20 April Saturday

മഹാരാഷ്‌ട്രയിലും ബിജെപിയുടെ കാപട്യം

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022


നാൽപ്പത്‌ ദിവസത്തെ കാത്തിരിപ്പിനുശേഷം മഹാരാഷ്‌ട്രയിലെ ഏക്‌നാഥ്‌ ഷിൻഡെ സർക്കാരിൽ മന്ത്രിമാരെ ഉൾപ്പെടുത്തിയപ്പോൾ ബിജെപിയുടെ കാപട്യവും അവസരവാദവും ഒരിക്കൽക്കൂടി വെളിപ്പെട്ടു. _‘ഒന്നാംഘട്ട’ വികസനത്തിൽ ബിജെപിയിൽനിന്നും ശിവസേനയുടെ ഷിൻഡെ വിഭാഗത്തിൽനിന്നും ഒമ്പത്‌ വീതം എംഎൽഎമാർക്കാണ്‌ മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്‌. രണ്ടാംഘട്ടത്തിൽ കൂടുതൽ പേർക്ക്‌ അവസരം നൽകുമെന്ന്‌ മന്ത്രി ഷിൻഡെ വ്യക്തമാക്കിയിട്ടുണ്ട്‌. ജാതി, പ്രാദേശിക സമവാക്യങ്ങൾ പരിഗണിച്ചാണത്രെ ഇപ്പോൾ മന്ത്രിമാരെ നിശ്ചയിച്ചത്‌.

ഉദ്ധവ്‌ താക്കറേ നയിച്ച സഖ്യസർക്കാരിൽ വനം മന്ത്രിയായിരിക്കെ _ഒരു യുവതിയുടെ ആത്മഹത്യയെത്തുടർന്ന്‌ ആരോപണവിധേയനായി രാജിവച്ച സഞ്‌ജയ്‌ റാത്തോഡാണ്‌ പുതിയ മന്ത്രിമാരിൽ ഒരാൾ. ഫ്ലാറ്റിൽനിന്ന്‌ കഴിഞ്ഞ ഫെബ്രുവരി എട്ടിന്‌ _ഇരുപത്തിരണ്ടുകാരി ചാടിമരിച്ച സംഭവവുമായി റാത്തോഡിനെ ബന്ധപ്പെടുത്തുന്ന ചിത്രങ്ങളും സംഭാഷണത്തിന്റെ പകർപ്പുകളും പുറത്തുവന്നത്‌ അക്കാലത്ത്‌ ബിജെപി രാഷ്‌ട്രീയ ആയുധമാക്കി. ഉദ്ധവ്‌ താക്കറേ ശിവസേന നേതാവായ റാത്തോഡിനെ സംരക്ഷിക്കുകയാണെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ചന്ദ്രകാന്ത്‌ പാട്ടീൽ ആരോപിച്ചു. മഹാസഖ്യസർക്കാർ രാഷ്‌ട്രീയത്തെ ക്രിമിനൽവൽക്കരിക്കുകയാണെന്ന്‌ ആരോപിച്ച്‌ ബിജെപി പ്രക്ഷോഭം സംഘടിപ്പിച്ചു. ഒടുവിൽ ഫെബ്രുവരി 28ന്‌ റാത്തോഡ്‌ രാജിവച്ചു. ഇപ്പോൾ ചന്ദ്രകാന്ത്‌ പാട്ടീലും റാത്തോഡും ഒന്നിച്ച്‌ മന്ത്രിമാരായിരിക്കയാണ്‌. പൊലീസ്‌ അന്വേഷണത്തിൽ റാത്തോഡിന്‌ ക്ലീൻചിറ്റ്‌ ലഭിച്ചെന്ന്‌ മുഖ്യമന്ത്രി ഷിൻഡെ പറയുന്നു. _റാത്തോഡ്‌ വീണ്ടും മന്ത്രിയായത്‌ ദൗർഭാഗ്യകരമാണെന്നും താൻ പോരാട്ടം തുടരുമെന്നും ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ചിത്രവാഗ്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

