ സമരത്തിനു ചിലയിടങ്ങളിൽ വഴിതെറ്റുകയും ചെയ്തു. എന്നാൽ, സമരം വർഗീയമായ തരത്തിൽ നീങ്ങരുത് എന്ന നിലപാടാണ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ള സമര നേതാക്കന്മാരെടുത്തത്. ഹിന്ദു വിരുദ്ധതയായിരുന്നു മലബാർ കലാപത്തിന്റെ അന്തഃസത്ത എന്ന കാഴ്ചപ്പാട് തെറ്റാണ് എന്ന് വ്യക്തമാക്കുന്ന പല തെളിവുകളും ചരിത്രത്തിലുണ്ട്. കലാപത്തിനു സാക്ഷിയായ കെപിസിസി പ്രസിഡന്റ് കെ മാധവൻനായരുടെയും കലാപത്തിൽ പങ്കെടുത്തതിന് വിചാരണ ചെയ്യപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ച പ്രമുഖനായ കോൺഗ്രസ് നേതാവായിരുന്ന മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെയും കൃതികളിലും വാരിയൻകുന്നത്ത് അഹമ്മദ് ഹാജിക്കൊപ്പം സമരത്തിൽ പങ്കെടുത്ത് 14 കൊല്ലം ജയിൽവാസം അനുഭവിച്ച കോൺഗ്രസ് നേതാവ് എം പി നാരായണമേനോന്റെ അനുഭവസാക്ഷ്യങ്ങളിലും ഇതിനുള്ള തെളിവുകളുണ്ട്‌. കലാപത്തെ ഒറ്റുകൊടുക്കാൻ ശ്രമിച്ചവരെയും പൊലീസിലും പട്ടാളത്തിലും ചേർന്ന് കലാപത്തെ അടിച്ചമർത്താൻ ശ്രമിച്ച മുസ്ലിം ഉദ്യോഗസ്ഥരെയും കലാപകാരികൾ വധിച്ചിരുന്നു. കലാപത്തിന്റെ പൊതുവായ രീതി മതപരംമാത്രം ആയിരുന്നില്ല എന്നതാണ് ഇത് തെളിയിക്കുന്നത്.

മലബാർ കലാപത്തെ അതിന്റെ ദൗർബല്യങ്ങൾ മനസ്സിലാക്കിത്തന്നെയാണ് കമ്യൂണിസ്റ്റ് പാർടി എന്നും ഉൾക്കൊണ്ടത്. സമരത്തിന്റെ രാഷ്ട്രീയപ്രാധാന്യം പാർടി ആദ്യംതന്നെ തിരിച്ചറിഞ്ഞു. കലാപം ലെനിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇന്ത്യയിലെ കമ്യൂണിസ്റ്റായിരുന്ന അബനീ മുഖർജിയോട് മലബാറിലെ കലാപങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ കാർഷികപ്രശ്നത്തെയും കൃഷിക്കാരുടെ സമരങ്ങളെയും പറ്റി കിട്ടാവുന്ന വസ്തുതകളെല്ലാം ശേഖരിച്ച് ലഘുലേഖ എഴുതാൻ ലെനിൻ 1921ൽത്തന്നെ ആവശ്യപ്പെട്ടിരുന്നു. ആ ലഘുലേഖ ഇംഗ്ലീഷിലും റഷ്യനിലും മോസ്കോയിൽനിന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. കോൺഗ്രസും മുസ്ലിം ലീഗും മലബാർ കലാപത്തെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോയപ്പോൾ അതിന്റെ പ്രാധാന്യം സാർവദേശീയതലത്തിൽത്തന്നെ ഉയർത്തിപ്പിടിക്കുകയായിരുന്നു കമ്യൂണിസ്റ്റുകാർ.

