27 September Wednesday

മഹാരാഷ്‌ട്രയിലെ ഭരണഘടനാലംഘനം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2019


 

എഴുപതുവർഷംമുമ്പ് ഇതേ ദിവസമാണ് ഇന്ത്യൻ ഭരണഘടനയ്‌ക്ക് ഭരണഘടനാ നിർമാണസഭ അംഗീകാരം നൽകിയത്. എന്നാൽ, ഭരണഘടനാ ദിവസം ആഘോഷിക്കുന്ന ഈ വേളയിൽ തന്നെയാണ് മഹാരാഷ്ട്രയിൽ അധികാരത്തിൽ എത്തുന്നതിനുവേണ്ടി കേന്ദ്ര ഭരണകക്ഷിയും അതിന്റെ നേതാക്കളും ഭരണഘടനാ തത്വങ്ങളെ പിച്ചിച്ചീന്തിയത്. ഭരണഘടനയെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവർ തന്നെയാണ് ഈ പാതിരാ അട്ടിമറിക്ക് നേതൃത്വം നൽകിയത്. രാഷ്ട്രപതിയും ഗവർണറും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമെല്ലാം ചേർന്നാണ് ഈ ജനാധിപത്യക്കുരുതി നടത്തിയത്.

ബിജെപി നേരത്തേയും ഭരണഘടനയെ നോക്കുകുത്തിയാക്കി വിവിധ സംസ്ഥാനങ്ങളുടെ അധികാരം പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് എംഎൽഎമാർ മാത്രമുള്ള മേഘാലയയിലും പ്രതിപക്ഷത്തിന് ഭൂരിപക്ഷമുണ്ടായിരുന്ന ഗോവയിലും മറ്റും ബിജെപി അധികാരത്തിൽ വന്നത് ഇതേ രീതിയിലായിരുന്നു. കർണാടകയിലും ഇതാവർത്തിക്കപ്പെട്ടെങ്കിലും സുപ്രീംകോടതി ഇടപെട്ട് 24 മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ട് നേടാൻ പറഞ്ഞതോടെയാണ് യെദ്യൂരപ്പയ്‌ക്ക് രാജിവയ്‌ക്കേണ്ടിവന്നത്. കർണാടകയിൽനിന്ന്‌ ഒരു പാഠവും ബിജെപി പഠിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര സംഭവം തെളിയിക്കുന്നു. എൻസിപി എംഎൽഎമാർ അജിത് പവാറിനെ കൈയൊഴിയുന്ന ചിത്രമാണ് കാണുന്നത്. 

മഹാരാഷ്ട്രയിൽ ഒക്ടോബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും തനിച്ച് ഭൂരിപക്ഷമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി പദം പങ്കുവയ്‌ക്കണമെന്ന വിഷയത്തിൽ ബിജെപിയും ശിവസേനയും അകന്നതാണ് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പിനുശേഷം ശിവസേനയും എൻസിപിയും കോൺഗ്രസും ചേർന്ന് ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് പാതിരാ അട്ടിമറിക്ക് ബിജെപി നേതൃത്വം നൽകിയത്. ഈ ഘട്ടത്തിലാണ് എൻസിപി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത അജിത് പവാറിനെ തന്നെ വിലയ്‌ക്കെടുത്ത് ബിജെപി ജനാധിപത്യത്തിന് കനത്ത പ്രഹരമേൽപ്പിച്ചത്. 

ഒരു ഭരണഘടനാതത്വവും പാലിക്കാതെയാണ് ശനിയാഴ്ച പുലർച്ചെ ബിജെപി നേതാവായ ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത് എന്നകാര്യം സുപ്രീംകോടതിയുടെ പരിഗണനയിലാണുള്ളത്. ഭരണഘടനാപരമായി പാലിക്കേണ്ട കാര്യങ്ങളൊന്നും ഇക്കാര്യത്തിൽ പിന്തുടർന്നിട്ടില്ലെന്നത് പകൽപോലെ വ്യക്തമാണ്. രാഷ്ട്രപതി ഭരണം പിൻവലിക്കണമെങ്കിൽ ഗവർണർ കേന്ദ്ര മന്ത്രിസഭയ്‌ക്ക് റിപ്പോർട്ട് നൽകണം. ഈ റിപ്പോർട്ട് കേന്ദ്ര മന്ത്രിസഭ പരിഗണിച്ചാണ് രാഷ്ട്രപതിയുടെ ശുപാർശയ്‌ക്കായി സമർപ്പിക്കേണ്ടത്. എന്നാൽ, കേന്ദ്ര മന്ത്രിസഭായോഗം ചേരുന്നതിനു പകരം അടിയന്തരഘട്ടങ്ങളിൽ മാത്രം തീരുമാനമെടുക്കാൻ പ്രധാനമന്ത്രിക്ക് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പനുസരിച്ചാണ് രാഷ്ട്രപതിക്ക് ശുപാർശ അയച്ചത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം എന്ന ജനാധിപത്യസ്വഭാവമാണ് ഇവിടെ നഷ്ടമായത്.  രാജ്യം സ്വേച്ഛാധിപത്യത്തിലേക്കാണ് നീങ്ങുന്നത് എന്നതിന്റെ മറ്റൊരു സൂചനയായി ഇതിനെ കരുതാം.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള ഏറ്റവും ഉചിതമായ മാർഗം നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തലാണ്. ഒരു സർക്കാർ ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലാണ് എന്ന് സുപ്രീംകോടതിയടക്കം അഭിപ്രായപ്പെട്ടതാണ്. അതിനുള്ള അവസരമാണ് എത്രയുംപെട്ടെന്ന് ഒരുക്കേണ്ടത്. എല്ലാ ഭരണഘടനാമൂല്യങ്ങളെയും കാറ്റിൽപറത്തി അധികാരത്തിൽ വന്ന ഫഡ്നാവിസ് സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ ഒരാഴ്‌ച ഗവർണർ സമയം കൊടുത്തതും വിമർശിക്കപ്പെടുക തന്നെ വേണം. നേരത്തേ ഭൂരിപക്ഷമില്ലെന്നുകണ്ട് സർക്കാർ രൂപീകരണത്തിൽനിന്ന് പിന്മാറിയ ഫഡ്നാവിസിന് എങ്ങനെയാണ് ഭൂരിപക്ഷമുണ്ടെന്ന് ഗവർണർ മനസ്സിലാക്കിയത്?  അതിന്റെ മാനദണ്ഡമെന്താണ്‌? തുടങ്ങി നിരവധി ചോദ്യങ്ങളാണുയരുന്നത്. കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയുമ്പോൾ ഈ വശങ്ങളൊക്കെ പരിഗണിക്കുമെന്ന്‌  പ്രതീക്ഷിക്കാം.

അവധിദിനമായ ഞായറാഴ്‌ചതന്നെ സുപ്രീംകോടതി ഈ കേസ് പരിഗണിക്കാൻ തയ്യാറായെങ്കിലും രണ്ടു ദിവസമായി വിധിപറയാതെ നീട്ടിയത് കുതിരക്കച്ചവടത്തിന് അവസരമൊരുക്കുകയല്ലേ എന്ന സംശയമുയരാൻ ഇടയാക്കിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ ശോഭനമായ ഭാവിയാണ് പ്രധാനമെങ്കിൽ എത്രയുംപെട്ടെന്ന് വിശ്വാസ വോട്ടെടുപ്പിനുള്ള അവസരം സൃഷ്ടിക്കുകയാണ് വേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top