അധ്യാപകനിയമന പരീക്ഷാ ക്രമക്കേടിൽ രണ്ട്‌ മക്കൾ ഉൾപ്പെട്ടുവെന്ന ആരോപണം നേരിടുന്ന അബ്ദുൾ സത്താറാണ്‌ മറ്റൊരു പുതിയ മന്ത്രി. കോൺഗ്രസിൽനിന്ന്‌ ശിവസേനയിൽ എത്തിയ സത്താറിനെ മന്ത്രിസ്ഥാനം വാഗ്‌ദാനം ചെയ്‌താണ്‌ ഷിൻഡെ ചാക്കിട്ടുപിടിച്ചത്‌. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌ അടക്കം 20 അംഗ മന്ത്രിസഭയിൽ ഒറ്റവനിത പോലുമില്ല. ചെറുപാർടികൾക്കും സ്വതന്ത്രർക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കാത്തതിലും അമർഷം പരസ്യമായിട്ടുണ്ട്‌. തനിക്ക്‌ ഇപ്പോൾ മന്ത്രിസ്ഥാനം _ലഭിക്കാത്തതിന്റെ കാരണം അറിയില്ലെന്ന്‌ ഉദ്ധവ്‌ സർക്കാരിൽ മന്ത്രിയായിരുന്ന ബച്ചുകാഡു പറയുന്നു. സെപ്‌തംബറിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തുമ്പോൾ തന്നെയും പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ്‌ അദ്ദേഹം.

ബിജെപിയുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരമാണ്‌ ഇവിടെ പ്രകടമാകുന്നത്‌. മുമ്പ്‌ അസമിലെ കോൺഗ്രസ്‌ സർക്കാരിൽ മന്ത്രിയായിരുന്ന ഹിമാന്ത ബിസ്വ സാർമയ്‌ക്കെതിരെ അഴിമതിയാരോപണങ്ങൾ ഉന്നയിച്ച്‌ ബിജെപി വൻസമരം നടത്തി. മുഖ്യമന്ത്രിയായിരുന്ന തരുൺ ഗൊഗോയ്‌ ഒടുവിൽ സാർമയെ പുറത്താക്കി. വൈകാതെ ബിജെപി സാർമയെ സ്വീകരിച്ചാനയിക്കുകയും പഴയ ആരോപണങ്ങൾ വിസ്‌മരിക്കുകയും ചെയ്‌തു. ഇന്ന്‌ അസമിലെ ബിജെപി മുഖ്യമന്ത്രിയാണ്‌ സാർമ. കോൺഗ്രസ്‌, തൃണമൂൽ, ശിവസേന തുടങ്ങിയ പാർടികളിൽനിന്ന്‌ ആരോപണവിധേയരെ ബിജെപി തുടർച്ചയായി സ്വീകരിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൊടുംകുറ്റവാളികൾക്ക്‌ _അടക്കം ബിജെപി ഭാരവാഹിത്വം നൽകി ആദരിക്കുന്നു. ബിജെപിയിൽ ചേർന്നാൽ കേന്ദ്രഅന്വേഷണ ഏജൻസികളുടെ വലയിൽ കുടുങ്ങാതെ രക്ഷപ്പെടാമെന്ന സ്ഥിതിയായിട്ടുണ്ട്‌.

അധികാരം പിടിക്കാൻ ഏതു മാർഗവും സ്വീകരിക്കുക, ഭരണം നിലനിർത്താൻ എത്ര കുഴപ്പക്കാരെയും സംരക്ഷിക്കുക–-ഇതാണ്‌ ബിജെപിയുടെ ശൈലി. വ്യത്യസ്‌തമായ പാർടിയെന്നും അഴിമതിയും കുടുംബവാഴ്‌ചയും കളങ്കപ്പെടുത്താത്ത _പ്രസ്ഥാനമെന്നും അവകാശപ്പെട്ടിരുന്ന _ബിജെപിയുടെ യഥാർഥ മുഖം എത്ര വികൃതമാണെന്ന്‌ ഓരോ സംഭവവും തെളിയിക്കുന്നു. ഉദ്ധവ്‌ സർക്കാരിനെ അട്ടിമറിക്കാൻ ഡസൻകണക്കിന്‌ ശിവസേന എംഎൽഎമാരെ അസമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൊണ്ടുപോയി പാർപ്പിച്ചതിൽനിന്ന്‌ ബിജെപിയുടെ _അധികാരമോഹത്തിന്റെ തീവ്രത ബോധ്യപ്പെടും. കർണാടകത്തിലും ഗോവയിലും _ഭരണം പിടിക്കാനും കോടികൾ ഒഴുക്കി. ബിഹാറിൽ ഇത്തരമൊരു അട്ടിമറിക്ക്‌ കളമൊരുക്കവെയാണ്‌ ബിജെപിക്ക്‌ അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടിവന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top