മലബാർ കലാപത്തിന്റെ ഓർമ പുതുക്കിയതിനു അടച്ചുപൂട്ടപ്പെട്ട പത്രമാണ്‌ ദേശാഭിമാനി. കലാപത്തിന്റെ 25–--ാം വാർഷികത്തിൽ 1946 ആഗസ്ത്‌ 18, 19 തീയതികളിൽ കോഴിക്കോട്ട് നടന്ന തിരുവിതാംകൂർ- കൊച്ചി- മലബാർ കമ്യൂണിസ്റ്റ് പാർടി കമ്മിറ്റികളുടെ സംയുക്തയോഗത്തിൽ, 1921ന്റെ ആഹ്വാനവും താക്കീതും എന്ന ഒരു പ്രമേയം അംഗീകരിച്ചു. ഇക്കാര്യം കൂടുതൽ വിശദീകരിച്ച് ഇതേ പേരിൽ ഇ എം എസ് ലഘുലേഖയും എഴുതി. ഈ ലേഖനം പ്രസിദ്ധീകരിച്ചതിനാണ് ദേശാഭിമാനി നടപടി നേരിട്ടത്. കോഴിക്കോട്ടെ പത്രം ഓഫീസും പ്രസും ബ്രിട്ടീഷ്‌ പൊലീസ്‌ കൈയേറി‌. പത്രം നിരോധിച്ചു. സമരത്തിൽ ഹിന്ദുക്കൾക്കുനേരെ ചിലയിടങ്ങളിൽ ഉണ്ടായ വർഗീയമായ അതിക്രമം തെറ്റെന്ന്‌ പാർടി അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. അത്തരം ചില ഘടകങ്ങൾ പ്രവർത്തിച്ച കാര്യം സൂചിപ്പിച്ചാണ് ആഹ്വാനത്തോടൊപ്പം സമരം നൽകുന്ന "താക്കീതും’ പാർടി പ്രധാനമായി കണ്ടത്.

മായ്ക്കാൻ എളുപ്പമുള്ള ചരിത്രമല്ല മലബാർ കലാപത്തിന്റേത്. ഒരു നാട്, ഒരു ജനത രക്തലിപികളിൽ എഴുതിച്ചേർത്ത ആ സമരചരിത്രം അത്രയേറെ ആഴത്തിൽ ജനമനസ്സിൽ പതിഞ്ഞിരിക്കുന്നു. സമര നേതാക്കൾക്കെതിരായ പ്രചാരണം സംഘപരിവാറിനെ കൂടുതൽ ഒറ്റപ്പെടുത്തുകയേ ഉള്ളൂ. ഇതിനിടെ മലബാർ സമരത്തെ സാമുദായിക ലഹള മാത്രമാണെന്ന് വരുത്തിത്തീർക്കാനും അതിന്റെ പേരിൽ മുസ്ലിംവികാരം ഉണർത്താനും ജമാഅത്തെ ഇസ്ലാമിയും കൂട്ടരും ഇറങ്ങിയിട്ടുണ്ട്. സമരത്തിലെ തിരുത്തേണ്ട വശങ്ങളെ കൊണ്ടാടി വർഗീയ വിഭജനം ശക്തമാക്കുക എന്നതുതന്നെയാണ് അവരുടെയും ലക്ഷ്യം. അതും കാണാതിരുന്നുകൂടാ.

സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാരുടെ വിശ്വസ്ത സേവകരായിനിന്നും അവർക്ക് മാപ്പെഴുതിക്കൊടുത്തും രാജ്യത്തെ ഒറ്റുകൊടുത്തവരുടെ പിന്മുറക്കാരാണ് രാജ്യം ഭരിക്കുന്നത്. മലബാർ കലാപത്തിനെതിരെ തിരിഞ്ഞ അവർ നാളെ സ്വാതന്ത്ര്യ സമരത്തെ ആകെത്തന്നെ നിരാകരിക്കുന്നതിലേക്കെത്തും. ഹിന്ദുമഹാസഭയും ആർഎസ്എസും സൃഷ്ടിച്ച ‘ഹിന്ദു ഉണർവാ'ണ് ബ്രിട്ടീഷുകാരെ തുരത്തിയതെന്ന്‌ അവർ വാദിക്കും. ചരിത്രത്തെ വികലപ്പെടുത്താനുള്ള നീക്കങ്ങളെ ചരിത്രവസ്തുതകൾ കൊണ്ടുതന്നെ പ്രതിരോധിക്കണം. മലബാർ കലാപത്തിനെതിരായ സംഘപരിവാർ നീക്കത്തിലൂടെ അതിന് ഒരു അവസരംകൂടി തുറന്നുകിട്ടിയിരിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top